ADVERTISEMENT

ദീർഘദൂരയാത്രകളിൽ ഉണർന്നിരിക്കുമ്പോഴും ഡ്രൈവറുടെ പ്രതികരണവേഗം കുറഞ്ഞ്, അപകടസാധ്യത കൂട്ടുന്ന മനശ്ശാസ്ത്ര പ്രതിഭാസമാണ് ഹൈവേ ഹിപ്നോസിസ്. അതു തടയാനുള്ള വഴികൾ മനസ്സിലാക്കാം 

 

വാഹനമോടിച്ചുകൊണ്ടിരിക്കുമ്പോൾ ഡ്രൈവർ സ്വയം ഹിപ്നോട്ടിക് നിദ്രയിലേക്കു പോയാലുള്ള അവസ്ഥ എന്തായിരിക്കും? ഗുരുതര അപകടങ്ങൾ സംഭവിക്കാം. താങ്കൾ ഏതെങ്കിലും തരത്തിലുള്ള വാഹനമോടിക്കുന്നയാളാണെങ്കിൽ, അൽപം ദൈർഘ്യമുള്ള യാത്രകളും ചെയ്യാറുണ്ടെങ്കിൽ തീർച്ചയായും ഈ അവസ്ഥയിലൂടെ കടന്നു പോയിട്ടുണ്ടാവാം. പതിവായി പോകുന്ന വഴികളിലൂെട വാഹനം ഒാടിച്ചു വീട്ടിലേക്കു മടങ്ങുകയാണെന്നു കരുതുക. യാത്ര ആരംഭിച്ചതുമുതൽ വഴിയിൽ കണ്ട കാര്യങ്ങളെ ഓർത്തു നോക്കുക. ചില ദിവസങ്ങളിലെ യാത്രയിൽ നിങ്ങൾ പിന്നിട്ട വഴിയിലെ കാഴ്ചകൾ പലതും ഓർമയേ ഉണ്ടാകണമെന്നില്ല. ‘‘ആഹാ ഞാൻ വീടെത്തിയോ, എന്റെ കാറിന് എന്നെക്കാൾ വഴിയറിയാം..’’ എന്നൊക്കെ ആത്മഗതം നടത്തിയിട്ടുമുണ്ടാകും. ആ യാത്രയിൽ നിങ്ങൾക്കു സംഭവിച്ച കാര്യമാണ് ഹൈവേ ഹിപ്നോസിസ് അഥവാ ‘ഡ്രൈവിങ് വിതൗട്ട് അറ്റൻഷൻ’.

 

മനസ്സിന്റെ ഓട്ടോപൈലറ്റ് മോഡ്

highway-hipnosis-1

 

ഡ്രൈവിങ്ങിനിടയിൽ നമ്മളറിയാതെ മനസ്സൊരുക്കുന്ന ഒരു ‘ഓട്ടോ പൈലറ്റ് മോഡ് ഡ്രൈവിങ്’ ആണ് ഹൈവേ ഹിപ്നോസിസ് എന്നു പറയാം. ഇത് അപകടസാധ്യത കൂട്ടുമെന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ, ഹൈവേ ഹിപ്നോസിസല്ല, വാഹനമോടിക്കുന്നതിനിടയിൽ മയക്കം വരുന്നതുതന്നെയാണ് അപകടങ്ങളുെട പ്രധാന കാരണം.

 

നമ്മൾ ഡ്രൈവിങ് പഠിക്കുന്ന കാലത്ത് ക്ലച്ച് അമര്‍ത്തുന്നതും ഗിയർ മാറുന്നതുമെല്ലാം വളരെ ബോധപൂർവം ആലോചിച്ചായിരുന്നു. എന്നാൽ, ഡ്രൈവിങ് നമ്മുടെ സ്കിൽ ആയി വളർന്നു കഴിയുമ്പോൾ ഡ്രൈവിങ്ങിനിടയിൽ അതിനെക്കുറിച്ച് ആലോചിക്കുകപോലും ചെയ്യാറില്ല, അവ ആവശ്യാനുസരണം താനേ സംഭവിക്കുന്നത് ഉപബോധമനസ്സിന്റെ പ്രവർത്തനം കൊണ്ടാണ്. 

 

ഹിപ്നോസിസ് എന്നാൽ മോഹനിദ്ര എന്നു പറയാം. ഇത് യഥാർഥ ഉറക്കമോ മയക്കമോ അല്ല. ബോധമനസ്സിൽ നിന്നു  നിയന്ത്രണം ഉപബോധമനസ്സ് (സബ്കോൺഷ്യസ് മൈൻഡ്) ഏറ്റെടുക്കുന്ന അവസ്ഥയാണ്. ആലോചിച്ചാൽ നിത്യജീവിതത്തിൽ ധാരാളം അനുഭവങ്ങൾ നമുക്കുതന്നെ അതിനുദാഹരണമായി കണ്ടെത്താം. കുളിച്ചു കൊണ്ടു നിൽക്കുമ്പോഴോ പാട്ടു കേട്ടിരിക്കുമ്പോഴോ ബോധപൂർവമല്ലാതെ ആ പ്രത്യക്ഷാനുഭവത്തിൽനിന്നു വേർപെട്ട് മറ്റെവിടെയൊക്കെയോ എത്തപ്പെടുകയും അങ്ങനെ ഒരു സമയഭ്രംശം (ടൈംലാപ്സ്) അനുഭവിക്കുന്ന അവസ്ഥയുണ്ടാകാറില്ലേ?  അതാണ് സ്വയമേ സംഭവിക്കുന്ന ഹിപ്നോട്ടിക് അവസ്ഥ. ഇതു ഡ്രൈവിങ്ങിനിടയിൽ സംഭവിച്ചാൽ വിളിക്കുന്ന പേരാണ് ‘ഹൈവേ ഹിപ്നോസിസ്’.

 

1921 മുതൽ തന്നെ ഈ പ്രതിഭാസം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ടെങ്കിലും 1960 കളിലാണ് ‘ഹൈവേ ഹിപ്നോസിസ്’ എന്ന പേരിനു പ്രചാരം ലഭിച്ചത്. യാത്രകളിൽ വളരെ സുരക്ഷിതമെന്നു തോന്നിക്കുന്നതും അധികം തിരക്കോ മറ്റ് അധിക ശ്രദ്ധ വേണ്ടതോ ആയ തടസ്സങ്ങൾ ഇല്ലാതെ നീണ്ടു കിടക്കുന്ന ദീർഘഹൈവേകളിൽ വാഹനമോടിക്കുന്നതിനിടയിലാണ് ഈ അവസ്ഥ കൂടുതലായി രൂപപ്പെടുന്നത്. അതിനാലാണ് ഈ പേരുവന്നത്. ഒരേ വഴിയിലൂെട പതിവായി ഡ്രൈവ് ചെയ്യുന്ന ട്രക്ക്, ബസ് ഡ്രൈവർമാർക്ക് ഇത് പല തവണ അനുഭവപ്പെട്ടിട്ടുണ്ടാകും. രാത്രിയിലെ നീണ്ടയാത്രയിൽ മനസ്സിനെ ഉദ്ദീപിപ്പിച്ചുകൊണ്ടിരിക്കുന്ന കാഴ്ചകൾ ഇല്ലാതാകുന്നു, റോഡിലെ മീഡിയനുകളും വരകളും വശങ്ങളിലെ ബാരിക്കേഡുകളും തുടർച്ചയായി ആവർത്തിച്ചുകൊണ്ടേയിരിക്കുന്നു, അപായരഹിതമെന്നു തോന്നിക്കൂന്ന നീണ്ട പ്രവചനസ്വഭാവമുള്ള റോഡ് ഇവയെല്ലാം കൂടിച്ചേരുമ്പോൾ, ബോധമനസ്സിന്റെ ജാഗ്രത അധികം വേണ്ടല്ലോ, അപ്പോൾ ക്രമേണ അതു കുറഞ്ഞുവരും. ക്രമേണ ഡ്രൈവിങ് ജോലി സബ്കോൺഷ്യസ് മൈൻഡ് ഏറ്റെടുക്കുകയും ബോധമനസ്സ് സുഖകരമായ മറ്റു ചിന്തകളിലോ ഭാവനകളിലോ അനുഭവങ്ങളിലോ വ്യാപരിക്കാൻ ഇറങ്ങിത്തിരിക്കും. ഇതാണ് ഹൈവേ ഹിപ്നോസിസ് എന്ന അവസ്ഥ. നമ്മുടെ ബോധപൂർമായ ശ്രദ്ധ(അറ്റൻഷൻ) ഇല്ലാതെതന്ന ഒരു ഓട്ടോപൈലറ്റ് മോഡിൽ ഡ്രൈവിങ് മാറുന്ന അവസ്ഥയാണിത് എന്നു പറയാം.

 

ഇതുവരെയും കാര്യങ്ങൾ പ്രശ്നമില്ല, വളരെ അകലെ കാണുന്ന സിഗ്‌നലിൽ വാഹനം നിർത്താനോ, സിഗ്‌നൽ ക്ലിയറാണെങ്കിൽ നിർത്താതെ പോകാനോ ഒന്നും ഈ ഓട്ടോ മോഡിനു തടസ്സമില്ല.. എന്നാൽ, പെട്ടെന്നു റോഡിൽ ഒരു തടസ്സം ഉണ്ടായി അല്ലെങ്കിൽ  വശത്തെ റോഡിൽ നിന്നു വാഹനത്തിനുമുന്നിലേക്കു പെട്ടന്നൊരു കാർ വന്നു പെട്ടു.ഈ സമയം ഹിപ്നോട്ടിക് അവസ്ഥയിൽനിന്നു ശ്രദ്ധയെ ഉണർത്തിയെടുക്കുന്നതിന് ഏതാനും നിമിഷങ്ങളുെട കാലതാമസം വരാം. ഇതാണ് അപകടം. ഹൈവേഹിപ്നോസിസിൽ നമ്മുെട ‘റെസ്പോൺസ് ടൈം’ എന്ന പ്രതികരണ സമയം കൂടും. നമ്മുെട വാഹനം കൂടുതൽ വേഗത്തിലാണെങ്കിൽ, ബ്രേക്ക് അമർത്തും മുൻപുതന്നെ അപകടം സംഭവിച്ചു എന്നും വരാം.

 

എങ്ങനെ തടയാം?

 

റോഡിൽനിന്നു സവിശേഷ ശ്രദ്ധയാകർഷിക്കുന്ന കാര്യങ്ങളൊന്നും ദീർഘനേരത്തേക്ക് ഉണ്ടാവുന്നില്ലെങ്കിൽ ഹൈവേ ഹിപ്നോസിസ് നീളുകയും അതു സ്വാഭാവികമായും ഉറക്കത്തിലേക്കും പോകാം. ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാനാണ് ഹൈവേകളിൽ പല ഭാഗത്തും റോഡിനു കുറുകേ അടുത്തടുത്തു കുറെ വരകൾപോലെ, റമ്പിൾ സ്ട്രിപ്സ് എന്ന സ്ലീപ്പർ ലൈനുകൾ സ്ഥാപിച്ചിരിക്കുന്നത്. ഇതിലൂെട വണ്ടി കടന്നു പോകുമ്പോൾ ചെറിയ കുലുക്കവും ഒച്ചയും ഉണ്ടാകുന്നതിനാൽ ഡ്രൈവർ  ഹൈവേ ഹിപ്നോസിസിൽനിന്നോ മയക്കത്തിൽനിന്നോ പുറത്തുവരും.

 

∙ അപകടമൊന്നും ഇതുവരെ ഉണ്ടായിട്ടില്ലെങ്കിലും ഹൈവേ ഹിപ്നോസിസ് സംഭവിക്കുന്ന ഡ്രൈവർമാർ യാത്രാറൂട്ടുകൾ മാറുന്നതു നല്ലതാണ്. അപരിചിതമായ വഴികളിൽ ബോധമനസ്സ് അതീവ ജാഗ്രത പുലർത്തേണ്ടതുള്ളതിനാൽ ഹൈവേ ഹിപ്നോസിസ് സംഭവിക്കില്ല.

 

∙ ഉറക്കമില്ലായ്മ (ഇൻസോമ്നിയ), സ്ലീപ് അപ്നിയ, ഹൃദയമിടിപ്പിൽ താളപ്പിഴകൾ(അരിത്‌മിയ), ഉറക്കത്തിൽ കാലുകൾ ചലിപ്പിക്കുന്ന റസ്റ്റ് സ്റ്റ്ലെസ് ലെഗ് സിൻഡ്രോം തുടങ്ങിയ രോഗങ്ങളുള്ളവർക്ക് ഹൈവേ ഹിപ്നോസിസിനു സാധ്യത കൂടുതലാണ്. അത്തരത്തിലുള്ളവർ ഉറക്ക സമയങ്ങളിൽ ഡ്രൈവ് ചെയ്യുന്നത് ഒഴിവാക്കുക.

 

∙ ഒറ്റയ്ക്കു രാത്രിയിലുള്ള ദീർഘദൂര യാത്ര ഒഴിവാക്കുക. മറ്റൊരാളോട് സംസാരിച്ചിരുന്നാൽ ഈ പ്രശ്നം രൂപപ്പെടില്ല.

 

∙ ഉറക്കമൊഴിഞ്ഞിരുന്ന ശേഷം ഡ്രൈവ് ചെയ്യരുത്.

 

∙ തുടർച്ചയായുള്ള ഡ്രൈവിങ് ഒഴിവാക്കുക. ഉറക്കം വന്നില്ലെങ്കിൽ പോലും കുറഞ്ഞത് രണ്ടു മണിക്കൂറിലൊരിക്കലെങ്കിലും ഇടവേള എടുക്കുക.

 

∙ കോഫി, ചായപോലുള്ളവ ഇടയ്ക്കു കുടിക്കുന്നത് ജാഗ്രത നില നിർത്തും.

 

∙ ഡ്രൈവിങ്ങിനിടയിൽ ശരിയായ ശരീരനില (Posture) പുലർത്തുക. സുഖകരമായ ഇരിപ്പിനായി കൂടുതലായി പിന്നിലേക്കു ചാഞ്ഞിരുന്ന് ഡ്രൈവ് ചെയ്യരുത്.

 

∙ ആവശ്യമുണ്ടെന്നു തോന്നിയില്ലെങ്കിലും ഇടയ്ക്കിടെ റിയർ വ്യൂ മിററുകളിലൂെട പിന്നിലെ കാഴ്ചകളും ശ്രദ്ധിക്കുക. ശ്രദ്ധ അടിക്കടി മാറ്റുന്നത് ഹൈവേ ഹിപ്നോസിസ് കുറയ്ക്കും

 

∙ ശരീരത്തിൽ ജലാംശം കുറയുന്നത് ഹൈവേ ഹിപ്നോസിസ് സാധ്യത കൂട്ടും. അതിനാൽ വേണ്ടത്ര വെള്ളം കുടിക്കുക. ഇടയ്ക്ക് മൂത്രമൊഴിക്കാൻ ഇറങ്ങുന്നതും നല്ലത്.

 

∙ യാത്രയ്ക്കു മുൻപ് അമിതമായി ഭക്ഷണം കഴിക്കാതിരിക്കുക, മദ്യം ഒഴിവാക്കുക.

 

∙ ഉറങ്ങുന്നതിനു മുൻപ് പാട്ടു കേട്ടു ശീലിച്ചവർ അത്തരം പാട്ടുകളെ ഒരു കാരണവശാലും 

 

വാഹനത്തിൽ കേൾക്കാൻ ഉപയോഗിക്കരുത്. സാധാരണ കേള്‍ക്കുന്ന സംഗീതത്തിൽ നിന്നു വ്യത്യസ്തമായവ, പുതിയവ എന്നിവ മാത്രമേ രാത്രിയാത്രയിൽ ഉപയോഗിക്കാവൂ.

ഹൈവേ ഹിപ്നോസിസിനെക്കുറിച്ചുള്ള അറിവും തനിക്കും അത് സംഭവിക്കാം എന്നുള്ള തിരിച്ചറിവും തന്നെ ഈ പ്രശ്നത്തെ വലിയൊരളവോളം പ്രതിരോധിക്കാൻ സഹായിക്കും.

 

English Summary: Know More About Highway Hypnosis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com