മാരുതി ഇലക്ട്രിക് എസ്യുവി ഇ- വിറ്റാര, ജനുവരി 17 ന് പുറത്തിറങ്ങും
Mail This Article
മാരുതിയുടെ ആദ്യ ഇലക്ട്രിക് വാഹനം ഇ വിറ്റാരയുടെ ടീസർ ചിത്രം പുറത്തുവിട്ടു. ജനുവരിയിൽ നടക്കുന്ന ന്യൂഡൽഹി ഓട്ടോഎക്സ്പോയില്‍ (ഭാരത് മൊബിലിറ്റി എക്സ്പോ) പ്രദർശിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് വാഹനത്തിന്റെ ടീസർ ചിത്രം മാരുതി പുറത്തുവിട്ടത്. ജാപ്പനീസ് വാഹന നിര്‍മാതാക്കളുടെ ഇന്ത്യയിലെ ആദ്യ ഇവിയായ ഇ വിറ്റാര മത്സരിക്കുക ടാറ്റ കര്‍വ് ഇവി, എംജി ZS ഇവി പുറത്തിറങ്ങാനിരിക്കുന്ന ക്രേറ്റ ഇവി, മഹീന്ദ്ര ബിഇ 05 എന്നിവരോടായിരിക്കും.
സുസുക്കിയുടെ ഗുജറാത്തിലെ ഫാക്ടറിയിലാണ് ഇ വിറ്റാര നിര്‍മിക്കുക. ആകെ നിര്‍മിക്കുന്നതിന്റെ പകുതിയും ജപ്പാനിലേക്കും യൂറോപ്യന്‍ വിപണിയിലേക്കുമാണ് കയറ്റി അയക്കുക. രാജ്യാന്തര മോഡലായി അവതരിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇ വിറ്റാരയെ ഇറ്റലിയില്‍ ആദ്യമായി പുറത്തിറക്കിയിരിക്കുന്നത്. ഇന്ത്യയില്‍ 2025 മാര്‍ച്ച് മുതല്‍ ഇ വിറ്റാര വില്‍പനക്കെത്തും. യൂറോപില്‍ ഇ വിറ്റാര 2025 ജൂണില്‍ വില്‍പനക്കെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
രൂപകല്‍പന
ഇവിഎക്‌സ് എന്ന കണ്‍സെപ്റ്റ് മോഡല്‍ 2023 ജനുവരിയില്‍ ന്യൂഡൽഹിയിൽ നടന്ന ഓട്ടോ എക്‌സ്‌പോയിലും 2023 ഒക്ടോബറില്‍ നടന്ന ജപ്പാന്‍ മൊബിലിറ്റി ഷോയിലുമാണ് ആദ്യം അവതരിപ്പിച്ചത്. ഈ മോഡലിനോട് ഡിസൈനില്‍ അടക്കം വളരെയേറെ സാമ്യതയുള്ള പ്രൊഡക്ഷന്‍ മോഡലായിട്ടാണ് ഇ വിറ്റാര വരുന്നത്. കണ്‍സെപ്റ്റിന്റെ റഫ് ലുക്ക് നല്‍കുന്ന ഡിസൈന്‍ നിലനിര്‍ത്തിയിട്ടുണ്ട്. പ്രത്യേകിച്ച് വാഹനത്തിന്റെ അടിഭാഗത്തോടു ചേര്‍ന്നുള്ള കറുപ്പ് ക്ലാഡിങുകള്‍ കൂടുതല്‍ റഫ് ലുക്ക് നല്‍കുന്നുണ്ട്.
ട്രൈ സ്ലാഷ് എല്‍ഇഡി ഡിആര്‍എല്ലുകളാണ് മുന്നിലുള്ളത്. ചാര്‍ജിങ് പോര്‍ട്ടും മുന്നിലാണ്. ഓള്‍ വീല്‍ ഡ്രൈവ് വകഭേദത്തിന് 225/50 ആര്‍19 വീല്‍ സൈസുണ്ട്. മറ്റു വകഭേദങ്ങളില്‍ 18 ഇഞ്ച് അലോയ് വീലാണ്. പിന്നിലെ ഡോര്‍ ഹാന്‍ഡിലുകള്‍ പഴയ സ്വിഫ്റ്റിലേതു പോലെ സി പില്ലറിലേക്ക് കയറ്റി നല്‍കിയിരിക്കുന്നു.
4,275 എംഎം നീളവും 1,800എംഎം വീതിയും 1,635 എംഎം ഉയരവുമുള്ള വാഹനമാണ് ഇ വിറ്റാര. ക്രേറ്റയേക്കാള്‍ വീതിയുള്ള 2,700 എംഎം വീല്‍ബേസാണ് ഇ വിറ്റാരക്ക് നല്‍കിയിരിക്കുന്നത്. വലിയ ബാറ്ററിയെ ഉള്‍ക്കൊള്ളാന്‍ ഇത് സഹായിക്കും. 180എംഎം ഗ്രൗണ്ട് ക്ലിയറന്‍സ് ഇന്ത്യന്‍ റോഡുകളിലെ വെല്ലുവിളികളെ അനായാസം മറികടക്കാന്‍ സഹായിക്കും. ഭാരം വിവിധ വകഭേദങ്ങള്‍ക്കനുസരിച്ച് 1,702 കീലോഗ്രാം മുതല്‍ 1,899 കീലോഗ്രാം വരെ.
ബാറ്ററി, പ്ലാറ്റ്‌ഫോം
Heartect-e സ്‌കേറ്റ്‌ബോര്‍ഡ് പ്ലാറ്റ്‌ഫോമിലാണ് ഇ വിറ്റാര നിര്‍മിച്ചിരിക്കുന്നത്. ഇവി വാഹനങ്ങള്‍ക്ക് വേണ്ടി സവിശേഷമായുള്ള ഈ പ്ലാറ്റ്‌ഫോം ടൊയോട്ടയുമായി സഹകരിച്ചാണ് സുസുക്കി നിര്‍മിച്ചിരിക്കുന്നത്. ഇവിഎക്‌സിന്റെ ടൊയോട്ടയുടെ പ്രൊഡക്ഷന്‍ മോഡല്‍ 2025ല്‍ തന്നെ പുറത്തിറങ്ങും. 49kWh, 64kWh എന്നിങ്ങനെ രണ്ട് ബാറ്ററി മോഡലുകളിലാണ് ഇ വിറ്റാരയുടെ വരവ്. സുസുക്കി ഓള്‍ഗ്രിപ്-ഇ എന്നു വിളിക്കുന്ന ഡ്യുവല്‍ മോട്ടോര്‍ എഡബ്ല്യുഡി ഓപ്ഷനും ലഭ്യമായിരിക്കും. ചൈനീസ് കമ്പനിയായ ബിവൈഡിയില്‍ നിന്നാണ് ബാറ്ററി.
റേഞ്ച് സംബന്ധിച്ച് ഔദ്യോഗികസ്ഥിരീകരണമില്ല. അതേസമയം സിംഗിള്‍ മോട്ടോര്‍ ഉപയോഗിക്കുന്ന 61kWh ബാറ്ററിയില്‍ 500 കീലോമീറ്റര്‍ റേഞ്ച് പ്രതീക്ഷിക്കാം. 49kWh ബാറ്ററി 144എച്ച്പി കരുത്തും 61kWh ബാറ്ററി 174എച്ച്പി കരുത്തും പുറത്തെടുക്കും. രണ്ടു ബാറ്ററികളും പരമാവധി 189എന്‍എം ടോര്‍ക്കാണ് പുറത്തെടുക്കുക. അതേസമയം 65എച്ച്പി മോട്ടോര്‍ അധികമായി ഉപയോഗിക്കുന്ന ഓള്‍ വീല്‍ ഡ്രൈവ് മോഡലില്‍ കരുത്ത് 184എച്ച്പിയായും ടോര്‍ക്ക് പരമാവധി 300എന്‍എം ആയും ഉയരും.
ഇന്റീരിയറും ഫീച്ചറുകളും
ഇന്റീരിയറില്‍ പരമാവധി മാറ്റങ്ങള്‍ക്ക് ശ്രമിച്ചിട്ടുണ്ട്. ഫ്‌ളോട്ടിങ് ഡ്യുവല്‍ സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ്, ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍. കറുപ്പു നിറത്തിലുള്ള ഫ്‌ളോട്ടിങ് സെന്റര്‍ കണ്‍സോളില്‍ സ്‌റ്റോറേജ് ഏരിയയും യുഎസ്ബി പോര്‍ട്ടുകളും നല്‍കിയിരിക്കുന്നു. ട്വിൻ സ്പോക് ഫ്‌ളാറ്റ് ബോട്ടം സ്റ്റീയറിങ് വീലാണ്. ദീര്‍ഘ ചതുരാകൃതിയില്‍ കുത്തനെയാണ് എസി വെന്റുകള്‍. തുണിയും തുകലും ചേര്‍ന്നുള്ള അപ്പോള്‍സ്ട്രി. ഡോര്‍ പോക്കറ്റുകളും എസി കണ്‍ട്രോളുകളും കൂടുതല്‍ വലിപ്പത്തിലാണ് നല്‍കിയിരിക്കുന്നത്.
ഓട്ടോഹോള്‍ഡുള്ള ഇലക്ട്രോണിക് പാര്‍ക്കിങ് ബ്രേക്ക്, ഓള്‍ വീല്‍ ഡ്രൈവില്‍ 'ട്രെയില്‍' അടക്കമുള്ള ഡ്രൈവ് മോഡുകള്‍. ഹില്‍ ഡിസെന്റ് കണ്‍ട്രോള്‍, സിംഗിള്‍ സോണ്‍ ഓട്ടോ ക്ലൈമറ്റ് കണ്‍ട്രോള്‍, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, ആപ്പിള്‍ കാര്‍പ്ലേ/ ആന്‍ഡ്രോയിഡ് ഓട്ടോ കണക്ടിവിറ്റി, സുരക്ഷക്കായി സൈഡ് ആന്റ് കര്‍ട്ടന്‍ എയര്‍ബാഗുകള്‍, ഹീറ്റഡ് മിററുകള്‍ എന്നിവക്കൊപ്പം കൂടുതല്‍ സുരക്ഷക്കായി അഡാപ്റ്റീവ് ക്രൂസ് കണ്‍ട്രോള്‍, ലൈന്‍ കീപ്പ് അസിസ്റ്റ് പോലുള്ള അഡാസ് ഫീച്ചറുകള്‍ എന്നിവയും ഇ വിറ്റാരയിലുണ്ട്. മിലാനില്‍ അവതരിപ്പിച്ച ഇ വിറ്റാരയിലെ ഈ ഫീച്ചറുകള്‍ ഇന്ത്യന്‍ മോഡലിനും ലഭിക്കുമെന്നും പ്രതീക്ഷിക്കാം.
വില
അടുത്ത വര്‍ഷം മാര്‍ച്ചിലാണ് ഇന്ത്യയില്‍ ഇ വിറ്റാര പുറത്തിറങ്ങുക. അപ്പോഴേക്കും ടാറ്റ കര്‍വ് ഇവിക്കു പുറമേ മഹീന്ദ്ര ബിഇ 05, ഹ്യുണ്ടേയ് ക്രേറ്റ ഇവി എന്നീ പുതിയ എതിരാളികള്‍ കൂടി ഇ വിറ്റാരയെ എതിരിടാനുണ്ടാവും. ഇന്ത്യയില്‍ ഇ വിറ്റാരക്ക് ഏകദേശം 20 ലക്ഷം രൂപക്കടുത്തായിരിക്കും വിലയെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 49kWh ബാറ്ററി മോഡലിന് എംജി ZS EVയുമായി താരതമ്യപ്പെടുത്തിയാല്‍ 19 ലക്ഷത്തിനടുത്തും 61kWh ബാറ്ററിക്കി 25 ലക്ഷം രൂപയും ഓള്‍വീല്‍ഡ്രൈവ് വകഭേദത്തിന് 30 ലക്ഷം രൂപ വരെയും വില പ്രതീക്ഷിക്കാം.