ADVERTISEMENT

പൊടിയും അഴുക്കും നിറഞ്ഞ കാറിന്റെ ഉള്‍ഭാഗം സുഖയാത്രക്ക് മാത്രമല്ല ആരോഗ്യത്തിനു കൂടിയാണ് വെല്ലുവിളിയാവുന്നത്. കാറിനുള്ളിലെ വായുവിന്റെ നിലവാരത്തെ ബാധിക്കുന്ന പൊടി, അലര്‍ജി അടക്കമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാവാറുണ്ട്. കാറിനുള്ളിലേക്ക് പൊടി കയറാതെ സൂക്ഷിക്കുക ഒരു പരിധിവരെ അസാധ്യമാണ്. കൃത്യമായ രീതിയില്‍ പൊടി വൃത്തിയാക്കിയെടുക്കുക മാത്രമാണ് ഈ പ്രശ്‌നത്തിനുള്ള പരിഹാരമാര്‍ഗം. 

നമ്മുടെ നാട്ടിലെ കാലാവസ്ഥയില്‍ കാറിനുള്ളിലേക്ക് പൊടി കയറാതെ നോക്കുക അസാധ്യമാണെന്നു പറയാം. ഗ്ലാസ് വിന്‍ഡോകള്‍ തുറന്നില്ലെങ്കില്‍ പോലും എസി വഴി പൊടി അകത്തെത്തും. ഒരിക്കല്‍ അകത്തെത്തി കഴിഞ്ഞാല്‍ പൊടി കാറിനുള്ളില്‍ സ്ഥിരതാമസമാക്കുകയും ചെയ്യും. കാറില്‍ എസി പ്രവര്‍ത്തിക്കുമ്പോഴൊക്കെ ഉള്ളിലെ പൊടിയും കറങ്ങികളിക്കും. മാത്രമല്ല എസിയുടെ പ്രവര്‍ത്തനത്തേയും  വായുസഞ്ചാരത്തേയുമെല്ലാം പൊടി സ്വാധീനിക്കുകയും ചെയ്യും. എസിയുടെ തണുപ്പിനൊപ്പം ചേര്‍ന്ന് പൊടി കൂടി വരുന്നതോടെ പലര്‍ക്കും അതൊരു അലര്‍ജിയുടെ കാരണമാവാറുമുണ്ട്. അതുകൊണ്ടുതന്നെ വാഹനത്തിലുള്ളിലെ വായുവിന്റെ ഗുണനിലവാരം ഉറപ്പു വരുത്തുന്നത് കാറിലെ യാത്രികരുടെ ആരോഗ്യം കൂടിയാണ് ഉറപ്പിക്കുന്നത്. 

കൃത്യമായ വൃത്തിയാക്കല്‍

തുടര്‍ച്ചയായി കൃത്യമായ ഇടവേളകളില്‍ വൃത്തിയാക്കുകയെന്നതാണ് പൊടിയെ നേരിടാനുള്ള പ്രധാന മാര്‍ഗം. സോഫ്റ്റ് ബ്രഷുകളും ചെറിയ നോസിലുള്ള വാക്വം ക്ലീനറുമെല്ലാം ഇതിനായി ഉപയോഗിക്കാം. സോഫ്റ്റ് തുണിയുപയോഗിച്ച് പൊടി തുടച്ചുകളയുന്നതും ഫലപ്രദമാണ്. 

കാറിലെ പൊടി പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കുന്ന പല ഉപകരണങ്ങളും വസ്തുക്കളുമെല്ലാം വിപണിയില്‍ ലഭ്യമാണ്. മൈക്രോഫൈബര്‍ തുണികളും ഡീറ്റെയ്‌ലിങ് ബ്രഷുകളുമെല്ലാം പൊടി ഒഴിവാക്കാന്‍ ഫലപ്രദമാണ്. ഇടുങ്ങിയ എസി വെന്റുകളാണ് പൊടിയുടെ സ്ഥിര താമസസ്ഥലം. ഇവിടേക്കു കടന്നു കയറി വൃത്തിയാക്കാന്‍ ഇത്തരം വസ്തുക്കളും വാക്വം ക്ലീനര്‍ പോലുള്ള ഉപകരണങ്ങളും സഹായിക്കും. 

എയര്‍ ഫില്‍റ്റര്‍

വാഹനത്തിനുള്ളിലേക്ക് പൊടി കയറുന്നത് തടയാന്‍ ഗുണനിലവാരമുള്ള എയര്‍ഫില്‍റ്ററുകള്‍ ഉപയോഗിക്കേണ്ടത് അത്യാവശ്യമാണ്. എയര്‍ഫില്‍റ്ററുകള്‍ കൃത്യമായി മാറ്റുന്നതും പൊടിയെ തടയാന്‍ സഹായിക്കും. 

പ്രതിരോധ മാര്‍ഗങ്ങള്‍

ദീര്‍ഘകാലം വാഹനം നിര്‍ത്തിയിടേണ്ടി വന്നാല്‍ പൊടിയുടെ കാര്യത്തിലും ശ്രദ്ധവേണം. വാഹനത്തിനു മാത്രമല്ല എസി വെന്റുകള്‍ക്കും കവറുകള്‍ ഇടണം. ഇത്തരം കവറുകള്‍ എസി വെന്റുകളില്‍ പൊടി നിറയുന്നതു തടയാന്‍ സഹായിക്കും. ഇതിനൊപ്പം ഡ്രൈവ് ചെയ്യുമ്പോള്‍ കാറിന്റെ വിന്‍ഡോസ് അടച്ചിടുന്നതുപോലുള്ള പ്രാഥമിക കാര്യങ്ങളിലും ശ്രദ്ധ വേണം. എസി ലാഭിക്കാനായി കാറിന്റെ വിന്‍ഡോ തുറന്നു വെച്ചു യാത്ര ചെയ്യുന്നത് പൊടികയറി കാറും നിങ്ങളുടെ ആരോഗ്യവും മോശമാക്കാനേ സഹായിക്കൂ.

പൊടിയില്ലാത്ത വെന്റുകള്‍

കാറിന്റെ വെന്റുകളില്‍ പൊടികയറാതെ നോക്കിയാല്‍ അത് വാഹനത്തിന്റെ ഇന്ധനക്ഷമതയെ വരെ മെച്ചപ്പെടുത്തും. എസിയുടെ പ്രവര്‍ത്തനം തകരാറിലാക്കാനും വെന്റുകളിലെ പൊടി കാരണമാവും. പൊടി കുറവുള്ള വെന്റുകളുള്ള വാഹനങ്ങളില്‍ എസിയുടെ തണുപ്പില്‍ പോലും വ്യത്യാസമുണ്ടാവും. 

ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പൊടിയെ കാറിന്റെ പടിക്കു പുറത്തുനിര്‍ത്താന്‍ നമുക്കാവും. പൊടിക്കൊപ്പം ആരോഗ്യപ്രശ്‌നങ്ങള്‍ കൂടിയാണ് കാറിനുള്ളില്‍ നിന്നും നമ്മള്‍ ഒഴിവാക്കുന്നത്. ഒപ്പം സുഖകരമായ യാത്രയും മികച്ച ഡ്രൈവിങ് അനുഭവവും ഉറപ്പിക്കാനാവും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com