അറയ്ക്കൽ മാധവനുണ്ണിയുടെ ബെൻസ്; അന്ന് വാങ്ങിയത് 34 ലക്ഷം രൂപയ്ക്ക്
Mail This Article
മമ്മൂട്ടിയുടെ സൂപ്പർഹിറ്റ് ചിത്രം വല്ല്യേട്ടൻ ഇരുപത്തിനാലു വർഷത്തിനു ശേഷം വീണ്ടും തീയറ്ററുകളിലത്തുമ്പോൾ തരംഗമാകുന്നത് ചിത്രത്തിലെ ബെൻസ് കാർ തന്നെ. അറയ്ക്കൽ മാധവനുണ്ണിയുടെ കൂടെ ചിത്രത്തിലെ ഒരു കഥാപാത്രമായി തിളങ്ങിയ കാർ ചിത്രത്തിന്റെ നിർമാതാവ് ബൈജു അമ്പലക്കരയുടേതായിരുന്നു.
മാധവനുണ്ണിയുടെ തറവാടിത്വത്തിന്റെ ചിഹ്നമായി മാറിയ ആ ബെൻസ് അന്ന് ഏറെ ആരാധകരെ സൃഷ്ടിച്ചിട്ടുണ്ട്. സിനിമയുടെ ചിത്രീകരണം തുടങ്ങുന്നതിന് മുമ്പ് ബൈജു വാങ്ങിയ കാറാണ് ആ ഇ–ക്ലാസ് ബെൻസ്. 1999 ൽ 34 ലക്ഷം രൂപ മുടക്കിയാണ് വാഹനം വാങ്ങിയത്. അന്ന് കൊല്ലം ജില്ലയിൽ ഈ പുതിയ മോഡൽ ബെൻസ് വാങ്ങിയ ആദ്യത്തെ ആളും താനായിരുന്നെന്ന് ബൈജു പറയുന്നു.
ഷാജി കൈലാസിന്റെ നിർബന്ധത്തിന് വഴങ്ങിയാണ് ബെൻസ് അന്ന് സിനിമയിൽ ഉപയോഗിക്കാൻ നൽകിയത്. വാങ്ങി കുറച്ചു നാൾ മാത്രമായ വാഹനം സിനിമയിലേക്ക് ഉപയോഗിക്കാനായി കൊടുക്കാൻ ആദ്യം മടിയായിരുന്നെങ്കിലും പിന്നീട് നൽകുകയായിരുന്നു. ബെൻസ് മാത്രമല്ല, ആനയും ചിത്രത്തിൽ വേണമെന്ന് ഷാജി കൈലസ് പറഞ്ഞിരുന്നു. എന്നാൽ അന്നത്തെ ആന അൽപം പ്രശ്നക്കാരനായിരുന്നതിനാൽ സിനിമയിൽ കൊണ്ടുവന്നില്ല. മമ്മൂട്ടിക്ക് ഏറെ ഇഷ്ടപ്പെട്ട വാഹനമായിരുന്നു ആ ബെൻസ്. എന്നാൽ സിനിമയുടെ ചിത്രീകരണത്തിനിടെ ബെൻസ് അപകടത്തില്‍ പെട്ടുവെന്നും ബംബറും ബോണറ്റിനും കേടുപാടുകൾ പറ്റിയെന്നും ബൈജു അമ്പലക്കര ഓർക്കുന്നു.
ഇന്ത്യയിൽ നിർമിച്ച രണ്ടാമത്തെ ഇ–ക്ലാസ് മോഡലാണ് ഡബ്ല്യു 210 എന്ന ഈ മോഡൽ. 1998 ലാണ് ഈ മോഡൽ പുറത്തിറങ്ങുന്നത്. ഇ ക്ലാസിന്റെ ഇ250 എന്ന ഡീസൽ മോഡലാണ് ഇത്. അന്ന് ഇന്ത്യയിൽ പത്ത് സെക്കന്റിനുള്ളിൽ വേഗം 100 കടക്കുന്ന ഇന്ത്യയിലെ ആദ്യ ഡീസൽ കാറായിരുന്നു ഇത്. 2497 സിസി എൻജിൻ ഉപയോഗിച്ചിരുന്ന കാറിന് 150 പിഎസ് കരുത്തും 280 എൻഎം ടോർക്കുമുണ്ട്.