മാരുതി ഇ വിറ്റാര മുതൽ സിറോസ് വരെ; ജനുവരിയിൽ വിപണിയിലെത്തുന്ന കാറുകൾ
Mail This Article
2025 ഇരമ്പിയാര്‍ത്തു തുടങ്ങാനാണ് ഇന്ത്യന്‍ കാര്‍ വിപണിയുടെ ശ്രമം. ഇതിനായുള്ള പുതുകാറുകള്‍ പല കമ്പനികളും അണിയറയില്‍ ഒരുക്കി കഴിഞ്ഞു. മുഖം മിനുക്കിയും വൈദ്യുതി മോഡലായും പൂര്‍ണമായും പുത്തനാക്കിയുമെല്ലാം വാഹനങ്ങള്‍ ജനുവരിയില്‍ പുറത്തിറങ്ങുന്നുണ്ട്. ഹ്യുണ്ടേയ്, മഹീന്ദ്ര, കിയ, ടാറ്റ മോട്ടോഴ്സ്, മാരുതി സുസുക്കി, മെഴ്സിഡീസ് ബെന്‍സ് എന്നിങ്ങനെ മുന്‍നിര കമ്പനികള്‍ പുതു മോഡലുകളെ നിരത്തിലിറക്കാന്‍ തയ്യാറായിട്ടുണ്ട്.
ഹ്യുണ്ടേയ് ക്രേറ്റ ഇവി
കഴിഞ്ഞ ജനുവരിയില്‍ ഹ്യുണ്ടേയ് പുറത്തിറക്കിയ ക്രേറ്റ വന്‍ വിജയമായിരുന്നു. 1.86 ലക്ഷത്തിലേറെ ക്രേറ്റകളെ ഒരു വര്‍ഷം കൊണ്ട് ഹ്യുണ്ടേയ് വിറ്റു കഴിഞ്ഞു. ക്രേറ്റയുടെ വിജയത്തുടര്‍ച്ചക്കായി ഇനിയെത്തുന്നത് ഇവി പതിപ്പാണ്. ജനുവരി 17ന് ഹ്യുണ്ടേയ് ക്രേറ്റ ഇവി പുറത്തിറങ്ങും. അകത്തും പുറത്തും ഡിസൈനില്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. അതേസമയം വാഹനത്തിന്റെ പവര്‍ട്രെയിന്‍ വിശദാംശങ്ങള്‍ കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല.
മഹീന്ദ്ര ബിഇ6, എക്സ്ഇവി 9ഇ
മഹീന്ദ്ര കഴിഞ്ഞ നവംബര്‍ 26 ന് ചെന്നൈയില്‍ നടന്ന അണ്ലിമിറ്റ് ഇന്ത്യ ഇവന്റില്‍ ബിഇ6ഉം എക്സ്ഇവി 9ഇയും പുറത്തിറക്കിയിരുന്നു. അടിസ്ഥാന വകഭേദങ്ങളുടെ വില മാത്രമാണ് അന്ന് മഹീന്ദ്ര പുറത്തുവിട്ടത്. 59കിലോവാട്ട് ബാറ്ററിയുള്ള പാക്ക് 1 വാഹനങ്ങളായിരുന്നു അത്. ഇതേ മോഡലുകളുടെ പാക്ക് 2, പാക്ക് 3 വകഭേദങ്ങളെ 79കിലോവാട്ട് ബാറ്ററി ഓപ്ഷനില്‍ പുറത്തിറക്കാനിരിക്കുന്നതേയുള്ളൂ. ഇത് ജനുവരിയില്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷ.
കിയ സിറോസ്
ഇന്ത്യയിലെ എസ് യു വി വിപണിയില്‍ പുതിയ തരംഗം സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്ന വാഹനമാണ് കിയ സിറോസ്. വാര്‍ത്തകളില്‍ സിറോസ് നിറഞ്ഞെങ്കിലും ഇതുവരെ കിയ സിറോസിനെ ഔദ്യോഗികമായി പുറത്തിറക്കിയിട്ടില്ല. 30 ഇഞ്ച് ഡിസ്പ്ലേ, പിന്നിലും വെന്റിലേറ്റഡ് സീറ്റുകള്‍, ഫ്ളഷ് ഡോര്‍ ഹാന്‍ഡില്‍, ഓവര്‍ ദ എയര്‍ അപ്ഡേറ്റുകള്, ലെവല്‍ 2 അഡാസ് സുരക്ഷ എന്നിങ്ങനെ കിടിലന്‍ ഫീച്ചറുകളുമായാണ് സിറോസിന്റെ വരവ്. ജനുവരിയില്‍ സിറോസിനെ കിയ ഔദ്യോഗികമായി പരിചയപ്പെടുത്തുമെന്ന് പ്രതീക്ഷിക്കാം.
ടാറ്റ ഹാരിയര്‍ ഇവി, ടാറ്റ സഫാരി ഇവി
ടാറ്റ മോട്ടോഴ്സിന്റെ പോസ്റ്റര്‍ വാഹനങ്ങളായ ഹാരിയറിന്റേയും സഫാരിയുടേയും വൈദ്യുത പതിപ്പുകള്‍ ജനുവരിയില്‍ പ്രതീക്ഷിക്കാം. ഹാരിയര്‍ ഇവിയും സഫാരി ഇവിയും ഏറെക്കാലമായി ടാറ്റ ടെസ്റ്റ് ഡ്രൈവ് നടത്തുന്നുണ്ട്. ടാറ്റയുടെ മികച്ച പ്രതികരണം നേടിയ മോഡലുകളായതിനാല്‍ തന്നെ ഹാരിയറിന്റേയും സഫാരിയുടേയും ഇവി മോഡലുകളിലും വലിയ പ്രതീക്ഷ ടാറ്റക്കും ഉപഭോക്താക്കള്‍ക്കുമുണ്ട്. ഡ്യുവല്‍ മോട്ടോര്‍ ഓള്‍വീല്‍ഡ്രൈവ് ഓപ്ഷനിലും ഹാരിയര്‍ ഇവിയും സഫാരി ഇവിയും എത്തും.
മാരുതി സുസുക്കി ഇ വിറ്റാര
മാരുതി സുസുക്കി ഒടുവില്‍ വൈദ്യുത കാര്‍ വിപണിയിലേക്ക് കാലെടുത്തുവെക്കുന്നതിനും ജനുവരി സാക്ഷിയാവും. അവരുടെ ആദ്യ ഇവി ഇവിറ്റാര 2025 ഭാരത് മൊബിലിറ്റി എക്സ്പോയിലാണ്(ജനുവരി 17-22) പുറത്തിറക്കുക. 2025ല്‍ തന്നെ ഇതേ മോഡലിന്റെ ടൊയോട്ടയുടെ ബ്രാന്‍ഡ് എന്‍ജിനീയറിങ് വകഭേദവും പുറത്തിറങ്ങും. യൂറോപിലും ജപ്പാനിലും പുറത്തിറങ്ങിയ ശേഷമാവും ഇന്ത്യന്‍ റോഡുകളിലേക്ക് ഇ വിറ്റാരയെത്തുകയെന്നും സൂചനകളുണ്ട്.
മെഴ്സിഡീസ് ബെന്‍സ് ജി 580
പ്രീമിയം വിഭാഗത്തില്‍ ജനുവരിയില്‍ പുറത്തിറങ്ങുന്ന വാഹനമാണ് മെഴ്സിഡീസ് ബെന്‍സ് ജി 580. ഇലക്ട്രിക് ജി എന്ന പേരിലും അറിയപ്പെടുന്ന ഈ വാഹനം ജനുവരി ഒമ്പതിനാണ് പുറത്തിറങ്ങുക. സാധാരണ ജി ക്ലാസ് ബെന്സിലേതു പോലുള്ള ഇന്റീരിയറാവും ഇലക്ട്രിക് ജിയിലും ഉണ്ടാവുക. നാല് ഇലക്ട്രിക് മോട്ടോറുകളുള്ള വാഹനത്തില്‍ ഓള് വീല്‍ ഡ്രൈവ് സംവിധാനവുമുണ്ടാവും. 579ബിഎച്ച്പി കരുത്തും പരമാവധി 1164 എന്‍എം ടോര്‍ക്കും പുറത്തെടുക്കും. പൂജ്യത്തില്‍ നിന്നും മണിക്കൂറില്‍ നൂറു കിലോമീറ്റര്‍ വേഗതയിലേക്കെത്താന്‍ അഞ്ച് സെക്കന്‍ഡു മതി. പരമാവധി വേഗത മണിക്കൂറില്‍ 180 കിലോമീറ്റര്‍.