റെന്റിന് എടുത്ത കാർ അപകടത്തിൽ പെട്ടാൽ? ശ്രദ്ധിക്കണം ഈ കാര്യങ്ങൾ
Mail This Article
ആലപ്പുഴ കളര്‍കോട് അപകടത്തില്‍ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് കാര്‍ വാടകയ്ക്ക് നല്‍കിയത് അനധികൃതമായെന്ന് ആര്‍ടിഒ ആർ.രമണൻ പറയുന്നത്. റെന്റ് എ കാര്‍ ലൈസന്‍സ് ഇല്ലാത്തയാളാണ് കാര്‍ നല്‍കിയത്. സ്വകാര്യ ആവശ്യത്തിനായി റജിസ്റ്റർ ചെയ്ത വാഹനം ടാക്സിയായി ഓടിക്കാനോ വാടക വാങ്ങി മറ്റൊരാൾക്കു നൽകാനോ പാടില്ല എന്ന നിയമമുള്ളപ്പോഴാണ് വാടകയ്ക്ക് നൽകിയത്. എന്നാൽ വാഹനം വാടകയ്ക്ക് നൽകിയതല്ലെന്നും സുഹൃത്തിന്റെ മകന് സിനിമയ്ക്ക് പോകാൻ കുറച്ച് സമയത്തേയ്ക്ക് നൽകിയതാണെന്നും ഉടമ പറയുന്നത്.
സ്വയം ഡ്രൈവ് ചെയ്ത് ഉപയോഗിക്കാനായി കാറുകൾ റെന്റിന് എടുക്കുമ്പോൾ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്? സുഹൃത്തിനും ബന്ധുക്കൾക്കും വാഹനം ഉപയോഗിക്കാൻ നൽകാമോ?
കെവിൻ കൊലക്കേസിലെ ഇന്നോവ
കെവിൻ കൊലക്കേസിലെ ക്വൊട്ടേഷൻ ടീം, ചങ്ങാതിയിൽനിന്ന് വാഹനം ഓടിക്കാനായി വാങ്ങിയ വാഹനം ഉടമയേയും കേസിലെ പ്രതിയാക്കി. കെവിൻ എന്ന യുവാവിന്റെ കൊലപാതകത്തിൽ ഉൾപ്പെട്ട വാഹനം പിന്നീട് പൊലിസ് പിടിച്ചെടുത്തു. ഉടമയ്ക്കെതിരെ കേസെടുത്തു. സ്വന്തം വാഹനം മറ്റൊരാൾക്ക് കൊടുത്താലും വാഹനം മൂലമുണ്ടാകുന്ന അപകടങ്ങൾക്കും നാശനഷ്ടങ്ങൾക്കും ഉടമ തന്നെയായിരിക്കും ഉത്തരവാദി.
റെന്റ് എ ക്യാബ്
സ്വകാര്യ വാഹനം വാടകയ്ക്കു നൽകാമോ? ഇല്ല എന്നാണുത്തരം. റെന്റ് എ ക്യാബ് എന്ന സംവിധാനം ഇപ്പോൾ നിലവിലുണ്ട്. കേരളത്തിൽ ഇവിഎം വീൽസ്, ഇന്റസ്ഗോ തുടങ്ങി വാഹനങ്ങൾ വാടകയ്ക്ക് നൽകുന്ന നിരവധി കമ്പനികളുണ്ട്. അത്തരം വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് കറുപ്പിൽ മഞ്ഞ നിറമുളള അക്ഷരങ്ങളുള്ളതായിരിക്കും. റെന്റ് എ ക്യാബ് ബിസിനസ് വലിയ ഒരു ഗ്രൂപ്പിനു മാത്രമേ നടത്താനാകൂ. അൻപതു വാഹനത്തിനു മുകളിൽ സ്വന്തമായുള്ള ചുരുങ്ങിയത് അഞ്ചു ജില്ലകളിൽ പ്രവർത്തിക്കുന്ന കമ്പനികൾക്കാണ് റെന്റ് എ ക്യാബ് ലൈസൻസ് ലഭിക്കുക. അവയ്ക്ക് ടൂറിസ്റ്റ് പെർമിറ്റും വേണം. കോമേഷ്യൽ ലൈസൻസിൽ റജിസ്റ്റർ ചെയ്ത വാഹനങ്ങൾ മാത്രമേ ഇങ്ങനെ വാടകയ്ക്കു കൊടുക്കാവൂ എന്നർഥം.
ആലപ്പുഴയിലെ അപകടത്തിൽ വാഹനത്തിന്റെ പഴക്കം ഒരു ഘടകമായിരുന്നു. മോട്ടോര്‍ വാഹന വകുപ്പിന്റെ നിയമം അനുസരിച്ച് അഞ്ച് വര്‍ഷം മാത്രമേ ഒരു വാഹനം വാടകയ്ക്ക് നല്‍കാന്‍ കഴിയൂ. അഞ്ച് വര്‍ഷത്തിന് ശേഷം റെന്റ്-എ-കാര്‍ പെര്‍മിറ്റില്‍ വാഹനം ഓടിക്കാന്‍ സാധികില്ല. അതുകൊണ്ട് തന്നെ വാഹനത്തിന്റെ കാര്യക്ഷമത നിലനിര്‍ത്താന്‍ സാധിക്കും. കൂടാതെ ടാക്സികളെപ്പോലെ തന്നെ രണ്ട് വർഷം കൂടുമ്പോൾ ഈ വാഹനങ്ങൾക്കും മോട്ടർ വാഹന ടെസ്റ്റുകളുണ്ട്. കൂടാതെ സ്പീഡ് ഗവർണർ, പാനിക് ബട്ടൻ എന്നിവയുണ്ട്.
ഇൻഷുറൻസ് എങ്ങനെ
വാടകയ്ക്ക് നല്‍കുന്ന വാഹനങ്ങള്‍ക്ക് പ്രത്യേകം ഇന്‍ഷുറന്‍സ് സംവിധാനമാണ് ഒരുക്കുന്നത്. ഇത് വാഹനങ്ങള്‍ക്ക് അപകടമുണ്ടായാല്‍ വാഹനത്തിലെ യാത്രക്കാര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്നു. എന്നാല്‍, ഓരോ കമ്പനിയുടെ പോളിസിയുടെ അടിസ്ഥാനത്തില്‍ പാര്‍ട്ടിയില്‍ നിന്ന് വാഹനത്തിന്റെ നോ ക്ലെയിം ബോണസ് ഇടാക്കാറുണ്ട്. വാഹനം അപകടത്തിൽ പെട്ടാലും ഉപഭോക്താക്കളിൽ നിന്ന് വലിയ തുക റെന്റ് കമ്പനികളിൽ ഈടാക്കാറില്ല.
കാർ സ്വകാര്യാവശ്യത്തിനു കൊടുത്താലോ?
റെന്റ് എ കാർ എന്ന സംവിധാനമാണ് നിയമവിധേയമല്ലാതെ നടന്നുകൊണ്ടിരിക്കുന്നത്. അതായത് തികച്ചും സ്വകാര്യ ആവശ്യത്തിനായി എടുക്കുന്ന കാർ പരിചയമുള്ളവർക്കു വാടകയ്ക്കു നൽകുന്ന രീതി. കല്യാണാവശ്യങ്ങൾക്കും മറ്റും വ്യാപകമായി ഇത്തരം കാറുകൾ കൈമാറ്റം ചെയ്യപ്പെടുന്നുണ്ട്. അല്ലാതെ ആവശ്യമെന്തെന്നറിയാത്ത പല ഓട്ടങ്ങൾക്കും ഇത്തരം കാറുകൾ ലഭിക്കുന്നുണ്ട്. അത്തരം റെന്റ് എ കാറുകൾ കൊണ്ടുപോകുന്നവർ ഏർപ്പെടുന്ന കുറ്റകൃത്യങ്ങളിൽ അറിയാതെ കാറുടമയും പങ്കാളിയാകും എന്നതാണ് ഈ സംവിധാനത്തിന്റെ ഗുരുതരമായ പ്രത്യാഘാതം.
അപ്പോൾ കാർ സ്വന്തക്കാർക്കു നൽകാൻ പാടില്ലേ? നൽകാം. പക്ഷേ, നിങ്ങളോ അടുത്ത കുടുംബാംഗങ്ങളോ ആ കാറിൽ ഉണ്ടായിരിക്കണം എന്നാണു നിയമം. അല്ലെങ്കിൽ അപകടങ്ങളോ മറ്റ് അനിഷ്ടസംഭവങ്ങളോ ഉണ്ടാകുമ്പോൾ അതിലെ കൂട്ടുത്തരവാദിത്തം നിരപരാധിയായ നിങ്ങളുടെ തലയിൽ വീഴുമെന്നോർക്കുക.
വിവരങ്ങൾക്ക് കടപ്പാട്: വിനയ് ശങ്കർ– ബിസിനസ് ഹെഡ് ഇവിഎം വീൽസ്