ADVERTISEMENT

സാങ്കേതിക കാരണങ്ങൾ കൊണ്ടോ അശ്രദ്ധ കൊണ്ടോ ആയിരിക്കാം ചിലപ്പോൾ വിലപിടിപ്പുള്ള വാഹനങ്ങൾ കത്തി നശിക്കുന്നത്. കാരണമെന്തെന്നു വ്യക്തമല്ലെങ്കിലും കോടികൾ വിലമതിക്കുന്ന ലാൻഡ് റോവർ ഡിഫൻഡർ കത്തി നശിക്കുന്ന കാഴ്ച കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. റോഡരികിൽ പാർക്ക് ചെയ്തിരുന്ന വാഹനത്തിൽ തീ പടർന്നു ആളിക്കത്തുന്ന ദൃശ്യങ്ങൾ ഗുജറാത്തിൽ നിന്നുമുള്ളതാണ്. ഫുജി വൈറ്റ് നിറത്തിലുള്ള ലാൻഡ് റോവർ ഡിഫൻഡർ 110 യാണ് അഗ്നിക്കിരയായത്. കൃത്യസമയത്തു തന്നെ അഗ്നിശമന സേന എത്തിയെങ്കിലും വാഹനം പൂർണമായും കത്തിയെന്നു വിഡിയോയിൽ കാണുവാൻ കഴിയും.

റോഡരികിൽ വാഹനം പാർക്ക് ചെയ്തതിനു ശേഷം ഉടമ പുറത്തു പോയപ്പോഴാണ് സംഭവം. ഡിഫൻഡറിനുള്ളിൽ വേറെയാരും ഇല്ലാതെയിരുന്നതു കൊണ്ടുതന്നെ ആളപായമൊന്നുമില്ല. വാഹനം തീ പിടിച്ചതിനു പിന്നിലെ കാരണമെന്തെന്നു കണ്ടെത്താനും കഴിഞ്ഞിട്ടില്ല. ഷോർട്ട് സർക്യൂട്ട് ആകും കാരണമെന്നാണ് നിഗമനങ്ങൾ. വാഹനത്തിൽ അധികമായി ഉൾപ്പെടുത്തുന്ന വൈദ്യുത ഉപകരണങ്ങളാണ് പലപ്പോഴും വില്ലനാകുന്നത്. എന്നാൽ ലാൻഡ് റോവർ പോലൊരു വാഹനത്തിൽ പുറത്തു നിന്നുമുള്ള അധിക ആക്‌സസറീസ് ഒന്നും തന്നെ ഉൾപ്പെടുത്തേണ്ടതായിട്ടില്ല. അതു കൊണ്ടുതന്നെ ഷോർട്ട് സർക്യൂട്ട് ആണെന്ന് ഉറപ്പിക്കാനും കഴിയില്ല. മാത്രമല്ല, ബോണറ്റിൽ നിന്നല്ലാതെ, വാഹനത്തിന്റെ മധ്യഭാഗത്തു നിന്നാണ് തീ പടരുന്നത് എന്നും വിഡിയോയിൽ കാണുവാൻ കഴിയും.

തീപിടിത്തം ഉണ്ടാകുന്നതിനുള്ള കാരണങ്ങൾ

വാഹനങ്ങൾ നിർമിക്കുന്നതു പെട്ടെന്നു തീപിടിക്കുന്ന മെറ്റീരിയൽ ഉപയോഗിച്ചതുകൊണ്ടല്ല. യാത്രക്കാരുടെ അശ്രദ്ധ, സാങ്കേതിക തകരാർ തുടങ്ങിയവ അപകടങ്ങൾ ക്ഷണിച്ചുവരുത്തും. ഓടിക്കൊണ്ടിരിക്കുമ്പോൾ ഉണ്ടാകുന്ന എൻജിൻ തകരാർ, കൂട്ടിയിടി, വയറിങ് തകരാർ, ഷോർട് സർക്യൂട്ട് എന്നിവ തീപിടിത്തത്തിനു കാരണമാകാം. തീപിടിത്തസാധ്യതയുള്ളിടത്ത് അശ്രദ്ധമായി പാർക്ക് ചെയ്യുന്നതും അപകടമുണ്ടാക്കാം.

എൻജിൻ തകരാർ

കൃത്യമായി മെയിന്റനൻസ് നടത്താത്ത, അശ്രദ്ധമായി കൈകാര്യം ചെയ്യുന്ന വാഹനങ്ങളാണ് തീപിടിത്തത്തിന്റെ റെഡ് സോണിലുള്ളത്. എൻജിൻ തകരാർ ഉണ്ടെങ്കിൽ തീപിടിത്തസാധ്യത കൂടുതലാണ്. ഓയിൽ ലീക്ക്, ഇന്ധനച്ചോർച്ച എന്നിയുണ്ടെങ്കിലും റിസ്ക് കൂടും. കാലപ്പഴക്കം മൂലവും ശരിയായ മെയിന്റനൻസിന്റെ അഭാവം മൂലവും ഫ്യൂവൽ ലൈനിൽ ലീക്കേജുണ്ടാകാം.

എലിശല്യവും  ഇന്ധനച്ചോർച്ചയ്ക്ക് വഴി വെയ്ക്കാം. മരങ്ങൾ ധാരാളമായി വളർന്നുനിൽക്കുന്ന പ്രദേശങ്ങളിലും വനാതിർത്തിയിലും ചിലയിനം വണ്ടുകൾ റബ്ബർകൊണ്ടുള്ള ഇന്ധന പൈപ്പിൽ ചെറു സുഷിരങ്ങളുണ്ടാക്കാറുണ്ട്. ബയോ ഫ്യൂവൽ ആയ എഥനോൾ അടങ്ങിയ ഇന്ധനങ്ങൾ ഉപയോഗിക്കുന്ന വാഹനങ്ങളിലാണ് ഇത്തരത്തിൽ വണ്ടുകളുടെ ആക്രമണം കൂടുതൽ കണ്ടെത്തിയിട്ടുള്ളത്. വാഹനം ഓടിത്തുടങ്ങുമ്പോൾ സ്പ്രേ രൂപത്തിൽ ചെറിയ സുഷിരങ്ങളിൽക്കൂടി വരുന്ന ഇന്ധനം വളരെ പെട്ടെന്നു തീപിടിത്തത്തിനു കാരണമാകും. ഏകദേശം 2800C ആണ് പെട്രോളിന്റെ സെൽഫ് ഇഗ്‌നിഷൻ ടെംപറേച്ചർ (സ്പാർക്ക് ഇല്ലാതെ തന്നെ കത്തുന്ന അവസ്ഥ). ഡീസലിന്റേത് 2100C. പെട്രോൾ ഡീസലിനെ അപേക്ഷിച്ച് പെട്ടെന്ന് ആവിയായിപ്പോകുന്നതിനാൽ കത്താൻ സാധ്യത കൂടുതലാണ്. സൈലൻസറിന്റെയും എക്സോസ്റ്റ് സിസ്റ്റത്തിന്റെയും ഭാഗങ്ങൾ 6000C മുതൽ 7000C വരെ ചൂടാകും. ഈ ഭാഗത്ത് ഉണ്ടാകുന്ന ഫ്യൂവൽ ലീക്കേജ് അത്യന്തം അപകടകരമാണ്.

രൂപമാറ്റം (Alteration)

നിയമവിധേയമല്ലാത്ത സെനോൺ, പ്ലാസ്മ എച്ച്ഐഡി ബൾബുകളും (xenon/ plasma HID) ബലാസ്റ്റുകളും അധിക താപം സൃഷ്ടിക്കുന്നവയാണ്. പുതിയ വണ്ടി വാങ്ങുമ്പോൾ അഡീഷനലായി ഫിറ്റ് ചെയ്യുന്ന വാട്ടേജ് കൂടിയ ബൾബുകൾ, ക്യാമറ, ഹോൺ, സ്റ്റീരിയോ, സ്റ്റിയറിങ് കൺട്രോൾ എന്നിവയും അപകടങ്ങൾ ക്ഷണിച്ചുവരുത്താറുണ്ട്.

കൂടുതൽ വാട്ടേജുള്ള ലൈറ്റിങ് സിസ്റ്റം, സബ് വൂഫർ, മറ്റ് ഇലക്ട്രോണിക്സ് ആക്സസറീസ് എന്നിവ വിപണിയിൽ ലഭ്യമാണ്. കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്ന ഇവ പ്രത്യേക വയറിങ് നൽകിയാണു പിടിപ്പിക്കുക. ചിലതിനു നേരിട്ടു ബാറ്ററിയിൽനിന്നു കണക്‌ഷൻ നൽകും. ഫ്യൂസ് നൽകിയിട്ടുണ്ടാകില്ല. ഉദാ: 55/60 വാട്സ് ബൾബുകൾ ഘടിപ്പിക്കുന്ന ഹോൾഡറുകളിൽ 100 - 130 വാട്ട് ഹാലൊജൻ ബൾബുകൾ ഘടിപ്പിക്കും. ഇവ 3000C വരെ ചൂടാകാം. ഗേജ് താഴ്ന്ന നിലവാരത്തിലുള്ള വയറിങ് ആണെങ്കിൽ അധിക കറന്റ് പ്രവഹിക്കുമ്പോൾ വയർ ചൂടായി ഇൻസുലേഷൻ ഉരുകി തീ പിടിക്കാം. വാഹനത്തിന്റെ ബോഡിയിൽ കൂടുതലും ലോഹഭാഗങ്ങൾ ആയതിനാൽ ഓട്ടത്തിനിടയ്ക്ക് ബോഡി തട്ടി വയർ ഉരയുന്നതിനു സാധ്യതയുണ്ട്. അതും ഷോർട് സർക്യൂട്ടിനു കാരണമാകാം.

ഓവർ ഹീറ്റായാൽ ഫ്യൂസ് ഉരുകില്ല. ഷോർട്ട് സർക്യൂട്ട് ആയാലേ ഫ്യൂസ് ഉരുകൂ. കഴിവതും വാഹനത്തിൽ നൽകിയിട്ടുള്ള വയറിങ്ങിനു മാറ്റം വരുത്താതിരിക്കുക. വണ്ടിയിൽ ഫിറ്റ് ചെയ്തിട്ടുള്ള ഹെഡ്‌ലൈറ്റ് ബൾബുകൾ എല്ലാം കമ്പനി റെക്കമൻഡ് ചെയ്തവ മാത്രം ഉപയോഗിക്കുക. ആക്സസറീസ് പിടിപ്പിക്കണമെങ്കിൽ അംഗീകൃത സെന്ററുകളെ സമീപിക്കുക.

ബാറ്ററികളും ചാർജിങ് സർക്യൂട്ടും

പഴയതും തകരാറുള്ളതുമായ ബാറ്ററികൾ തീപിടിത്തത്തിനു കാരണമാകാറുണ്ട്. ചാർജിങ് സിസ്റ്റത്തിലെ തകരാറുകൾ നിമിത്തം ഓവർ ചാർജാകുന്നതും അതുമൂലം ഉൽപാദിപ്പിക്കപ്പെടുന്ന കൂടുതൽ അളവിലുള്ള അതീവ ജ്വലനസാധ്യതയുള്ള ഹൈഡ്രജൻ വാതകവും സ്ഫോടനത്തിനു കാരണമായേക്കാം. ഇടിയുടെ ആഘാതം മൂലവും ബാറ്ററിക്കു തീപിടിക്കാം.

പാർക്കിങ് 

തീ കത്തിച്ചിരിക്കുന്നതിനടുത്ത് വാഹനം പാർക്ക് ചെയ്താൽ, ഓട്ടം കഴിഞ്ഞു ചൂടായിരിക്കുന്ന വണ്ടി ഉണങ്ങിയ പുല്ലുള്ള ഭാഗത്ത് പാർക്ക് ചെയ്താൽ ഒക്കെ അഗ്നിബാധ ഉണ്ടാകാം. വേനൽക്കാലത്ത് ടൈൽ വിരിച്ചിടത്തോ മെറ്റൽ പാകിയ ഭാഗത്തോ വേണം വാഹനം പാർക്ക് ചെയ്യാൻ. വാഹനത്തിന്റെ സൈലൻസർ, മഫ്ലർ (സൈലൻസറിന്റെ ഭാഗം) എന്നിവയുമായി ഉണങ്ങിയ പുല്ല്, കടലാസു പോലുള്ള പെട്ടെന്നു തീ പിടിക്കുന്ന വസ്തുക്കൾ സമ്പർക്കത്തിൽ വരരുത്. മാലിന്യം നിക്ഷേപിക്കുന്നതിനടുത്തും പാർക്ക് ചെയ്യരുത്.

കാറ്റലിറ്റിക് കൺവേർട്ടറും എക്സോസ്റ്റ് സിസ്റ്റവും

പെട്രോൾ, ഡീസൽ എൻജിനുകളുള്ള വാഹനങ്ങളിൽനിന്നു പുറന്തള്ളുന്ന മലിനീകരണം നിയന്ത്രിക്കുന്ന ഭാഗമാണ് കാറ്റലിറ്റിക് കൺവേർട്ടർ. എക്സോസ്റ്റിനും മഫ്ലറിനും ഇടയിൽ സ്ഥിതി ചെയ്യുന്നതിനാൽ എപ്പോഴും ചുട്ടുപഴുത്തിരിക്കും. സാധാരണയായി കാറ്റലിറ്റിക് കൺവേർട്ടറിന്റെ താപനില 6000C മുതൽ 7500C വരെയാണ്. ഉണങ്ങിയ പുല്ലുള്ള ഭാഗങ്ങളിൽ പാർക്ക് ചെയ്യുമ്പോൾ കത്തിപ്പിടിക്കാനുള്ള സാധ്യത കൂടുതലാണ്. വയറിങ് സൈലൻസറിലോ മറ്റോ മുട്ടുന്നില്ലെന്ന് ഉറപ്പുവരുത്തണം. എക്സോസ്റ്റിൽ സ്പർശിക്കുന്ന രീതിയിലുള്ള ഫ്യൂവൽ ലൈനുകളും ഇലക്ട്രിക് ലൈനുകളും ഇന്ധന ലീക്കേജുകളും ശ്രദ്ധിക്കണം.

സർവീസ് 

കൃത്യ സമയത്ത് സർവീസ് ചെയ്യാത്ത വാഹനങ്ങളിൽ എൻജിൻ തകരാർ, ഓയിൽ ലീക്കേജ്, ഷോർട് സർക്യൂട്ട് പ്രശ്നങ്ങൾ ഉണ്ടാകും. ഏതു വാഹനമായാലും വണ്ടിയുടെ പീരിയോഡിക് സർവീസ് കൃത്യസമയത്തുതന്നെ പൂർത്തിയാക്കണം. ഇങ്ങനെ സർവീസ് ചെയ്യുന്നതുകൊണ്ട് ഇന്ധനച്ചോർച്ച, എൻജിൻ ഓയിൽ ചോർച്ച, കമ്പസ്റ്റിയൻ ഗ്യാസ് ചോർച്ച എന്നിവ ഒരുപരിധിവരെ തടയാൻ കഴിയും. ശരിയായി കണക്റ്റ് ചെയ്യാത്ത ബാറ്ററി, സ്റ്റാർട്ടർ എന്നിവയും അപകടത്തിനു കാരണമാകാറുണ്ട്. വണ്ടി സർവീസ് ചെയ്യുന്ന സമയത്ത് വയറിങ്, കണക്‌ഷൻ, എൻജിൻ വയറിങ് റൂട്ടിങ് എന്നിവ പരിശോധിക്കണം.

ഗ്യാസ് ലീക്കേജ്

എൽപിജി, സിഎൻജി എന്നിവ ഇന്ധനമായി ഉപയോഗിക്കുന്ന വാഹനങ്ങൾക്കു ലീക്കേജിനുള്ള സാധ്യത കൂടുതലാണ്. പ്രത്യേകിച്ച്, ഗ്യാസ് ആയി കൺവേർട്ട് ചെയ്തിട്ടുള്ള പഴയ പെട്രോൾ വാഹനങ്ങളിൽ ഗ്യാസ് ലീക്കാണ് പ്രധാന വില്ലൻ. ഇത്തരം വാഹനങ്ങളിലെ എൽപിജി കൺവേർഷൻ കിറ്റിലെ സോളിനോയ്ഡ് വാൽവ് (solenoid valve), റെഗുലേറ്റർ/വേപ്പറൈസർ, ഫിൽറ്റർ, ഗ്യാസ് ട്യൂബ്, ടാങ്ക് തുടങ്ങിയ എല്ലാ ഭാഗങ്ങളും വർഷത്തിലൊരിക്കൽ സർവീസ് ചെയ്യണം. ഗ്യാസ് ടാങ്ക് 5 വർഷം കൂടുമ്പോൾ പ്രഷർ ടെസ്റ്റ് നടത്തുകയും 15 വർഷം കഴിഞ്ഞാൽ മാറ്റുകയും ചെയ്യണം.

ഇന്ധനം വാഹനത്തിൽ സൂക്ഷിക്കരുത് 

വാഹനത്തിലിരുന്ന് പുകവലിക്കരുത്. ഡീസൽ, പെട്രോൾ തുടങ്ങിയവ കുപ്പികളിൽ സൂക്ഷിക്കുന്നതും ഒഴിവാക്കണം. വാഹനത്തിൽ ഉയോഗിക്കുന്ന പെർഫ്യൂം ചൂടിൽ പൊട്ടിത്തെറിക്കാം. ചില പെർഫ്യൂമുകളിൽ ആൽക്കഹോൾ അംശം കൂടുതലായതിനാൽ എന്തെങ്കിലും സ്പാർക്ക് വന്നാൽ കത്തിപ്പിടിക്കാൻ സാധ്യയുണ്ട്.

കൂട്ടിയിടിയും മെക്കാനിക്കൽ തകരാറുകളും

കൂട്ടിയിടികൾ പലപ്പോഴും തീപിടിത്തത്തിന് കാരണമാകാറുണ്ട്. ഇന്ധന ടാങ്കിലും ബാറ്ററിയിലും ഏൽക്കുന്ന ക്ഷതങ്ങളാണു കാരണം. ടയർ പൊട്ടി റോഡിൽ ഉരഞ്ഞും അപകടം ഉണ്ടാകാം. വലിയ വാഹനങ്ങളിൽ പ്രൊപ്പല്ലർ ഷാഫ്റ്റ് പൊട്ടി ഇന്ധന ടാങ്കിൽ ഇടിച്ച് തീപിടിത്തത്തിന് കാരണമാകാറുണ്ട്.

തീപ്പെട്ടി, ലൈറ്റർ എന്നിവയുടെ ഉപയോഗം

തീപ്പെട്ടിയോ ലൈറ്ററോ കത്തിച്ചുപിടിച്ചുകൊണ്ട് എൻജിൻ കംപാർട്‌മെന്റോ ഫ്യൂവൽ ടാങ്കോ ഫ്യൂവൽ ലൈനുകളോ പരിശോധിക്കുന്നതോ റിപ്പയറിനു ശ്രമിക്കുന്നതോ അപകടത്തിലേക്കു നയിക്കാറുണ്ട്. എൻജിൻ വൃത്തിയാക്കിയശേഷം തുണിയും മറ്റും എൻജിൻ റൂമിൽ വയ്ക്കുന്നത് അപകടമാണ്. ഇരുചക്ര വാഹനങ്ങളിലും മറ്റും സൈലൻസറിൽ സ്പർശിക്കുന്ന രീതിയിൽ പ്ലാസ്റ്റിക് ബാഗുകളും തുണികളും തൂക്കിയിടരുത്. തീപിടിത്തത്തിലേക്കു നയിച്ചേക്കാവുന്ന ഓയിലുകളും ഇന്ധനവും മറ്റും കൊണ്ടുപോകുന്നതും ഒഴിവാക്കണം.

ഇലക്ട്രിക് വാഹനവും തീപിടിത്തവും

മതിയായ സുരക്ഷാസൗകര്യങ്ങൾ ഇല്ലാത്ത വാഹനങ്ങളിലാണു തീപിടിത്തം ഉണ്ടാകുന്നത്. ബാറ്ററി തകരാർ, ചാർജിങ് പ്രശ്നങ്ങൾ, ഗുണനിലവാരമില്ലാത്ത ബാറ്ററികളുടെ ഉപയോഗം എന്നിങ്ങനെ ഒട്ടേറെ കാരണങ്ങൾകൊണ്ടു തീപിടിത്തമുണ്ടാകാം. ‌‌പ്രധാനമായും മൂന്നു കാരണങ്ങൾകൊണ്ടാണ് ബാറ്ററി തീപിടിക്കുന്നത്. അപകടം മൂലമോ അശ്രദ്ധമായി കൈകാര്യം ചെയ്യുന്നതുമൂലമോ ബാറ്ററിക്കു തകരാർ സംഭവിക്കുകയും ഷോർട് സർക്യൂട്ട് ആകുകയും ചെയ്യാം. അതോടെ പുറമേയുള്ള ക്യാപ് പൊട്ടി അന്തരീക്ഷ വായുവിലെ ഓക്സിജനുമായി സമ്പർക്കമുണ്ടാകാം ബാറ്ററി കൂടുതലായി ചാർജ്/ഡിസ്ചാർജ് ചെയ്യുമ്പോൾ അതിനകത്തെ പോസിറ്റീവ്, നെഗറ്റീവ് ഇലക്ട്രോഡുകൾ തമ്മിൽ സമ്പർക്കമുണ്ടാകാം.

ബാറ്ററിയുടെ താപനില ഒരുപരിധിയിൽ കൂടുതൽ ഉയർന്നാൽ അതിനകത്തെ ആനോഡ്, കാഥോഡ്, ഇലക്ട്രോലൈറ്റ് എന്നിവ വിഘടിച്ചു ബാറ്ററിക്കുള്ളിൽ കാർബൺ ഡൈഓക്സൈഡ് ഉണ്ടാകും. തന്മൂലം ബാറ്ററിക്കകത്തെ മർദം വർധിച്ച് അപകടമുണ്ടാകാം. കൂളിങ് സിസ്റ്റം ഉള്ള മോഡലുകളാണെങ്കിൽ ബാറ്ററി അമിതമായി ചൂടാകില്ല. തീപിടിത്തസാധ്യത വളരെ കുറവാണ്. ബാറ്ററിയുടെ പ്രധാന ഭാഗമാണ് ബിഎംഎസ് (Battery Management System). വാഹനം ഉപയോഗിച്ചാലും ഇല്ലെങ്കിലും ഓരോ സെല്ലിന്റെയും ഊഷ്മാവും ചാർജിങ് റേറ്റും ബിഎംഎസ് മോണിറ്റർ ചെയ്തുകൊണ്ടിരിക്കും. പ്രശ്നമുണ്ടെങ്കിൽ വാഹനം സ്വയം പെർഫോമൻസ് കുറയ്ക്കുകയും വിവരം കൈമാറുകയും ചെയ്യും.

തീപിടിത്തം ഉടനറിയാൻ

എസി പ്രവർത്തിപ്പിച്ചു ഡ്രൈവ് െചയ്യുമ്പോൾ വാഹനത്തിനു തീപിടിച്ചാൽ റബർ, പ്ലാസ്റ്റിക് എന്നിവ കത്തിയതു പോലുള്ള മണം വരും. ഇന്ധനച്ചോർച്ച ഉണ്ടായാലും അതിന്റെ മണം വണ്ടിയുടെ ഉള്ളിൽ വരാൻ സാധ്യതയുണ്ട്. ഇത്തരം ലക്ഷണങ്ങൾ അവഗണിക്കാതെ വിദഗ്ധനായ ഒരു മെക്കാനിക്കിന്റെ സഹായം തേടേണ്ടതാണ്. ചില സമയത്ത് വണ്ടിയുടെ ബോണറ്റിൽനിന്നു പുക വരുന്നതു കണ്ടാൽ എൻജിൻ ഓഫാക്കി യാത്രക്കാർ പുറത്തിറങ്ങി ദൂരെ മാറണം. പുറത്തിറങ്ങാതിരുന്നാൽ കത്തിക്കൊണ്ടിരിക്കുന്ന വായു ഉള്ളിൽ പ്രവഹിച്ചു യാത്രക്കാർക്കു ശ്വാസംമുട്ടലുണ്ടാകാം. ബോണറ്റിനുള്ളിൽ തീ പടർന്നാൽ ബോണറ്റുയർത്തി തീയണയ്ക്കാൻ ശ്രമിക്കരുത്. ഇങ്ങനെ ചെയ്യുന്നത് ഓക്സിജൻ പ്രവാഹം വർധിച്ച് തീപിടിത്തം തീവ്രമാക്കും.

തീപിടിച്ചാൽ

∙ വാഹനം നിർത്തി എൻജിൻ ഓഫ് ആക്കുക.

∙ വെള്ളമൊഴിച്ച് ആളിക്കത്തുന്ന തീകെടുത്താൻ ശ്രമിക്കരുത്. വെള്ളം ധാരാളം ഉണ്ടെങ്കിൽ വശങ്ങളിലേക്കു തുടരെ ഒഴിച്ചു തീ പടരാനുള്ള സാധ്യത ഇല്ലാതാക്കുക. കത്തിക്കൊണ്ടിരുന്ന തീ നിയന്ത്രണവിധേയമാകാനും ഇതു സഹായിക്കും.

∙ വയറുകൾ ഉരുകി ഡോർ ലോക്കുകൾ തുറക്കാൻ പറ്റാതെയും ഗ്ലാസ് താഴ്ത്താൻ കഴിയാതെയും വരുന്നെങ്കിൽ സൈഡ് ഗ്ലാസ് പൊട്ടിക്കാൻ ശ്രമിക്കുക. ഉള്ളിൽനിന്നു തള്ളുമ്പോൾ പെട്ടെന്നു പൊട്ടുന്ന തരം സേഫ്റ്റി ഗ്ലാസുകളാണ് കാറിൽ ഉപയോഗിക്കുന്നത്. സീറ്റിൽ കിടന്നുകൊണ്ട് കാലുകൾകൊണ്ട് വശങ്ങളിൽ ചവിട്ടി പൊട്ടിക്കാൻ ശ്രമിക്കണം. അല്ലെങ്കിൽ കൈമുട്ടുകൊണ്ടു ശക്തിയായി ഇടിച്ചുപൊട്ടിക്കുക. ഇന്റഗ്രേറ്റഡ് അല്ലാത്ത സീറ്റ് ആണെങ്കിൽ, ഹെഡ് റിസ്ട്രെയിന്റ് ഊരിയെടുത്ത് പിന്നിലെ കമ്പികൊണ്ട് ഗ്ലാസ് തകർക്കാം. സേഫ്റ്റി വിൻഡോ ഹാമർ വാഹനത്തിനകത്തു കയ്യെത്തുന്നിടത്തു വയ്ക്കുക.

∙ തീയണയ്ക്കാനുള്ള കെമിക്കൽ പൗഡർ (Dry Chemical Powder-fire extinguisher) ചില വാഹനങ്ങൾക്കു നിർബന്ധമാണ്. പാസഞ്ചർ വാഹനങ്ങളിലും ഇതു സൂക്ഷിക്കുക. ഇതിന്റെ ഉപയോഗം സ്വയം പഠിക്കുക, കൂടെ യാത്ര ചെയ്യുന്നവരെ പഠിപ്പിക്കുക.

∙ യാത്രക്കാരെ പുറത്തിറക്കിയാലുടൻ ഫയർഫോഴ്സിനെ വിവരമറിയിക്കുക.

∙ ഫയർ എക്സ്റ്റിംഗ്വിഷർ സ്പ്രേ ചെയ്തോ, വെള്ളം ഉപയോഗിച്ചോ തീ നിയന്ത്രിക്കാൻ ശ്രമിക്കുക.ഇവ ലഭ്യമല്ലെങ്കിൽ പൂഴിമണ്ണും ഉപയോഗിക്കാം. തീ നിയന്ത്രണാതീതമായാൽ മറ്റു വാഹനങ്ങൾ അടുത്തേക്കു വരുന്നത് തടയണം. ഇന്ധന ടാങ്ക്, ടയർ എന്നിവ പൊട്ടിത്തെറിക്കാൻ സാധ്യതയുണ്ട്.

പരിഹാരമാർഗങ്ങൾ

∙ കൃത്യമായ ഇടവേളകളിൽ മെയിന്റനൻസ് നടത്തുക. രാവിലെ വാഹനം നിർത്തിയിട്ടിരുന്ന തറയിൽ ഓയിൽ ലീക്കേജ് ഉണ്ടോ എന്നു പരിശോധിക്കുക, ദിവസത്തിൽ ഒരിക്കലെങ്കിലും ബോണറ്റ് തുറന്നു പരിശോധിക്കുക.

∙ ആഴ്ചയിൽ ഒരിക്കലെങ്കിലും വാഹനത്തിന്റെ എൻജിൻ കംപാർട്‌മെന്റ് വൃത്തിയാക്കുക. ലീക്കേജ് കണ്ടെത്തുന്നതിനും ചെറിയ തകരാറുണ്ടെങ്കിൽ ശ്രദ്ധയിൽപെടാനും ഇതുപകരിക്കും.

∙ കൃത്യമായ ഇടവേളകളിൽ ഗ്യാസ് ലൈനുകൾ പരിശോധിച്ച് ഗ്യാസ് ലീക്ക് ഇല്ലെന്ന് ഉറപ്പാക്കണം. ഗ്യാസിന്റെ ഗന്ധം അനുഭവപ്പെട്ടാൽ സർവീസ് സെന്ററിൽ കാണിച്ചു റിപ്പയർ ചെയ്യുക.

∙ വാഹന നിർമാതാക്കൾ നിഷ്കർഷിച്ചിട്ടുള്ളതും നിയമവിധേയമായതുമായ പാർട്ടുകൾ മാത്രം ഉപയോഗിക്കുക. അനാവശ്യമായ ഓൾട്ടറേഷനുകൾ ഒഴിവാക്കണം.

∙ ഇന്ധനക്കുഴലുകളും വയറുകളും കൃത്യമായി ക്ലിപ് ചെയ്ത് ഉറപ്പിക്കണം.

∙ പാനൽ ബോർഡിലെ വാണിങ് ലാംപുകൾ അവഗണിക്കരുത്. അസാധാരണമായി വാണിങ് ലൈറ്റ് കത്തുന്നുണ്ടെങ്കിൽ സർവീസ് സെന്ററിനെ സമീപിക്കുക.

∙ കൃത്യമായ ഇടവേളകളിൽ കൂളന്റും എൻജിൻ ഓയിലും മാറ്റുക.

∙ വലിയ വാഹനങ്ങളിൽ പ്രൊപ്പല്ലർ ഷാഫ്റ്റിന് ഇരുമ്പ് ബ്രാക്കറ്റുകൾ ഘടിപ്പിക്കണം.

∙ കന്നാസിലും മറ്റും ഇന്ധനം വാങ്ങി സൂക്ഷിക്കുന്നതും കൊണ്ടുപോകുന്നതും ഒഴിവാക്കണം.

∙ വളരെ ചൂടുള്ള കാലാവസ്ഥയിൽ ഡാഷ് ബോർഡിൽ വച്ചിട്ടുള്ള വാട്ടർ ബോട്ടിലുകൾ ലെൻസായി പ്രവർത്തിച്ച് ‌(പ്രിസം ഇഫക്ട്) സീറ്റ് അപ്ഹോൾസ്റ്ററിയും പ്ലാസ്റ്റിക് ഭാഗങ്ങളും തീപിടിക്കാതിരിക്കാൻ മുൻകരുതലെടുക്കുക.

∙ വിനോദയാത്രകളും മറ്റും പോകുമ്പോൾ സ്റ്റൗ ഉപയോഗിച്ചു വാഹനത്തിനുള്ളിൽ ഭക്ഷണം പാകം ചെയ്യരുത്.∙ വാഹനത്തിനകത്ത് ഇന്ധനം, തീപ്പെട്ടി, ലൈറ്ററുകൾ, സ്പ്രേകൾ, സാനിറ്റൈസറുകൾ, സ്ഫോടക വസ്തുക്കൾ എന്നിവ സൂക്ഷിക്കരുത്.

∙ ആംബുലൻസുകളിൽ ഓക്സിജൻ സിലിണ്ടറുകൾ കൃത്യമായി ബ്രാക്കറ്റുകൾ ഉപയോഗിച്ച് ഉറപ്പിക്കണം. റെഗുലേറ്ററുകൾക്കു തകരാറുകൾ ഇല്ലെന്ന് ഉറപ്പു വരുത്തണം.

∙ സാധാരണ കാറിന്റെ സീറ്റുകളും മറ്റും അഗ്‌നിബാധയെ ചെറുക്കുന്ന രീതിയിലുള്ള മെറ്റീരിയൽ ഉപയോഗിച്ചാണു നിർമിക്കുക. എന്നാൽ, പെട്ടെന്നു തീ ആളിപ്പിടിക്കുന്ന റെക്സിൻ കവറുകളും പോളിയസ്റ്റർ തുണി, കവറുകളും തീ ആളിപ്പിടിക്കുന്നതിനു കാരണമാകാം.

English Summary:

Shocking video of a Land Rover Defender engulfed in flames goes viral! Incident reportedly occurred in Gujarat, raising concerns about vehicle safety and potential short circuits.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com