കാറ് വിൽക്കാൻ ഇടനിലക്കാർ ആവശ്യമുണ്ടോ? വാഹനത്തിന് കൂടുതൽ വില കിട്ടാൻ ഇത് ശ്രദ്ധിക്കാം
Mail This Article
കാര്‍ വില്ക്കാന് തീരുമാനിച്ചാല്‍ അടുത്ത ചോദ്യം നേരിട്ടു വില്‍ക്കണോ അതോ ഇടനിലക്കാര്‍ വഴി വില്‍ക്കണോ എന്നതായിരിക്കും. അത്ര എളുപ്പത്തില്‍ ഉത്തരം നല്കാനാവുന്ന ചോദ്യമല്ല ഇത്. രണ്ട് രീതികള്‍ക്കും അതിന്റേതായ ഗുണദോഷങ്ങളുണ്ട്. രണ്ടു രീതികളേയും കുറിച്ച് വിശദമായി പരിശോധിച്ചാല്‍ മാത്രമേ നമുക്ക് അനുയോജ്യമായ രീതി ഏതെന്നു തീരുമാനിക്കാനാവൂ.
നേരിട്ടു വില്ക്കാന് ശ്രമിച്ചാലാണ് നിങ്ങളുടെ വാഹനത്തിന് കൂടുതല്‍ വില ലഭിക്കാന്‍ സാധ്യത കൂടുതല്‍. എന്നാല്‍ അതിനും ചില തലവേദനകളുണ്ടെന്നതാണ് കാര്യം. ആദ്യം നമ്മുടെ കൈവശമുള്ള കാറിന്റെ ശരിയായ വിപണി വില മനസിലാക്കണം. അതിനായി വിദഗ്ധരോടു ചോദിക്കുകയോ ഓണ്‍ലൈനില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുകയോ ചെയ്യാം.
വില തീരുമാനിച്ചു കഴിഞ്ഞാല്‍ ഓണ്‍ലൈനിലൂടെയോ അല്ലാതെയോ വാഹനം വില്ക്കാന് തയ്യാറാണെന്ന് അറിയിക്കണം. നിങ്ങളുടെ കാര്‍ വാങ്ങാനെത്തുന്ന എല്ലാവരും നിങ്ങള്‍ പ്രതീക്ഷിക്കുന്ന വില പറയില്ല. ഒരൊറ്റയാളായിരിക്കും അതു പറയുക. അതിനു വേണ്ടി അല്പം കാത്തിരിക്കേണ്ടി വന്നേക്കാം. വിലപേശലുകളും സ്വാഭാവിക നടപടിയായി വരും.
ഇത് ഇല്ലാവര്‍ക്കും പറ്റുന്ന പണിയല്ല. ചിലര്‍ക്കെല്ലാം ഇത് തലവേദനയുള്ള പണിയാണ്. ഇത്തരം തലവേദന ആഗ്രഹിക്കാത്തവര്‍ നേരിട്ട് വാഹനം വില്ക്കാന് ശ്രമിക്കാതിരിക്കുന്നതാണ് നല്ലത്. അതേസമയം ഇത്തരം ചെറിയ ചില തലവേദനങ്ങള്‍ ആസ്വദിക്കുന്നവരുണ്ട്. അവര്‍ സ്വന്തം നിലക്ക് വാഹനം വില്‍ക്കുന്നതാണ് ഉചിതം. ഈ വഴി തെരഞ്ഞെടുത്താല്‍ നിങ്ങള്‍ അനുഭവിക്കുന്ന തലവേദനക്കും ചിലവാക്കുന്ന സമയത്തിനും സാമ്പത്തിക നേട്ടമുണ്ടാവുമെന്നുറപ്പ്.
അനായാസം കാര്യം നടക്കുമെന്നതാണ് ഇടനിലക്കാര്‍ വഴിയുള്ള കാര്‍ വില്പനയുടെ പ്രധാന നേട്ടം. അതിന് നമ്മള് ഒരു വില നല്‍കേണ്ടിയും വരും. ഇടനിലക്കാര്‍ വഴി വില്ക്കാന് തീരുമാനിച്ചാലും ഒരൊറ്റ ഡീലറെ മാത്രം സമീപിക്കാതെ ഓണ്‍ലൈനും ഓഫ് ലൈനുമായുള്ള സാധ്യതകള്‍ എല്ലാം നോക്കണം. അത് മികച്ച വില ഉറപ്പിക്കാന്‍ സഹായിക്കും. ആര്‍ക്ക് കാര്‍ വില്ക്കണമെന്നു തീരുമാനിച്ചു കഴിഞ്ഞാല്‍ നേരെ ഡീലറെ സമീപിച്ച് പുതിയ കാറുമായി തിരിച്ചു വരാനാവും. അത്രയും കുറച്ചു സമയം മതിയാവും ഇടനിലക്കാര്‍ വഴിയുള്ള കാര്‍ വില്പന.
വാഹനം വില്‍ക്കുമ്പോഴുള്ള മറ്റൊരു കാര്യം കടലാസു പണികളാണ്. നിങ്ങളുടെ പേരില്‍ നിന്നും മറ്റൊരാളുടെ പേരിലേക്ക് യഥാസമയം വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റേണ്ടതുണ്ട്. നേരിട്ടുള്ള വാഹന വില്പനയാണെങ്കില് ഇതിന്റെ ഉത്തരവാദിത്വം പൂര്‍ണമായും നിങ്ങള്‍ക്കായിരിക്കും. സമയത്ത് ഉടമസ്ഥാവകാശം മാറ്റിയില്ലെങ്കില്‍ ഭാവിയില്‍ പല പ്രശ്നങ്ങള്‍ക്കും സാധ്യതയുണ്ട്. അതേസമയം ഡീലര്‍ഷിപ്പുകള്‍ വഴി വാഹനം വില്ക്കുമ്പോള് ഇത്തരം കടലാസു പണികള്‍ അവര്‍ തന്നെ ചെയ്തോളും. അതിനായി നമ്മള് സമയം ചിലവാക്കേണ്ടി വരില്ല.
നിങ്ങളുടെ കാറിന്റെ നിലവിലെ കണ്ടീഷനും മോഡലുമെല്ലാം പ്രധാനമാണ്. മികച്ച രീതിയില്‍ പരിപാലിച്ച സര്‍വീസ് രേഖകളുള്ള വാഹനമാണെങ്കില്‍ നേരിട്ടുള്ള വില്പനയിലും മികച്ച വില ഉറപ്പിക്കാനാവും. ഇനി അറ്റകുറ്റപണികള്‍ ആവശ്യമുള്ള വാഹനമാണെങ്കില്‍ അതു ചെയ്തതിനു ശേഷം മാത്രമേ നേരിട്ടുള്ള വില്പനയില് മികച്ച വില ഉറപ്പിക്കാനാവൂ. ഇതിനൊന്നും സമയമില്ലെങ്കില്‍ ഇടനിലക്കാര്‍ വഴിയുള്ള വില്പനയാണ് എളുപ്പമാവുക. അങ്ങനെ സാഹചര്യവും ലഭ്യമായ സമയവും അടക്കം പലവിധ കാരണങ്ങള്‍ കൂടി പരിശോധിച്ചാല്‍ മാത്രമേ ഏതു രീതിയില്‍ വിറ്റാല്‍ നമ്മുടെ കാറിന് മികച്ച വില ഉറപ്പിക്കാനാവുമെന്ന തീരുമാനത്താനാവൂ.