ADVERTISEMENT

ആദ്യമായി സ്വന്തമാക്കിയ ബൈക്കും കാറുമൊക്കെ സമ്മാനിച്ച സന്തോഷവും അഭിമാനവുമൊക്കെ കാലമെത്ര കഴിഞ്ഞാലും ആർക്കും മറക്കാൻ കഴിയുകയില്ല. പിതാവ് ആദ്യമായി വാങ്ങിയ ബൈക്കിന്റെ ചിത്രം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ച് ആ സന്തോഷം നിറഞ്ഞ ഓർമകളിലേക്ക് ഒരു തിരിച്ചു പോക്ക് നടത്തിയിരിക്കുകയാണ് ബോളിവുഡിന്റെ സ്വന്തം സൽമാൻ ഖാൻ. ട്രയംഫിന്റെ ടൈഗർ 100 എന്ന ബൈക്കിൽ പിതാവ് സലിം ഖാൻ ഇരിക്കുന്ന ചിത്രമാണ് സൽമാൻ പങ്കുവെച്ചത്. 1956 ൽ സ്വന്തമാക്കിയ വാഹനമാണിത്. സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച ചിത്രത്തിന് വൻ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ മുപ്പത്തിഅഞ്ചുലക്ഷത്തിലധികം പേരാണ്  ഇൻസ്റ്റഗ്രാമിലെ ഈ ചിത്രങ്ങൾക്ക് ഇഷ്ടം രേഖപ്പെടുത്തിയിരിക്കുന്നത്.

സമൂഹ മാധ്യമങ്ങളിൽ സജീവമല്ലെങ്കിലും ഇടയ്ക്കിടെ ഇത്തരം സുന്ദരമായ മുഹൂർത്തങ്ങളും  ചിത്രങ്ങളുമൊക്കെ സൽമാൻ ഖാൻ തന്റെ ആരാധകർക്കായി പങ്കുവെയ്ക്കാറുണ്ട്. പഴയ ബൈക്കിൽ പിതാവ് സലിം ഖാൻ ഇരിക്കുന്നത് നോക്കി നിൽക്കുന്ന സൽമാനാണ് ആദ്യ ചിത്രത്തിലുള്ളത്. പിന്നെ അതേ ബൈക്കിൽ താരമിരിക്കുന്ന ഒരു ചിത്രവും പങ്കുവെച്ചിട്ടുണ്ട്. 1956 മോഡൽ ട്രയംഫ് ടൈഗർ ഇന്ത്യയിൽ തന്നെ ഏറ്റവും അപൂർവമായ വാഹനമാണ്. ഇപ്പോൾ ഈ വിന്റേജ് ബൈക്ക് ആരുടെയെങ്കിലും കൈവശമുണ്ടോയെന്ന കാര്യവും സംശയമാണ്. 

ബ്രിട്ടീഷ് ഇരുചക്ര വാഹനനിർമാതാക്കളായ ട്രയംഫിന്റെ ആദ്യകാല വാഹനങ്ങളിൽ ഒന്നായിരുന്നു ടൈഗർ 100. രണ്ടാം ലോക യുദ്ധത്തിന്റെ സമയത്തിന്റെ 1940 ൽ ജർമൻ ബോംബാക്രമണത്തിൽ ഫാക്ടറി നാമാവശേഷമായപ്പോൾ ഈ വാഹനത്തിന്റെ നിർമാണവും അവസാനിച്ചിരുന്നു. എന്നാൽ 1946 കളിൽ കമ്പനി വീണ്ടും ബൈക്കുകൾ നിർമിക്കാൻ തുടങ്ങി. ഭാരത്തിലും കരുത്തിലും മുമ്പിലുള്ള ടൈഗർ 100 ഒരു സ്പോർട്സ് ബൈക്ക് ആയാണ് പിന്നീട് വികസിപ്പിച്ചെടുത്തത്. പേരിലെ 100 എന്നത് ബൈക്കിനു കൈവരിക്കാൻ കഴിയുന്ന പരമാവധി വേഗത്തെയാണ് സൂചിപ്പിക്കുന്നത്. 500 സി സി പാരലൽ ട്വിൻ  എൻജിനോടുകൂടിയാണ് ട്രയംഫ് ടൈഗർ 100 പുറത്തിറങ്ങിയത്. 

English Summary:

Salman Khan takes fans on a nostalgic ride by sharing a picture of his father, Salim Khan, on his first bike - a rare 1956 Triumph Tiger 100

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com