ADVERTISEMENT

വനിതകളുെട ഉത്തമ തോഴിയായി പ്ലഷർ നിരത്തിലെത്തിയിട്ട് പതിറ്റാണ്ടു കഴിഞ്ഞു. ഇന്നും പ്ലഷറിന്റെ ഇമേജിനു കാര്യമായ മങ്ങലേറ്റിട്ടില്ല. കുറഞ്ഞ ഭാരം, ഒതുക്കമുള്ള ഡിസൈൻ, കുറഞ്ഞ മെയിന്റനൻസ്, മികച്ച മൈലേജ് എന്നിവയാണ് പ്ലഷറിനെ കാലങ്ങളായി പ്രസരിപ്പോടെ നിലനിർത്തുന്നത്. എതിരാളികൾ കൂടിയെങ്കിലും ഹീറോ പ്ലഷറിൽ ഇതുവരെ കാര്യമായ മിനുക്കുപണികൾ നടത്തിയിരുന്നില്ല. ചെറിയ കോസ്മെറ്റിക് ട്രീറ്റ്മെന്റ് മാത്രമാണ് കാലങ്ങളായി നടത്തിയിരുന്നത്. ഇപ്പോൾ ഇതാ ആ പരാതി ഹീറോ മാറ്റിയിരിക്കുന്നു. കരുത്തേറിയ എൻജിനും ഡിസൈനിലെ പുതുമയും ഒക്കെയായി പുതുപുത്തനായി, കൂടുതൽ പ്രസരിപ്പോടെയാണ് പ്ലഷർ പ്ലസ് എന്ന മോഡ‍ൽ എത്തിയിരിക്കുന്നത്. മാറ്റങ്ങൾ എങ്ങനെയുണ്ടെന്നു നോക്കാം.

സ്റ്റൈൽ മന്നൻ

hero-pleasure

ഒന്നു തടിച്ചുരുണ്ടോ? ശരിയാണ് അൽപം ഒാജസ്സും തേജസ്സും കൈവന്നിട്ടുണ്ട് പ്ലഷർ പ്ലസിന്. സിൽവർ മാറ്റ് ഫിനിഷോടുകൂടിയ പൈലറ്റ് ലാംപുകൾ മുൻകാഴ്ചയിൽ പ്ലഷറിനെ ആകെ മാറ്റിക്കളഞ്ഞു. സിൽവർ മാറ്റ് ഫിനിഷ് ഹെഡ്‌ലൈറ്റിനു ചുറ്റും നൽകിയിട്ടുണ്ട്. റെട്രോ ഫീലാണ് ഹെഡ്‌ലൈറ്റിന്. ഒഴുക്കുള്ള ഡിസൈനാണ് സൈഡ് പാനലുകൾക്ക്. വലിയ ഗ്രാബ് റെയിൽ. സാധാരണ രീതിയിലുള്ള അനലോഗ് മീറ്റർ കൺസോളാണ്. ഫ്യൂവൽ, സൈഡ് സ്റ്റാൻഡ് വാണിങ് ലൈറ്റ് എന്നിവ നൽകിയിട്ടുണ്ട്. മുന്നിലെ ഗ്ലവ് ബോക്സിനൊപ്പം മൊബൈൽ ചാർജിങ് പോർട്ട് നൽകിയതു കൊള്ളാം. മോശമല്ലാത്ത സ്പെയ്സ് ഉണ്ട് സീറ്റിനടിയിൽ. എൽഇഡി ബൂട്ട് ലൈറ്റുമുണ്ട്.

hero-pleasure-1

എൻജിൻ/റൈഡ്

പരിഷ്കാരങ്ങൾക്കു വിധേയമായിട്ടും ഭാരത്തിൽ വർധനയൊന്നുമില്ലെന്നത് എടുത്തു പറയട്ടെ. 101 കിലോഗ്രാമേയുള്ളൂ ആകെ ഭാരം. മാത്രമല്ല, സീറ്റിന്റെ ഉയരവും കുറവാണ്. 765 എംഎം. പുതിയതായി സ്കൂട്ടർ ഒാടിക്കാൻ തുടങ്ങുന്നവർക്കും ഭാരം കുറഞ്ഞ സ്കൂട്ടർ വേണമെന്നുള്ളവർക്കും ഉത്തമ ചോയ്സ് ആണ് പ്ലഷർ പ്ലസ്. വലുപ്പക്കുറവും കൂടി ചേരുമ്പോൾ കൈകാര്യം ചെയ്യാൻ വളരെ എളുപ്പം. നേരത്തേ ഉണ്ടായിരുന്ന 102 സിസി എൻജിനു പകരം ഡ്യുയറ്റിലും മാസ്ട്രോ എഡ്‌ജിലുമൊക്കെയുള്ള 110.9 സിസി എൻജിനാണ് പ്ലഷർ പ്ലസിനു നൽകിയിരിക്കുന്നത്. 

hero-pleasure-2

കരുത്തേറിയ എൻജിനായതിനാൽ നല്ല കുതിപ്പുണ്ട്. എന്നാൽ കുത്തിപ്പായാനുള്ള വ്യഗ്രതയിൽ ഇതു കൊണ്ടു പോകരുത്. മിതമായ വേഗത്തിൽ മികച്ച റൈഡ് ക്വാളിറ്റി കാഴ്ചവയ്ക്കും പ്ലഷർ പ്ലസ്. നഗരയാത്രകൾക്ക് ഏറ്റവും അനുയോജ്യം. 10 ഇഞ്ച് വീലുകളാണ്. പഴയ ടൈപ്പിലുള്ള ട്രെയിലിങ് ആം സസ്പെൻഷനാണു മുന്നിൽ. മോശമല്ലാത്ത യാത്രാസുഖം നൽകും ഇത്. ഡ്രം ബ്രേക്കുകളുടെ പെർഫോമൻസ് തൃപ്തികരം. 

hero-pleasure-3

ടെസ്റ്റേഴ്സ് നോട്ട്

രണ്ടു വേരിയന്റുകളാണ് പ്ലഷർ പ്ലസിനുള്ളത്. ഷീറ്റ് മെറ്റർ വീൽ (ഗ്ലോസി കളർ), കാസ്റ്റ് വീൽ (മാറ്റ് കളർ) എന്നിവ. 47,300 രൂപയാണ് ഡൽഹി എക്സ്‌ഷോറും വില. മുൻ മോഡലിനെക്കാളും ഏകദേശം രണ്ടായിരം രൂപ കൂടുതലാണെങ്കിലും എതിരാളികളെക്കാളും വളരെ വിലക്കുറവാണെന്നതാണ് ഹൈലൈറ്റ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com