സൂപ്പർഫാസ്റ്റ് ചാർജിങ്, ഉയർന്ന റേഞ്ച്; മഹീന്ദ്രയുടെ രണ്ട് ഇലക്ട്രിക് എസ്യുവികളെ അറിയാം
Mail This Article
ഇലക്ട്രിക് എസ് യു വികളായ ബിഇ 6ഇയും എക്സ്ഇവി 9ഇയും അവതരിപ്പിച്ച് ഇന്ത്യന്‍ വൈദ്യുത കാര്‍ വിപണിയില്‍ ചലനമുണ്ടാക്കാനുള്ള ഒരുക്കത്തിലാണ് മഹീന്ദ്ര. നവംബര്‍ 26ന് ഈ വാഹനങ്ങള്‍ പുറത്തിറക്കുന്നതിനു മുന്നോടിയായി ഐഎൻജിഎൽഒ ഇലക്ട്രിക്ക് ഒറിജിന്‍ ആര്‍ക്കിടെക്ച്ചറിന്റെ വിശദാംശങ്ങള്‍ മഹീന്ദ്ര തന്നെ ഔദ്യോഗികമായി പുറത്തുവിട്ടു. പുതു തലമുറ ഇവികള്ക്കുവേണ്ടി കാര്യക്ഷമതക്കും സുരക്ഷക്കും സുസ്ഥിരമായ പ്രകടനത്തിനുമെല്ലാം പ്രാധാന്യം നല്‍കിയാണ് ഐഎൻജിഎൽഒ പ്ലാറ്റ്ഫോം മഹീന്ദ്ര ഒരുക്കിയിരിക്കുന്നത്.
ഭാരംകുറവ്, പരന്ന ഡിസൈന്‍
ഭാരം കുറഞ്ഞ രീതിയില്‍ സ്കേറ്റ് ബോര്‍ഡിനെ പോലെ പരന്ന രൂപത്തിലാണ് ഐഎൻജിഎൽഒ പ്ലാറ്റ്ഫോം നിര്‍മിച്ചിരിക്കുന്നത്. പരന്ന രൂപമായതിനാല്‍ തന്നെ പരമാവധി കാബിന് സ്പേസ് ഈ പ്ലാറ്റ്ഫോമില്‍ ഒരുക്കുന്ന വാഹനങ്ങള്‍ക്ക് ഉറപ്പിക്കാനാവും. രൂപകല്പനയുടെ ഈ സവിശേഷത മൂലം യാത്രാ സുഖവും സീറ്റിങ് ഫ്ളെക്സിബിലിറ്റിയും സ്റ്റെബിലിറ്റിയും വര്‍ധിക്കും. വ്യത്യസ്ത മോഡലുകള്‍ക്ക് ഇതേ പ്ലാറ്റ്ഫോം ഉപയോഗിക്കാനാവുമെന്നതാണ് മറ്റൊരു സവിശേഷത. അങ്ങനെയാണ് ബിഇ 6ഇയും എക്സ്ഇവി 9ഇയുമെല്ലാം ഇതേ പ്ലാറ്റ്ഫോമില്‍ ഒരുക്കാനായതെന്നാണ് മഹീന്ദ്ര അറിയിക്കുന്നത്.
ബാറ്ററിയും ചാര്‍ജിങും
ബാറ്ററി പെര്‍ഫോമെന്‍സിന്റേയും ചാര്ജിങിന്റേയും കാര്യത്തിലും ഇന്‍ഗ്ലോ പ്ലാറ്റ്ഫോമിലിറങ്ങുന്ന വാഹനങ്ങള്‍ വ്യത്യസമായിരിക്കും. 59kWh, 79kWh ബാറ്ററികള്‍ ഈ പ്ലാറ്റ്ഫോമില്‍ ഉപയോഗിക്കാനാവും. അഡ്വാന്‍സ്ഡ് എല്‍പിഎഫ് ബാറ്ററി കെമിസ്ട്രിയും സെല്‍ ടു പാക്ക് സാങ്കേതികവിദ്യയുമാണ് മഹീന്ദ്ര ഉപയോഗിച്ചിരിക്കുന്നത്. ഇത് ബാറ്ററിയുടെ ആയുസും സുരക്ഷയും ഒരുപോലെ വര്‍ധിപ്പിക്കുമെന്നും മികച്ച റേഞ്ച് നല്‍കുമെന്നും മഹീന്ദ്ര ഉറപ്പു നല്കുന്നു. ഫാസ്റ്റ് ചാര്‍ജിങാണ് മറ്റൊരു സവിശേഷത. 175kW ഡിസി ചാര്‍ജര്‍ ഉപയോഗിച്ചാല്‍ ബാറ്ററി ചാര്‍ജ് 20 മിനുറ്റില്‍ 20 ശതമാനത്തില്‍ നിന്നും 80 ശതമാനത്തിലേക്കെത്തുകയും ചെയ്യും.
സുരക്ഷ
ഇന്‍ഗ്ലോ പ്ലാറ്റ്ഫോമിന്റെ പ്രധാന സവിശേഷതയായി മഹീന്ദ്ര എടുത്തുകാണിക്കുന്നത് സുരക്ഷയാണ്. ബാറ്ററി പാക്ക് വാഹനത്തിന്റെ താഴേത്തട്ടില്‍ വെച്ചിരിക്കുന്നതിനാല്‍ കുലുക്കം കുറയുകയും വാഹനം എളുപ്പം നിയന്ത്രിക്കാനാവുകയും ചെയ്യും. കരുത്തുള്ള ബോറോണ്‍ സ്റ്റീല്‍ കൊണ്ട് നിര്‍മിച്ച പ്ലാറ്റ്ഫോം പാസഞ്ചര്‍ കാബിന് അധിക സുരക്ഷ നല്കുന്ന കൂടു പോലെയും പ്രവര്‍ത്തിക്കുന്നു.
പെര്‍ഫോമെന്‍സ്
പെര്ഫോമെന്സില് വെള്ളം ചേര്‍ക്കാതെ പരമാവധി കാര്യക്ഷമതയുള്ള വാഹനമായിരിക്കും ഇന്‍ഗ്ലോ വഴി ഒരുക്കുകയെന്നാണ് മഹീന്ദ്ര അറിയിക്കുന്നത്. മോട്ടോറും ഇന്‍വെര്‍ട്ടറും ട്രാന്‍സ്മിഷനും ചേര്‍ന്നുള്ള ത്രീ ഇന്‍ വണ്‍ പവര്‍ട്രെയിന്‍. പിന് ചക്രങ്ങളിലേക്ക് 170-210kW വരെ പവര്‍ നല്‍കുന്നതോടെ കരുത്തുറ്റ ഡ്രൈവിങ് അനുഭവം നല്കാന് ഇന്‍ഗ്ലോ പ്ലാറ്റ്ഫോമില്‍ ഒരുക്കുന്ന വാഹനങ്ങള്‍ക്ക് സാധിക്കും.
ഇന്റലിജെന്റ് ഡ്രൈവ് മോഡ് ഉള്‍പ്പെടുത്തുക വഴി വ്യത്യസ്ത ഡ്രൈവിങ് സാഹചര്യങ്ങളിലും മികച്ച പ്രകടനം ഉറപ്പിക്കാനാവും. സെമി ആക്ടീവ് സസ്പെന്ഷന് സിസ്റ്റം, ഹൈ പവര്‍ സ്റ്റീറിങ്, ബ്രേക്ക് ബൈ വയര്‍ സാങ്കേതികവിദ്യ എന്നിവയെല്ലാം ബിഇ 6ഇ, എക്സ്ഇവി 9ഇ എന്നീ വാഹനങ്ങളെ കൂടുതല്‍ മികച്ചതാക്കുമെന്നും മഹീന്ദ്ര സാക്ഷ്യപ്പെടുത്തുന്നുണ്ട്.
ഇന്ത്യന്‍ ഹൃദയവും രാജ്യാന്തര രൂപ സവിശേഷതയുമുള്ള വാഹനങ്ങളായിരിക്കും ഇവയെന്നാണ് മഹീന്ദ്ര അറിയിക്കുന്നത്. നവംബര്‍ 26ന് നടക്കുന്ന അണ് ലിമിറ്റ് ഇന്ത്യ ഇവന്റില്‍ മഹീന്ദ്ര അവരുടെ ആദ്യ ഇലക്ട്രിക് എസ് യു വികളെ കൂടുതല്‍ വിശദമായി ലോകത്തിന് പരിചയപ്പെടുത്തും.