ADVERTISEMENT

കാറുകൾക്ക് എപ്പോഴും മഴക്കാലമായിരുന്നു വില്ലൻ. ഇപ്പോഴത്തെ കാലാവസ്ഥ വ്യതിയാനങ്ങൾമൂലം കടുത്ത ചൂടും അന്തരീക്ഷ മലിനീകരണവും  വാഹനങ്ങളെ ബാധിക്കും. ചൂടിൽ നിന്നും പൊടിയിൽനിന്നും രക്ഷനേ‌‌ാ‌ടാന്‍  ചില പൊടിക്കൈകൾ.‌

കാറിനകത്തെ ചൂടു കുറയ്ക്കാൻവെയിലത്ത് കാർ പാർക്ക്  ചെയ്തിരിക്കുമ്പോ‌ൾ ക്യാബിന്‍ ഉൗഷ്മാവ് വളരെ കൂടുതലായിരിക്കും. ഇത് കാറിനുള്ളിൽ ആരോഗ്യത്തിനു ഹാനികരമായ വാതകങ്ങൾ ഉണ്ടാക്കുന്നതിനു കാരണമാകും. ചൂടുവായു എളുപ്പം പുറത്തുകളയുന്നതിനു കാറിന്റെ ഒരുവശത്തെ വിൻഡോ ഗ്ലാസ് താഴ്ത്തിയിടുക. എന്നിട്ട് മറുവശത്തെ ‍ഡോർ അഞ്ചാറു തവണ തുറക്കുകയും അടയ്ക്കുകയും ചെയ്യുക. ഇങ്ങനെ ചെയ്യുമ്പോൾ ചൂടുവായു തുറന്നിട്ട‌ വിൻഡോയിലൂടെ പുറത്തേക്കു പോകുകയും ഫ്രഷ് എയർ അകത്തെത്തുകയും ചെയ്യും. കാറിനുള്ളിലെ ചൂടിനു തെല്ല് ആശ്വാസമാകും.  മേൽപറഞ്ഞതുപോലെ ചെയ്യുമ്പോള്‍ പിൻ വിന്‍ഡോകൾ തുറന്നിടാതിരിക്കാൻ ശ്രദ്ധിക്കണം. ഫലം കുറയും.

കടുത്ത ചൂടിൽ എസി ഒാണ്‍ ചെയ്യുമ്പോൾ

വേനലിൽ എസി ഇല്ലാതെ യാത്രകൾ ചിന്തിക്കാൻ പോലുമാകില്ല. കടുത്ത ചൂടിൽ എസി ഒാൺ ചെയ്യുമ്പോള്‍ ആദ്യം കാര്‍ സ്റ്റാർട്ട് ചെയ്ത ശേഷം എസി സ്വിച്ച് ഒാൺ ചെയ്യുക. ഒപ്പം  ബ്ലോവർ സ്വിച്ച് ഒാൺ ചെയ്തു കൂട്ടി വയ്ക്കുക. അപ്പോൾ ചൂടുള്ള വായു തണുക്കും.

ഇടയ്ക്കിടെ എസി റീസർക്കുലേഷൻ മോഡ് മാറ്റി ഫ്രഷ് എയർ മോഡില്‍ ഇ‌ടുക. റീസർക്കുലേഷൻ മോഡിൽ സ്ഥിരമായി ഇടുന്നത് ആരോഗ്യത്തിനു നന്നല്ല. കാരണം, ഇൗ മോഡിൽ അകത്തെ വായു തന്നെ കറങ്ങിക്കൊണ്ടിരിക്കുകയാണ്. കാറിനുള്ളിലെ വായുവിനു പുറമേയുള്ള വായുവുമായി സമ്പർക്കം ഉണ്ടാകുന്നില്ല. അതിനാൽ വായുവിൽ ഒാക്സിജന്റെ അളവ് കുറവായിരിക്കും. ഇടയ്ക്കിടെ ഫ്രഷ് എയർ മോഡിലേക്കിടുന്നത് കാറിനകത്തെ ഒാക്സിജൻ ലെവൽ കുറയാതിരിക്കാന്‍ സഹായിക്കും. എസി രണ്ടുവിധമുണ്ട്.

ഒാട്ടോമാറ്റിക് എസിയും മാനുവൽ എസിയും. ഒാട്ടോമാറ്റിക് എസി ആണെങ്കിൽ കാറിനകത്തെ ഉൗഷ്മാവിന്റെ വൃതിയാനം അനുസരിച്ച് സ്വയം മോഡ് മാറിക്കോളും. മാനുവൽ എസി ആണെങ്കിൽ മോഡ് തിരിച്ചു വയ്ക്കേണ്ടിവരും. കാർ സര്‍വീസിനു നല്‍കുമ്പോൾ എസിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാണെന്ന് ഉറപ്പുവരുത്തണം.

എസി കൂളിങ് കുറയുന്നതെന്തുകൊണ്ട്?

എസി മോഡ് സെറ്റ് ചെയ്തിരിക്കുന്നതു ശ്രദ്ധിക്കുക. ഫ്രഷ് എയർ മോഡ് ആണെങ്കിൽ കൂളിങ് കുറയും. പുറത്തെ വായു ഉള്ളിലേക്കെടുത്തു തണുത്തു വരാൻ സമയം എടുക്കും. ഹീറ്റർ ഒാപ്ഷൻ ഒാൺ അല്ലെന്ന് ഉറപ്പുവരുത്തണം. എന്നിട്ടും തണുപ്പു കുറവാണെങ്കിൽ എസി ഗ്യാസ് ലീക്ക് ഉണ്ടോ എന്നു നോക്കണം. എന്‍ജിൻ പരിധിയിൽ കൂടുതൽ ചൂടായിരിക്കുകയാണെങ്കിലും കൂളിങ് കുറയും. കൺസോളിലെ ടെംപറേച്ചർ ഗേജ് ശ്രദ്ധിക്കുക. എന്‍ജിന്റെ ഉൗഷ്മാവ് കൂടുതലാണെങ്കിൽ ഒാട്ടാമാറ്റിക് ആയി എസിയുെട പ്രവർത്തനം നിലയ്ക്കും. എസി പ്രവർത്തിക്കുമ്പോൾ എന്‍ജിൻ ലോഡ് കൂടുതലായിരിക്കും. അതോടൊപ്പം ബാറ്ററിക്കും ഇലക്ട്രിക്കല്‍ വിഭാഗത്തിനും ലോഡ് ഉണ്ടാകും. അതിനാൽ കാർ കൃത്യമായി സര്‍വീസ് ന‌‌ടത്തി പ്രശ്നങ്ങൾ പരിഹരിക്കണം.

എസി ഇവാപ്പറേറ്റര്‍ (കൂളിങ് കോയിൽ) ബ്ലോക്ക് ആയിട്ടുണ്ടോ എന്നു പരിശോധിക്കുക. പൊടി കൂടുതൽ  അടിഞ്ഞാൽ ഇത് ബ്ലോക്ക് ആകും. കൂളിങ് കുറയാം. അതുപോലെതന്നെ ഒാവർ കൂളിങ് ന‌ടന്ന് ഇൗര്‍പ്പം ഉറഞ്ഞ് െഎസ് ആയും ഇവാപ്പറേറ്റർ ബ്ലോക്ക് ആകാം. എസി  ഫിൽറ്റർ ബ്ലോത്ത്  ആയാലും കൂളിങ്ങിനെ ബാധിക്കും ഇത്തരത്തിൽ എന്തെങ്കിലും പ്രശ്നങ്ങൾ അനുഭവപ്പെട്ടാൽ സർവീസ് സെന്ററുമായി ബന്ധപ്പെടുക.  എസി സര്‍വീസ് ഏകദേശം 2500 രൂപ  വരെ ചെലവു വരും( മോഡൽ അനുസരിച്ചു വിലയിൽ മാറ്റം ഉണ്ടാകും).

പൊടിവില്ലനായൽ

ഇന്റീരിയർ എപ്പോഴും ക്ലീൻ ആയിരിക്കാൻ ശ്രദ്ധിക്കണം. പൊടിയും മറ്റും അടിഞ്ഞുകൂടിയിട്ടുണ്ടെങ്കിൽ എസി ഒാൺ ചെയ്യുമ്പോൾ ഇൗ പൊടിയും  എസി വെന്റിലേക്ക് ആഗീരണം ചെയ്യപ്പെടും. പൊടി കേറിയാൽ ഇവാപ്പറേഷന്‍ യൂണിറ്റ് അടഞ്ഞുപോകും. എസി ഫിൽറ്റർ ഉപയോഗിക്കുന്നത് ഒരുപരിധിവരെ പൊടി അടിയുന്നതു തടയും.‍ പൊടി കൂടാതെ എസി വെന്റിൽ ഇൗര്‍പ്പം ഉള്ളതിനാൽ ബാക്ടീരിയ, ഫംഗസ് തുടങ്ങിയ സൂക്ഷ്മജീവികളും ഇന്റീരിയറിൽ ഉണ്ടാകും . ഇവ പലവിധ അസുഖങ്ങൾക്കും അലർജി, വിട്ടുമാറാത്ത തുമ്മൽ എന്നിവയ്ക്കും കാരണമായേക്കാം. ഇൗര്‍പ്പം, ബാക്ടീരിയ, ഫംഗസ് തു‌ടങ്ങിയവ നീക്കംചെയ്യാന്‍ സാനിറ്റൈസർ ചെയ്യുന്നതു നല്ലതാണ്. 1200 രൂപ ചെലവു വരും.

നിറം മങ്ങാതിരിക്കാന്‍

ദീർഘനേരം കാർ പാർക്ക് ചെയ്യുകയാണെങ്കിൽ കാര്‍ മൂടിയി‌ടുക. ഇതെപ്പോഴും പ്രായോഗികമാകണമെന്നില്ല. എവിടെയെങ്കിലും നിർത്തിയിടുന്ന അവരസങ്ങളിൽ തുരുമ്പു കലര്‍ന്ന െവളളം, പക്ഷി കാഷ്ഠം, കറ, പൊടി, ആസിഡ് തുടങ്ങിയവ ബോഡിയിൽ വീണാൽ പെയിന്റിനു ദോഷം വരാം. ‌ടെഫ്ളോൺ കോട്ടിങ്, പോളിമർ കോട്ടിങ് തുടങ്ങിയവ ചെയ്താൽ ഇൗ പ്രശ്നങ്ങൾ ഒരു പരിധിവരെ തടയും. ഡീലർഷിപ്പുകളിലോ അല്ലെങ്കിൽ ഇതു ചെയ്യുന്ന  പ്രത്യേക ഷോപ്പുകളിലോ മാത്രം ചെയ്യിക്കുക. നല്ല ഗുണനിലവാരം ഉറപ്പുവരുത്തണം. പൊടിപിടിച്ച കാര്‍ അതോടുകൂടി തുടയ്ക്കുന്നത് പെയിന്റിനു ഡാമേജ് വരുത്തും. ചെറിയ പോറൽ ഉണ്ടാകാനും സാധ്യതയുണ്ട്. അതിനാൽ കാർ കഴുകുമ്പോള്‍ ശ്രദ്ധിക്കുക. പൊടി വെള്ളമൊഴിച്ചു കളഞ്ഞതിനുശേഷം സോപ്പ് സോലൂഷൻ ഉപയോഗിക്കാൻ ശ്രദ്ധിക്കുക.

ൈവപ്പർ സംരക്ഷണം

വിൻഡ് ഷീൽഡിൽ പൊടി പറ്റിയിരിക്കുമ്പോൾ നേരി‌ട്ട് വൈപ്പർ ഉപയോഗിക്കാതിരിക്കുക. ദീര്‍ഘനേരം പാർക്ക് ചെയ്യേണ്ടിവരുകയാണെങ്കിൽ വൈപ്പർ പൊക്കിവയ്ക്കുക. വൈപ്പറിലെ റബർ ഘ‌ടകം വിൻഡ് ഷീൽഡ് ഗ്ലാസുമായി  സമ്പര്‍ക്കം വരുമ്പോൾ ദൃഢമാകും. പിന്നീട് വൈപ്പർ പ്രവർത്തിരപ്പിക്കുമ്പോൾ ഗ്ലാസിൽ ഉരഞ്ഞ് പാടുകൾ വരും. വിൻഡ് ഷീല്‍ഡ് ഗ്ലാസിൽ പൊടിയുണ്ടെങ്കിൽ ആദ്യം ഒരു കുപ്പി വെള്ളം ഒഴിച്ച് പൊടി നീക്കംചെയ്ത ശേഷം മാത്രം വൈപ്പർ പ്രവർത്തിപ്പിക്കുക. എപ്പോഴും വിൻഡ്ഷീൽഡ് സൊലൂഷൻ നിറച്ചുവയ്ക്കാനും ശ്രദ്ധിക്കുക.‌‌

പെർഫ്യൂം കുഴപ്പക്കാരനോ?

കാറിനു​ള്ളിൽ സ,ുഗന്ധം നിറയ്ക്കുന്ന എയർ ഫ്രഷ്നറുകൾ വിപണിയിൽ ധാരാളം ലാഭ്യമാണ്.എന്നാൽ ഇവ ചൂടുകാലത്ത് മു‌ട്ടൻ പണി തരാനും സാധ്യതയുണ്ട്. ഡാഷിൽ ഒട്ടിച്ചുവയ്ക്കാനാവുന്ന ജെല്ലി , വാക്സ് ടൈപ്പിലുള്ള എയർ ഫ്രഷ്നർ കാർ വെയിലത്ത് നിർത്തിയിടുമ്പോൾ ചൂടു കൂടി ഉരുകിയൊലിച്ച് ഡാഷ്ബോർഡിൽ ഡാമേജ് ഉണ്ടാകും. ഇതു വൃത്തിയാക്കുന്നത്  എളുപ്പമല്ല. െമഴുകു പദാർഥങ്ങൾ സ്റ്റിയറിങ്ങിലോ മറ്റോ പറ്റിപ്പിടിച്ചു  ഡാമേജ് വരാനും സാധ്യതയുണ്ട്. ഗ്യാസ്, സ്പ്ര‌െ പെര്‍ഫ്യൂം സിലിണ്ടറുകൾ കടുത്ത ചൂടിൽ പൊട്ടിത്തെറിക്കാനും സാധ്യതയുണ്ട്.

കെയര്‍ഫുൾ എബൗട്ട് ടയർ

മഴക്കാലത്ത് മൊട്ട ടയറുകൾ പണിതരുമെങ്കിൽ വേനലിൽ ചൂടുകൂടി ഉരഞ്ഞ് പൊട്ടിപ്പോകുന്നതാണു പ്രശ്നം. കാർ നിർമാതാക്കൾ പറയുന്ന ടയർ പ്രഷർ നിലനിർത്താൻ എപ്പോഴും ശ്രദ്ധിക്കുക. ട്യൂബ്‌ലെസ് ടയറുകളാണു നല്ലത്. ടയറിൽ നൈട്രജൻ ഗ്യാസ് നിറയ്ക്കുന്നതാണു കൂടുതൽ ഗുണകരം. സാധാരണ വായുവിൽ എല്ലാത്തരം വാതകങ്ങളും ഈർപ്പവും പൊടിയുമെല്ലാം അടങ്ങിയിട്ടുള്ളതിനാൽ പെട്ടെന്നു ചൂടാകും. ഭാരവും കൂടുതലാണ്. നൈട്രജനു ഭാരം കുറവാണ്. പെട്ടെന്നു പ്രതികരിക്കുന്ന (ഇനർട്ട് ഗ്യാസ്) വാതകമല്ല. ഓക്സീകരണം സംഭവിക്കില്ല. ഈർപ്പം ഉണ്ടാകില്ല. അതിനാൽത്തന്നെ ദീർഘകാലം നിലനിൽക്കും.

മുന്നറിയിപ്പ്

വഴിയോരങ്ങളിൽ പാർക്കു ചെയ്തു കാത്തിരിക്കേണ്ട അവസരങ്ങളിൽ എൻജിൻ ഓഫ് ചെയ്യാതെ എസി ഓൺ ചെയ്തിരിക്കുന്ന ശീലം മിക്കവർക്കും ഉണ്ട്. കുട്ടികളെയോ പ്രായമായവരെയൊ കാറിനുള്ളിൽ തനിച്ചിരുത്തി എസി ഓൺ ചെയ്തു പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. എൻജിൻ ഓണായിരിക്കുന്ന അവസരത്തിൽ അറിയാതെ ഹാൻഡ്ബ്രേക്ക്  അമരുകയോ, ഗീയർ മാറുകയോ ചെയ്താൽ, കാർ നീങ്ങി അപകടങ്ങൾ സംഭവിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഉണങ്ങിയ പുല്ല് നിറഞ്ഞ പ്രദേശങ്ങളിൽ കാർ പാർക്ക് ചെയ്യാതിരിക്കുന്നതാണ് ഉത്തമം. ഉണങ്ങിയ പുല്ല് കാറിന്റെ ചുട്ടു പഴുത്ത സൈലന്‍സറുമായി സമ്പർക്കം വരാനിടയായാൽ തീ പിടിക്കാനുള്ള സാധ്യത വളരെ കൂടുതലായിരിക്കും. വെയിലത്തു നിർത്തിയിടുമ്പോൾ കാറിനകത്തു ഭക്ഷണ സാധനങ്ങളോ ഔഷധങ്ങളോ വയ്ക്കാതിരിക്കുക. ഊഷ്മാവിലെ വ്യതിയാനം മൂലം ഇവ ഉപയോഗശൂന്യമായി പോകാൻ സാധ്യതയുണ്ട്.

നൈട്രജന്‍ ഫിൽ ചെയ്യുമ്പോള്‍

നൈട്രജന്‍ നിറയ്ക്കുമ്പോൾ ടയറിലെ അന്തരീക്ഷ വായു പൂർണമായും നീക്കം ചെയ്തശേഷം നൈട്രജൻ ഫില്ലിങ് മെഷീൻ ഉപയോഗിച്ച് ഗ്യാസ് നിറയ്ക്കുക. മാസത്തിൽ ഒരിക്കല്‍  ചെക്ക് ചെയ്താൽ മതി. ഗ്യാസ് ലീക്ക് ആകാനും സാധ്യത വളരെ കുറവാണ്. ഒരിക്കലും സാധാരണ വായുവുമായി നൈട്രജൻ മിക്സ് ചെയ്തു നിറയ്ക്കരുത് അങ്ങനെ ചെയ്താല്‍ നൈട്രജൻ നിറയ്ക്കുന്നതിന്റെ ഗുണം ലഭിക്കില്ല.

English Summary: Car Care Tips For The Summer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com