ഇസുസുവിന്റെ അഭിമാന നേട്ടം: ഒരു ലക്ഷം വാഹനങ്ങള്‍ ഇന്ത്യയില്‍ നിർമിച്ചു
Mail This Article
ഇന്ത്യയില്‍ ഒരു ലക്ഷം വാഹനങ്ങള്‍ പുറത്തിറക്കിയതിന്റെ അഭിമാനത്തില്‍ ഇസുസു മോട്ടോഴ്സ്. ആന്ധ്രപ്രദേശിലെ ശ്രീ സിറ്റി പ്ലാന്റിലാണ് ഒരു ലക്ഷം വാഹനം ഇസുസു മോട്ടോഴ്സ് നിര്‍മിച്ചത്. ഇസുസുവിന്റെ അഭിമാന മോഡലായ ഡി മാക്സ് വി ക്രോസാണ് ഒരു ലക്ഷം തികച്ച വാഹനമായി പുറത്തിറങ്ങിയത്. ശ്രീ സിറ്റിയിലെ ഫാക്ടറിയുമായി 2016 മുതലാണ് ഇസുസു മോട്ടോഴ്സ് ഇന്ത്യയില്‍ വാഹന നിര്‍മാണം ആരംഭിച്ചത്.
ഇന്ത്യയിലെ വാഹന നിര്‍മാണം 2020ല്‍ എന്ജിന് അസംബിള്‍ പ്ലാന്റും പ്രസ് ഷോപുമായി രണ്ടാംഘട്ടത്തിലേക്ക് ഇസുസു വിപുലപ്പെടത്തുകയും ചെയ്തിരുന്നു. അതിനു ശേഷം ഇന്നു വരെ ഇവിടെ നിന്നും 14 ലക്ഷം വാഹന പാര്‍ട്സുകള്‍ നിര്‍മിക്കാനും ഇസുസുവിന് സാധിച്ചിരുന്നു. വിപണിയുടെ ആവശ്യകത കണക്കിലെടുത്ത് കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ എന്ജിന് നിര്‍മാണവും വാഹന നിര്‍മാണവും ഇസുസു ഇരട്ടിയാക്കി വര്‍ധിപ്പിച്ചിരുന്നു. തദ്ദേശീയ ഉത്പാദനം വിപുലപ്പെടുത്തുന്ന 'മേക്ക് ഇന്‍ ഇന്ത്യ' പദ്ധതിയുമായി ചേര്‍ന്നു പോവുന്ന നയമാണ് ഇസുസുവിനുള്ളത്.
'ഇന്ത്യയിലെ യാത്രയില്‍ ഞങ്ങള്‍ക്ക് വളരെയധികം അഭിമാനമുണ്ട്. നിര്‍മാണത്തിലും കയറ്റുമതിയിലും കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇസുസു മികച്ച നേട്ടമുണ്ടാക്കി. ഞങ്ങളുടെ പ്രൊഡക്ഷന്‍ ലൈന്‍ ജോലിക്കാരില്‍ 22 ശതമാനം വനിതകളാണെന്നതും എടുത്തുപറയണം. വൈവിധ്യം ഉള്‍ക്കൊണ്ടുള്ള വികസനത്തോടുള്ള കമ്പനിയുടെ പ്രതിബദ്ധതയാണിത് കാണിക്കുന്നത്. ഞങ്ങളുടെ നിര്‍മാണ തൊഴിലാളികള്‍ പൂര്‍ണമായും ഡിപ്ലോമ എന്‍ജിനീയര്‍മാരാണ്. രാജ്യാന്തര നിലവാരത്തിലുള്ള വാഹന ഭാഗങ്ങളും വാഹനങ്ങളും നിര്‍മിക്കാന്‍ ഇതുവഴി ഞങ്ങള്‍ക്കാവുന്നു. ഇന്ത്യയിലെ വാണിജ്യ വിഭാഗം വാഹനങ്ങളുടെ മുന്‍നിര കയറ്റുമതിക്കാരാണ് ഞങ്ങള്‍. വളര്‍ച്ചക്കനുസരിച്ച് ഇന്ത്യയിലും വിദേശത്തും ഉയര്‍ന്ന നിലവാരമുള്ള ഉത്പന്നങ്ങള്‍ നല്കാന് ഞങ്ങള്‍ ബാധ്യസ്ഥരാണ്' ഇസുസു മോട്ടോര്‍ ഇന്ത്യ പ്രസിഡന്റും എംഡിയുമായ രാജേഷ് മിത്തല്‍ പറഞ്ഞു.
'ഇന്ത്യക്കുവേണ്ടി ഉയര്‍ന്ന നിലവാരത്തിലുള്ള ഉത്പന്നങ്ങള്‍ നിര്‍മിച്ച ഞങ്ങളില്‍ ഉപഭോക്താക്കള്‍ പുലര്‍ത്തിയ വിശ്വാസ്യതക്കുള്ള തെളിവാണ് ഈ നേട്ടം. ഇന്ത്യയെന്ന വിപണിയുടെ വലിയ സാധ്യതകളും തന്ത്രപ്രധാന പ്രാധാന്യവും ഇസുസു തിരിച്ചറിയുന്നുണ്ട്. ഉയര്‍ന്ന നിലവാരവും വിശ്വാസ്യതയുമുള്ള ഉത്പന്നങ്ങള്‍ ഉപഭോക്താക്കളിലെത്തിക്കുന്നത് ഞങ്ങള്‍ തുടരും' ഇസുസു മോട്ടോഴ്സ് ഇന്ത്യ ഡെപ്യുട്ടി എംഡി താരു കിഷിമോട്ടോ പറഞ്ഞു.
ഇസുസു ഡി മാക്സ് വി ക്രോസ്
കാറിലെ ഫീച്ചറുകളും ട്രക്കിന്റെ കരുത്തുമായി എത്തുന്ന വാഹനമാണ് ഇസുസു ഡിമാക്സ് വി ക്രോസ്. 1898 സിസി, സിലിണ്ടര്‍ വിജിഎസ് ടര്‍ബോ ഇന്റര്‍ കൂള്‍ഡ് ഡീസല്‍ എന്‍ജിനാണ് വാഹനത്തിലുള്ളത്. 160.92ബിഎച്ച്പി പകരുത്തും 360എന്‍എം പരമാവധി ടോര്‍ക്കും പുറത്തെടുക്കും. 5,332 എംഎം നീളവും 1,880 എംഎം വീതിയും 1,855എംഎം ഉയരവുമുള്ള വാഹനമാണിത്. വീല്‍ബേസ് 3,095എംഎം.
ലെതര്‍ അപ്പോള്‍സ്ട്രി, ഡിജിറ്റല്‍ ക്ലസ്റ്റര്‍, ഗ്ലോസ് ബ്ലാക്ക് എസി വെന്റുകള്‍, എല്ലാ സൈഡ് ഡോര്‍ ആംറെസ്റ്റുകളിലും സോഫ്റ്റ് പാഡുകള്‍ എന്നിങ്ങനെ പോവുന്നു ഇന്റീരിയര്‍ ഫീച്ചറുകള്‍. സുരക്ഷക്കായി 6 യര്‍ ബാഗുകളും ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റവും റിയര്‍ ക്യാമറയുമുണ്ട്. ഫോര്‍ സീറ്റര്‍ ഇസുസു ഡി മാക്സ് വി ക്രോസില്‍ ഓട്ടമാറ്റിക് ട്രാന്‍സ്മിഷനുമുണ്ട്.