സ്കൂട്ടറിലെ 125 സിസി കരുത്ത്; മികച്ച ഫീച്ചറുകളുള്ള സ്റ്റൈലിഷ് മാസ്ട്രോ
Mail This Article
125 സിസി സെഗ്‌മെന്റിൽ കാര്യങ്ങൾ പ്രതീക്ഷിച്ചതിനെക്കാളും ഫാസ്റ്റാണ്. നൂറു സിസി സ്കൂട്ടറുകൾ തമ്മിലുള്ള മത്സരം 125 സിസി സെഗ്‌മെന്റിലേക്ക് കനത്തു കയറുകയാണ്. വിപണിയിലെ പ്രമുഖർ എല്ലാം തന്നെ ഈ സെഗ്‌െമന്റിൽ തങ്ങളുടെ മോഡലുകളെ ഇറക്കി ശക്തി കാട്ടിയിട്ടുണ്ട്. ഹോണ്ടയ്ക്കാണെങ്കിൽ ആക്ടീവയ്ക്കൊപ്പം ഗ്രാസിയ എന്ന മോഡൽ കരുത്തേകുന്നു. അതിനൊരു കടിഞ്ഞാണായാണോ ഹീറോ പുതിയ മോഡലിനെ ഇറക്കിയത്? ടിവിഎസ് എൻടോർക്, സുസുക്കി ആക്സസ് എന്നിവർക്കൊപ്പം മത്സരിക്കാൻ ഹീറോയുടെ ഡെസ്റ്റിനി ഉള്ളപ്പോൾ പുതിയ ഒരു മോഡൽ ഹീറോ എന്തിനാണിപ്പോൾ ഇറക്കിയത്? വിപണി പിടിക്കാൻ ഹോണ്ടയുടെ അതേ തന്ത്രം പയറ്റുകയാണോ?
യുവാക്കളേ...
ഫാമിലി സ്കൂട്ടർ എന്ന വിശേഷണമാണ് ഹീറോ ഡെസ്റ്റിനിക്കു നൽകുന്നത്. ഹോണ്ട ആക്ടീവ 125 നെപ്പോലെ. അപ്പോൾ ചെറുപ്പക്കാരെ വലയിൽ വീഴ്ത്താൻ ഹോണ്ട ഗ്രാസിയയെപ്പോലെ ഒരു മോഡൽ വേണ്ടേ? അതാണ് പുതിയ മാസ്ട്രോ എഡ്ജ് 125. കാഴ്ചയിൽ നിലവിലെ മാസ്ട്രോയുമായി വളരെ സാമ്യം തോന്നും. ഒരുപക്ഷേ, അതുതന്നെയെന്നു തോന്നിപ്പോകും. പക്ഷേ, മുന്നിലെയും വശങ്ങളിലെയും പാനലുകളും ടെയിൽ ലാംപുമൊക്കെ മാറിയിട്ടുണ്ട്. അതായത്, ആധുനികനാണ് എഡ്ജ് 125. ചുറുചുറുക്കുള്ള ഡിസൈൻ. സ്പോർട്ടിയായ വരകളും വക്കുകളും ഉള്ള ബോഡി പാനലുകൾ. തലയെടുപ്പു തോന്നിപ്പിക്കുന്ന ഹെഡ്‌ലാംപ് യൂണിറ്റ്. വാലിട്ടെഴുതിയ പീലിക്കണ്ണുപോലെ പൈലറ്റ് ലാംപുകൾ. മുൻബോഡി പാനലിൽ ത്രികോണാകൃതിയിൽ ഡേടൈം റണ്ണിങ് ലാംപ് ഇണക്കിയിട്ടുണ്ട്. ഫിറ്റ് ആൻഡ് ഫിനിഷ് കൊള്ളാം. ക്വാളിറ്റി ഫീൽ ചെയ്യും. ഇരട്ട നിറവിന്യാസം പ്രീമിയം ഫീൽ കൊണ്ടുവന്നു. പ്രത്യേകിച്ച്
ചോക്‌ലേറ്റ് നിറത്തിലുള്ള സീറ്റുകളും പാനലുകളും. രസമായിട്ടുണ്ട്. മനോഹരമാണ് വലിയ ടെയിൽ ലാംപ് യൂണിറ്റ്. സർവീസ് ഇൻഡിക്കേറ്ററും സൈഡ് സ്റ്റാൻഡ് വാണിങ് ലൈറ്റുമെല്ലാമുള്ള ഡിജിറ്റൽ അനലോഗ് മീറ്റർ കൺസോളാണ്. സ്വിച്ചുകൾ അടക്കമുള്ളവയുെട ഡിസൈനും പ്ലാസ്റ്റിക് ക്വാളിറ്റിയും കൊള്ളാം. സീറ്റിനടിയിലെ ബൂട്ട് സ്പെയ്സിൽ മൊബൈൽ ചാർജിങ് പോയിന്റുണ്ട്. മാത്രമല്ല, ബൂട്ട്‌ലൈറ്റും ഇണക്കിയിരിക്കുന്നു. സാമാന്യം വലിയ സ്പെയ്സുണ്ട്. ഫുൾഫേസ് ഹെൽമറ്റ് ഉരയാതെ വയ്ക്കാം. ഇഗ്‌നീഷൻ സ്ളോട്ടിൽ തന്നെയിട്ട് ചാവി തിരിച്ചാൽ ബൂട്ടും ഫ്യൂവൽ ക്യാപ്പും തുറക്കാൻ കഴിയുന്നത് ഉപകാരപ്രദമായ സംഗതിയാണ്.
എൻജിൻ/ റൈഡ്
ഫ്യൂവൽ ഇൻജക്‌ഷനെക്കൂടാതെ കാർബുറേറ്റഡ് വേരിയന്റും എഡ്ജ് 125 നുണ്ട്. 7000 ആർപിഎമ്മിൽ 9.1 എച്ച്പിയാണ് എഫ്െഎ വേരിയന്റിന്റെ കരുത്ത്. കാർബുറേറ്ററിന് 8.7 എച്ച്പി. ടോർക്ക് രണ്ടു മോഡലിനും തുല്യം. 10.2 എൻഎം. കാർബുറേറ്റർ വേരിയന്റിൽ ഹീറോയുടെ െഎത്രീഎസ് സ്റ്റാർട് സ്റ്റോപ് സംവിധാനമുണ്ട്. ഇന്ധനക്ഷമത കൂടും. എഫ്െഎ വേരിയന്റിൽ അതില്ല.
റിഫൈൻഡാണ് എൻജിൻ. തുടക്കത്തിൽ തന്നെ നല്ല കരുത്തു പകരുന്നുണ്ട്. മികച്ച സ്റ്റെബിലിറ്റി എഡ്ജ് 125 ന്റെ സവിശേഷതയായി എടുത്തുപറയാം. നഗരത്തിരക്കിലൂടെ ഊളിയിട്ടുകയറാൻ ബെസ്റ്റ്. മുന്നിൽ ടെലിസ്കോപ്പിക് സസ്പെൻഷനാണ്. ചെറിയ കുഴികളിലൊക്കെ ഈസിയായി കുടുക്കമറിയിക്കാതെ കയറിപ്പോകുന്നുണ്ട്. മുന്നിൽ 12 ഇഞ്ചിന്റെയും പിന്നിൽ 10 ഇഞ്ചിന്റെയും ടയറാണ്. ഡിസ്ക് ബ്രേക്കാണ് മുന്നിൽ. ബ്രേക്കിങ് കിടു. നോ പരാതി.
അവസാനവാക്ക്
കരുത്തുള്ള, ഒാടിക്കാൻ സുഖമുള്ള, ആധുനിക മുഖമുള്ള, ഉപകാരപ്രദമായ ഫീച്ചറുകളുള്ള നല്ല സ്റ്റൈലിഷ് സ്കൂട്ടർ. അതാണ് മാസ്ട്രോ എഡ്ജ് 125