ചെറു ഇലക്ട്രിക് എസ്യുവിയുമായി കിയ, സിറോസ് ഇലക്ട്രിക് ഉടൻ വിപണിയിൽ
Mail This Article
ഇക്കഴിഞ്ഞ ഡിസംബര്‍ 19നാണ് കിയ സിറോസ് രാജ്യാന്തര വിപണിയില്‍ അവതരിപ്പിക്കപ്പെട്ടത്. ജനുവരിയില്‍ നടക്കുന്ന ഭാരത് മൊബിലിറ്റി എക്സ്പോയില്‍ സിറോസിന്റെ വിലയും പ്രഖ്യാപിക്കും. സബ് 4 മീറ്റര്‍ വിഭാഗത്തില്‍ സോണറ്റിനു പിന്നാലെ വരുന്ന രണ്ടാമത്തെ കിയ മോഡലാണ് സിറോസ്. ഈ സിറോസിന്റെ ഇവി മോഡൽ 2026 ആദ്യ പാദത്തിലെത്തുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ടാറ്റ നെക്സോണ്‍ ഇവി, മഹീന്ദ്ര എക്സ്യുവി 400 എന്നിവയുമായാണ് കിയ സിറോസ് മത്സരിക്കുക. കിയ സിറോസ് ഇവിയുടെ വിശദാംശങ്ങളൊന്നും തന്നെ ഔദ്യോഗികമായി കമ്പനി പുറത്തുവിട്ടിട്ടില്ല. ഇലക്ട്രിക് സിറോസ് ഫ്രണ്ട് വീല്‍ ഡ്രൈവ് വാഹനമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എക്സ്റ്ററിന്റെ വൈദ്യുത മോഡലായ ഹ്യുണ്ടേയ് ഇന്‍സ്റ്റര്‍ ഇവിയുടെ കെ1 പ്ലാറ്റ്ഫോം തന്നെയാവും സിറോസ് ഇവിയിലുമുണ്ടാവുക. 42kWh, 49kWh നിക്കല്‍ മാംഗനീസ് കൊബാള്‍ട്ട് ബാറ്ററി ഓപ്ഷനുകള്‍. റേഞ്ച് യഥാക്രമം 300 കിലോമീറ്ററും 355 കിലോമീറ്ററും.
സിറോസിന്റേതിന് സമാനമായ ഡിസൈന്‍ സവിശേഷതകളുമായിട്ടാവും ഇവി മോഡലിന്റേയും വരവ്. കുത്തനെയുള്ള മൂന്ന് എല്‍ഇഡി ഹെഡ്ലൈറ്റുകളും എല്‍ഇഡി ഡിആര്‍എല്ലുകളും കറുപ്പ് ലോവര്‍ ബംപറുകളും ചതുരാകൃതിയിലുള്ള വീല്‍ ആര്‍ക്കുകളും ഇവിയിലും തുടര്‍ന്നേക്കും. ഉയര്‍ന്ന മോഡലുകള്‍ക്കാവും 17 ഇഞ്ച് അലോയ് വീലുകള്‍ ലഭിക്കുക. ഫ്ളഷ് ഡോര്‍ ഹാന്‍ഡില്‍, 30 ഇഞ്ച് ഡിസ്പ്ലേ, മുന്നിലും പിന്നിലും വെന്റിലേറ്റഡ് സീറ്റുകള്‍, ഓവര്‍ ദ എയര്‍ അപ്ഡേറ്റുകള് എന്നിങ്ങനെ സെഗ്മെന്റിലെ തന്നെ ആദ്യമായുള്ള സിറോസിന്റെ സവിശേഷതകള്‍ വൈദ്യുതി മോഡിലിലുമുണ്ടാകും.
വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ/ ആന്‍ഡ്രോയിഡ് ഓട്ടോ പിന്തുണയുള്ള ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഡ്യുവല്‍ പാനല്‍ പനോരമിക് സണ്‍ റൂഫ്, 64 കളര്‍ ആമ്പിയന്റ് ലൈറ്റിങ്, 4 വേ പവര്‍ അഡ്ജസ്റ്റബിള് ഡ്രൈവര്‍ സീറ്റ്, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, 8 സ്പീക്കര്‍ ഹര്മന് കാര്‍ഡണ്‍ ഓഡിയോ സിസ്റ്റം എന്നിങ്ങനെയുള്ള ഫീച്ചറുകളും ഐസിഇ മോഡലില്‍ നിന്നും ഇവിയിലേക്കു ലഭിച്ചേക്കും.
16 ലെവല്‍ 2 അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം(ADAS) സുരക്ഷാ ഫീച്ചറുകളാണ് സിറോസിലുണ്ടാവുക. ഇതില്‍ മുന്നിലെ കൂട്ടിയിടി മുന്നറിയിപ്പ് സംവിധാനം, ലൈന്‍ കീപ്പിങ് അസിസ്റ്റ്, 360 ഡിഗ്രി ക്യാമറ വിത്ത് ബ്ലൈന്‍ഡ് സ്പോട്ട് മോണിറ്റര്‍, അഡാപ്റ്റീവ് ക്രൂസ് കണ്ട്രോള് എന്നിവയുമുണ്ടാവും. ഇതിനു പുറമേ ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്ട്രോള്, ഹില്‍ സ്റ്റാര്‍ട്ട് അസിറ്റ്, ആറ് എയര്‍ബാഗുകള്‍, വെഹിക്കിള്‍ സ്റ്റെബിലിറ്റി മാനേജ്മെന്റ്, ഇലക്ട്രിക് പാര്‍ക്കിങ് ബ്രേക്ക് വിത്ത് ഓട്ടോ ഹോള്‍ഡ് എന്നിങ്ങനെയുള്ള 20 സ്റ്റാന്‍ഡേഡ് സുരക്ഷാ ഫീച്ചറുകളും സിറോസ് ഇവിയില്‍ പ്രതീക്ഷിക്കാം.
15 ലക്ഷം മുതല്‍ 20 ലക്ഷം രൂപ വരെയാണ് കിയ സിറോസ് ഇവിയുടെ പ്രതീക്ഷിക്കുന്ന വില. സിറോസിന്റെ പെട്രോള്‍/ ഡീസല്‍ വകഭേദങ്ങള്‍ക്ക് 9.70 ലക്ഷം മുതല്‍ 16.50 ലക്ഷം രൂപ വരെയാണ് വില. വരാനിരിക്കുന്ന കാരെന്‍സ് ഇവിയും സിറോസ് ഇവിയും ചേര്‍ത്ത് 2026 ആവുമ്പോള്‍ 50,000-60,000 യൂണിറ്റുകള്‍ വിപണിയിലെത്തിക്കാനാണ് കിയ പദ്ധതിയിടുന്നത്.