പുത്തൻ കിയ സിറോസിലെ ഈ 7ഫീച്ചറുകൾ വാഹനപ്രേമികളെ ആകർഷിക്കും
Mail This Article
ലുക്കിലും ഫീച്ചറുകളിലും അമ്പരപ്പിക്കുന്ന വമ്പുള്ളവര് മുതല്‍ ലുക്കില്‍ മാത്രം എസ് യു വിയെ പോലെ അഭിനയിക്കുന്നവര്‍ വരെയുള്ള വൈവിധ്യമാര്‍ന്ന എസ് യു വി വിപണിയാണ് ഇന്ത്യയിലേത്. രാജ്യത്തെ ഏറ്റവും കടുത്ത മത്സരം നടക്കുന്ന എസ് യു വി വിഭാഗത്തിലേക്ക് പുതിയ ഒരു മോഡല്‍ അവതരിപ്പിക്കുമ്പോള്‍ ശ്രദ്ധ നേടണമെങ്കില്‍ പോലും എളുപ്പമല്ല. ഇക്കാര്യം വ്യക്തമായി അറിയാവുന്നവരാണ് കിയ. അതുകൊണ്ടു തന്നെ പുതിയ സിറോസിനെ ഗംഭീര ഫീച്ചറുകളുടെ മികവിലാണ് കിയ അവതരിപ്പിക്കുന്നത്. കിയ സിറോസ് വരുമ്പോള്‍ കളി മാറുമെന്ന് പറയാന്‍ കാരണങ്ങളുണ്ട്.
അമ്പമ്പോ എന്തൊരു വലിയ ഡിസ്പ്ലേ
എസ് യു വികളില്‍ ഡിസ്പ്ലേകളുടെ വലിപ്പത്തിലും കമ്പനികള്‍ക്കിടയില്‍ മത്സരം നടക്കുന്നുണ്ട്. ആ മത്സരം വേറെ ലെവലിലെത്തിച്ചിരിക്കുകയാണ് കിയ സിറോസ്. മറ്റു കമ്പനികള്‍ 7 ഇഞ്ച് മുതല്‍ 15 ഇഞ്ചു വരെയുള്ള ഡിസ്പ്ലേകളുമായെത്തുമ്പോള് കിയ സിറോസിന്റെ ഡിസ്പ്ലേ 30 ഇഞ്ചാണ്! ഇന്ത്യയിലെ എസ് യു വി വിഭാഗത്തിലെ തന്നെ ഏറ്റവും വലിയ ഡിസ്പ്ലേയുമായാണ് സിറോസിന്റെ വരവ്. രണ്ട് 12.3 ഇഞ്ച് സ്ക്രീനുകളില്‍ ഒന്ന് ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റവും മറ്റൊന്ന് ഡ്രൈവറുടെ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററുമാണ്. ഇതിനൊപ്പം അഞ്ച് ഇഞ്ചിന്റെ ക്ലൈമറ്റ് കണ്‍ട്രോളിനുള്ള ടച്ച് പാനലും ഡിസ്പ്ലേയുടെ ഭാഗമാക്കിയിരിക്കുന്നു.
പിന്നിലും വെന്റിലേറ്റഡ് സീറ്റുകള്‍
എസ് യു വികളില്‍ മുന്നില്‍ വെന്റിലേറ്റഡ് സീറ്റുകള്‍ ഫീച്ചറുകളായെത്തിയിട്ട് അധികമായിട്ടില്ല. പ്രീമിയം കാറുകളിലെ ഈ ഫീച്ചര്‍ ഇപ്പോള്‍ പിന് സീറ്റുകളിലേക്കു കൂടി വ്യാപിപ്പിച്ചിരിക്കുകയാണ് കിയ. മിഡ് സൈസ് 5 സീറ്റര്‍ എസ് യു വികളില്‍ പോലും സാധാരണയല്ലാത്ത ഈ ആഡംബര സൗകര്യം സിറോസില്‍ ആസ്വദിക്കാനാവും. ഈ വെന്റിലേഷന് സൗകര്യം കൂടുതല്‍ എളുപ്പത്തില്‍ ആസ്വദിക്കാനായി ഡോര്‍ ഹാന്‍ഡിലുകളിലാണ് വെന്റിലേഷന് കണ്ട്രോള് ബട്ടണ്‍ നല്‍കിയിരിക്കുന്നത്.
സാധാരണ എസ് യു വികളില്‍ ഹ്യുണ്ടേയ് അല്‍കസാറിലും(18.16-27.56 ലക്ഷം രൂപ) ടാറ്റ സഫാരിയിലും(19.30- 34.40 ലക്ഷം രൂപ) മാത്രമാണ് പിന് സീറ്റുകളില്‍ വെന്റിലേറ്റഡ് ഫീച്ചറുള്ളത്. പത്തു ലക്ഷം രൂപയോളം വില പ്രതീക്ഷിക്കുന്ന കിയ സിറോസിലെ ഈ ഫീച്ചര്‍ അതുകൊണ്ടുതന്നെ നിരവധി പേരെ ആകര്‍ഷിക്കാനുള്ള കാരണമായി മാറിയേക്കാം. അടുത്തമാസം നടക്കുന്ന ഗ്ലോബല്‍ മൊബിലിറ്റി എക്സ്പോയിലാണ് സിറോസിന്റെ വില ഔദ്യോഗികമായി കിയ പ്രഖ്യാപിക്കുക.
മസിലു പിടിക്കാത്ത പിന് സീറ്റുകള്‍
പൊതുവില്‍ എസ് യു വികളുടെ പിന് സീറ്റുകള്‍ മസിലുപിടിച്ച് ഒരൊറ്റ ഇരുത്തം ഇരിക്കാറാണ് പതിവ്. പരമാവധി മുന്നിലേക്കോ പിന്നിലേക്കോ പോകും. കിയ ഇവിടെയൊരു മാറ്റം കൊണ്ടു വന്നിരിക്കുകയാണ് സിറോസിലൂടെ. ഇന്ത്യയിലെ എസ് യു വി വിഭാഗത്തില്‍ ആദ്യമായി ഇഷ്ടത്തിനനുസരിച്ച് സ്ലൈഡ് ചെയ്യാനും മടക്കാനും കഴിയുന്ന സീറ്റുകളാണ് സിറോസിലുണ്ടാവും. സാധാരണ എംപിവികളില്‍ കണ്ടു വരുന്ന ഫീച്ചറാണിത്. ഈ ഫീച്ചര്‍ വരുന്നതോടെ ബൂട്ട് സ്പേസോ കാലു വെക്കാനുള്ള സ്ഥലമോ സൗകര്യത്തിന് അനുസരിച്ച് മാറ്റാനുള്ള അവസരവും ലഭിക്കും. 465 ലീറ്ററാണ് സിറോസിന്റെ ബൂട്ട് കപ്പാസിറ്റി.
6 പാര്‍ക്കിങ് സെന്‍സറുകള്‍
മുന്നിലും പിന്നിലും ഓരോന്ന്... എന്ന സാധാരണ പാര്‍ക്കിങ് സെന്‍സറുകളുടെ പതിവും സിറോസില്‍ തെറ്റുന്നു. മുന്നിലും പിന്നിലും മാത്രമല്ല വശങ്ങളിലും പാര്‍ക്കിങ് സെന്‍സറുള്ള ആദ്യത്തെ മെയിന്‍സ്ട്രീം വാഹനമാണ് കിയ സിറോസ്. ഇതിനു പുറമേ രണ്ട് സെന്‍സറുകള്‍ മുന്‍ വീല്‍ ആര്‍ക്കുകള്‍ക്ക് തൊട്ടു താഴെയായും നല്കിയിരിക്കുന്നു. ഇതോടെ ചെറിയ സ്ഥലത്തു പോലും സിറോസിനെ അനായാസം പാര്‍ക്കു ചെയ്യാന്‍ സാധിക്കും.
ഫ്ളഷ് ഡോര്‍ ഹാന്‍ഡില്‍
കാറിന്റെ ബോഡിയോട് പരമാവധി ഒട്ടിച്ചേര്‍ന്നുള്ള ഫ്ളഷ് ഡോര്‍ ഹാന്‍ഡിലുകളും പ്രീമിയം സെഗ്മെന്റിലാണ് പൊതുവേ കണ്ടു വരാറ്. ഈ പതിവും സിറോസ് തെറ്റിക്കുന്നു. തീക്കോല്‍ ഉപയോഗിച്ചോ ടച്ച് ബട്ടണില്‍ പ്രസ് ചെയ്തോ സിറോസിലെ ഫ്ളഷ് ഡോര്‍ ഹാന്‍ഡില്‍ അണ്‍ലോക്ക് ചെയ്യാം. പ്രീമിയം ഫീച്ചറുകള്‍ വെറുതേ പറഞ്ഞല്ല എണ്ണി അവതരിപ്പിച്ചാണ് സിറോസ് എസ് യു വികളിലെ വേറിട്ട മോഡലാവുന്നത്.
ഓവര്‍ ദ എയര്‍ അപ്ഡേറ്റ്സ്
ടെക് പ്രേമികള്ക്കായുള്ളതാണ് കിയയുടെ അടുത്ത ഫീച്ചര്‍. തല്‍സമയം ഓവര്‍ ദ എയര്‍(ഒടിഎ) അപ്ഡേറ്റുകള് സിറോസില്‍ ലഭിക്കും. ഇതും ഇന്ത്യയിലെ എസ് യു വി വിഭാഗത്തിനൊരു പുതുമയാണ്. സിറോസിലെ 22 വ്യത്യസ്ത കണ്‍ട്രോളറുകളിലേക്ക് തല്‍സമയം അപ്ഡേഷനുകളെത്തും. സിറോസ് ഉടമകള്‍ക്ക് എന്തെങ്കിലും ഫീച്ചര്‍ അപ്ഡേഷന് വന്നാല്‍ കിയ ഡീലര്‍ഷിപ്പിലേക്ക് വാഹനവുമായി പോവേണ്ടതില്ലെന്നു ചുരുക്കം.
ലെവല്‍ 2 അഡാസ്
സുരക്ഷാ ഫീച്ചറുകളിലും കിടിലമാണ് സിറോസ്. റഡാര്‍ അടിസ്ഥാനമാക്കിയുള്ള ലെവല്‍ 2 അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റത്തില്‍(ADAS) 16 സുരക്ഷാ ഫീച്ചറുകളുണ്ട്. മുന്നിലെ കൂട്ടിയിടി മുന്നറിയിപ്പ്, ലൈന്‍ കീപ്പ് അസിസ്റ്റ്, വിശാല കാഴ്ച്ചക്ക് 360 ഡിഗ്രി ക്യാമറയും ബ്ലൈന്‍ഡ് സ്പോട്ട് മോണിറ്ററും, അഡാപ്റ്റീവ് ക്രൂസ് കണ്ട്രോള് എന്നിവയാണ് പ്രധാന സുരക്ഷാ സൗകര്യങ്ങള്‍. ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്ട്രോള്, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് കണ്ട്രോള്, ആറ് എയര്‍ബാഗുകള്‍, വെഹിക്കിള്‍ സ്റ്റെബിലിറ്റി മാനേജ്മെന്റ്, ഇലക്ട്രിക് പാര്‍ക്കിങ് ബ്രേക്ക് വിത്ത് ഓട്ടോ ഹോള്‍ഡ് എന്നിങ്ങനെ നീണ്ടു കിടക്കുകയാണ് സുരക്ഷാ ഫീച്ചറുകളുടെ പട്ടിക. ഇക്കണ്ട കാരണങ്ങളൊക്കെ പോരേ സിറോസ് വരുമ്പോള്‍ കളി മാറുമെന്നു കരുതാന്‍.