നിങ്ങളുടെ വാഹനത്തിന് ഫൈനുണ്ട്! വാട്സ് ആപ്പിലൂടെ തട്ടിപ്പിന്റെ പുതിയ രൂപം
Mail This Article
ഗതാഗത നിയമലംഘനങ്ങൾക്കു പിഴയടക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു സന്ദേശം വാട്സ് ആപ്പിൽ ലഭിച്ചാൽ ഉടനടി പിഴയൊടുക്കാനായി കിട്ടിയ ലിങ്കിൽ ക്ലിക്ക് ചെയ്ത് മുന്നോട്ടു പോകാതിരിക്കുക. തട്ടിപ്പിന്റെ പുതിയ മുഖമാണിത്. മുന്നറിയിപ്പ് നൽകുന്നത് വേറെയാരുമല്ല മോട്ടോർ വാഹന വകുപ്പ് തന്നെയാണ്. ഇത്തരം സന്ദേശങ്ങളോ പേയ്മെന്റ് ലിങ്കുകളോ വാട്സ് ആപ്പ് മുഖേന അയക്കുന്നതല്ലെന്നു ഔദ്യോഗിക ഫേസ്ബുക് പേജിൽ പങ്കുവെച്ച കുറിപ്പിലൂടെ എം വി ഡി വ്യക്തമാക്കുന്നുണ്ട്.
നിയമലംഘനങ്ങൾ സംബന്ധിച്ച അറിയിപ്പുകൾ പരിവാഹൻ പോർട്ടലിൽ നിന്നും രജിസ്റ്റർ ചെയ്തിരിക്കുന്ന നമ്പറിലേക്കു മാത്രമേ അയക്കുകയുള്ളൂ. വാഹനത്തിന്റെ നമ്പർ സഹിതമായിരിക്കും ഈ അറിയിപ്പ് നൽകുക. ഗതാഗത നിയമലംഘനം നടത്തി എന്നും പേയ്‌മെന്റ് ലിങ്കുകൾ നൽകി ഉടനടി പിഴയടക്കണമെന്നും വാട്സ് ആപ്പിലൂടെ സന്ദേശമയക്കുന്ന തരത്തിലുള്ള സൈബർ തട്ടിപ്പുകൾ വ്യാപകമായതോടെയാണ് ഈ കാര്യത്തിൽ വ്യക്തത വരുത്താനായി മോട്ടോർ വാഹന വകുപ്പിന്റെ ഫേസ്ബുക് പോസ്റ്റ്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം വായിക്കാം
അറിഞ്ഞോ അറിയാതെയോ ഒരു ട്രാഫിക് നിയലംഘനം നടത്തിയിട്ടുണ്ടോ? സ്വയം ഉറപ്പാക്കുക. ട്രാഫിക് നിയമലംഘനം നടത്തിയിട്ടില്ലെന്ന് ഉറപ്പാണെങ്കിൽ ശ്രദ്ധിക്കുക ഇത്തരം ഒരു സന്ദേശമോ പേയ്മെന്റ് ലിങ്കുകളോ നിങ്ങളുടെ മൊബൈലിൽ വരുകയില്ല. ഒരു നിമിഷം നമ്മെ പരിഭ്രാന്തരാക്കാൻ ഇത്തരം മെസ്സേജുകൾക്ക് സാധിക്കും. നമ്മുടെ ആ ഒരു നിമിഷത്തെ പരിഭ്രാന്തി മുതലെടുക്കും വിധം മനഃശാസ്ത്രപരമായി സെറ്റ് ചെയ്തിട്ടുള്ളവയാകും ഒട്ടുമിക്ക വ്യാജസന്ദേശങ്ങളും മോട്ടോർ വാഹനവകുപ്പിന്റെ പോർട്ടൽ echallan.parivahan.gov.in ആണ്. മെസ്സേജുകൾ പരിവാഹൻ പോർട്ടലിൽ നിന്നും നിങ്ങളുടെ റജിസ്ട്രേഡ് മൊബൈൽ നമ്പറിലേക്ക് മാത്രമേ വാഹനനമ്പർ സഹിതം നിയമലംഘന അറിയിപ്പുകൾ വരികയുള്ളു.
ഒരു പേയ്മെന്റ് ലിങ്ക് .apk ആപ്പ് നിങ്ങളുടെ വാട്ട്സ്അപ്പിലേക്ക് അയയ്ക്കുന്ന സംവിധാനം മിനിസ്ട്രി ഓഫ് റോഡ് ആന്റ് ഹൈവേയ്ക്ക് ഇല്ല. ഇത്തരം മെസേജുകൾ ഓപ്പൺ ചെയ്യാതിരിക്കുക സ്ക്രീൻഷോട്ട് എടുത്ത് ഓഫീസുമായി ബന്ധപ്പെട്ട് ഇതിന്റെ സാധുത ഉറപ്പാക്കുക. വ്യാജമെങ്കിൽ ഉടൻ ഡിലീറ്റ് ചെയ്യുക,
സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട.