സ്ക്വിഡ് ഗെയിമിലെ പാട്ടിനൊപ്പം വാഹനത്തിൽ യുവാക്കളുടെ അഭ്യാസം; കനത്ത പിഴ ചുമത്തി
Mail This Article
എത്രയെത്ര നടപടികൾ എടുത്താലും പിഴയടപ്പിച്ചാലും പൊതുനിരത്തുകളിലെ അഭ്യാസങ്ങൾക്കു യാതൊരു അറുതിയുമില്ല. ഇത്തരം പ്രകടനങ്ങൾ തുടർന്നു കൊണ്ടേയിരിക്കുന്നു. സമൂഹ മാധ്യമങ്ങളിൽ വൈറലാകാനാണ് ഈ അഭ്യാസങ്ങളിലേറെയും എന്നതാണ് എടുത്തുപറയേണ്ടത്. കഴിഞ്ഞ ദിവസവും അത്തരത്തിലൊരു കാഴ്ച സമൂഹ മാധ്യമങ്ങളിൽ പങ്കുവെയ്ക്കപ്പെട്ടു. ഉത്തർപ്രദേശിലെ നോയിഡയിലാണ് സംഭവം നടന്നത്. ദൃശ്യങ്ങൾ വൈറലായതോടെ അധികൃതർ ഇടപ്പെട്ടു എന്നു മാത്രമല്ല, സംഭവത്തിൽ ഉൾപ്പെട്ട വാഹനത്തിന്റെ ഉടമയ്ക്ക് 33000 രൂപ പിഴയായി ചുമത്തുകയും ചെയ്തു.
സൂപ്പർഹിറ്റ് കൊറിയൻ സീരീസായ സ്ക്വിഡ് ഗെയിമിലെ പാട്ടിനൊപ്പമായിരുന്നു യുവാക്കളുടെ അഭ്യാസം. ഡൽഹി രജിസ്ട്രേഷനിലുള്ളതാണ് യുവാക്കളുടെ പ്രകടനങ്ങൾക്കു വേദിയായ ടൊയോട്ട ഫോർച്യൂണർ. ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിനു മുൻഭാഗത്തെ ചില്ലിനു മുകളിലായാണ് ഒരു യുവാവ് ഇരിക്കുന്നത്. മറ്റു രണ്ടുപേർ മുൻവശത്തെ ഡോറിനു സമീപം നിൽക്കുകയായിരുന്നു. രാത്രി സമയത്ത്, ഒരു റൗണ്ട് എബൗട്ടിലാണ് ഈ അഭ്യാസങ്ങൾ അരങ്ങേറിയത്. വിഡിയോ സമൂഹ മാധ്യമങ്ങളിൽ വളരെ പെട്ടെന്ന് തന്നെ വൈറലായതോടെ നോയിഡ പൊലീസിന്റെ ശ്രദ്ധയിലും എത്തി. ഉടൻ തന്നെ നടപടികൾ കൈക്കൊള്ളുകയും ചെയ്തു.
അപകടകരമായ രീതിയിൽ വാഹനമോടിക്കുക, നിയമ ലംഘനം, ഇൻഷുറൻസ് ഇല്ല, ഗ്ലാസുകളിൽ സൺഫിലിം ഒട്ടിച്ച് വാഹനമോടിച്ചു, സീറ്റ് ബെൽറ്റ് ധരിച്ചില്ല തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് വാഹനമുടമയ്ക്കു 33000 രൂപ പിഴ ചുമത്തിയത്. ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ യുവാക്കൾക്കെതിരെ രൂക്ഷമായ ഭാഷയിലാണ് നെറ്റിസൺസിന്റെ പ്രതികരണം.