ക്രേറ്റ മുതൽ വെന്യു വരെ; ഉടനെത്തുന്ന ഹ്യുണ്ടേയ് ഇലക്ട്രിക് വാഹനങ്ങൾ
Mail This Article
ഇന്ത്യന്‍ വിപണിക്കായി 2025ലേക്ക് വലിയ പദ്ധതികളാണ് ഹ്യുണ്ടേയ് ഒരുക്കുന്നത്. ഇതില്‍ ഏറ്റവും പ്രധാനം അഞ്ച് പുത്തന്‍ വൈദ്യുത കാര്‍ മോഡലുകളുടെ വരവായിരിക്കും. വൈവിധ്യമാര്‍ന്ന മോഡലുകളിലൂടെ ഇന്ത്യന്‍ വൈദ്യുത കാര്‍ വിപണിയില്‍ നിര്‍ണായക സ്വാധീനം ചെലുത്തുകയാണ് ഹ്യുണ്ടേയ് ലക്ഷ്യമിടുന്നത്. ഹ്യുണ്ടേയുടെ തുറുപ്പുചീട്ടുകളായ ആ അഞ്ച് ഇവികളെ അറിയാം.
ക്രേറ്റ ഇവി
ഹ്യുണ്ടേയുടെ അടുത്ത വര്‍ഷം ആദ്യം ഇറങ്ങുന്ന വൈദ്യുത കാര്‍ മോഡലായിരിക്കും ക്രേറ്റ ഇവി. ഇന്ത്യയില്‍ വന്‍ വിജയം നേടിയ ക്രേറ്റയുടെ ഇവി പതിപ്പിനും സമാനമായ സ്വീകാര്യത ലഭിക്കുമെന്നാണ് ഹ്യുണ്ടേയുടെ പ്രതീക്ഷ. വരുന്ന ജനുവരിയില്‍ നടക്കുന്ന ഭാരത് മൊബിലിറ്റി എക്സ്പോ 2025ലാണ് ക്രേറ്റ ഇവി അവതരിപ്പിക്കുക. പെട്രോള്‍, ഡീസല്‍ മോഡലുകളില്‍ നിന്നും രൂപത്തിലും ഫീച്ചറുകളിലും പലതും ഇവി മോഡലിലേക്കും എത്തും. ക്ലോസ്ഡ് ഗ്രില്‍, പുതിയ ബംപറുകള്‍, പുതിയ അലോയ് വീലുകള്‍, ലോ റെസിസ്റ്റന്‍സ് ടയര്‍ എന്നിവ പ്രതീക്ഷിക്കാം.
കാബിനില്‍ ക്രേറ്റ ഐ സി ഇ മോഡലുമായി വലിയ വ്യത്യാസം ക്രേറ്റ ഇവിക്കുണ്ടാവില്ല. എന്നാല്‍ സ്റ്റിയറിങ് വീലില്‍ മാറ്റമുണ്ടാവും. റോട്ടറി ഡ്രൈവ് മോഡ് സെലക്ടര്‍, പനോരമിക് സണ്‍റൂഫ്, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്ട്രോള് എന്നിവക്കു പുറമേ അഡാസ് ലെവല്‍ 2 സുരക്ഷാ ഫീച്ചറുകളും പ്രതീക്ഷിക്കാം. രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകള്‍ക്കാണ് സാധ്യത. പ്രതീക്ഷിക്കുന്ന പരമാവധി റേഞ്ച് 450 കീലോമീറ്ററിനടുത്ത്.
മുഖം മിനുക്കി അയോണിക് 5
അടുത്തിടെയാണ് ഹ്യുണ്ടേയ് അയോണിക് 5 ഇവിയുടെ മുഖം മിനുക്കിയ പതിപ്പ് പുറത്തിറക്കിയത്. യാത്രാസുഖവും റേഞ്ചും സൗന്ദര്യവും കൂടുതല്‍ മികച്ചതാക്കുന്ന സവിശേഷതകള്‍ പുതിയ അയോണിക് 5വില്‍ കൂട്ടിച്ചേര്‍ത്തിരുന്നു. 631 കീലോമീറ്റര്‍ റേഞ്ച് നല്കുന്ന 84 kWh ബാറ്ററിയാണ് മറ്റൊരു ശ്രദ്ധാകേന്ദ്രം. ഗ്രില്ലില്‍ വരുത്തിയ മാറ്റങ്ങളും പുതിയ വീലുകളും ബംപറുകളുമെല്ലാം അയോണിക് 5വിനെ കൂടുതല്‍ സ്റ്റൈലിഷാക്കുന്നുണ്ട്.
ഇന്‍സ്റ്റര്‍ ഇവി
ജനകീയ വിപണിയില്‍ ടാറ്റ പഞ്ച് ഇവിക്ക് ഒത്ത എതിരാളിയായാണ് ഇന്‍സ്റ്റര്‍ ഇവിയുടെ വരവ്. ഒപ്പം സിട്രോണ്‍ ഇസി3ക്കും വെല്ലുവിളിയാവും. ഹ്യുണ്ടേയ് ഇജിഎംപി(കെ) പ്ലാറ്റ്ഫോമിലായിരിക്കും ഈ മൈക്രോ എസ് യു വി നിര്‍മിക്കുക. ഉള്ളില്‍ 10.25 ഇഞ്ച് സ്ക്രീനുകളും അഡാസ് സുരക്ഷാ ഫീച്ചറുകളും 360 ഡിഗ്രി ക്യാമറയും ഇന്സ്റ്ററിലുണ്ടാവും. 97ബിഎച്ച്പി, 115ബിഎച്ച്പി എന്നിങ്ങനെ രണ്ട് പവര്‍ട്രെയിന്‍ ഓപ്ഷനുകള്‍. രണ്ട് ബാറ്ററി ഓപ്ഷനുകള്‍. 42kWh ബാറ്ററിക്ക് 300കീമി റേഞ്ച്. 49kWh ബാറ്ററിക്കാണെങ്കില് 355 കീലോമീറ്റര്‍. വില 9-15 ലക്ഷം രൂപ.
ഗ്രാന്‍ഡ് ഐ10 ഇവി
ഹ്യുണ്ടേയുടെ മറ്റൊരു ജനപ്രിയ മോഡലായ ഗ്രാന്‍ഡ് ഐ10 നിയോസിനും അടുത്ത വര്‍ഷം ഇവി പതിപ്പ് ലഭിക്കും. ടാറ്റയുടെ തിയാഗോ ഇവിക്ക് വെല്ലുവിളിയാവും ഗ്രാന്‍ഡ് ഐ10 ഇവിയുടെ വരവ്. കൂസിറ്റി ഡ്രൈവിന് അനുയോജ്യമായ മോഡലായിരിക്കും ഗ്രാന്‍ഡ് ഐ20 നിയോസ് ഇവി. ഐസിഇ വകഭേദത്തിന്റെ പ്രധാന ഫീച്ചറുകള്‍ ഇവിയിലും പ്രതീക്ഷിക്കാം. കൂടുതല്‍ വിശദാംശങ്ങളും റേഞ്ചും വിലയുമെല്ലാം ഹ്യുണ്ടേയ് പുറത്തു വിടാനിരിക്കുന്നതേയുള്ളൂ.
വെന്യു ഇവി
ടാറ്റ നെക്സോണ്‍ ഇവിയുടെ എതിരാളിയായിട്ടാണ് വെന്യും ഇവിയുടെ വരവ്. വിലയിലും സൗകര്യങ്ങളിലും വെന്യു ഇവി നെക്സോണ്‍ ഇവിയോട് മത്സരിക്കും. അടുത്തിടെ പുറത്തുവന്ന വെന്യു ഇവിയുടെ ദൃശ്യങ്ങളില്‍ നിന്നും ഗ്രില്ലിലും ബംപറിലും മാറ്റങ്ങളുണ്ടെന്ന സൂചന ലഭിക്കുന്നുണ്ട്. ഉള്ളില്‍ നിലവില്‍ വിപണിയിലുള്ള വെന്യുവിന്റെ പ്രധാന സവിശേഷതകളെല്ലാമുണ്ടാവും.
അഞ്ച് മോഡലുകളുടെ വരവോടെ 2025ല്‍ ഇന്ത്യന്‍ ഇവി വിപണിയില്‍ നിലയുറപ്പിക്കാനാവുമെന്ന പ്രതീക്ഷയിലാണ് ഹ്യുണ്ടേയ്.