വീണ്ടും സ്റ്റൈലായി നവകേരളാ ബസ്; ശൗചാലയം നിലനിർത്തി, സീറ്റ് കൂട്ടി
Mail This Article
നവകേരള ബസ് വീണ്ടും നിരത്തിലേയ്ക്ക്. കോഴിക്കോട്-ബെംഗളൂരു റൂട്ടിൽ സർവീസ് നടത്തുന്നിനായി കഴിഞ്ഞ ദിവസം ബെംഗളൂരുവിൽ നിന്ന് ബസ് കോഴിക്കോട് എത്തിച്ചു. നേരത്തെ നവ കേരള ബസ് ഗരുഡ പ്രീമിയം ലക്ഷ്വറി ബസ് ആയി കോഴിക്കോട് നിന്ന് ബാംഗ്ലൂരിലേക്ക് സർവീസ് നടത്തിയിരുന്നു. അന്ന് 26 സീറ്റായിരുന്നു ബസിൽ, ഇപ്പോൾ അത് ഉയർത്തി 37 സീറ്റുകളാക്കിയിട്ടുണ്ട്.
നവകേരളാ സദസിന്റെ ഭാഗമായി ജനങ്ങളെ കാണാൻ മന്ത്രിസഭയൊന്നാകെ സഞ്ചരിച്ച നവകേരള ബസ് കോഴിക്കോട്-ബെംഗളൂരു റൂട്ടിൽ സർവീസ് ആരംഭിച്ചത് കഴിഞ്ഞ മേയ് മാസമാണ്. എന്നാൽ യാത്രക്കാർ കുറഞ്ഞതും ഇടയ്ക്കിടെ സർവീസ് മുടങ്ങിയതും മൂലം ജൂലൈയിൽ ബസ് വീണ്ടും കട്ടപ്പുറത്തായി. അഞ്ചുമാസത്തിന് ശേഷമാണ് അറ്റകുറ്റപ്പണി നടത്തി ബസ് വീണ്ടും സർവീസിന് ഒരുങ്ങുന്നത്. മാറ്റങ്ങൾ വരുത്തിയ ബസിൽ എസ്കലേറ്റർ, പിൻഭാഗത്തെ എന്നിവ ഒഴിവാക്കി മുൻഭാഗത്ത് മാത്രമാണ് ഡോർ . ശൗചാലയം ബസിൽ നിലനിർത്തിയിട്ടുണ്ട്. സർവീസ് പുനരാരംഭിക്കുമ്പോൾ ബസിന്റെ നിരക്കും കുറച്ചേക്കും.
നവ കേരള യാത്രയ്ക്കായി 1.16 കോടി രൂപ മുടക്കായാണ് ബസ് നിർമിച്ചത്. ഭാരത് ബെൻസിന്റെ ഒഎഫ് 1624 എന്ന ഷാസിയിലാണ് ബസ് നിർമിച്ചത്. 12 മീറ്റർ നീളമുള്ള ബസിന് 7.2 ലീറ്റർ എൻജിനാണ് ഉപയോഗിക്കുന്നത്. 240 ബിഎച്ച്പി കരുത്തും 850എൻഎം ടോർക്കുമുണ്ട് എൻജിന്. കർണാടകയിലെ എസ്.എം.കണ്ണപ്പ ഓട്ടമൊബീൽസാണു ബസിന്റെ ബോഡി നിർമിച്ചത്. 44 ലക്ഷം രൂപയാണ് ഷാസിയുടെ വില. ബാക്കി തുക ബോഡി നിര്‍മാണത്തിനും മറ്റു സൗകര്യങ്ങള്‍ക്കുമാണ്. 11 ലക്ഷം രൂപ വരുന്ന ബയോ ടോയ്‌ലറ്റ്, ഫ്രിഡ്ജ്, മൈക്രോവേവ് ഓവൻ, ആഹാരം കഴിക്കാന്‍ പ്രത്യേക സ്ഥലം, വാഷ് ബെയ്‌സിന്‍ തുടങ്ങിയ സൗകര്യങ്ങളാണ് ബസിലുണ്ടായിരുന്നത്.