ഇടിപരീക്ഷയിൽ ഫുൾമാർക്ക്; 2024 ഭാരത് എൻസിഎപിയിൽ 5 സ്റ്റാർ നേടിയ കാറുകൾ
Mail This Article
ഇന്ത്യയിലെ കാര്‍ വിപണിയില്‍ ക്രാഷ് ടെസ്റ്റിനും 5 സ്റ്റാര്‍ സുരക്ഷക്കുമുള്ള പ്രാധാന്യം വര്‍ധിച്ചിട്ട് അധികകാലമായിട്ടില്ല. ഗ്ലോബല്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റ് വഴിയാണ് നേരത്തെ ഇന്ത്യയിലെ കാര്‍ മോഡലുകള്‍ സുരക്ഷ പരിശോധിച്ചിരുന്നത്. 2023 മുതല്‍ രാജ്യാന്തര നിലവാരത്തിലുള്ള ഇന്ത്യയുടെ സ്വന്തം ഭാരത് എന്‍സിഎപിയും എത്തി. ഭാരത് എന്‍സിഎപി ക്രാഷ് ടെസ്റ്റിലൂടെ സുരക്ഷ ഉറപ്പിച്ച പ്രധാന വാഹനങ്ങളെ അറിയാം.
ടാറ്റ ഹാരിയര്‍/ സഫാരി
ഗ്ലോബല്‍ എന്‍സിഎപിയില്‍ ആദ്യമായി 5 സ്റ്റാര്‍ നേടുന്ന ഇന്ത്യന്‍ മോഡലായാണ് ടാറ്റയുടെ നെക്സോണ്‍ ആദ്യം ശ്രദ്ധ നേടുന്നത്. സുരക്ഷക്കൊപ്പം വിപണിയിലെ സാധ്യകളും വര്‍ധിക്കുമെന്ന് നെക്സോണ്‍ ടാറ്റ മോട്ടോഴ്സിന് തെളിയിച്ചു. നെക്സോണിന്റെ പിന്‍ഗാമികളായാണ് ഹാരിയറും സഫാരിയും ക്രാഷ് ടെസ്റ്റിനെത്തിയത്. രണ്ട് വാഹനങ്ങളും കുട്ടികളുടേയും മുതിര്‍ന്നവരുടേയും സുരക്ഷയില്‍ 5 സ്റ്റാര്‍ തന്നെ നേടി.
ടാറ്റ പഞ്ച് ഇവി
വ്യത്യസ്തമായ പവര്‍ട്രെയിന്‍ ഓപ്ഷനുകളോടെ ടാറ്റ പുറത്തിറക്കിയ വാഹനങ്ങളിലൊന്നാണ് ടാറ്റ പഞ്ച്. ഈ മോഡലിന്റെ വൈദ്യുത പതിപ്പിനും ഭാരത് ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ ലഭിച്ചു. മുതിര്‍ന്നവരുടെ സുരക്ഷയില്‍ 32ല്‍ 31.46 ഉം കുട്ടികളുടെ സുരക്ഷയില്‍ 49ല്‍ 45 പോയിന്റുമാണ് ടാറ്റ പഞ്ച് ഇവി നേടിയത്.
ടാറ്റ നെക്സോണ്‍ ഇവി
ഗ്ലോബല്‍ എന്‍സിഎപിയില്‍ 5 സ്റ്റാര്‍ ലഭിച്ച ആദ്യ ഇന്ത്യന്‍ കാറാണ് ടാറ്റ നെക്സോണ്‍. ഈ പെരുമ ഭാരത് എന്‍സിഎപി ക്രാഷ് ടെസ്റ്റിലും ടാറ്റ നെക്സോണ്‍ ഒട്ടും കുറച്ചില്ല. കുട്ടികളുടേയും മുതിര്‍ന്നവരുടേയും സുരക്ഷയില്‍ നെക്സോണ്‍ ഇവി 5 സ്റ്റാര്‍ നേടി. മുതിര്‍ന്നവരുടെ സുരക്ഷയില്‍ സാധ്യമായ 32ല്‍ 29.86 പോയിന്റും കുട്ടികളുടെ സുരക്ഷയില്‍ 49ല്‍ 44.95 പോയിന്റുമാമ് നെക്സോണ്‍ ഇവി സ്വന്തമാക്കിയത്.
ടാറ്റ കര്‍വ് ഇവി
ടാറ്റയുടെ ഇവിയാണ് വീണ്ടും പട്ടികയിലുള്ളത്, കര്‍വ് ഇവി. നെക്സോണ്‍ അടിസ്ഥാനമാക്കിയുള്ള ടാറ്റയുടെ പുതിയ മോഡലും സുരക്ഷയില്‍ കുറവു വരുത്തിയില്ല. ഭാരത് എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ മുതിര്‍ന്നവരുടെ സുരക്ഷയില്‍ 32ല്‍ 30.81 പോയിന്റും കുട്ടികളുടെ സുരക്ഷയില്‍ 49ല്‍ 44.83 പോയിന്റും കര്‍വ് ഇവി നേടി. എയര്‍ബാഗുകളും ലെവല്‍ 2 അഡാസ് സുരക്ഷാ ഫീച്ചറുകളുമുള്ള വാഹനമാണിത്. കര്‍വിന്റെ ഐസിഇ വകഭേദത്തിനും 5സ്റ്റാര്‍ സുരക്ഷ തന്നെയാണ് ലഭിച്ചത്.
മഹീന്ദ്ര എക്സ്യുവി 400
മഹീന്ദ്രയുടെ ആദ്യ ഓള് ഇലക്ട്രിക് വാഹനമായ മഹീന്ദ്ര എക്സ്യുവി 400 മത്സരിക്കുന്നത് ടാറ്റ നെക്സോണ്‍ ഇവിയുമായാണ്. രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളും നീണ്ട ഫീച്ചര്‍ ലിസ്റ്റുമുള്ള മഹീന്ദ്ര എക്സ്യുവി 400 സ്വാഭാവികമായും സുരക്ഷയിലും എതിരാളികളുമായി മത്സരിക്കുന്നുണ്ട്. കുട്ടികളുടേയും മുതിര്‍ന്നവരുടേയും സുരക്ഷയില്‍ മഹീന്ദ്ര എക്സ്യുവി 400 5 സ്റ്റാര്‍ നേടിയിട്ടുണ്ട്. മുതിര്‍ന്നവരില്‍ സാധ്യമായ 32ല്‍ 30.38 പോയിന്റും കുട്ടികളില്‍ 49ല്‍ 43 പോയിന്റുമാണ് മഹീന്ദ്ര എക്സ്യുവി 400നേടിയത്.
മഹീന്ദ്ര എക്സ്യുവി3എക്സ്ഒ
എക്സ്യുവി 300 മുഖം മിനുക്കിയതല്ല മറിച്ച് അടിമുടി മാറിയൊരു മോഡല്‍ തന്നെയാണ് മഹീന്ദ്ര എക്സ്യുവി3എക്സ്ഒ. എയര്‍ബാഗുകളും അഡാസ് ലെവല്‍ 2 സുരക്ഷയുമുള്ള ഈ വാഹനം കുട്ടികളുടേയും മുതിര്‍ന്നവരുടേയും സുരക്ഷയില്‍ 5 സ്റ്റാര്‍ നേടി. മുതിര്‍ന്നവരുടെ സുരക്ഷയില്‍ 32ല്‍ 29.36 പോയിന്റും കുട്ടികളുടെ സുരക്ഷയില്‍ സാധ്യമായ 49ല്‍ 43 പോയിന്റുമാണ് നേടിയത്.
മഹീന്ദ്ര ഥാര്‍ റോക്സ്
പഴയ ഥാറില്‍ നിന്നും സൗകര്യങ്ങളിലും ടെക് ഫീച്ചറുകളിലുമെല്ലാം മാറ്റങ്ങളോടെയാണ് പുതിയ ഥാര്‍ റോക്സിനെ മഹീന്ദ്ര അവതരിപ്പിച്ചത്. ഓഫ് റോഡ് ഇഷ്ടപ്പെടുന്നവരുടെ വാഹനം എന്നതിനേക്കാള്‍ ഫാമിലി എസ് യു വിയാക്കി ഥാര്‍ റോക്സിനെ മാറ്റാന്‍ മഹീക്കായിട്ടുണ്ട്. മുതിര്‍ന്നവരുടെ സുരക്ഷയില്‍ സാധ്യമായ 32ല്‍ 31.09 പോയിന്റും കുട്ടികളുടെ സുരക്ഷയില്‍ 49ല്‍ 45 പോയിന്റും മഹീന്ദ്ര ഥാര്‍ റോക്സ് നേടി.
സിട്രോണ്‍ ബസാള്‍ട്ട്
ടാറ്റ കര്‍വുമായാണ് ഫ്രഞ്ച് കമ്പനിയായ സിട്രോണിന്റെ ബസാള്‍ട്ടിന്റെ പ്രധാന മാത്രം. കര്‍വിനേക്കാള്‍ കുറഞ്ഞ വിലയുള്ള ബസാള്‍ട്ട് സുരക്ഷയിലും ഒരു പടി താഴെയാണ്. കുട്ടികളുടേയും മുതിര്‍ന്നവരുടേയും സുരക്ഷയില്‍ 4 സ്റ്റാറാണ് ബസാള്‍ട്ട് നേടിയത്. കുട്ടികളുടെ സുരക്ഷയില്‍ സാധ്യമായ 49ല്‍ 35.90 പോയിന്റും മുതിര്‍ന്നവരുടെ സുരക്ഷയില്‍ 32ല്‍ 26.19 പോയിന്റുമാണ് ബസാള്‍ട്ട് നേടിയത്.