ADVERTISEMENT

ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്ത് ഓടിച്ച കാര്‍ ഡിവൈഡിറില്‍ ഇടിച്ച് തീപിടിച്ച അപകടം കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് സംഭവിച്ചത്. അപകടത്തില്‍ പരുക്കേറ്റ പന്ത് സുരക്ഷിതനാണ്. മെഴ്‌സിഡീസ് ബെന്‍സിന്റെ ഏറ്റവും മികച്ച എസ്‌യുവികളിലൊന്നായ ജിഎല്‍ഇ 43 എഎംജിയായിരുന്നു പന്തിന്റെ വാഹനം. ആറ് എയര്‍ബാഗും ട്രാക്ഷന്‍ കണ്‍ട്രോള്‍, ഓള്‍വീല്‍ ഡ്രൈവ് തുടങ്ങിയ സുരക്ഷ സംവിധാനങ്ങളുമുള്ള കാറാണിത്.

 

കാറിന്റെ ജനല്‍ ചില്ലു പൊട്ടിച്ചാണ് പന്ത് പുറത്തിറങ്ങിയത്. കാര്‍ തീ പിടിച്ചെങ്കിലും എളുപ്പം തന്നെ തീ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചെന്ന് സംഭവസ്ഥലത്തെത്തിയ ദൃക്‌സാക്ഷികൾ പറയുന്നു. അപകടത്തില്‍ പെടുന്ന വാഹനങ്ങള്‍ ഏതൊക്കെ സാഹചര്യങ്ങളിലാണ് തീ പിടിക്കുന്നത്? എന്തുകൊണ്ടാണ് തീ പിടിക്കുന്നത്? തുടങ്ങി വാഹനം ഓടിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട വിവരങ്ങള്‍ പലതുമുണ്ട്.

 

കാര്‍ അപകടവും തീ പിടുത്തവും

 

ഡ്രൈവിങ്ങിനിടെ പന്ത് ഉറങ്ങിപ്പോയതോടെ നിയന്ത്രണം വിട്ട വാഹനം അപകടത്തില്‍ പെടുകയായിരുന്നുവെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. പുലര്‍ച്ചെയാണ് അപകടം ഉണ്ടായത് എന്നതും കാറില്‍ ഒറ്റക്കായിരുന്നുവെന്നതും വാഹനം ഓടിക്കുന്നയാള്‍ക്ക് ഉറക്കം വരാനുള്ള സാധ്യത കൂട്ടുന്നതാണ്. 100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ വെറും 5.7 സെക്കൻഡ് മാത്രം ആവശ്യമുള്ള, മണിക്കൂറില്‍ പരമാവധി 250 കിലോമീറ്റര്‍ വരെ വേഗത്തില്‍ പായാന്‍ ശേഷിയുള്ള പടക്കുതിരയാണ് പന്തിന്റെ കാര്‍. അപകടത്തില്‍ പെടുമ്പോള്‍ വാഹനത്തിന് തീ പിടിക്കുന്നത് അപൂര്‍വ്വമല്ല. അഞ്ചിലൊന്ന് കാറപകടങ്ങളിലും വാഹനങ്ങള്‍ക്ക് തീ പിടിക്കാറുണ്ട്. ഒന്നിലേറെ വാഹനങ്ങള്‍ തമ്മിലുള്ള കൂട്ടിയിടിയിലാണ് തീ പിടിക്കാനുള്ള സാധ്യത കൂടുതലുള്ളത്. എന്നാല്‍ ഇവിടെ പന്തിന്റെ വാഹനം ഡിവൈഡറിലേക്ക് ഇടിച്ചു കയറിയാണ് തീ പിടിച്ചിരിക്കുന്നത്. 

തീയുടെ കാരണങ്ങള്‍

 

വാഹനാപകടങ്ങളില്‍ തീപിടുത്തത്തിലേക്ക് നയിക്കുന്ന കാരണങ്ങള്‍ പലതുണ്ട്

 

* അതില്‍ ആദ്യത്തേത് ഇന്ധന ചോര്‍ച്ചയാണ്. ഇന്ധന ടാങ്കിനുണ്ടാകുന്ന ആഘാതത്തെ തുടര്‍ന്നുണ്ടാകുന്ന ചോര്‍ച്ച തീപിടുത്തത്തിലേക്ക് നയിച്ചേക്കാം. ചോര്‍ച്ച ചെറുതാണെങ്കില്‍ പോലും അത് തീ പിടുത്തത്തിന് കാരണമാകാറുണ്ട്. ഇന്ധനത്തിന് പുറമേ എൻജിന്‍ ഓയില്‍, ബ്രേക്ക് ഓയില്‍, ലൂബ്രിക്കന്റ്‌സ് എന്നിങ്ങനെ വാഹനത്തില്‍ തീ പിടിക്കാന്‍ സാധ്യതയുള്ള വേറെയും പലതുമുണ്ട്. ഇവയുടെ ചോര്‍ച്ചയും തീ പിടുത്തത്തിന് കാരണമാകാറുണ്ട്.

 

* വാഹനത്തിന്റെ ഇലക്ട്രിക്കല്‍ സംവിധാനത്തിലുണ്ടാവുന്ന പാളിച്ചകളും തീ പിടുത്തത്തിന് കാരണമാകാറുണ്ട്. ഇലക്ട്രിക്കല്‍ വയറിങ്ങുള്ള ഭാഗത്ത് അപകടം നടക്കുമ്പോള്‍ ആഘാതം സംഭവിച്ചാലാണ് തീ പിടുത്തം ഉണ്ടാവാറ്. കാറിനുള്ളില്‍ തീപ്പൊരി ഉണ്ടാക്കാന്‍ കഴിവുള്ള നിരവധി ഇലക്ട്രിക്കല്‍ ഉപകരണങ്ങളുള്ളതിനാല്‍ ഇവയെല്ലാം തീപിടുത്ത സാധ്യതയുള്ളതായി മാറുന്നു.

 

* എയര്‍ബാഗുകള്‍ സുരക്ഷക്കുള്ളതാണെങ്കിലും ചിലപ്പോഴെങ്കിലും അതും തീപിടുത്തത്തിന് കാരണമാകാറുണ്ട്. പ്രത്യേകിച്ച് എയര്‍ബാഗ് പുറത്തേക്ക് വരുന്ന ചെറു പൊട്ടിത്തെറി കാറിനുള്ളില്‍ തീപിടുത്തത്തിന് തുടക്കമിട്ടേക്കാം. ജാപ്പനീസ് കമ്പനിയായ ടകാത നിര്‍മിച്ച ഒരു വിഭാഗം എയര്‍ബാഗുകള്‍ ഇങ്ങനെയുള്ള തീപിടുത്തത്തിന്റെ പേരില്‍ കുപ്രസിദ്ധി നേടിയിട്ടുണ്ട്. എന്നാല്‍ ഇത് നമ്മുടെ നാട്ടിലെ വാഹനങ്ങളില്‍ ഉണ്ടാകാനുള്ള സാധ്യത വിരളമാണ്.

 

തീ കണ്ടാലറിയാം ഉറവിടം

 

ഏതു രീതിയിലാണ് തീപിടുത്തമുണ്ടായതെന്ന് അപകട ശേഷം വാഹനം പരിശോധിക്കുന്ന വിദഗ്ധര്‍ക്ക് കണ്ടെത്താനാവും. ഉദാഹരണത്തിന് ഇന്ധന ചോര്‍ച്ചയെ തുടര്‍ന്നുണ്ടാവുന്ന തീപിടുത്തങ്ങള്‍ സാധാരണ കാറിന് അടിയില്‍ നിന്നാണ് തുടങ്ങുക. അതേസമയം ഇലക്ട്രിക്കല്‍ സംവിധാനങ്ങളില്‍ നിന്നുള്ള തീ പിടുത്തങ്ങള്‍ പുറത്തു നിന്നും തുടങ്ങി ഉള്ളിലേക്ക് പടര്‍ന്നു പിടിക്കാറാണ് പതിവ്. ഇന്ധന ചോര്‍ച്ചയെ തുടര്‍ന്നുള്ള തീ പിടുത്തങ്ങളെ അപേക്ഷിച്ച് ഇലക്ട്രിക് തീ പിടുത്തങ്ങള്‍ വേഗത്തില്‍ സംഭവിക്കാറുണ്ട്. അതുകൊണ്ട് ഇത്തരം സാഹചര്യങ്ങളില്‍ അപകടത്തില്‍ പെടുന്നവര്‍ക്ക് രക്ഷപ്പെടാന്‍ കുറച്ച് സമയം മാത്രമേ ലഭിക്കാറുള്ളൂ.

 

English Summary: Rishabh Pant’s car catches fire after accident

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com