ഇന്നോവയുടെ വില കൂടും, 36000 രൂപ വരെ കൂട്ടാൻ ടൊയോട്ട
Mail This Article
മാരുതി സുസുക്കി, ഹ്യുണ്ടേയ് ഇന്ത്യ, മഹീന്ദ്ര എന്നിവർക്കു പുറകെ ടൊയോട്ടയും പുതുവർഷത്തിൽ വാഹനവില വർധന. ടൊയോട്ടയുടെ ഹൈക്രോസിനു മാത്രമാണ് ഈ വില വർദ്ധന എന്നതാണ് എടുത്തുപറയേണ്ട വസ്തുത. ആറു വേരിയന്റുകളിൽ വിപണിയിലെത്തുന്ന ഈ എം പി വി യ്ക്ക് 36,000 രൂപ വരെ കൂടുമെന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. പുതുവർഷത്തിൽ പുതുവാഹനം വാങ്ങാൻ കാത്തിരിക്കുന്നവരെ നിരാശപ്പെടുത്തും ഈ പ്രഖ്യാപനങ്ങളെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.
ആറു വേരിയന്റുകളിൽ പുറത്തിറങ്ങുന്ന ഹൈക്രോസിന്റെ ജി എക്സ്, ജി എക്സ് ഓപ്ഷണൽ വേരിയന്റുകൾക്കു 17,000 രൂപയും വി എക്സ്, വി എക്സ് ഓപ്ഷണൽ വേരിയന്റുകൾക്ക് 35,000 രൂപയും ഇസഡ് എക്സ്, ഇസഡ് എക്സ് ഓപ്ഷണലുകൾക്ക് 36,000 രൂപയും കൂടും. ഈ വിലകൾ ഉടൻ തന്നെ പ്രാബല്യത്തിൽ വരുമെന്നും ടൊയോട്ട അറിയിച്ചിട്ടുണ്ട്.
പുതുവർഷത്തിൽ വാഹനങ്ങളുടെ വില കൂട്ടുക എന്ന കീഴ്വഴക്കം തെറ്റിക്കാതെ തങ്ങളുടെ വാഹനങ്ങൾക്ക് മൂന്നു ശതമാനം വരെ വിലയുയരുമെന്നു മഹീന്ദ്ര പ്രഖ്യാപിച്ചത് കഴിഞ്ഞ ദിവസമാണ്. വിവിധ മോഡലുകളും വേരിയന്റുകളും അനുസരിച്ചു വിലയിലും വ്യതിയാനങ്ങളുണ്ടാകും. മാരുതി സുസുക്കിയുടെ വാഹനങ്ങൾക്ക് നാല് ശതമാനം വരെയാണ് വില വർധനവ്. ഹ്യുണ്ടേയ് യുടെ വാഹനങ്ങൾക്ക് 25000 രൂപ വരെയാണ് വില കൂടുന്നത്.
മഹീന്ദ്ര, മാരുതി സുസുക്കി, ഹ്യുണ്ടേയ് എന്നീ വാഹന നിർമാതാക്കൾ പ്രഖ്യാപിച്ച വില കൂടുന്നത് ജനുവരി ഒന്നാം തീയതി മുതലാണ് നിലവിൽ വരുന്നത്. വാഹന നിർമാണത്തിനുള്ള അസംസ്‌കൃത വസ്തുക്കളുടെ വില കൂടിയതാണ് ഈ വില വർധനവിന് പുറകിലെ പ്രധാന കാരണമെന്നാണ് മേല്‍പറഞ്ഞ കമ്പനി ഭാഷ്യം.