യുവതിയുടെ അപകടമരണം ദാരുണം, ശ്രദ്ധയോടെ വേണം ബൈക്ക് യാത്ര; പാടില്ല ഈ കാര്യങ്ങൾ
Mail This Article
കോട്ടയത്ത് കഴിഞ്ഞ ദിവസം ടോറസിനടിയിൽ പെട്ട് യുവതിയുടെ ജീവൻ നഷ്ടപ്പെട്ടത് ഞെട്ടലോടെയാണ് നാം കേട്ടത്. വാഹനാപകടങ്ങളിൽ പലപ്പോഴും ജീവൻ നഷ്ടമാകുന്നത് ഇരുചക്രവാഹനത്തിന്റെ യാത്രികർക്കായിരിക്കും. ശ്രദ്ധിച്ച് ഉപയോഗിച്ചില്ലെങ്കിൽ അപകട സാധ്യത ഏറിയവയാണ് ഇരുചക്ര വാഹനങ്ങൾ. ഇടുക്കി, കോട്ടയം ജില്ലയിലായി മാത്രം കഴിഞ്ഞ ദിവസം 3 പേർ അപകടങ്ങളിൽ മരിച്ചു. ഇരുചക്ര വാഹനം ഓടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
∙ ഇടതു വശത്തു കൂടി മറികടക്കൽ
ഇടതു ഭാഗത്തു കൂടി ഇരുചക്ര വാഹനങ്ങൾ വന്നാൽ വലിയ വാഹനങ്ങളുടെ ഡ്രൈവർമാർക്കു കാണാൻ സാധിക്കില്ല. ബ്ലൈൻഡ് സ്പോട്ടിൽ കൂടിയാകും വാഹനങ്ങൾ എത്തുന്നത്. വലിയ വാഹനം ബ്രേക്ക് ചെയ്യുമ്പോഴോ അരികിലേക്ക് ചേർക്കുമ്പോഴോ അപകടം സംഭവിക്കാം.
∙ ഹെൽമറ്റ് ധരിക്കാതെ യാത്ര
ഹെൽമറ്റ് ധരിച്ചു ചിൻസ്ട്രാപ് ലോക് ചെയ്ത ശേഷം മാത്രമേ ഇരുചക്ര വാഹനം ഓടിക്കാവൂ. ചെറിയ ദൂരമാണെങ്കിലും ഹെൽമറ്റ് വേണം. പിൻസീറ്റ് യാത്രക്കാരും ഹെൽമറ്റ് ഉപയോഗിക്കണം. കുട്ടികളെ ഇരുചക്ര വാഹനത്തിൽ നിർത്തിയും പെട്രോൾ ടാങ്കിനു മുകളിൽ ഇരുത്തിയും കൊണ്ടു പോകരുത്.
∙ അമിത വേഗം, റോഡിലെ റേസിങ്
ഇരുചക്ര വാഹനത്തിന്റെ വേഗം നിയന്ത്രണാതീതമായാൽ അപകടം ഉറപ്പ്. പെട്ടെന്നു ബ്രേക്ക് ചെയ്യേണ്ട സാഹചര്യം വന്നാൽ മറിയാനും സാധ്യത. സൂപ്പർ ബൈക്കുകളിൽ ചെറു റോഡുകളിൽ പായരുത്. റോഡിനെ റേസിങ് ട്രാക്കായി കാണരുത്. ചെറിയ ചക്രമുള്ള ഗിയർലസ് സ്കൂട്ടറുകൾ നിശ്ചിത വേഗത്തിനു മുകളിൽ ബ്രേക്കിട്ടാൽ സ്കിഡ് ചെയ്യാനുള്ള സാധ്യതയുണ്ട്.
∙ രൂപമാറ്റം, അമിത ഭാരം
രൂപമാറ്റം വാഹനത്തിന്റെ സംതുലനാവസ്ഥ നഷ്ടപ്പെടുത്തും. ഒരു പ്രത്യേക ബാലൻസിലാണ് ഇരുചക്ര വാഹനങ്ങൾ ഓടുന്നത്. ബാലൻസ് തെറ്റുന്ന രീതിയിൽ സാധനങ്ങളും രൂപമാറ്റവും പാടില്ല.
∙ യാത്രയിൽ കുട നിവർത്തിപ്പിടിക്കാനും പാടില്ല
ഇരുചക്രവാഹനങ്ങളിലെ യാത്രയിൽ കുട നിവർത്താൻ പാടില്ല. ഇത് വാഹനങ്ങളുടെ ബലൻസ് തെറ്റിക്കുകയും അപകടമുണ്ടാക്കുകയും ചെയ്യും.
∙ കണ്ണിലേക്ക് ബ്രൈറ്റ് ലൈറ്റ്
രാത്രി യാത്രയിൽ മറ്റു വാഹന യാത്രക്കാർക്കു ബുദ്ധിമുട്ടാകും വിധം ബ്രൈറ്റ് ലൈറ്റ് ഉപയോഗിക്കരുത്. ഡിം ലൈറ്റ് ഉപയോഗിക്കുക.
∙ ട്രാഫിക് നിയമലംഘനം
ട്രാഫിക് ബ്ലോക്കാണെങ്കിൽ വാഹനങ്ങളുടെ ഇടയിലൂടെ കുത്തിക്കയറ്റരുത്. വൺവേ തെറ്റിക്കരുത്. ലെയ്ൻ ട്രാഫിക് അനുസരിച്ചു മാത്രം വാഹനം ഓടിക്കുക.
∙ ഓർമയിരിക്കട്ടെ; ഈ ഇരിപ്പാണ് സുരക്ഷിതം
ഇരുചക്രവാഹനങ്ങളിലെ പിൻസീറ്റ് യാത്രക്കാർ ഇരുവശത്തേക്കും കാലിട്ട് ഇരിക്കുന്നതാണ് സുരക്ഷിതം. ഒരു വശം ചരിഞ്ഞ് ഇരിക്കുന്നവരാണ് സ്ത്രീകളിൽ ഏറെയും. ആ ഇരിപ്പ് അത്ര സുരക്ഷിതമല്ല. ഒരു വശം ചരിഞ്ഞ് ഇരിക്കുമ്പോൾ വണ്ടിയുടെ ബാലൻസിൽ മാറ്റം വരും. വാഹനം മറിഞ്ഞാൽ ഒരു വശത്തേക്ക് വീണ് തലയിടിച്ച് അപകടസാധ്യതയേറെ. സാരിയുടെ തുമ്പും ചുരിദാർ ഷാളും അലസമായി നീട്ടിയിടരുത്.
വിവരങ്ങൾ: ഡി. മഹേഷ് എൻഫോഴ്സ്മെന്റ് ആർടിഒ, കോട്ടയം, ആർ. രമണൻ ഇടുക്കി ആർടിഒ