ഇൻഡിഗോയുടെ ‘6e’; വാഹനത്തിന്റെ പേര് മാറ്റി മഹീന്ദ്ര, ഇനി ബിഇ 6
![indiago-vs-mahindra indiago-vs-mahindra](https://img-mm.manoramaonline.com/content/dam/mm/mo/fasttrack/auto-news/images/2024/12/4/indiago-vs-mahindra.jpg?w=1120&h=583)
Mail This Article
ഇന്‍ഡിഗോ ഡല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ഇലക്ട്രിക് എസ്‌യുവി 'ബിഇ 6ഇ' യുടെ പേര് 'ബിഇ 6' എന്നാക്കി മാറ്റുമെന്ന് മഹീന്ദ്ര. വാഹനത്തിന്റെ പേരു മാറ്റുമെങ്കിലും ഇന്‍ഡിഗോയുമായുള്ള പേരിന്മേലുള്ള നിയമ യുദ്ധം തുടരുമെന്നും മഹീന്ദ്ര വ്യക്തമാക്കിയിട്ടുണ്ട്. 6E സാങ്കേതിക ആവശ്യങ്ങൾക്കാണ് ഇന്‍ഡിഗോ ഉപയോഗിക്കുന്നത്. നവംബറില്‍ മഹീന്ദ്ര പുറത്തിറക്കിയ ഇലക്ട്രിക് എസ്‌യുവിക്ക് ബിഇ 6ഇ എന്നു പേരിട്ടതിനെതിരെ ഇന്‍ഡിഗോ നിയമ നടപടിയുമായി എത്തിയതോടെയാണ് വിവാദങ്ങളുടെ തുടക്കം.
ക്ലാസ് 9(ഇലക്ട്രോണിക് അഡ്വര്‍ടൈസിങ് ഡിസ്‌പ്ലേ), 35(ഗതാഗതവും വിതരണവുമായി ബന്ധപ്പെട്ട പരസ്യം), 39(യാത്രക്കാരും ചരക്കുകളുമായി ബന്ധപ്പെട്ട എയര്‍ലൈന്‍ സര്‍വീസുകള്‍) എന്നീ വിഭാഗങ്ങളിലാണ് ഇന്‍ഡിഗോ '6ഇ' എന്ന പേരിന് പകര്‍പ്പവകാശം നേടിയിരുന്നത്. അതാത് വിഭാഗങ്ങള്‍ക്കു കീഴിലാണ് സ്വാഭാവികമായും പകര്‍പ്പവകാശം ലഭിക്കുക. മഹീന്ദ്രയാവട്ടെ ബിഇ 6ഇ എന്ന പേര് മോട്ടോര്‍ വാഹനങ്ങളും ബന്ധപ്പെട്ട ഉപകരണങ്ങളും ഉള്‍ക്കൊള്ളുന്ന ക്ലാസ് 12ലായിരുന്നു രജിസ്റ്റര്‍ ചെയ്തത്.
ഇന്‍ഡിഗോയുടെ ട്രേഡ് മാര്‍ക്കുമായി തങ്ങളുടെ കാറിന്റെ പേരായ ബിഇ 6ഇക്ക് ബന്ധമില്ലെന്നാണ് ഡിസംബര്‍ ഏഴിന് പുറത്തിറക്കിയ പ്രസ്താവനയിലും മഹീന്ദ്ര ആവര്‍ത്തിക്കുന്നത്. ടാറ്റമോട്ടോഴ്‌സ് ഇന്‍ഡിഗോ എന്ന പേരില്‍ തന്നെ കാറുകള്‍ പുറത്തിറക്കിയിട്ടുണ്ടെന്ന കാര്യവും പ്രസ്താവനയില്‍ മഹീന്ദ്ര എടുത്തു പറയുന്നുണ്ട്. അവരവരുടെ മേഖലകളില്‍ വിപുലമായ വളര്‍ച്ചക്കു ശ്രമിക്കേണ്ട സമയം ഇത്തരം അനാവശ്യ തര്‍ക്കങ്ങളില്‍ ഏര്‍പ്പെടുന്നത് ഇന്ത്യയില്‍ നിന്നുള്ള രണ്ട് വലിയ കമ്പനികള്‍ക്ക് ഗുണം ചെയ്യില്ലെന്നും മഹീന്ദ്ര ചൂണ്ടിക്കാണിക്കുന്നു.
'6ഇ എന്നതല്ല ബിഇ 6ഇ എന്നതാണ് മഹീന്ദ്രയുടെ മാര്‍ക്ക്. ഇത് എയര്‍ലൈനായ ഇന്‍ഡിഗോയുടെ 6ഇയുമായി അടിസ്ഥാനപരമായി തന്നെ വ്യത്യസ്തമാണ്. തികച്ചും വ്യത്യസ്തമായ ഒരു വ്യവസായ വിഭാഗത്തിലും ഉത്പന്നത്തിലുമാണ് ഈ പേര് രജിസ്റ്റര്‍ ചെയ്തത്. നേരത്തെ ഇന്റര്‍ ഗ്ലോബ് അവരുടെ എയര്‍ലൈനായ ഇന്‍ഡിഗോക്ക് ആ പേര് ഉപയോഗിക്കുന്നതിനെ ടാറ്റ മോട്ടോഴ്‌സ് എതിര്‍ത്തിരുന്നു. അവരുടെ ഇന്‍ഡിഗോ കാറുകളുടെ പേര് എയര്‍ലൈന് ഉപയോഗിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ഇത്. ഈ പരാതിക്കെതിരെ വ്യത്യസ്ത വിഭാഗവും വ്യവസായവുമാണ് ഇതെന്ന വാദമാണ് ഇന്‍ഡിഗോ ഉന്നയിച്ചിരുന്നത്. ബിഇ 6ഇയുടെ കാര്യത്തിലും ഇന്‍ഡിഗോ നേരത്തെ ഉന്നയിച്ച അവരുടെ തന്നെ വാദമാണ് ഉന്നയിക്കാനുള്ളത്' മഹീന്ദ്ര പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
പേരിനെ ചൊല്ലിയുള്ള തര്‍ക്കങ്ങളുടെ പേരില്‍ ബിഇ 6ഇ ഉടമകളുടെ കൈകളിലേക്കെത്തുന്നത് വൈകില്ലെന്നും മഹീന്ദ്ര വ്യക്തമാക്കുന്നുണ്ട്. നിയമപരമായ കുരുക്കുകള്‍ ഒഴിവാക്കുന്നതിനായി ബിഇ 6ഇയുടെ പേരില്‍ നിന്നും 'ഇ' എടുത്തു കളയുമെന്നാണ് മഹീന്ദ്ര അറിയിക്കുന്നത്. എങ്കിലും ഇതു സംബന്ധിച്ച നിയമ നടപടികള്‍ കോടതിയില്‍ തുടരുമെന്നും അങ്ങനെ ചെയ്തില്ലെങ്കില്‍ തെറ്റായ സന്ദേശമാവും അത് നല്‍കുകയെന്നുമാണ് മഹീന്ദ്രയുടെ വിശദീകരണം.
പ്രശ്‌ന പരിഹാരത്തിനായി ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍ ലിമിറ്റഡുമായി ചര്‍ച്ചകള്‍ നടത്തുന്നുവെന്ന് ഡിസംബര്‍ മൂന്നിനാണ് മഹീന്ദ്ര സമ്മതിച്ചത്. അതേസമയം തങ്ങളുടെ ബ്രാന്‍ഡ് വ്യക്തിത്വത്തിന്റെ ഭാഗമായ 6ഇ സംരക്ഷിക്കാന്‍ വേണ്ട നടപടികളുമായി മുന്നോട്ടു പോവുമെന്നാണ് മഹീന്ദ്രയുടെ പ്രസ്താവന പുറത്തുവന്ന് മണിക്കൂറുകള്‍ക്കകം ഇന്‍ഡിഗോ പ്രതികരിച്ചത്.
'കഴിഞ്ഞ 18 വര്‍ഷമായി ഇന്‍ഡിഗോയുടെ വ്യക്തിത്വത്തിന്റെ ഭാഗമാണ് 6ഇ എന്നത്. ഇന്‍ഡിഗോയുടെ സേവനങ്ങളില്‍ പലയിടത്തും ഇത് ഉപയോഗിക്കുന്നുണ്ട്. അനുവാദമില്ലാതെ 6ഇ മാര്‍ക്ക് ഉപയോഗിക്കുന്നത് ഇന്‍ഡിഗോയുടെ അവകാശങ്ങളും സല്‍പേരും നേരിടുന്ന വെല്ലുവിളിയാണ്. ബ്രാന്‍ഡ് ഐഡന്റിറ്റി സംരക്ഷിക്കുന്നതിനു വേണ്ട നടപടികള്‍ എല്ലാം ഇന്‍ഡിഗോ സ്വീകരിക്കും' എന്നാണ് ഡിസംബര്‍ മൂന്നിനു തന്നെ ഇന്‍ഡിഗോ പുറത്തിറക്കിയ പ്രസ്താവന പറഞ്ഞത്.