ADVERTISEMENT

നിര്‍ത്തിയ ശേഷം പുറത്തിറങ്ങി കീയിലെ ഒരു ബട്ടണ്‍ ഞെക്കിയാല്‍ തനിയേ പോയി പാര്‍ക്ക് ചെയ്യുന്ന കാര്‍. ഇങ്ങനെയൊരു കിടിലന്‍ റിമോട്ട് പാര്‍ക്കിങ് ഫീച്ചര്‍ എസ് യു വികളില്‍ അവതരിപ്പിക്കാന്‍ മഹീന്ദ്ര ഓട്ടോ ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. നവംബര്‍ 26ന് പുറത്തിറങ്ങുന്ന ഇലക്ട്രിക് എസ് യു വികളായ ബിഇ 6ഇയിലും എക്‌സ്ഇവി 9ഇയിലും ഈ ഫീച്ചറുണ്ടാവുമെന്നാണ് സൂചന. അങ്ങനെ സംഭവിച്ചാല്‍ ഇന്ത്യന്‍ കാര്‍ വിപണിയിലെ മത്സരം പുതിയ തലത്തിലേക്ക് ഉയര്‍ത്താന്‍ മഹീന്ദ്രക്ക് സാധിക്കും. 

പാര്‍ക്കിങ് എന്ന തലവേദന ഒറ്റ ക്ലിക്കില്‍ അവസാനിപ്പിക്കാന്‍ സാധിക്കുന്ന ഫീച്ചറാണ് റിമോട്ട് പാര്‍ക്കിങ്. മഹീന്ദ്രയുടെ ഇലക്ട്രിക് ബ്രാന്‍ഡിനു കീഴില്‍ പുറത്തിറങ്ങുന്ന ബിഇ 6ഇ, എക്‌സ്ഇവി 9ഇ എന്നീ വാഹനങ്ങളുടെ ടീസര്‍ കമ്പനി പുറത്തുവിട്ടിട്ടുണ്ട്. മഹീന്ദ്രയുടെ INGLO പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കി പുറത്തിറങ്ങുന്ന ആദ്യ വാഹനങ്ങളായിരിക്കും ഇവ. 

റിമോട്ട് പാര്‍ക്കിങ് ഫീച്ചറുമായി ഇന്ത്യയില്‍ പുറത്തിറങ്ങുന്ന ആദ്യത്തെ വാഹനങ്ങളായിരിക്കും ബിഇ 6ഇ, എക്‌സ്ഇവി 9ഇ എന്നിവ. ഈ വാഹനങ്ങളുടെ കീയയില്‍ റിമോട്ട് പാര്‍ക്കിങ് സൗകര്യത്തിനുള്ള ഫോര്‍വേഡ്, റിവേഴ്‌സ് ബട്ടണുകളുണ്ടായിരിക്കുമെന്നാണ് സൂചന. ഇടുങ്ങിയ പാര്‍ക്കിങ് സ്ഥലങ്ങളില്‍ വാഹനം പാര്‍ക്കു ചെയ്യാന്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് അനുഗ്രഹമായിരിക്കും റിമോട്ട് പാര്‍ക്കിങ് ഫീച്ചര്‍. 

360 ഡിഗ്രി ക്യാമറയുടേയും പാര്‍ക്കിങ് സെന്‍സറുകളുടേയും സഹായത്തിലാണ് ഈ ഫീച്ചര്‍ പ്രവര്‍ത്തിക്കുന്നത്. വാഹനം പാര്‍ക്ക് ചെയ്യാന്‍ ശ്രമിക്കുമ്പോഴുള്ള തടസങ്ങളെ സെന്‍സറുകള്‍ ഉപയോഗിച്ചാണ് തിരിച്ചറിയുന്നത്. ഇന്ത്യയില്‍ ഇതുവരെ വളരെക്കുറച്ച് ആഡംബര കാറുകളില്‍ മാത്രമേ റിമോട്ട് പാര്‍ക്കിങ് ഫീച്ചറുകള്‍ ലഭ്യമാക്കിയിട്ടുള്ളൂ. അതുകൊണ്ടുതന്നെ റിമോട്ട് പാര്‍ക്കിങ് ഫീച്ചര്‍ ലഭ്യമാക്കിയാല്‍ മഹീന്ദ്രയുടെ ബിഇ 6ഇ, എക്‌സ്ഇവി 9ഇ മോഡലുകള്‍ക്ക് മറ്റുള്ളവയേക്കാല്‍ മികവും സവിശേഷതയും അവകാശപ്പെടാനാവും. 

ബിഇ 6ഇയില്‍ ഡ്യുവല്‍ സ്‌ക്രീന്‍ ലേഔട്ടില്‍ കോക്പിറ്റ് മോഡല്‍ ഡാഷ്‌ബോര്‍ഡാണ് മഹീന്ദ്ര നല്‍കിയിരിക്കുന്നതെന്നു സൂചനയുണ്ട്. എക്‌സ്ഇവി 9ഇയാവട്ടെ ട്രിപ്പിള്‍ സ്‌ക്രീന്‍ ലേഔട്ടിലാണെത്തുന്നത്. ബാറ്ററി ശേഷി 80 kWh വരെ പ്രതീക്ഷിക്കാം. ഒപ്പം സിംഗിള്‍ മോട്ടോര്‍ ഡ്യുവല്‍ മോട്ടോര്‍ വകഭേദങ്ങളുമുണ്ടാവുമെന്നാണ് കരുതപ്പെടുന്നത്. ചെന്നൈയില്‍ നവംബര്‍ 26ന് നടക്കുന്ന അണ്‍ലിമിറ്റ് ഇന്ത്യ ഇവന്റില്‍ വെച്ചായിരിക്കും മഹീന്ദ്ര ബിഇ 6ഇയും എക്‌സ്ഇവി 9ഇയും ഔദ്യോഗികമായി പുറത്തിറക്കുക. 

English Summary:

Mahindra is set to revolutionize the Indian car market with a remarkable remote parking feature in its upcoming BE6e and XUV9e electric SUVs. Learn more about this game-changing technology

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com