40 കോടി രൂപ വിലയുള്ള കാറുകൾ, അംബാനിയുടെ വാഹനവ്യൂഹം ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ളത്
Mail This Article
ഇന്ത്യയിലെ ഏറ്റവും കനത്ത സുരക്ഷയുള്ള സ്വകാര്യ വ്യക്തികളില്‍ മുന്നിലാണ് മുകേഷ് അംബാനി. അദ്ദേഹത്തിന് വാഹന വ്യൂഹത്തില്‍ 15ഓളം കാറുകളുണ്ട്. നിരവധി ആഡംബര കാറുകള്‍ ഉള്‍പ്പെട്ട ഈ വാഹന വ്യൂഹത്തിന്റെ മാത്രം ഏകദേശ മൂല്യം 40 കോടി രൂപ വരും. ആഡംബര സൗകര്യങ്ങള്‍ക്കൊപ്പം സുരക്ഷയും ഉറപ്പു നല്കുന്ന മുകേഷ് അംബാനിയുടെ വാഹന വ്യൂഹത്തിലെ കാറുകളെ പരിചയപ്പെടാം.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ തന്നെ മുകേഷ് അംബാനിയുടെ വാഹന വ്യൂഹത്തിന്റെ വലിപ്പം കൂടിയിട്ടുണ്ട്. അത്യാഡംബര സൗകര്യങ്ങളുള്ള എസ് യു വികളും സെഡാനുകളും എംപിവികളുമെല്ലാം മുകേഷിന്റെ സുരക്ഷയൊരുക്കാന്‍ കൂടെയുണ്ട്. മുംബൈയില്‍ വെച്ചു കണ്ട ഈ വാഹന വ്യൂഹത്തിലെ രണ്ട് മെഴ്സിഡീസ് ബെന്‍സ് എസ്680 ഗാര്‍ഡുകള്‍ക്ക് മാത്രം 20 കോടി രൂപ വില വരും. ഇവയടക്കം 15 കാറുകളുണ്ടായിരുന്നു മുകേഷ് അംബാനിയുടെ വാഹന വ്യൂഹത്തില്‍.
'ഹോട്ടസ്റ്റ് കാര്‍സ് ഇന്‍ ഇന്ത്യ' അവരുടെ ഇന്‍സ്റ്റഗ്രാം പേജിലാണ് മുകേഷ് അംബാനിയുടെ സുരക്ഷാ വാഹനവ്യൂഹത്തിന്റെ വിഡിയോ പങ്കുവെച്ചിരിക്കുന്നത്. ആദ്യം വരുന്നത് ചുവപ്പ്, നീല ലൈറ്റുകളും സൈറനും പൊലീസ് സ്റ്റിക്കറുകളും പതിപ്പിച്ച എംജി ഗ്ലോസ്റ്ററാണ്. പിന്നാലെ റേഞ്ച് റോവര്‍ വോഗ് സമാനമായ ലൈറ്റുകളും സൈറനുമായി എത്തുന്നു. ഇതിനു പിന്നിലാണ് നെറ്റ്വര്‍ക്ക് മുകളില്‍ ജാമര്‍ ഘടിപ്പിച്ച കറുപ്പ് ടൊയോട്ട ഫോര്‍ച്യൂണറിന്റെ വരവ്. ഇതിനു പിന്നില്‍ മറ്റൊരു റേഞ്ച് റോവര്‍ വോഗും കാണാം. ഇതിനു ശേഷമാണ് മെഴ്സിഡീസ് ബെന്‍സ് എസ്680 ഗാര്‍ഡ് ബുള്ളറ്റ്പ്രൂഫ് സെഡാനുകളെ കാണാനാവുക. സ്വര്‍ണ നിറത്തിലുള്ള ഈ എസ്680 ഗാര്‍ഡിന് വിഐപി നമ്പറായി 999 ആണ് നല്‍കിയിരിക്കുന്നത്.
ഇതുകൊണ്ടൊന്നും മുകേഷ് അംബാനിയുടെ വാഹന വ്യൂഹം തീരുന്നില്ല. മൂന്നു റേഞ്ച് റോവര്‍ വോഗും രണ്ട് എംജി ഗ്ലോസ്റ്ററുകളും ഒരു മെഴ്സിഡീസ് ബെന്‍സ് വി ക്ലാസ് പ്രീമിയം എംപിവിയും പിന്നാലെ പിന്നാലെയായി മുകേഷ് അംബാനിക്കൊപ്പമുണ്ടാവും. ഇതിനു ശേഷമാണ് രണ്ടാമത്തെ മെഴ്സിഡീസ് ബെന്‍സ് എസ്680 ഗാര്‍ഡിന്റെ വരവ്. റേഞ്ച് റോവര്‍ വോഗ്, വി ക്ലാസ്, എംജി ഗ്ലോസ്റ്റര്‍ എന്നീ വാഹനങ്ങളേയും മുകേഷ് അംബാനിയുടെ വാഹനവ്യൂഹത്തില്‍ കാണാനാവും. കാറുകളുടെ ആകെ കണക്കെടുത്താല്‍ ആറ് റേഞ്ച് റോവര്‍ വോഗും നാല് എംജി ഗ്ലോസ്റ്ററുകളും രണ്ട് മെഴ്സിഡീസ് ബെന്‍സ് വി ക്ലാസ് എംപിവികളും ഒരു ടൊയോട്ട ഫോര്‍ച്യൂണറും ഉണ്ടെന്നു കാണാനാവും.
മെഴ്സിഡീസ് ബെന്‍സ് എസ്680 ഗാര്‍ഡ്
അംബാനിയെ പോലുള്ള സുപ്രധാന വ്യക്തികള്‍ക്ക് അതീവ സുരക്ഷ നല്കുന്നതില് പേരു കേട്ട വാഹനമാണ് മെഴ്സിഡീസ് ബെന്‍സ് എസ്680 ഗാര്‍ഡ്. പത്തു കോടി രൂപയോളം വില വരും ഈ വാഹനത്തിന്. VPAM VR 10 സര്ട്ടിഫിക്കേഷന് ലഭിച്ചിട്ടുള്ള വാഹനമാണ് എസ് 680 ഗാര്‍ഡ്. സിവിലിയന്‍ വാഹനങ്ങള്‍ക്ക് ലഭ്യമായ ഏറ്റവും ഉയര്‍ന്ന ബാലിസ്റ്റിക് സര്‍ട്ടിഫിക്കേഷനാണിത്. ഈ വാഹനത്തില്‍ 3.5-4 ഇഞ്ച് കനമുള്ള ചില്ലാണുള്ളത്. ബുള്ളറ്റ് പ്രൂഫ് മാത്രമല്ല പൊട്ടിത്തെറികളില്‍ നിന്നും സംരക്ഷണം നല്കാന് കൂടി ഈ ചില്ലുകള്‍ക്ക് കഴിയും. ഈ വാഹനത്തിന്റെ ഡോറുകള്‍ക്ക് ഓരോന്നിനും 250 കീലോഗ്രാമോളം ഭാരമുണ്ട്. വാഹനത്തിന്റെ മൊത്തം ഭാരം രണ്ടായിരം കീലോഗ്രാം വരും.
612 എച്ച്പി കരുത്തും പരമാവധി 830എന്‍എം ടോര്‍ക്കും പുറത്തെടുക്കുന്ന വി12 എന്‍ജിനാണ് മെഴ്സിഡീസ് ബെന്‍സ് എസ്680ന്റെ കരുത്ത്. ഓള് വീല്‍ ഡ്രൈവ് ഓപ്ഷനും അടിയന്തര സാഹചര്യങ്ങളില്‍ പെട്ടെന്ന് പ്രതികരിക്കാന്‍ ഈ വാഹനത്തെ സഹായിക്കും. എന്തെങ്കിലും കാരണവശാല്‍ ടയറുകള്‍ പഞ്ചറായാല്‍ പോലും വാഹനത്തിലുള്ളവരെ സുരക്ഷിത സ്ഥാനത്തെത്തിക്കാനായി 30 കീലോമീറ്റര്‍ വരെ സഞ്ചരിക്കാനും മെഴ്സിഡീസ് ബെന്‍സ് എസ്680 ഗാര്ഡിനാവും.