ADVERTISEMENT

സാങ്കേതികവിദ്യയിലും കാര്യക്ഷമതയിലും പ്രകടനത്തിലും മുന്നിലും മലിനീകരണത്തില്‍ പിന്നിലുമുള്ള കാറുകളാണ് ഹൈബ്രിഡ് കാറുകള്‍. വൈദ്യുതിയും പെട്രോളിയം ഇന്ധനങ്ങളും ഒരുപോലെ ഉപയോഗിക്കുന്നവയാണ് ഹൈബ്രിഡ് കാറുകള്‍. ഹൈബ്രിഡ് കാറുകളില്‍ തന്നെ പാരലല്‍ ഹൈബ്രിഡ്, സീരീസ് ഹൈബ്രിഡ്‌സ്, പ്ലഗ് ഇന്‍ ഹൈബ്രിഡ്‌സ്, മൈല്‍ഡ് ഹൈബ്രിഡ്‌സ് എന്നിങ്ങനെ പല വിഭാഗങ്ങളുണ്ട്. ഒപ്പം റീജനറേറ്റീവ് ബ്രേക്കിങ് പോലുള്ള ആധുനിക സാങ്കേതികവിദ്യകളും ഈ വാഹനങ്ങളുടെ മേന്മ കൂട്ടുന്നു. 

വൈദ്യുതിയും പെട്രോളിയം ഇന്ധനങ്ങളും ഹൈബ്രിഡ് കാറില്‍ ഇന്ധനമാവും. ചില ഹൈബ്രിഡ് വാഹനങ്ങളില്‍ വൈദ്യുതി എന്‍ജിനോ അല്ലെങ്കില്‍ ഗ്യാസോലിന്‍ എന്‍ജിനോ ആണ് വാഹനം ഓടിക്കാന്‍ ഉപയോഗിക്കുക. മറ്റു ചിലതില്‍ രണ്ട് പവര്‍ട്രെയിനുകളേയും ഒരുപോലെ ഉപയോഗിക്കും. വൈദ്യുതി സംഭരിക്കുന്ന ഉയര്‍ന്ന വോള്‍ട്ടേജുള്ള ബാറ്ററി പാക്കുകളും ഹൈബ്രിഡ് കാറിലുണ്ട്. ഭൂരിഭാഗം ഹൈബ്രിഡ് കാറുകളും പെട്രോളിയം എന്‍ജിന്‍ ബാറ്ററി റീചാര്‍ജ് ചെയ്യാനാണ് ഉപയോഗിക്കുന്നു. മറ്റു ചിലവയില്‍ റീജനറേറ്റീവ് ബ്രേക്കിങ് പോലുള്ള കാര്യക്ഷമമായ സാങ്കേതികവിദ്യയാണുള്ളത്. 

പാരലല്‍ ഹൈബ്രിഡ്

ഹൈബ്രിഡ് കാറുകളിലെ സാധാരണ വിഭാഗമാണ് പാരലല്‍ ഹൈബ്രിഡ്. ഇവയില്‍ പെട്രോളിയം എന്‍ജിനും ഇലക്ട്രിക് മോട്ടോറും ഉപയോഗിക്കുന്നു. ഈ രണ്ട് പവര്‍ട്രെയിനുകളും ട്രാന്‍സ്മിഷന്‍ സിസ്റ്റവുമായി ബന്ധിപ്പിക്കുന്നു. ഏറ്റവും കാര്യക്ഷമതയുള്ള ഹൈബ്രിഡ് സംവിധാനങ്ങളിലൊന്നാണ് പാരലല്‍ ഹൈബ്രിഡ്. ടൊയോട്ട പ്രിയസ്, ഹോണ്ട സിവിക് ഹൈബ്രിഡ്, ഹോണ്ട ഇന്‍സൈറ്റ്, മെഴ്‌സിഡീസ് ബെന്‍സ് എസ്400 ബ്ലൂഹൈബ്രിഡ് എന്നിവയിലെല്ലാം പാരലല്‍ ഹൈബ്രിഡാണ് ഉപയോഗിക്കുന്നത്. 

സീരീസ് ഹൈബ്രിഡ്

വൈദ്യുത മോട്ടോറാണ് ഇവിടെ പ്രാഥമികമായി വാഹനത്തെ ചലിപ്പിക്കുന്നത്. പെട്രോളിയം എന്‍ജിനും ചക്രവും തമ്മില്‍ നേരിട്ട് യാതൊരു ബന്ധവുമില്ല. ഉയര്‍ന്ന വോള്‍ട്ടേജുള്ള ബാറ്ററി പാക്കിനെ ചാര്‍ജു ചെയ്യുകയാണ് സീരീസ് ഹൈബ്രിഡ് കാറുകളിലെ പെട്രോളിയം എന്‍ജിനുകളുടെ ദൗത്യം. വൈദ്യുത വാഹനം ഓടിക്കുന്നതിന് സമാനമായ അനുഭവമായിരിക്കും സീരീസ് ഹൈബ്രിഡ് കാറുകള്‍ ഓടിക്കുമ്പോള്‍ ലഭിക്കുക. വാഹനത്തിന് ശബ്ദമുണ്ടാവില്ല കുലുക്കം കുറവായിരിക്കും ഒപ്പം എളുപ്പം വേഗത കൂട്ടാനും സാധിക്കും. ബി.എം.ഡബ്ല്യു ഐ3, ഫിസ്‌കര്‍ കര്‍മ എന്നിവയാണ് ഈ സാങ്കേതികവിദ്യയില്‍ ഓടുന്ന കാറുകള്‍. 

‌ത്രൂ ദ റോഡ് ഹൈബ്രിഡ്

ഹൈബ്രിഡ് കാറുകളിലെ കരുത്തരാണ് ഇതില്‍ വരുന്നത്. പെട്രോളിയം എന്‍ജിന്റെ സഹായത്തില്‍ മുന്‍ ചക്രങ്ങളും വൈദ്യുതി എന്‍ജിനില്‍ പിന്‍ ചക്രങ്ങളും പ്രവര്‍ത്തിക്കുന്നു. പോഷെ 918 സ്‌പൈഡര്‍, ബിഎംഡബ്ല്യുഐ8, അക്യുറ എന്‍എസ്എക്‌സ് എന്നീ ഹൈബ്രിഡ് കാറുകള്‍ ഈ വിഭാഗത്തില്‍ പെടുന്നു.

പ്ലഗ് ഇന്‍ ഹൈബ്രിഡ്

കൂടുതല്‍ വലിയ ബാറ്ററി പാക്കുകളുള്ള ഹൈബ്രിഡ് വാഹനങ്ങളാണിത്. ഇത്തരം വാഹനങ്ങളുടെ ബാറ്ററി ചാര്‍ജിങ് സ്റ്റേഷനുകളില്‍ നിന്നോ വീടുകളില്‍ നിന്നോ റീചാര്‍ജ് ചെയ്യേണ്ടി വരും. പൂര്‍ണമായും വൈദ്യുതി ഇന്ധനമാക്കിക്കൊണ്ട് താരതമ്യേന ദീര്‍ഘദൂരം ഓടാനാകുമെന്നതാണ് മികവ്. ടൊയോട്ടയുടെ പ്ലഗ് ഇന്‍ ഹൈബ്രിഡ് വാഹനങ്ങള്‍ വൈദ്യുതിയില്‍ മാത്രം ഏതാണ്ട് 65 കിലോമീറ്റര്‍ വരെ റേഞ്ച് ലഭിക്കാറുണ്ട്. വൈദ്യുതി ഇന്ധനം അവസാനിച്ചാല്‍ പാരലല്‍ ഹൈബ്രിഡ് രീതിയിലേക്ക് ഈ വാഹനങ്ങള്‍ മാറും. 

മൈല്‍ഡ് ഹൈബ്രിഡ്

പേരുപോലെ തന്നെ വൈദ്യുതി ഇന്ധനത്തിന്റെ ചെറിയ പിന്തുണ മാത്രമാണ് ഈ വാഹനത്തിന് ലഭിക്കാറ്. പെട്രോളിയം എന്‍ജിനുകളെ സഹായിക്കുന്ന ചെറിയ ഇലക്ട്രിക് മോട്ടോര്‍ മാത്രമാണ് ഇവക്കുള്ളത്. ഇന്ധന ക്ഷമത വര്‍ധിപ്പിക്കുന്നതിന് മാത്രമായാണ് വൈദ്യുത മോട്ടോറുകള്‍ ഉപയോഗിക്കുന്നത്. ഭൂരിഭാഗം വാഹന നിര്‍മാതാക്കളും ഈ വിഭാഗത്തില്‍ 48 വോള്‍ട്ട് ശേഷിയുള്ള ഇലക്ട്രിക്ക് സബ്‌സിസ്റ്റങ്ങളാണ് ഉപയോഗിക്കുന്നത്.

English Summary: Know More About Hybrid Powertrain

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com