മൈലേജ് എത്രയുണ്ട്? ചിന്തിച്ച് തലപുകയ്ക്കേണ്ട, കണ്ടുപിടിക്കാൻ ഒരു എളുപ്പവഴി
Mail This Article
കൂടുതല്‍ പണം പോക്കറ്റില്‍ നിന്നും പോവുമ്പോഴാണ് പലപ്പോഴും നമ്മള് വാഹനത്തിന്റെ മൈലേജിനെക്കുറിച്ച് ചിന്തിച്ചു തുടങ്ങുക. അപ്പോഴും ചിലരെങ്കിലും പെട്രോള്‍ പമ്പുകളുടെ വിശ്വാസ്യതയിലും ഇന്ധനവില വര്‍ധനവിലുമൊക്കെ തട്ടി നിന്നു പോകാറുണ്ട്. എല്ലാ സംശയങ്ങള്‍ക്കും ഉപരിയായി നമ്മുടെ വാഹനത്തിന്റെ ഇന്ധനക്ഷമതയെക്കുറിച്ച് കൃത്യമായ ധാരണ ഉണ്ടാവേണ്ടത് അത്യാവശ്യമാണ്. അധിക ചെലവ് ഒഴിവാക്കാന്‍ മാത്രമല്ല വാഹനത്തിനു പ്രശ്നങ്ങളൊന്നുമില്ലെന്ന് ഉറപ്പിക്കാനും ഇന്ധനക്ഷമത പരിശോധിക്കണം.
ഇന്ധനക്ഷമത എത്രയെന്നു നോക്കാന്‍ തീരുമാനിച്ചു കഴിഞ്ഞാല്‍ എങ്ങനെ നോക്കുമെന്നതാവും അടുത്ത ചോദ്യം. ഇന്ധനക്ഷമത നോക്കാന്‍ ഏറ്റവും കൃത്യവും ഫലപ്രദവുമായ മാര്‍ഗം ടാങ്ക്ഫുള്‍-ടു-ടാങ്ക്ഫുള്‍ മാര്‍ഗമാണ്. നിങ്ങളുടെ കാറിന്റെ ഇന്ധനടാങ്കില്‍ മുഴുവന്‍ ഇന്ധനം നിറച്ച ശേഷം സാധാരണ പോലെ ഓടിയിട്ട് വീണ്ടും ഇന്ധനം നിറച്ച് പരിശോധിക്കുന്ന രീതിയാണിത്. എങ്ങനെയാണ് ടാങ്ക്ഫുള്‍-ടു-ടാങ്ക്ഫുള്‍ രീതിയില്‍ ഇന്ധനക്ഷമത പരിശോധിക്കുകയെന്നു നോക്കാം.
ആദ്യം നിങ്ങള്‍ക്ക് വിശ്വാസ്യതയുള്ള ഒരു പെട്രോള്‍ പമ്പിലേക്കു പോയി ഇന്ധന ടാങ്ക് മുഴുവനായും ഇന്ധനം നിറയ്ക്കുക. ഇന്ധനം നിറച്ചു കഴിഞ്ഞാല്‍ വാഹനത്തിന്റെ ട്രിപ്പ് മീറ്റര്‍ പൂജ്യത്തിലേക്കു മാറ്റാന്‍ മറക്കരുത്. ഇനി ട്രിപ്പ് മീറ്ററില്ലെങ്കില്‍ ഒഡോമീറ്ററിലെ കിലോമീറ്റര്‍ റീഡിങ് രേഖപ്പെടുത്തിവയ്ക്കുക. സാധാരണ എങ്ങനെയൊക്കെയാണോ ഡ്രൈവ് ചെയ്യാറ് അതുപോലെ തന്നെ തുടര്‍ന്നും ഡ്രൈവ് ചെയ്യുക.
250-300 കിലോമീറ്റര്‍ യാത്ര ചെയ്ത ശേഷം മാത്രമേ വീണ്ടും ഇന്ധനം നിറയ്ക്കാവൂ. ഇത് ശരിക്കുള്ള ഇന്ധനക്ഷമത തന്നെ ലഭിക്കാന്‍ സഹായിക്കും. വീണ്ടും ഇന്ധനം നിറക്കുന്നത് ആദ്യം ഇന്ധനം നിറച്ച പമ്പില്‍ നിന്നു തന്നെയാവണം. ഇത്തവണയും ടാങ്ക് പൂര്‍ണമായും നിറയ്ക്കുക. ഇത്തവണ ടാങ്ക് നിറയാനായി എത്രത്തോളം ഇന്ധനം വേണ്ടി വരുന്നുവെന്നതുകൂടി ശ്രദ്ധിക്കണം. ഇത്രയും കഴിഞ്ഞാല്‍ വളരെയെളുപ്പം നിങ്ങള്‍ക്ക് വാഹനത്തിന്റെ ഇന്ധന ക്ഷമത പരിശോധിക്കാനാവും.
ഇന്ധനക്ഷമത പരിശോധിക്കാന്‍ ലളിതമായ ഫോര്‍മുലയും ഉപയോഗിക്കാം. ഇന്ധനക്ഷമത = യാത്ര ചെയ്തദൂരം (കീ.മി)/ ഉപയോഗിച്ച ഇന്ധനം (ലീറ്റര്‍) എന്നതാണ് ആ ഫോര്‍മുല. ഉദാഹരണത്തിന് നിങ്ങള്‍ 400 കിലോമീറ്ററാണ് യാത്ര ചെയ്തതെന്നു കരുതുക. ഇതിനായി 20 ലീറ്റര്‍ ഇന്ധനവും ഉപയോഗിച്ചെന്നു കരുതുക. അങ്ങനെയെങ്കില്‍ നിങ്ങളുടെ വാഹനത്തിന്റെ ഇന്ധനക്ഷമത 400/20 = 20 കിലോമീറ്റര്‍/ലീറ്റര്‍ ആയിരിക്കും.
തുടര്‍ച്ചയായ ഗതാഗതക്കുരുക്കുകള്‍ ഇന്ധനക്ഷമത കുറയ്ക്കാറുണ്ട്. ഗതാഗതക്കുരുക്കുകള്ക്കിടെ വാഹനം ചലിക്കാതെ നില്‍ക്കുമ്പോഴും ദീര്‍ഘനേരം ഓണായി തന്നെ ഇരിക്കാറുണ്ട്. 30 സെക്കന്റിലേറെ വാഹനം നിര്‍ത്തിയിടേണ്ടി വരുമെന്ന് ഉറപ്പുണ്ടെങ്കില്‍ ഓഫാക്കുന്നതാണ് നല്ലത്. കനത്ത മഴയും മഞ്ഞുവീഴ്ച്ചയുമൊക്കെയുള്ളപ്പോഴും സാധാരണയിലും കൂടുതല്‍ ഇന്ധനം ഉപയോഗിക്കേണ്ടി വരാറുണ്ട്. എസ് യു വി പോലെ ഭാരം കൂടുതലുള്ള വാഹനങ്ങള്‍ക്ക് ഭാരം കുറഞ്ഞ സെഡാനുകളേക്കാള്‍ ഇന്ധനം കൂടുതല്‍ ചിലവാവാറുണ്ട്. എന്‍ജിന്റെ വലിപ്പം കൂടുന്നതും ഇന്ധച്ചിലവ് വര്‍ധിപ്പിക്കാറുണ്ട്. മോശം എയറോഡൈനാമിക്സില്‍ ഡിസൈന്‍ ചെയ്ത വാഹനങ്ങളും അനാവശ്യ ഇന്ധനച്ചിലവിന് കാരണമാവാറുണ്ട്.
മികച്ച ഇന്ധനക്ഷമത ഉറപ്പാക്കാന്‍ കൃത്യമായ ഇടവേളകളില്‍ സര്‍വീസുകള്‍ നടത്തുകയും ടയര്‍ പ്രഷര്‍ കൃത്യമാണെന്ന് ഉറപ്പുവരുത്തുകയും വേണം. അതുപോലെ വാഹനം ഓടിക്കുന്നയാളുടെ ഡ്രൈവിങ് ശീലങ്ങളും ഇന്ധനക്ഷമതയെ സ്വാധീനിക്കാറുണ്ട്. പെട്രോള്‍ കാറുകള്‍ മണിക്കൂറില്‍ ശരാശരി 50-70 കിലോമീറ്റര്‍ വേഗതയിലും ഡീസല്‍ കാറുകള്‍ മണിക്കൂറില്‍ ശരാശരി 50-60 കിലോമീറ്റര്‍ വേഗതയിലും ഓടിക്കുന്നത് മികച്ച ഇന്ധനക്ഷമത ഉറപ്പിക്കും. ട്രാഫിക് ലൈറ്റ് ചുവപ്പാണെന്ന് കണ്ടാല്‍ വാഹനത്തിന്റെ വേഗത കുറയ്ക്കുന്നതുപോലുള്ള പ്രായോഗിക ശീലങ്ങളും അനാവശ്യ ഇന്ധന ചെലവും കുറയ്ക്കും. ആധുനിക ഫീച്ചറുകളുള്ള വാഹനങ്ങളാണെങ്കില്‍ ഇക്കോ ഡ്രൈവിങ് മോഡ് യാത്രയ്ക്കുപയോഗിക്കുന്നത് ഇന്ധനക്ഷമത വര്‍ധിപ്പിക്കാന്‍ സഹായിക്കും.