കെഎസ്ആർടിസി കൊക്കയിലേക്ക് മറിഞ്ഞ അപകടം; ബസുകളുടെ ബ്രേക് പെട്ടെന്ന് നഷ്ടമാകുമോ?
Mail This Article
കുട്ടിക്കാനത്തെ അപകടത്തിന് കാരണം ബ്രേക് പിടിച്ചത് കിട്ടാത്തതാണ് എന്നാണ് കെഎസ്ആർടിസി ബസിന്റെ ഡ്രൈവർ പറയുന്നത്. ഇറക്കം ഇറങ്ങി വരുന്നതിനിടെ ബ്രേക് ചവിട്ടിയിട്ട് കിട്ടിയിലെത്തെന്നും ഗിയർ ഡൗൺ ചെയ്ത് വാഹനം നിർത്താൻ ശ്രമിച്ചെങ്കിലും നിയന്ത്രണം നഷ്ടമായി എന്നും ഡ്രൈവർ പറയുന്നു. എന്നാൽ ബസുകളുടെ ബ്രേക് പെട്ടെന്ന് നഷ്ടപ്പെടുന്നതാണോ? ഒന്നു പരിശോധിക്കാം.
ബസുകളും ലോറികളുമടക്കമുള്ള വലിയ വാഹനങ്ങളിൽ എയർബ്രേക് ആണ് ഉപയോഗിക്കുന്നത്. പെട്ടെന്ന് പ്രവർത്തനം നിലയ്ക്കാത്ത രീതിയിലാണ് ഇവയുടെ നിർമാണം. ചെറു വാഹനങ്ങളിൽ ഉപയോഗിക്കുന്ന ഫ്‌ളൂയിഡ് ചോര്‍ന്നു പോയാല്‍ ഫ്‌ളൂയിഡ് ബ്രേക്കുകളില്‍ ബ്രേക്ക് ഇല്ലാത്ത അവസ്ഥ വരും. ഇത് ഭാരമേറിയ വലിയ വാഹനങ്ങളിലുണ്ടായാല്‍ വലിയ അപകടങ്ങള്‍ക്ക് കാരണമാവും. ഇനി എയര്‍ബ്രേക്കിലാണെങ്കില്‍ ചെറിയ തോതില്‍ വായു ചോര്‍ന്നാലും പ്രശ്‌നമില്ല. എയർ കംപ്രസറിയിൽ നിന്ന് വായു വീണ്ടും ബ്രേക് റിസർവോയറിലെത്തും. പഴയ വാഹനങ്ങളിൽ എയർബ്രേക്കിനായി ഒരു എയർടാങ്കാണ് ഉപയോഗിച്ചിരുന്നത്, എന്നാൽ നിലവിൽ മുൻ പിൻ ടയറുകൾക്കായി രണ്ടു എയർടാങ്കുകൾ ഉപയോഗിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഒന്നിൽ ചോർച്ചയുണ്ടായലും മറ്റൊന്ന് പ്രവർത്തിക്കാനാകും.
ഹൈറേഞ്ചിലെ ഇറക്കത്തിൽ ടോപ് ഗിയർ വേണ്ട
ശ്രദ്ധിക്കണം, ഇതു ഹൈറേഞ്ചാണ്, മുന്നറിയിപ്പ് വെറുംവാക്കല്ല. ഇതര ജില്ലകളിൽ നിന്ന് എത്തുന്നവർക്ക് മുന്നറിയിപ്പ് നൽകിയാലും ഹൈറേഞ്ചിലൂടെയുള്ള ഡ്രൈവിങ് പലപ്പോഴും അപകടകരമാകുന്നുണ്ട്. നിരപ്പായ റോഡുകളിൽ മാത്രം ഡ്രൈവിങ് നടത്തിയിട്ടുള്ള ഡ്രൈവർമാർ ഗിയർ ഡൗൺ ചെയ്യാതെ ഇറക്കം ഇറങ്ങി വരുന്നതാണ് അപകടത്തിനു പ്രധാന കാരണം. ടോപ് ഗിയറിൽ ഇറക്കം ഇറങ്ങി വരുമ്പോൾ ബ്രേക്ക് ഡ്രം ചൂടാവുകയും ലൈനർ പിടിക്കാതെ വരികയും ചെയ്യുമ്പോഴാണ് ബ്രേക്ക് നഷ്ടമാകുന്നത്. ബ്രേക്ക് ഫേഡ് എന്ന് പറയപ്പെടുന്ന അവസ്ഥയാണ് ഇതിന് കാരണം. ഇന്നലെ അപകടത്തിൽപെട്ട കെഎസ്ആർടിസി ബസിനും ഈ അവസ്ഥയാണോ ഉണ്ടായതെന്നും പരിശോധിച്ചു വരികയാണ്. കയറ്റം കയറാൻ ഉപയോഗിക്കുന്ന അതേ ഗിയർ തന്നെ ഇറക്കത്തിലും ഉപയോഗിക്കുന്നതാണ് ഉചിതം.
എന്താണ് എയർ ബ്രേക് പ്രവർത്തനം?
നമ്മുടെ ബൈക്കുകളിലും കാറുകളിലും ഹൈഡ്രോളിക് ബ്രേക്കുകളാണെങ്കില്‍ വലിയ ട്രക്കുകളിലും ബസുകളിലുമെല്ലാം എയര്‍ബ്രേക്കുകളാണ് സാധാരണ ഉപയോഗിക്കാറ്. എന്തുകൊണ്ടാണ് വലിയ വാഹനങ്ങളില്‍ എയര്‍ബ്രേക്ക് ഉപയോഗിക്കുന്നത്? എയര്‍ബ്രേക്ക് സംവിധാനത്തിന്റെ പ്രവര്‍ത്തനം എങ്ങനെ? എയര്‍ബ്രേക്കിന്റെ പ്രധാന ഭാഗങ്ങള്‍ എന്തൊക്കെ? എന്നതും അറിയാം.
1872ല്‍ ജോര്‍ജ് വെസ്റ്റിങ്ഹൗസ് എന്ന അമേരിക്കന്‍ എന്‍ജിനീയറാണ് ഇന്ന് ഉപയോഗിക്കുന്ന തരത്തിലുള്ള എയര്‍ ബ്രേക്ക് സംവിധാനം കണ്ടെത്തിയത്. അതും ട്രെയിനില്‍ ഉപയോഗിക്കാന്‍ വേണ്ടിയായിരുന്നു ജോര്‍ജ് എയര്‍ബ്രേക്ക് കണ്ടെത്തിയത്. വായു ചോര്‍ന്നു പോയാല്‍ തന്നെ ബ്രേക്ക് ആയി നില്‍ക്കുമെന്നതിനാല്‍ സേഫര്‍ എയര്‍ബ്രേക്ക് എന്നായിരുന്നു വിളിച്ചിരുന്നത്. ഈയൊരു അധിക സുരക്ഷയാണ് ഇന്നും എയര്‍ബ്രേക്കുകളെ ട്രക്കുകളിലും ബസുകളിലുമെല്ലാം ഉപയോഗിക്കുന്നതിനു പിന്നിലെ പ്രധാന കാരണം.
എയര്‍ബ്രേക്ക് = സുരക്ഷ
വലിയ വാഹനങ്ങളില്‍ എന്തുകൊണ്ടാണ് എയര്‍ബ്രേക്ക് ഉപയോഗിക്കുന്നതെന്ന സംശയം എല്ലാവര്‍ക്കും തോന്നാം. നമ്മുടെ ബൈക്കുകളിലും കാറുകളിലുമെല്ലാം ഫ്‌ളൂയിഡ് ബ്രേക്കുകളാണ് ഉപയോഗിക്കുന്നത്. ആയിരക്കണക്കിന് കിലോഗ്രാം ഭാരമുള്ള വാഹനങ്ങളെ നിര്‍ത്താന്‍ വേണ്ട കരുത്ത് ഹൈഡ്രോളിക് ബ്രേക്കിനില്ലെന്നതാണ് ഒരു കാരണം.
എങ്കിലും പ്രധാന കാരണം സുരക്ഷ തന്നെയാണ്. ഫ്‌ളൂയിഡ് ചോര്‍ന്നു പോയാല്‍ ഫ്‌ളൂയിഡ് ബ്രേക്കുകളില്‍ ബ്രേക്ക് ഇല്ലാത്ത അവസ്ഥ വരും. ഇത് ഭാരമേറിയ വലിയ വാഹനങ്ങളിലുണ്ടായാല്‍ വലിയ അപകടങ്ങള്‍ക്ക് കാരണമാകും. ഇനി എയര്‍ബ്രേക്കിലാണെങ്കില്‍ ചെറിയ തോതില്‍ വായു ചോര്‍ന്നാലും പ്രശ്‌നമില്ല. വലിയ തോതില്‍ വായു ചോര്‍ന്നാല്‍ താനേ ബ്രേക്ക് അപ്ലൈ ചെയ്യുകയും ചെയ്യും.
പ്രവര്‍ത്തനം
കംപ്രസ്ഡ് എയറിന്റെ ശക്തിയിലാണ് എയര്‍ബ്രേക്ക് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടാണ് എയര്‍ ബ്രേക്കിന് കംപ്രസ്ഡ് എയര്‍ ബ്രേക്ക് സിസ്റ്റം എന്നും പേരുള്ളത്. ഹൈഡ്രോളിക് ബ്രേക്കില്‍ ഹൈഡ്രോളിക് ഫ്‌ളൂയിഡാണ് ഉപയോഗിക്കുന്നതെങ്കില്‍ എയര്‍ബ്രേക്കില്‍ കംപ്രസ്ഡ് എയര്‍ ആണെന്ന വ്യത്യാസം മാത്രം.
സാധാരണ ബ്രേക്കുകളെ അപേക്ഷിച്ച് വേഗത്തില്‍ വാഹനം നിര്‍ത്താനും എയര്‍ബ്രേക്കുകള്‍ക്ക് സാധിക്കും. അതുകൊണ്ടാണ് ഭാരമേറിയ വാഹനങ്ങളില്‍ എയര്‍ ബ്രേക്ക് എന്ന മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഈ മുന്നറിയിപ്പ് അവഗണിച്ചുകൊണ്ട് വലിയ വാഹനങ്ങളില്‍ നിന്നും വേണ്ട അകലം പാലിച്ചില്ലെങ്കില്‍ പെട്ടെന്നു ബ്രേക്കിടുമ്പോള്‍ ഹൈഡ്രോളിക് ബ്രേക്ക് ഉപയോഗിക്കുന്ന കാറുകളും ബൈക്കുകളുമെല്ലാം ഇവയ്ക്കു പിന്നില്‍ ഇടിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഹൈഡ്രോളിക് ബ്രേക്ക് അപ്ലൈ ചെയ്താലും വാഹനം നില്‍ക്കാന്‍ കൂടുതല്‍ സമയം വേണ്ടി വരുമെന്നതാണ് കാരണം.
പ്രധാന ഭാഗങ്ങള്‍
എയര്‍ബ്രേക്ക് ഉപയോഗിക്കുന്ന വാഹനങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ക്ക് അതിന്റെ പ്രധാന ഭാഗങ്ങളെക്കുറിച്ചും അവയുടെ പ്രവര്‍ത്തനത്തെക്കുറിച്ചുമെല്ലാം സാമാന്യ ധാരണ നല്ലതാണ്. വലിയ സമ്മര്‍ദം എയര്‍ ബ്രേക്കുകള്‍ ഉപയോഗിക്കുമ്പോള്‍ ഉണ്ടാവാറുണ്ട്. അതുകൊണ്ടുതന്നെ ആദ്യമാദ്യം ഉപയോഗിക്കുന്നവര്‍ക്ക് ഇത്തരം ബ്രേക്കുകള്‍ പരുക്കനാണെന്ന തോന്നലും ഉണ്ടാവാം. എയര്‍ ബ്രേക്കിന്റെ ഭാഗങ്ങള്‍ ഏതെല്ലാമെന്നു നോക്കാം.
കംപ്രസര്‍
എയര്‍ കംപ്രസര്‍ എന്‍ജിന്റെ സഹായത്തിലോ ബെല്‍റ്റ് ഉപയോഗിച്ചോ ആണ് പ്രവര്‍ത്തിക്കുന്നത്. എയര്‍ ബ്രേക്ക് ഉപയോഗിക്കാനാവശ്യമായ വായു മര്‍ദം ഉറപ്പിക്കുകയാണ് എയര്‍ കംപ്രസറിന്റെ ദൗത്യം. ഭൂരിഭാഗം കംപ്രസറുകളും വാഹനങ്ങളുടെ കൂളിങ്, ലൂബ്രിക്കേഷന്‍ സംവിധാനങ്ങള്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ ചില കംപ്രസറുകള്‍ സെല്‍ഫ് ലൂബ്രിക്കേറ്റോ എയര്‍ ഫില്‍റ്റര്‍ ഉപയോഗിച്ചുള്ള എയര്‍ കൂളോ എന്‍ജിന്‍ ഇന്‍ടേക്ക് സിസ്റ്റത്തിലെ എയര്‍ ഫില്‍റ്ററോ ഉപയോഗിക്കാറുണ്ട്.
റിസര്‍വോയര്‍
കംപ്രസര്‍ ഉയര്‍ന്ന മര്‍ദത്തിലാക്കുന്ന വായുവിനെ രണ്ടോ അധിലധികമോ ടാങ്കുകളിലാണ് ശേഖരിക്കുക. ഇത്തരം കംപ്രസ്ഡ് എയര്‍ സൂക്ഷിക്കുന്ന ടാങ്കുകളാണ് റിസര്‍വോയര്‍. റിസര്‍വോയറിലെ കംപ്രസ്ഡ് എയറാണ് ബ്രേക്കു ചവിട്ടുമ്പോള്‍ ബ്രേക്ക് ചേംബറിലേക്കെത്തി വാഹനം നിര്‍ത്താന്‍ സഹായിക്കുന്നത്. റിസര്‍വോയറുകളിള്‍ നിന്നും റിലേ വാല്‍വുകള്‍ വഴിയാണ് ചക്രങ്ങളിലെ ബ്രേക്കുകളിലേക്കെത്തുക.
ബ്രേക്ക് ചേംബര്‍
കംപ്രസ്ഡ് എയറിന്റെ കരുത്തിനെ യാന്ത്രിക ശക്തിയിലേക്കു മാറ്റുന്ന ഭാഗമാണ് ബ്രേക്ക് ചേംബര്‍. സര്‍വീസ് ബ്രേക്ക് ചേംബര്‍, സ്പ്രിങ് ബ്രേക്ക് ചേംബര്‍ എന്നിങ്ങനെ രണ്ടു തരത്തിലുള്ള ബ്രേക്ക് ചേംബറുകളുണ്ട്. ഇതില്‍ സര്‍വീസ് ബ്രേക്ക് ചേംബറാണ് ഫ്രണ്ട് വീലില്‍ വരുന്നത്. സര്‍വീസ് ബ്രേക്ക് ചേംബറിനൊപ്പം അധികമായൊരു സ്പ്രിങ് ചേംബറും കൂടി ചേര്‍ത്തതാണ് സ്പ്രിങ് ബ്രേക്ക് ചേംബര്‍. ഇത് പിന്നിലെ വീലുകളിലാണ് ഉപയോഗിക്കുന്നത്. ഇത് പ്രവര്‍ത്തിക്കാന്‍ വേണ്ട കംപ്രസ്ഡ് എയര്‍ വരുന്നത് ഫുട്ട് വാല്‍വില്‍ നിന്നല്ല. മറിച്ച് കണ്‍ട്രോള്‍ ലൈന്‍ എന്നു വിളിക്കുന്ന റിലേ വാല്‍വില്‍ നിന്നാണ് കംപ്രസ്ഡ് എയര്‍ എത്തുന്നത്. ഫൂട്ട് വാല്‍വില്‍ നിന്നും ഏറെ അകലത്തിലായിരിക്കും പിന്നിലെ ബ്രേക്കുകള്‍ എന്നതിനാലാണ് പിന്നില്‍ പ്രത്യേകം വാല്‍വുകള്‍ വെച്ചിരിക്കുന്നത്. ഇത് വേഗത്തില്‍ ബ്രേക്ക് അപ്ലൈ ചെയ്യാന്‍ സഹായിക്കുകയും ചെയ്യും. സ്പ്രിങ് ബ്രേക്ക് എമര്‍ജന്‍സി ബ്രേക്കിങിനു മാത്രമല്ല പാര്‍ക്കിങ് ബ്രേക്കായും ഉപയോഗിക്കുന്നു.
ബ്രേക്ക് ചവിട്ടുമ്പോള്‍ ഫ്രണ്ട് ചേംബറിലും പിന്നിലെ കണ്‍ട്രോള്‍ വാല്‍വിലും സൂക്ഷിക്കപ്പെടുന്ന വായു പിന്നീട് ബ്രേക്ക് പെഡലില്‍ നിന്നും കാലെടുക്കുമ്പോള്‍ പുറത്തേക്കു പോവാറുണ്ട്. ഇതാണ് വലിയ വാഹനങ്ങള്‍ ബ്രേക്ക് ചെയ്യുമ്പോള്‍ വായു പുറത്തേക്കു പോവുന്ന ശബ്ദം പുറത്തേക്കു വരാന്‍ കാരണം.
ബ്രേക്ക് ഷൂ ആന്റ് ഡ്രം
ബ്രേക്ക് ചവിട്ടുമ്പോള്‍ വാഹനം നിര്‍ത്താന്‍ കാരണമാവുന്ന പ്രവര്‍ത്തി ബ്രേക്ക് ഷൂ വഴിയാണ് നടക്കുന്നത്. ചക്രത്തിലെ ബ്രേക്ക് ഡ്രമ്മിനുള്ളിലാണ് ബ്രേക്ക് ഷൂവുള്ളത്. ബ്രേക്ക് ചവിട്ടുമ്പോള്‍ ബ്രേക്ക് ഷൂകള്‍ പരസ്പരം അകന്ന് ഡ്രമ്മില്‍ തട്ടിയാണ് ചക്രത്തിന്റെ വേഗം കുറയുന്നത്. ബ്രേക്ക് ഷൂവിന് പുറത്തുള്ള ബ്രേക്ക് ലൈനിങുകളാണ് വാഹനത്തെ നിര്‍ത്തുകയെന്ന ഉത്തരവാദിത്വം അവസാനഘട്ടത്തില്‍ നടപ്പിലാക്കുന്നത്.
ബ്രേക്ക് ലൈനിങ് ഉരഞ്ഞു തീരുന്നതിന് അനുസരിച്ച് സ്ലാക്ക് അഡ്ജസ്റ്റര്‍ എന്ന ലിവര്‍ സ്വയം മാറിയാണ് കൃത്യമായ ബ്രേക്കിങ് നടപ്പിലാക്കുന്നത്. ഈ ലിവറിന്റെ പ്രവര്‍ത്തനം ശരിയായില്ലെങ്കിലും എയര്‍ ബ്രേക്ക് സംവിധാനം തകരാറിലാവും. വായു ഉണ്ടെങ്കിലും ഇല്ലെങ്കിലും ബ്രേക്ക് പിടിക്കുമെന്ന് പറയുമ്പോഴും സ്ലാക്ക് അഡ്ജസ്റ്റര്‍ ലിവര്‍ തകരാറിലാണെങ്കില്‍ എയര്‍ ബ്രേക്ക് സിസ്റ്റത്തിലും ബ്രേക്ക് കിട്ടില്ലെന്നു ചുരുക്കം. അതുകൊണ്ടുതന്നെ സ്ലാക്ക് അഡ്ജസ്റ്ററിന്റെ പ്രവര്‍ത്തനം എയര്‍ ബ്രേക്ക് സിസ്റ്റത്തില്‍ പ്രധാനമാണ്.