വൻ ബുക്കിങ്, തരംഗമായി കൈലാഖ്; നിർമാണം ഉയർത്തി സ്കോഡ
Mail This Article
ഇന്ത്യൻ വാഹന വിപണിയിലെ കോംപാക്ട് എസ് യു വി സെഗ്മെന്റിൽ പുതുചരിത്രമെഴുതുക എന്ന നിയോഗവുമായി അവതരിപ്പിക്കപ്പെട്ട സ്കോഡ കൈലാഖ് നിരത്തിലെത്താൻ ഒരുങ്ങി കഴിഞ്ഞു. 2025 ജനുവരിയിൽ കൈലാഖ് വിപണിയെത്തുമെന്നാണ് ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കൾ ഉറപ്പുനൽകിയിരുന്നത്. അതുപ്രകാരം ചകാനിലെ പ്ലാന്റിൽ നിന്നും നിർമാണം പൂർത്തിയായ ആദ്യ യൂണിറ്റ് കൈലാഖ് സ്കോഡ ഇന്ത്യയുടെ മേധാവികൾ പുറത്തിറക്കി.
ഡിസംബർ 2 നു ബുക്കിങ് ആരംഭിച്ച ഈ ചെറു എസ്‌യുവി പത്തു ദിവസങ്ങൾ കൊണ്ടുതന്നെ പതിനായിരത്തിലധികം പേരാണ് ബുക്ക് ചെയ്തത്. അതുകൊണ്ടുതന്നെ വാഹനത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിനായി ചകാനിലെ പ്ലാന്റിന്റെ ഉൽപാദന ശേഷി മുപ്പതു ശതമാനമായി ഉയർത്തിയിരുന്നു. ആദ്യത്തെ ബാച്ചിൽ 33333 യൂണിറ്റ് കൈലാഖ് ആണ് നിർമിക്കുക എന്നും മെയ് വരെയാണ് വിതരണം നടത്തുക എന്നും സ്കോഡ ഇന്ത്യ അറിയിച്ചിട്ടുണ്ട്.
സ്‌കോഡയെ പോലും അതിശയിപ്പിക്കുന്ന തരത്തിലുള്ള ബുക്കിങ്ങാണ് കൈലാഖിനു ഇതുവരെ ലഭിച്ചിരിക്കുന്നത്. 7.89 ലക്ഷം മുതൽ 14.40 ലക്ഷം രൂപ വരെ വിലയുള്ള ഈ കുഞ്ഞൻ എസ് യു വിയുടെ ബേസ് വേരിയന്റായ ക്ലാസിക്കിന്റെ ബുക്കിങ് അതുകൊണ്ടുതന്നെ കമ്പനി താൽക്കാലികമായി നിർത്തി കഴിഞ്ഞു. ആദ്യ ബാച്ചിൽ നിർമാണം പൂർത്തിയാക്കുന്ന ക്ലാസിക്കിന്റെ വിൽപന പൂർത്തിയായെന്നു കാണിച്ചാണ് ബുക്കിങ് താൽക്കാലികമായി നിർത്തിയത്. ഇതുവരെ ലഭിച്ച ബുക്കിങ്ങിൽ ഏറ്റവും കൂടുതൽ ബുക്ക് ചെയ്യപ്പെട്ടിരിക്കുന്നതും അടിസ്ഥാന വേരിയന്റായ ക്ലാസിക് ആണ്. ആദ്യ ബാച്ചിന്റെ വിതരണം പൂർത്തിയായതിനു ശേഷം മാത്രമേ ബുക്കിങ് പുനരാരംഭിക്കാൻ സാധ്യതയുള്ളൂ.
ക്ലാസിക്, സിഗ്നേച്ചർ, സിഗ്നേച്ചർ പ്ലസ്, പ്രസ്റ്റീജ് എന്നിങ്ങനെ നാല് വേരിയന്റുകളിലാണ് കൈലാഖ് പുറത്തിറങ്ങുന്നത്. 7.89 ലക്ഷം, 9.59 ലക്ഷം, 11.40 ലക്ഷം, 13.35 ലക്ഷം എന്നിങ്ങനെയാണ് മാനുവൽ പതിപ്പിന് യഥാക്രമം വില വരുന്നത്. മൂന്ന് വേരിയന്റുകളിൽ പുറത്തിറങ്ങുന്ന ഓട്ടമാറ്റിക്കിനു എക്സ് ഷോറൂം വില 10.59 ലക്ഷം, 12.40 ലക്ഷം, 14.40 ലക്ഷം എന്നിങ്ങനെയാണ്.
1.0 ലീറ്റർ 3 സിലിണ്ടർ ടർബോ പെട്രോൾ എൻജിനാണ് കൈലാഖിനു കരുത്തേകുന്നത്. 999 സിസി എന്‍ജിന്‍ 115 എച്ച്പി കരുത്തും 178എന്‍എം പരമാവധി ടോര്‍ക്കും പുറത്തെടുക്കും. 6 സ്പീഡ് മാനുവല്‍/6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍. പൂജ്യത്തില്‍ നിന്നും മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയിലേക്ക് 10.5 സെക്കന്‍ഡില്‍ കുതിച്ചെത്തും.