ADVERTISEMENT

കാറുകളിലെ പ്രധാന ഭാഗങ്ങളിലൊന്നാണ് ബാറ്ററികള്‍. കാറുകളിലെ ബാറ്ററിയുടെ ആയുസും പ്രകടനവുമെല്ലാം കാലാവസ്ഥ അടക്കം നിരവധി ഘടകങ്ങളെ ആശ്രയിച്ചുള്ളതാണ്. ബാറ്ററികളുടെ ആരോഗ്യം സംരക്ഷിക്കുന്നതുവഴി യാത്രകള്‍ അപ്രതീക്ഷിതമായി മുടങ്ങുന്നില്ലെന്നു കൂടിയാണ് നമ്മള്‍ ഉറപ്പുവരുത്തുന്നത്. കാര്‍ ബാറ്ററിയുടെ ആരോഗ്യം സംരക്ഷിക്കാന്‍ വര്‍ഷം മുഴുവന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വിശദമായി നോക്കാം.

ബാറ്ററികളുടെ താപനില വലിയ തോതില്‍ ഉയരുന്നത് തടയാന്‍ സാധ്യമായ മാര്‍ഗങ്ങളെല്ലാം സ്വീകരിക്കണം. ഇത് ബാറ്ററിയുടെ ആയുസ് വര്‍ധിപ്പിക്കാന്‍ സഹായിക്കും. ഉയര്‍ന്ന അന്തരീക്ഷ താപനിലയുള്ളപ്പോഴും കാര്‍ ബാറ്ററിയിലേക്ക് ഈ താപനില പകരാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ എടുക്കണം. ചൂടു കാലത്ത് വെയിലുള്ളിടത്ത് പാര്‍ക്കു ചെയ്യുന്നതിനു പകരം തണലുകളില്‍ വാഹനം പാര്‍ക്കു ചെയ്യാന്‍ ശ്രദ്ധിക്കണം. 

വാഹനത്തിലെ ബാറ്ററികളിലെ ഇലക്ട്രോലൈറ്റ് നില പരിശോധിക്കണം. ബാറ്ററിയുടെ വശങ്ങള്‍ പരിശോധിച്ച് അസാധാര രൂപവ്യത്യാസങ്ങളൊന്നുമില്ലെന്ന് ഉറപ്പു വരുത്തുന്നതും നല്ലതാണ്. ബാറ്ററിയുടെ പ്രശ്‌നങ്ങളിലേക്കുള്ള സൂചനയാണ് ബാറ്ററിക്കുണ്ടാവുന്ന ഈ രൂപ വ്യത്യാസം. ബാറ്ററി മാറ്റാറായി എന്നതിന്റെ സൂചനയായി ഇതിനെ കണക്കാക്കാവുന്നതാണ്. 

മണ്‍സൂണ്‍ പരിശോധന

മഴക്കാലത്ത് കാറുകളുടെ ബാറ്ററികള്‍ക്ക് സവിശേഷ ശ്രദ്ധയും പരിചരണവും ആവശ്യമാണ്. മഴക്കാലം തുടങ്ങുന്നതിനു മുമ്പു തന്നെ കാറിന്റെ ബാറ്ററിയിലും അനുബന്ധ ഭാഗങ്ങളിലും പരിശോധന നടത്തണം. മഴയും തണുപ്പുമുള്ളപ്പോള്‍ ഈര്‍പ്പം കൂടിയ പ്രദേശങ്ങളില്‍ കാര്‍ ദിവസങ്ങളോളം നിര്‍ത്തിയിടുന്നതും ബാറ്ററിയുടെ ആരോഗ്യത്തെ ബാധിക്കും. കാര്‍ ദിവസങ്ങളോളം എടുക്കുന്നില്ലെങ്കില്‍ ബാറ്ററിയുടെ കണക്ഷന്‍ ഊരിമാറ്റുന്നതാണ് ഉചിതം. 

വാറണ്ടി

കാര്‍ ബാറ്ററിയുടെ വാറണ്ടിയുടെ കാര്യത്തില്‍ ബില്ലും ഇന്‍വോയ്‌സും അടക്കമുള്ള രേഖകള്‍ പലപ്പോഴും നിര്‍ണായകമാവാറുണ്ട്. ഇത്തരം രേഖകളില്‍ കാറിന്റെ മോഡല്‍, സീരിയല്‍ നമ്പര്‍, ബാറ്ററി വാങ്ങിയ തീയതി എന്നിവ ഉണ്ടെന്ന് ഉറപ്പുവരുത്തണം. ബാറ്ററിയുടെ വാറണ്ടി ഉറപ്പാക്കാന്‍ ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ടെങ്കില്‍ അതും വൈകരുത്. 

ബാറ്ററിയുടെ മുഴുവന്‍ ചാര്‍ജും കളയല്ലേ

ബാറ്ററിയുടെ ചാര്‍ജ് പൂര്‍ണമായും ഇല്ലാതാവുന്ന സാഹചര്യം ഒഴിവാക്കണം. പൂര്‍ണമായും ചാര്‍ജ് ഇല്ലാതായാല്‍ കാര്‍ സ്റ്റാര്‍ട്ട് ചെയ്യണമെങ്കില്‍ പോലും 'ജംപ് സ്റ്റാര്‍ട്ട്' പോലുള്ള സഹായങ്ങള്‍ വേണ്ടി വരും. മറ്റൊരു ബാറ്റരിയുടെ സഹായത്തില്‍ നടത്തുന്ന ജംപ് സ്റ്റാര്‍ട്ടും നിങ്ങളുടെ കാറിന്റെ ബാറ്ററിക്ക് നല്ലതല്ല. കാര്‍ ഓഫാക്കി പുറത്തേക്കിറങ്ങുമ്പോള്‍ വാഹനത്തിലെ എല്ലാ ലൈറ്റുകളും ഓഫാണെന്ന് ഉറപ്പു വരുത്തണം. പുറത്തെ ലൈറ്റുകള്‍ മാത്രമല്ല വാഹനത്തിനകത്തെ ലൈറ്റുകളും ഓഫാണെന്ന് ഉറപ്പിക്കണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com