682 കി.മീ റേഞ്ച്, മഹീന്ദ്രയുടെ ഇലക്ട്രിക് കരുത്തൻ ബിഇ 6 ഇ; വില 18.90 ലക്ഷം രൂപ
Mail This Article
ഇലക്ട്രിക് കൂപ്പെ എസ്യുവി ബിഇ 6ഇ പുറത്തിറക്കി മഹീന്ദ്ര. വ്യത്യസ്ത ഡിസൈനിലെത്തുന്ന ബിഇ 6ഇ വില 18.90 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്. രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളിലെത്തുന്ന ഈ വൈദ്യുത വാഹനത്തിന് ആദ്യഘട്ടത്തില്‍ റിയര്‍ വീല്‍ ഡ്രൈവ് ഓപ്ഷന് മാത്രമാണ് മഹീന്ദ്ര നല്‍കിയിട്ടുള്ളതെങ്കിലും ഭാവിയില്‍ ഓള് വീല്‍ ഡ്രൈവ് പ്രതീക്ഷിക്കാം. അടിസ്ഥാന മോഡലിന്റെ മാത്രമാണ് വില മഹീന്ദ്ര പുറത്തുവിട്ടിരിക്കുന്നത്. മറ്റു മോഡലുകളുടെ വിശദമായ വിലവിവരങ്ങള്‍ ജനുവരിയില്‍ നടക്കുന്ന ഭാരത് മൊബിലിറ്റി ഷോയിലായിരിക്കും അറിയിക്കുക.
ഡിസൈന്‍
പിന്നിലേക്ക് ചരിഞ്ഞിറങ്ങുന്ന കൂപ്പെ ഡിസൈനിലാണ് ബിഇ 6ഇയുടെ വരവ്. കറുത്ത ചില്ലു കൊണ്ടുള്ള വീല്‍ ആര്‍ക്കുകളും വശങ്ങളിലേയും മുന്നിലേയും ക്ലാഡിങും ചേര്‍ത്ത് ഡ്യുവല്‍ ടോണ്‍ ഫിനിഷ് വാഹനത്തിന് നല്‍കുന്നുണ്ട്. ഇല്യൂമിനേറ്റഡ് ലോഗോസ്, C രൂപത്തിലുള്ള എല്‍ഇഡി ഡിആര്‍എല്ലുകള്‍ രണ്ടായി തിരിച്ച സ്പ്ലിറ്റ് സ്പോയ്ലര് പിന്നിലെ മുഴു നീളത്തിലുള്ള എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍ എന്നിവയെല്ലാം ഡിസൈനില്‍ ശ്രദ്ധിക്കും.
ഡയമെന്‍ഷന്‍
4,371 എംഎം നീളവും 1,907എംഎം വീതിയും 1,627എംഎം ഉയരവുമുള്ള വാഹനമാണ് മഹീന്ദ്ര ബിഇ 6ഇ. വീല്‍ബേസ് 2,775എംഎം. 19 ഇഞ്ച് വീലുകളില്‍ 245/55 സെക്ഷന്‍ ടയറുകള്‍. കൂടുതല്‍ വലിയ 245/50 R20 ഇഞ്ച് വീലുകള്‍ തെരഞ്ഞെടുക്കാനും സാധിക്കും. 207എംഎം ഗ്രൗണ്ട് ക്ലിയറന്‍സുള്ള ഈ വാഹനത്തിന് 10 മീറ്ററില്‍ താഴെയാണ് ടേണിങ് സര്‍ക്കിള്‍. 455 ലീറ്ററിന്റെ ബൂട്ട്സ്പേസും 45 ലീറ്ററിന്റെ ഫ്രങ്ക് സ്പേസുമുണ്ട്.
ഇന്റീരിയറും ഫീച്ചറുകളും
കോക്പിറ്റിന് സമാനമായ ഇന്റീരിയറാണ് മഹീന്ദ്ര ബിഇ 6ഇക്ക് നല്‍കിയിരിക്കുന്നത്. ഡ്രൈവറുടെ ഭാഗത്തുള്ള എസി വെന്റുകളാണ് കാബിന്റെ അതിര്‍ത്തിയാവുന്നത്. പാസഞ്ചര്‍ സൈഡില്‍ മെലിഞ്ഞ എസി വെന്റുകളാണ് നല്‍കിയിരിക്കുന്നത്. രണ്ട് 12.3 ഇഞ്ച് ഫ്ളോട്ടിങ് സ്ക്രീനുകളില്‍ പുതിയ എംഎഐഎ സോഫ്റ്റ്വെയറും 30ലേറെ ആപ്പുകളും. 24 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 8295 പ്രൊസസറാണ് സിസ്റ്റത്തിലുള്ളത്.
ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റത്തില്‍ കാം, കോസി, ക്ലബ് എന്നിങ്ങനെ മൂന്ന് തീമുകളുമുണ്ട്. സെഗ്മെന്റിലെ തന്നെ ആദ്യത്തെ ഓഗ്മെന്റഡ് റിയാലിറ്റി ഹെഡ് അപ്പ് ഡിസ്പ്ലേ. ടു സ്പോക്, ഫ്ളാറ്റ് ബോട്ടം സ്റ്റിയറിങ് വീലാണ് നല്‍കിയിരിക്കുന്നത്. വയര്‍ലെസ് ചാര്‍ജിങ് പാഡുകളും കപ് ഹോള്‍ഡറുകളും നല്‍കിയിട്ടുണ്ട്. ഉയര്‍ന്ന വകഭേദത്തില്‍ ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്ട്രോളും പനോരമിക് സണ്‍റൂഫുമുണ്ട്. ഓട്ടോ പാര്‍ക്ക് അസിസ്റ്റ്, ഇന്‍ കാര്‍ ക്യാമറ, ഇലക്ട്രോണിക് പാര്‍ക്കിങ് ബ്രേക്കിങ്, ഡോള്‍ബി അറ്റ്മോസ് 16 സ്പീക്കര്‍ ഹര്മന് കാര്‍ഡൊണ്‍ സൗണ്ട് സിസ്റ്റം, പവേഡ് ഡ്രൈവര്‍ സീറ്റ്, 5ജി കണക്ടിവിറ്റി, ഒടിഎ അപ്ഡേറ്റ്സ് എന്നിവയാണ് പ്രധാന ഫീച്ചറുകള്‍. ലെവല്‍ 2 അഡാസ് ഫീച്ചറുകളുള്ള വാഹനത്തില്‍ 360 ഡിഗ്രി ക്യാമറയും സുരക്ഷക്ക് 7 എയര്‍ബാഗുകളും നല്‍കിയിട്ടുണ്ട്.
ബാറ്ററി, റേഞ്ച്
59kWh, 79kWh എന്നിങ്ങനെ രണ്ട് ബാറ്ററി പാക്കുകള്‍. ആദ്യത്തേതില്‍ 228എച്ച്പിയും രണ്ടാമത്തേതില്‍ 281എച്ച്പിയുമാണ് കരുത്ത് പരമാവധി ടോര്‍ക്ക് രണ്ടിലും 380എന്‍എം. ആദ്യഘട്ടത്തില്‍ റിയര്‍ വീല്‍ ഡ്രൈവ് മാത്രമാണ് ലഭ്യമാവുക. ഭാവിയില്‍ ഓള്‍വീല്‍ ഡ്രൈവ് മോഡലിന് സാധ്യതയുണ്ട്. 6.7 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്നും മണിക്കൂറില്‍ 100 കീലോമീറ്റര്‍ വേഗത്തിലേക്ക് കുതിക്കും. റേഞ്ച്, എവരിഡേ, റേസ് എന്നിങ്ങനെ മൂന്ന് ഡ്രൈവ് മോഡുകള്‍. 10 സെക്കന്‍ഡ് പരമാവധി ടോര്‍ക്ക് നല്കുന്ന ബൂസ്റ്റ് മോഡും അധികമായുണ്ട്.
വലിയ ബാറ്ററിയില്‍ 682 കിലോമീറ്ററാണ്(ARAI) റേഞ്ച്. ചെറിയ ബാറ്ററി പാക്കില്‍ 535 കിലോമീറ്ററിലേക്ക്(ARAI) റേഞ്ച് കുറയും. 175kW ഡിസി ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ചാല്‍ ബാറ്ററിയുടെ ചാര്‍ജ് 20 ശതമാനത്തില്‍ നിന്നും 80 ശതമാനത്തിലേക്കെത്താന്‍ 20 മിനുറ്റ് മതി.
11.2kW എസി ചാര്‍ജറും കമ്പനി നല്‍കുന്നുണ്ട്. ഇതില്‍ പൂജ്യത്തില്‍ നിന്നും മുഴുവന്‍ ചാര്‍ജിലേക്കെത്താന്‍ വലിയ ബാറ്ററിയില്‍ 8 മണിക്കൂറും ചെറുതില്‍ ആറു മണിക്കൂറും വേണ്ടി വരും. 7.3kWh എസി ചാര്‍ജറിലാണെങ്കില്‍ ചാര്‍ജിങ് സമയം യഥാക്രമം 11.7 മണിക്കൂറിലേക്കും 8.7 മണിക്കൂറിലേക്കും ഉയരും. അഡ്ജസ്റ്റബിള് റീജനറേറ്റീവ് ബ്രേക്കിങ്, ഇലക്ട്രിക്ക് പവര്‍ സ്റ്റീറിങ് വിത്ത് വേരിയബിള്‍ ഗിയര്‍ റേഷ്യോ, സെമി ആക്ടീവ് സസ്പെന്ഷന്, ബ്രേക്ക് ബൈ വയര്‍ ടെക്നോളജി, നാലു വീലിലും ഡിസ്ക് ബ്രേക്കുകള്‍ എന്നിവയാണ് മറ്റു പ്രധാന ഫീച്ചറുകള്‍. അടുത്തവര്‍ഷം ഫെബ്രുവരി മുതല്‍ ബിഇ 6ഇയുടെ വിതരണം ആരംഭിക്കും.