വിപണി പിടിച്ച് ബജാജും ടിവിഎസും മൂന്നാമനായി ഒല; ഇലക്ട്രിക് സ്കൂട്ടർ വിപണി എങ്ങോട്ട്
Mail This Article
ഇന്ത്യന്‍ ഇലക്ട്രിക് സ്കൂട്ടര്‍ വിപണിയില്‍ മാറ്റത്തിന്റെ മുഴക്കവുമായി ബജാജ് ഓട്ടോയുടേയും ടിവിഎസ് മോട്ടോഴ്സിന്റേയും കുതിപ്പ്. ഇന്ത്യയില്‍ വൈദ്യുത സ്കൂട്ടര്‍ തരംഗം സൃഷ്ടിച്ച ഒല ഇലക്ട്രിക്കിന് ഈ കുതിപ്പിനൊടുവില്‍ മൂന്നാം സ്ഥാനത്തേക്കു താഴേണ്ടി വന്നു. ഡിസംബറിലെ ഇന്ത്യയിലെ വൈദ്യുത സ്കൂട്ടര്‍ വില്പനയുടെ കണക്കുകള്‍ പുറത്തുവന്നപ്പോഴാണ് ബജാജ് ഓട്ടോ ഒന്നാം സ്ഥാനവും ടിവിഎസ് മോട്ടോഴ്സ് രണ്ടാം സ്ഥാനവും നേടിയിരിക്കുന്നത്. കഴിഞ്ഞ എട്ടുമാസത്തെ ഏറ്റവും കുറഞ്ഞ ഇലക്ട്രിക് ഇരുചക്രവാഹന വില്പനയാണ് ഡിസംബറില്‍(73,363 യൂണിറ്റ്) നടന്നതെന്നതും ശ്രദ്ധേയമാണ്.
നവംബറിനെ(1,19,671) അപേക്ഷിച്ച് 38.7 ശതമാനമാണ് ഇന്ത്യയിലെ ഇവി സ്കൂട്ടര്‍ വില്പനയില് ഡിസംബറില്‍ ഇടിവുണ്ടായിരിക്കുന്നത്. 2023 ഡിസംബറിനെ(75,945) അപേക്ഷിച്ച് മൂന്നു ശതമാനം കുറവും വില്പനയിലുണ്ടായി. ആകെ ഇലക്ട്രിക് സ്കൂട്ടറുകളുടെ റജിസ്ട്രേഷന്റെ കണക്കു നോക്കിയാല്‍ 2024ല്‍ 11.48 ലക്ഷം ഇലക്ട്രിക്ക് സ്കൂട്ടറുകളാണ് ഇന്ത്യയില്‍ റജിസ്റ്റര്‍ ചെയ്തത്. 2023ലെ 8.60 ലക്ഷം യൂണിറ്റിനെ അപേക്ഷിച്ച് 34 ശതമാനം കൂടുതലാണിത്. 2024ല്‍ ഏറ്റവും കൂടുതല്‍ ഇലക്ട്രിക് സ്കൂട്ടര്‍ വില്പന നടന്ന മാസം മാര്ച്ചാണെങ്കില്(1,40,340 യൂണിറ്റ്) കുറവ് വില്പന നടന്നത് ഏപ്രിലിലാണ്(65,551 യൂണിറ്റ്).
ഇന്ത്യന്‍ ഇലക്ട്രിക് വിപണില്‍ അടിവെച്ചടിവെച്ചുള്ള മുന്നേറ്റമാണ് ബജാജ് ചേതക്കും ടിവിഎസും നടത്തുന്നത്. 2024 ഡിസംബറില്‍ 18,276 യൂണിറ്റുകള്‍ വിറ്റാണ് ബജാജ് ചേതക് ഒന്നാം സ്ഥാനത്തേക്കെത്തിയത്. രണ്ടാമതുള്ള ടിവിഎസ് ഐക്യൂബ് 17,212 യൂണിറ്റുകള്‍ വിറ്റു. അതേസമയം മൂന്നാമതുള്ള ഒല ഇലക്ട്രിക്കിനാണവട്ടെ 13,769 യൂണിറ്റ് സ്കൂട്ടറുകളാണ് ഡിസംബറില്‍ വില്‍ക്കാനായത്.
2020ലാണ് ബജാജ് ഓട്ടോ ഇലക്ട്രിക് സ്കൂട്ടറായി ചേതക്കിനെ അവതരിപ്പിച്ചത്. എന്നാല്‍ കോവിഡിനെ തുടര്‍ന്നുള്ള പ്രതിസന്ധിയില്‍ ചേതക്കിന് അത്ര സ്വീകാര്യത ലഭിച്ചില്ല. എന്നാല്‍ പതിയെ പതിയെ ഉപഭോക്താക്കളുടെ വിശ്വാസ്യത നേടിയെടുത്ത ബജാജ് ചേതക്ക് 2024 സെപ്തംബറില്‍ വില്പനയില് ടിവിഎസ് ഐക്യൂബിനേയും മറികടന്നു. ഇപ്പോഴിതാ ഡിസംബറിലെ വില്പനയില് ഒന്നാം സ്ഥാനത്തേക്കുമെത്തിയിരിക്കുന്നു.
2024ലെ ആകെ ഇലക്ട്രിക് സ്കൂട്ടര്‍ വില്പനയില് ബജാജ് ഓട്ടോ മൂന്നാം സ്ഥാനത്താണ്. ഏഥര്‍ എനര്‍ജിയെ മറികടന്നാണ് ഈ നേട്ടമെന്നതും ശ്രദ്ധേയമാണ്. ഈ വര്‍ഷം 1,93,439 യൂണിറ്റ് ഇലക്ട്രിക് സ്കൂട്ടറുകള് വില്ക്കാന് ബജാജിനായി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 169 ശതമാനമാണ് വില്പന വളര്‍ച്ച. ടിവിഎസ് മോട്ടോറിനും പുതിയ കണക്കുകളില്‍ സന്തോഷിക്കാന്‍ വകയുണ്ട്. 2024ല്‍ 2,20,472 യൂണിറ്റ് ഇലക്ട്രിക് സ്കൂട്ടറുകള് വില്ക്കാന് ടിവിഎസിനായി. ഡിസംബറിലെ വിപണി വിഹിതം നോക്കിയാല്‍ ചേതക്കിന് 25 ശതമാനമെങ്കില്‍ ടിവിഎസ് മോട്ടോറിന് 23 ശതമാനമുണ്ട്.
ഒല ഇലക്ട്രിക്കിന് അത്ര മികച്ച വര്ഷമായിരുന്നില്ലെന്നു മാത്രമല്ല വന്‍ വീഴ്ച്ചയെന്നു വിളിക്കാവുന്ന പ്രകടനമായിരുന്നു 2024ല്‍ ഒലയുടേത്. വിപണിയിലെ വില്പന വിഹിതം 50 ശതമാനത്തിലും കൂടുതലുണ്ടായിരുന്ന ഒലക്ക് 2024ല്‍ ഇന്ത്യന്‍ ഇലക്ട്രിക് സ്കൂട്ടര്‍ വിപണിയില്‍ 19 ശതമാനം മാത്രമേ അവകാശപ്പെടാനുള്ളൂ. ഡിസംബറില്‍ ആകെ 13,769 ഇലക്ട്രിക് സ്കൂട്ടറുകള് മാത്രമാണ് ഒലക്ക് ഇന്ത്യയില്‍ വില്‍ക്കാനായത്. എങ്കിലും 2024ലെ ആദ്യമാസങ്ങളിലെ മികച്ച പ്രകടനത്തിന്റെ സഹായത്തില്‍ ആകെ വില്പനയുടെ കണക്കില്‍ 4,07,547 യൂണിറ്റോടെ ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ ഒല ഇലക്ട്രിക്കിന് സാധിച്ചു.