ലക്കി ഭാസ്കറിലെ നിസാൻ പട്രോൾ; ദുൽഖറിന്റെ സ്വന്തം
Mail This Article
ലക്കി ഭാസ്കറിലെ പ്രധാന കഥാപാത്രങ്ങളിലൊന്നാണ് നിസാൻ പട്രോൾ. ഭാസ്കറിന്റെ അഭിമാനമായ ഈ എസ്‍യുവി ദുൽഖറിന്റെ സ്വകാര്യ കലക്‌ഷനിലേതാണ്. തന്റെ ഒരു വാഹനം ചിത്രത്തിൽ ഉപയോഗിക്കുന്നുണ്ടെന്ന് ചിത്രത്തിന്റെ പ്രമോഷൻ പരിപാടിയിൽ ദുൽഖർ പറഞ്ഞിരുന്നു.
നിസാന്റെ ഐതിഹാസിക എസ്‍യുവിയായ പട്രോളിന്റെ 1993 മോഡലാണ് ഇത്. വൈ60 എന്ന കോഡ് നാമത്തിൽ അറിയപ്പെടുന്ന കാറിന്റെ പെട്രോൾ എൻജിൻ മോഡലാണ് ഇത് എന്നാണ് കരുതുന്നത്. ചിത്രത്തിനു വേണ്ടി വാഹനം റീസ്റ്റോർ ചെയ്തു എന്നാണ് ദുൽഖർ പറഞ്ഞ്. കെഎൽ07 ഡിഡി 0369 എന്ന നമ്പറിൽ റീ റജിസ്ട്രേഷൻ ചെയ്ത വാഹനം എവിടെനിന്നാണ് ദുൽഖർ സ്വന്തമാക്കിയതന്നു വ്യക്തമല്ല.
പട്രോളിന്റെ നാലാം തലമുറയാണ് ഈ മോഡൽ. 1988 മുതൽ 1998 വരെയാണ് ഈ വാഹനം പുറത്തിറങ്ങിയത്. മൂന്നു ലീറ്റർ, 4.2 ലീറ്റർ പെട്രോൾ, 2.8 ലീറ്റർ, 4.2 ലീറ്റർ ഡീസൽ എൻജിനുകൾ ഈ വാഹനത്തിനുണ്ട്. ഇതു കൂടാതെ ലാൻഡ് റോവർ, ബീറ്റിൽ, ടൊയോട്ട സുപ്ര തുടങ്ങി വിന്റേജ് വാഹനങ്ങളുടെ വലിയ ശേഖരവുമുണ്ട് ദുൽഖർ സൽമാന്.