ADVERTISEMENT

മഹീന്ദ്രയുടെ പുതിയ ഇലക്ട്രിക് കാറായ ബിഇ 6ഇയില്‍ '6E' ഉപയോഗിക്കുന്നതിനെതിരെ കോടതിയെ സമീപിച്ച് ഇന്‍ഡിഗോ എയര്‍ലൈന്‍സ്. പകര്‍പ്പവകാശ ലംഘനം ചൂണ്ടിക്കാട്ടി ഡല്‍ഹി ഹൈക്കോടതിയിലാണ് ഇന്‍ഡിഗോ പരാതി നല്‍കിയിരിക്കുന്നത്. ഡല്‍ഹി ഹൈക്കോടതി കേസില്‍ വിശദമായി വാദം കേള്‍ക്കാന്‍ ഡിസംബര്‍ ഒമ്പതിലേക്ക് മാറ്റിവെച്ചിരിക്കുകയാണ്. 2025 ഫെബ്രുവരിയിലാണ് മഹീന്ദ്ര ബിഇ 6ഇ പുറത്തിറക്കാന്‍ ലക്ഷ്യമിടുന്നത്. 

മഹീന്ദ്ര ആന്റ് മഹീന്ദ്രയുടെ ഉപവിഭാഗമായ മഹീന്ദ്ര ഇലക്ട്രിക് ഓട്ടമൊബീല്‍ ലിമിറ്റഡ്(MEAL) പകര്‍പ്പവകാശ ലംഘനം ചൂണ്ടിക്കാണിച്ച് ഇന്‍ഡിഗോ പരാതി നല്‍കിയ വിവരം സ്ഥിരീകരിച്ചിട്ടുണ്ട്. 'വാഹനങ്ങള്‍ക്കു വേണ്ടിയുള്ള ക്ലാസ് 12 വിഭാഗത്തിലാണ് ബിഇ 6ഇക്കായി ട്രേഡ്മാര്‍ക്ക് അപേക്ഷ നല്‍കിയത്. എയര്‍ലൈന്‍ സര്‍വീസുകള്‍ക്ക് കീഴിലാണ് ഇന്‍ഡിഗോ 6ഇ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്' എന്നാണ് മഹീന്ദ്രയുടെ ആദ്യ ഔദ്യോഗിക പ്രതികരണം. കേസ് കോടതിയില്‍ നടക്കുമ്പോഴും കോടതിക്കു പുറത്ത് ഒത്തു തീര്‍പ്പിലെത്താന്‍ മഹീന്ദ്രയും ഇന്‍ഡിഗോയും ശ്രമിക്കുന്നുണ്ടെന്നതിന്റെ സൂചന ഇന്‍ഡിഗോ അഭിഭാഷകന്‍ സന്ദീപ് സേത്തി തന്നെ നല്‍കിയിരുന്നു. 

'6ഇ' എന്നത് ഒരു കോള്‍സൈനായി ഉപയോഗിക്കുന്നവരാണ് ഇന്‍ഡിഗോ. അവരുടെ പല എയര്‍ലൈന്‍ സേവനങ്ങളും 6ഇ പ്രൈം, 6ഇ ഫ്‌ളക്‌സ് എന്നാണ് അറിയപ്പെടുന്നതു തന്നെ. 2015ല്‍ ഇന്‍ഡിഗോ 6ഇ ലിങ്ക് ട്രേഡ് മാര്‍ക്ക് ചെയ്യുകയും ചെയ്തിരുന്നു. പരസ്യങ്ങള്‍ക്കും എയര്‍ലൈന്‍ സര്‍വീസുകള്‍ക്കും വേണ്ടിയുള്ള പകര്‍പ്പവകാശമാണ് ഇന്‍ഡിഗോ നേടിയിരുന്നത്. ക്ലാസ് 12 വിഭാഗത്തിലാണ് മഹീന്ദ്ര ഇലക്ട്രിക്കിന് അടുത്തിടെ 'ബിഇ 6ഇ' എന്ന പേരിന് പകര്‍പ്പവകാശം ലഭിച്ചിരിക്കുന്നത്. ഇരുചക്ര വിഭാഗത്തിന് ഈ പകര്‍പ്പവകാശം ഉള്‍പ്പെടുന്നില്ല. മഹീന്ദ്രയുടെ ട്രേഡ് മാര്‍ക്ക് ഉപയോഗിക്കുന്നതിനെ എതിര്‍ത്തുകൊണ്ടാണ് ഇന്‍ഡിഗോ കോടതിയെ സമീപിച്ചിരിക്കുന്നത്. 

ഇന്‍ഡിഗോയുടെ '6ഇ'യില്‍ നിന്നും വ്യത്യസ്തമാണ് തങ്ങള്‍ രജിസ്റ്റര്‍ ചെയ്ത ബിഇ 6ഇ എന്നാണ് മഹീന്ദ്രയുടെ വിശദീകരണം. ഇന്‍ഡിഗോയുടേത് എയര്‍ലൈനുമായും തങ്ങളുടേത് വൈദ്യുത കാറുമായും ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ ഉപഭോക്താക്കള്‍ക്കിടയില്‍ യാതൊരു ആശയക്കുഴപ്പവും ഉണ്ടാവില്ലെന്നാണ് മഹീന്ദ്ര വിശദീകരിക്കാന്‍ ശ്രമിക്കുന്നത്. വ്യത്യസ്ത ഡിസൈനും ഉപയോഗവുമായതിനാല്‍ ഇരു ട്രേഡ് മാര്‍ക്കുകളും തമ്മില്‍ വ്യത്യാസമുണ്ടെന്നും മഹീന്ദ്ര പറയുന്നു. 

'ഇന്‍ഡിഗോയുടെ ആശയക്കുഴപ്പം ഞങ്ങള്‍ക്ക് മനസിലാവും. ഇന്‍ഡിഗോയുടെ സല്‍പേരിന് കളങ്കമുണ്ടാക്കുംവിധമുള്ള പകര്‍പ്പവകാശ ലംഘനം നടത്താന്‍ ഞങ്ങളുടെ ലക്ഷ്യമല്ല. ആശയക്കുഴപ്പം പരിഹരിക്കുന്നതിന് ഇന്‍ഡിഗോയുമായി ചര്‍ച്ചകള്‍ നടത്തുകയാണ്. ഇരുവര്‍ക്കും സ്വീകാര്യമായ തീരുമാനത്തിലെത്താനാവുമെന്നാണ് പ്രതീക്ഷ' എന്നാണ് മഹീന്ദ്ര പ്രതികരിച്ചത്. 

ബിഇ 6ഇ

മഹീന്ദ്രയുടെ ഇലക്ട്രിക് കൂപ്പെ എസ്‌യുവിയാണ് ബിഇ 6ഇ. മഹീന്ദ്ര സ്വന്തമായി വികസിപ്പിച്ചെടുത്ത ഇലക്ട്രിക് പ്ലാറ്റ്‌ഫോമായ ഇന്‍ഗ്ലോയിലാണ് ബിഇ 6ഇയുടെ നിര്‍മാണം. 59kWh, 79kWh  എന്നിങ്ങനെ രണ്ട് ബാറ്ററി ഓപ്ഷനുകള്‍. ആദ്യത്തേതില്‍ 228 എച്ച്പിയും രണ്ടാമത്തേതില്‍ 281എച്ച്പിയുമാണ് കരുത്ത്. രണ്ടിലും പരമാവധി ടോര്‍ക്ക് 380എന്‍എം. വലിയ ബാറ്ററിയില്‍ 682 കീലോമീറ്ററും ചെറുതില്‍ 535 കീലോമീറ്ററുമാണ് ARAI സാക്ഷ്യപ്പെടുത്തിയ റേഞ്ച്. ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ചാല്‍ 20 മിനുറ്റുകൊണ്ട് ചാര്‍ജ് 80 ശതമാനത്തിലെത്തും. വില 18.90 ലക്ഷം മുതല്‍. 

English Summary:

Indigo Airlines sues Mahindra & Mahindra over the "BE.6e" electric car name, alleging trademark infringement of their "6E" call sign. The case awaits a Delhi High Court hearing as both parties explore an out-of-court settlement.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com