ആഘോഷങ്ങൾ കളറാക്കാൻ 2.5 കോടി രൂപയുടെ വാഹനം സ്വന്തമാക്കി സൂപ്പർതാരം
Mail This Article
അക്കിനേനി കുടുംബത്തിൽ ആഘോഷങ്ങൾക്ക് തിരി തെളിഞ്ഞു കഴിഞ്ഞു. നാഗചൈതന്യക്കു പുറമെ ഇളയ മകൻ അഖിൽ അക്കിനേനിയും വിവാഹത്തിനൊരുങ്ങുകയാണ്. ആ ആഘോഷങ്ങൾ കളറാക്കാൻ ആഡംബര വാഹനം സ്വന്തമാക്കിയിരിക്കുകയാണ് പിതാവ് നാഗാർജുന. ഇന്ത്യയിലെ ഏറ്റവും വിലകൂടിയ ആഡംബര എസ് യു വിയായ ലെക്സസ്സ് എൽ എം 350 എച്ച് ആണ് താരത്തിന്റെ ഗാരിജിലേക്കു എത്തിയ പുതിയ അതിഥി. വാഹനത്തിന്റെ രജിസ്‌ട്രേഷൻ നടപടകൾക്കായി ആർ ടി ഒ ഓഫീസിലെത്തിയ നാഗാർജുനയുടെ വിഡിയോ സമൂഹ മാധ്യമങ്ങളിലും വൈറലാണ്. ഏകദേശം 2.5 കോടിയോളം രൂപ വില വരുന്ന ലെക്സസിന്റെ അത്യാഡംബര വേരിയന്റ് ആയ എൽ എം 350 എച്ച് 4 സീറ്റർ ആണ് താരം സ്വന്തമാക്കിയിരിക്കുന്നത്. സോണിക് അഗാറ്റെ എന്ന നിറമാണ് വാഹനത്തിന്.
രാജ്യത്തെ ഏറ്റവും വിലകൂടിയ വാഹനങ്ങളിൽ ഒന്നാണ് ലെക്സസ്സ് എൽ എം 350 എച്ച്. ടൊയോട്ട വെൽഫെയറിന്റെ അതേ പ്ലാറ്റ്ഫോമിൽ തന്നെ നിർമിക്കുന്ന ഈ വാഹനം ആകാരഭംഗിയിൽ വെൽഫെയറിൽ നിന്നും ഏറെ വ്യത്യസ്തമാണ്. കാലഘട്ടത്തിൽ നിന്നും ഒരുപടി മുന്നിൽ നിൽക്കുന്ന, ഹെക്സഗണൽ പാറ്റേണിലുള്ള വലിയ മുൻഗ്രില്ലുകൾ, എൽ ഇ ഡി ഹെഡ്‍ലാംപുകൾ, ബമ്പറിൽ ലംബമായുള്ള ഫോഗ് ലാംപുകൾ എന്നിവയുമുണ്ട്. വശങ്ങളിലേക്ക് വരുമ്പോൾ വലിയ ഗ്ലാസ് ഏരിയ ആണ്. ഇലക്ട്രിക്കലി തുറക്കാനും അടക്കാനും കഴിയുന്ന സ്ലൈഡിങ് ഡോറുകളുമുണ്ട്.
നാല്-ഏഴ് സീറ്റ് കോൺഫിഗറേഷനിൽ വാഹനം ലഭ്യമാണ്. 48 ഇഞ്ച് ടിവി, എയർലൈൻ സ്റ്റൈൽ റീക്ലൈനർ സീറ്റുകൾ, ഫോൾഡ് ഔട്ട് ടേബിളുകൾ, വയർലെസ് ഫോൺ ചാർജർ തുടങ്ങി സൗകര്യങ്ങൾ ഏറെയുണ്ട് ഈ എംപിവിയിൽ. നാല് സിലിണ്ടർ, 2.5 ലീറ്റർ ഹൈബ്രിഡ് പെട്രോൾ എൻജിനാണ് വാഹനത്തിനു കരുത്തു പകരുന്നത്. 250 പിഎസ് പവറും 239 എൻ എം ടോർക്കും ഉല്പാദിപ്പിക്കും ഈ എൻജിൻ. ഇ-സിവിടി ഗിയർബോക്‌സാണ്.