പിറന്നാൾ ദിനത്തിൽ അച്ഛന് 5 സ്റ്റാർ സുരക്ഷയുള്ള എസ്യുവി സമ്മാനിച്ച് മകൻ
Mail This Article
മക്കളുടെ ജന്മദിനത്തിൽ അവർക്കു സമ്മാനം നൽകുന്ന മാതാപിതാക്കളെ നാം കണ്ടിട്ടുണ്ട്. എന്നാൽ ഇവിടെ പിതാവിന്റെ ജന്മദിനത്തിൽ ഹൃദയം നിറയ്ക്കുന്ന ഒരു സമ്മാനം നൽകി സോഷ്യൽ ലോകത്തിന്റെ കയ്യടി നേടുകയാണ് ഒരു മകൻ. സുരക്ഷയിൽ എപ്പോഴും ഒരുപടി മുന്നിൽ നിൽക്കുന്ന, 5 സ്റ്റാറിന്റെ തിളക്കമുള്ള ടാറ്റയുടെ കർവ് കൂപ്പെ എസ് യു വി യാണ് മകൻ പിറന്നാൾ ദിനത്തിൽ പിതാവിന് സമ്മാനിച്ചത്. വാഹനത്തിന്റെ താക്കോൽ അതിയായ ആഹ്ളാദത്തോടെ, നിറഞ്ഞ കണ്ണുകളോടെ സ്വീകരിക്കുന്ന പിതാവിന്റെ ദൃശ്യങ്ങൾ കണ്ടു നെറ്റിസൺസും ആ മകനെ അഭിനന്ദനങ്ങൾ കൊണ്ടുമൂടുകയാണ്.
മകന്റെ ഭാര്യയാണ് സമൂഹ മാധ്യമങ്ങളിൽ വിഡിയോ പങ്കുവെച്ചത്. ജീവിതത്തിൽ ഇത്തരം സുന്ദര മുഹൂർത്തങ്ങൾ സംഭവിക്കുന്നതു വളരെ വിരളമെന്നും വിഡിയോയ്‌ക്കൊപ്പം കുറിച്ചിട്ടുണ്ട്. പുതിയ വാഹനത്തെ മാതാപിതാക്കളുടെ മുമ്പിലെത്തിച്ചതിനു ശേഷം അതിന്റെ താക്കോൽ പിതാവിന് കൈമാറുന്നത് ദൃശ്യങ്ങളിൽ കാണാം. മകനെ ചേർത്തുപിടിച്ചു കൊണ്ടാണ് പിതാവ് തന്റെ സന്തോഷം പ്രകടിപ്പിക്കുന്നത്. തന്റെ ജന്മദിനത്തിൽ ലഭിച്ച ആ സമ്മാനത്തെ ഏറെ ആനന്ദത്തോടെ, കണ്ണുകൾ തുടച്ച് സ്വീകരിക്കുന്നതും കാണാവുന്നതാണ്. ഏതൊരു മകനും ലഭിക്കാവുന്ന ഏറ്റവും വിലമതിക്കാനാകാത്ത നിമിഷങ്ങളാണിതെന്നാണ് ദൃശ്യങ്ങൾ കണ്ട ഭൂരിപക്ഷം പേരും കമെന്റുകളായി കുറിച്ചിരിക്കുന്നത്.
കർവ് കൂപ്പെ എസ് യു വിയ്ക്കായി പ്രിസ്റ്റിൻ വൈറ്റ് കളർ ഓപ്ഷനാണ് മകൻ തിരഞ്ഞെടുത്തിരിക്കുന്നത്. 9.99 ലക്ഷം രൂപ മുതൽ എക്സ് ഷോറൂം വിലയാരംഭിക്കുന്ന കർവിന്റെ ടോപ് എൻഡ് വേരിയന്റിന് ഏകദേശം 17.69 ലക്ഷം രൂപ വിലവരും. 120 എച്ച്പി കരുത്തും 170 എൻഎം ടോർക്കുമുള്ള 1.2 ലീറ്റർ 3 സിലിണ്ടർ ടർബൊ പെട്രോൾ എൻജിൻ, 125 ബിഎച്ച്പി കരുത്തും 225 എൻഎം ടോർക്കുള്ള 1.2 ലീറ്റർ ടർബൊ പെട്രോൾ ഹൈപെറോൺ എൻജിൻ, 118 ബിഎച്ച്പി കരുത്തുള്ള 1.5 ലീറ്റർ ഡീസൽ എൻജിൻ എന്നിങ്ങനെ മൂന്ന് ഓപ്ഷനുകളോടെയാണ് വാഹനം ലഭിക്കുന്നത്. അഞ്ച് സ്പീഡ് മാനുവൽ, ഡിസിടി ഓട്ടമാറ്റിക് എന്നീ ഗിയർബോക്സുകളിൽ കർവ് ലഭ്യമാണ്.