ഇ വിറ്റാര, പുതിയ ബ്രെസ, ബലേനോ; മാരുതിയുടെ ഈ വർഷം സംഭവ ബഹുലം
Mail This Article
ഇന്ത്യയിലെ ജനകീയ കാര്‍ വിപണിയുടെ ചരിത്രം തുടങ്ങുന്നതും തുടരുന്നതും മാരുതി സുസുക്കിയിലൂടെയാണ്. ഇന്നും ഇന്ത്യന്‍ കാര്‍ വിപണിയില്‍ 42 ശതമാനം കാറുകളും മാരുതി സുസുക്കിയാണ് വില്‍ക്കുന്നത്. ചെറുകാറുകളില്‍ നിന്നും കൂടുതല്‍ പ്രീമിയം കാറുകളെന്ന വിപണിയുടെ ആവശ്യം അറിഞ്ഞുകൊണ്ട് മാരുതി സുസുക്കിയും കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി അവരുടെ തന്ത്രങ്ങള്‍ മാറ്റിയിട്ടുണ്ട്. 2025ല്‍ ഏതൊക്കെ മോഡലുകളാണ് പുറത്തിറക്കുകയെന്നത് മാരുതി സുസുക്കി ഏത് മേഖലയിലേക്കാണ് കൂടുതല്‍ ശ്രദ്ധിക്കുന്നത് എന്നതിന്റെ കൂടി സൂചനയാവുന്നുണ്ട്.
ഇന്നും ചെറു/ മൈക്രോ കാറുകളില്‍ വലിയ വിപണി വിഹിതമുള്ള കമ്പനിയാണ് മാരുതി സുസുക്കി. എന്നാല്‍ വിപണി മൊത്തത്തില്‍ ചെറുകാറുകളില്‍ നിന്നും കൂടുതല്‍ വലിയ കാറുകളിലേക്ക് മാറിയതോടെയാണ് മാരുതി സുസുക്കിക്കും മാറ്റങ്ങള്‍ വരുത്തേണ്ടി വന്നത്. 2024ല്‍ ജനപ്രിയ മോഡലുകളായ സ്വിഫ്റ്റിനും ഡിസയറിനും കാലാനുസൃത മാറ്റങ്ങളോടെ പുതു രൂപത്തില്‍ മാരുതി സുസുക്കി അവതരിപ്പിച്ചിരുന്നു. 2025ല്‍ വൈദ്യുതി വാഹന രംഗത്തേക്കു കൂടി ചുവടുവെക്കുന്ന മാരുതി സുസുക്കിയുടെ പ്രധാന കാര്‍ ലോഞ്ചുകള്‍ ഏതെല്ലാമെന്നു നോക്കാം.
ഇ വിറ്റാര
ജനുവരിയില്‍ തന്നെയാണ് മാരുതി സുസുക്കിയുടെ ഈ വര്‍ഷത്തെ സുപ്രധാന മോഡലായ ഇ വിറ്റാര പുറത്തിറങ്ങുന്നത്. ജനുവരി 17ന് ഭാരത് മൊബിലിറ്റി എക്സ്പോയില്‍ മാരുതി സുസുക്കിയുടെ ആദ്യ വൈദ്യുക കാറായ ഇ വിറ്റാര ഇന്ത്യയില്‍ അവതരിപ്പിക്കും. ഇ വിറ്റാര നിരത്തിലെത്തുന്ന ആദ്യ വിപണിയാവും ഇന്ത്യയിലേത്. ഗുജറാത്തിലെ സുസുക്കി ഫാക്ടറിയിലാണ് ഇ വിറ്റാര നിര്‍മിക്കുക.
നാലുമീറ്ററിലേറെ വലിപ്പമുള്ള വാഹനമാണ് ഇ വിറ്റാര. 4,275എംഎം നീളവും 1,800എംഎം വീതിയും 1,635എംഎം ഉയരവുമുള്ള ഇ വിറ്റാരയുടെ വീല്‍ ബേസ് 2,700എംഎം ആണ്. 49kWh, 61kWh എന്നിങ്ങനെ രണ്ട് ബാറ്ററി ഓപ്ഷനുകള്‍. ആദ്യ ബാറ്ററിയില്‍ 2വീല്‍ ഡ്രൈവ് മാത്രമെങ്കില്‍ കൂടുതല്‍ വലിയ രണ്ടാമത്തെ ബാറ്ററി ഓപ്ഷനില്‍ 2 വീല്‍/ ഓള് വീല്‍ ഡ്രൈവ് ഓപ്ഷനുകളുമുണ്ടാവും. 49 കിലോവാട്ട് ബാറ്ററി 142 ബിഎച്ച്പി കരുത്തും 189എന്‍എം ടോര്‍ക്കും പുറത്തെടുക്കും. 61കിലോവാട്ട് ബാറ്ററി 172ബിഎച്ച്പി കരുത്തും 189എന്‍എം ടോര്‍ക്കും പുറത്തെടുക്കും. ഓള് വീല്‍ ഡ്രൈവിലാണെങ്കില് കരുത്ത് 181ബിഎച്ച്പിയും പരമാവധി ടോര്‍ക്ക് 300എന്‍എമ്മും ആയി ഉയരും.
ഗ്രാന്‍ഡ് വിറ്റാര 7 സീറ്റര്‍
മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാരയുടെ 7 സീറ്റര്‍ മോഡലാണ് 2025 കാത്തിരിക്കുന്ന മറ്റൊരു മോഡല്‍. 2022 സെപ്തംബറില്‍ പുറത്തിറങ്ങിയ ഗ്രാന്‍ഡ് വിറ്റാര 22 മാസം കൊണ്ട് 2 ലക്ഷം യൂണിറ്റുകള്‍ വിറ്റ് ചരിത്രം സൃഷ്ടിച്ചിരുന്നു. ഗ്രാന്‍ഡ് വിറ്റാര 7 സീറ്റര്‍ ടെസ്റ്റ് ഡ്രൈവ് ചെയ്യുന്ന ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇതുവരെ 7 സീറ്റര്‍ ഗ്രാന്‍ഡ് വിറ്റാരയുടെ വിശദാംശങ്ങള്‍ കമ്പനി ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. എങ്കിലും ഹെട്രോള്, ഹൈബ്രിഡ്, സിഎന്‍ജി പവര്‍ട്രെയിനുകള്‍ പ്രതീക്ഷിക്കാം. ഹ്യുണ്ടേയ് അല്‍കസാര്‍, മഹീന്ദ്ര എക്സ് യു വി 700, ടാറ്റ സഫാരി എന്നീ മൂന്നു നിര വാഹനങ്ങളുമായിട്ടാവും പ്രധാന മത്സരം.
മുഖം മിനുക്കി ബലേനോ
2022ലാണ് ബലേനോക്ക് അവസാനമായി അപ്ഡേഷന് ലഭിച്ചത്. മൂന്നു വര്‍ഷത്തിനു ശേഷം വീണ്ടും മുഖം മിനുക്കി ബലേനോ എത്തുന്നത് 2025ലാണ്. ഡിസൈനില്‍ മാത്രമല്ല എന്‍ജിനിലും മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടെന്നതാണ് പ്രധാന സവിശേഷത. Z സീരീസ് നാച്ചുറലി അസ്പയേഡ് 3 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനായിരിക്കും പുതിയ ബലേനോക്ക് ലഭിക്കുക. നാലാംതലമുറ സ്വിഫ്റ്റിന് 2024 മെയില്‍ മാരുതി സുസുക്കി ഇതേ എന്ജിന് നല്‍കിയിരുന്നു. ബലേനോയുടെ ഈ എന്ജിന് ഹൈബ്രിഡായതിനാല്‍ തന്നെ കൂടുതല്‍ മികച്ച ഇന്ധനക്ഷമത പ്രതീക്ഷിക്കാം.
മുഖം മിനുക്കി ബ്രസ
2022 പകുതിയില്‍ മാറ്റങ്ങളോടെ എത്തിയ ബ്രസ കൂടുതല്‍ മാറ്റങ്ങളോടെ ഈ വര്‍ഷമെത്തും. മാരുതി സുസുക്കിയുടെ കൂടുതല്‍ വില്പനയുള്ള മോഡലുകളിലൊന്നാണ് ഈ കോംപാക്ട് എസ് യു വി. എങ്കിലും കാലാനുസൃത മാറ്റങ്ങളുമായി എത്തിയില്ലെങ്കില്‍ എതിരാളികള്‍ വെല്ലുവിളിയാവുമെന്ന തിരിച്ചറിവില്‍ നിന്നാണ് ബ്രസക്ക് ഫേസ്ലിഫ്റ്റ് മോഡല്‍ വരുന്നത്. കൂടുതല്‍ വലിയ ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, ഫുള്ളി ഡിജിറ്റല്‍ ഡ്രൈവേഴ്സ് ഡിസ്പ്ലേ, വെന്റിലേറ്റഡ് ആന്റ് പവേഡ് മുന്‍ സീറ്റുകള്‍, സ്റ്റാന്‍ഡേഡായി 6 എയര്‍ബാഗുകള്‍ എന്നിവ പ്രതീക്ഷിക്കാം.