ഇലക്ട്രിക് വഴിതേടി മുകേഷ് അംബാനിയും; 7.5 കോടിയുടെ സ്പെക്ടർ ഇവി പുതിയ കാർ
Mail This Article
റോൾസ് റോയ്‌സ് ആഡംബര വാഹനങ്ങളുടെ നീണ്ട നിര തന്നെ സ്വന്തമായുള്ള ജിയോ ഗാരിജിലേക്കു പുതിയൊരു അതിഥി കൂടി എത്തിയിരിക്കുന്നു. ഇലക്ട്രിക് വാഹനങ്ങൾക്ക് വലിയ സ്വീകാര്യത ലഭിക്കുന്ന ഈ കാലത്ത് മുകേഷ് അംബാനിയും സ്വന്തമാക്കിയിരിക്കുന്നത് റോൾസ് റോയ്സിന്റെ ഇ വി സ്പെക്ടർ ആണ്. അംബാനിയുടെ ഗാരിജിലെത്തിയ പുതുവാഹനത്തിന്റെ ചിത്രങ്ങൾ സോഷ്യൽ ലോകത്തു തരംഗമാണെങ്കിലും കൂടുതൽ വിശദാംശങ്ങൾ ഒന്നും തന്നെ അറിവായിട്ടില്ല.
റോൾസ് റോയ്സിന്റെ ഒരു ഡസനിലധികം വാഹനങ്ങളുള്ള അംബാനി കുടുംബത്തിലെ ആദ്യത്തെ ഇലക്ട്രിക് വാഹനമാണിത്. 2024 ജനുവരിയിൽ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങിയ സ്‌പെക്ടറിന് എക്സ് ഷോറൂം വില വരുന്നത് 7.5 കോടി രൂപയാണ്. ഉപഭോക്താക്കളുടെ താല്പര്യമനുസരിച്ചുള്ള കസ്റ്റമൈസേഷൻ കൂടിയാകുമ്പോൾ വില ഉയരും.
ആഡംബര സൗകര്യങ്ങളിൽ മറ്റൊരു വാഹനത്തോടും താരതമ്യം പോലും അസാധ്യമായ സ്പെക്ടറിൽ 102 kWh ബാറ്ററിയാണ് ഉപയോഗിക്കുന്നത്. റോൾസ് റോയ്സ് നിരയിലെ 530 കിലോമീറ്റർ റേഞ്ച് നൽകുന്ന കാറിൽ 585 എച്ച്പി കരുത്തും 900 എൻഎം ടോർക്കുമുള്ള ഇലക്ട്രിക് മോട്ടറാണ് ഉപയോഗിക്കുന്നത്. രണ്ട് ഇലക്ട്രിക് മോട്ടോറുകളാണ് സ്‌പെക്ടറിൽ. 2890 കിലോഗ്രാം ഭാരമുള്ള ഈ കാറിന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ വെറും 4.5 സെക്കന്‍ഡ് മതി. 195 കിലോവാട്ട് ഡിസി ചാർജർ ഉപയോഗിച്ചാൽ വെറും 34 മിനിറ്റിൽ 10 ൽ നിന്ന് 80 ശതമാനം വരെ ചാർജ് ചെയ്യാൻ സാധിക്കും. പുതിയ ഫാന്റവും കള്ളിനനും നിർമിച്ച ഓൾ അലുമിനിയം സ്പേസ് ഫ്രെയിം പ്ലാറ്റ്ഫോമിലാണ് സ്പെക്ടറിന്റെ നിർമാണം. നാലു വീൽ ഡ്രൈവ്, ആക്ടീവ് സസ്പെൻഷനും വാഹനത്തിലുണ്ട്.
അൾട്രാ ലക്ഷ്വറി സൂപ്പർകൂപ്പേ വിഭാഗത്തിൽ എത്തുന്ന രണ്ടു ഡോർ ഇലക്ട്രിക് കാറിൽ ആഡംബര ഫീച്ചറുകളുടെ നീണ്ട നിര തന്നെയുണ്ട്. റീഡിസൈൻ ചെയ്ത സ്പിരിറ്റ് ഓഫ് എക്സ്റ്റസിയാണ് മുന്നിൽ. ഫാന്റം കൂപ്പെയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഹെഡ്‌ലാംപ്. ഇലുമിനേറ്റഡ് എൽഇഡി ലൈറ്റുകളുള്ള ഗ്രിൽ, നേർരേഖ പോലുള്ള എൽഇഡി ഡേറ്റൈം റണ്ണിങ് ലാംപുകൾ, ആർആർ ലോഗോയുള്ള വീലുകൾ, മനോഹരമായ പിൻഭാഗം എന്നിവ സ്പെക്ടറിലുണ്ട്. ഡ്യുവൽ ടോണിലാണ് ഇന്റീരിയർ. റോൾസ് റോയ്സിന്റെ മറ്റു വാഹനങ്ങൾ പോലെ തന്നെ സ്റ്റാർ ലൈറ്റ് റൂഫാണ് ഇന്റീരിയറിൽ. ഡോർ പാഡുകളിലും സ്റ്റാർ ലൈറ്റ് നൽകിയിട്ടുണ്ട്.