ബെനലിയുടെ സൂപ്പർ താരം ലിയോൺസിനോ
Mail This Article
മോട്ടർ സൈക്കിൾ നിർമാണത്തിന്റെ 108 വർഷത്തെ ചരിത്രത്തിന്റെ അടിയുറപ്പിൽ ലോകപ്രശസ്തരാണ് ഇറ്റാലിയൻ കമ്പനിയായ ബെനലി. ലോക വിപണിയിൽ ഇവരുടെ വാഹനമുരുളാത്ത പാതകൾ വിരളമെന്നു പറയാം. ഇന്ത്യൻ വിപണിയിലെ ഇറ്റാലിയൻ പടയോട്ടത്തിലെ മുഖ്യതാരങ്ങളിലൊന്നാണ് ബെനലി. നേക്കഡ്, സ്പോർട്ട്, ടൂറിങ്, ക്ലാസ്ക് വിഭാഗങ്ങളിലായി അഞ്ചു മോഡലുകളാണ് ഇന്ത്യൻ വിപണിയിൽ ബെനലിയുടേതായി ഉള്ളത്. ഇവരോടൊപ്പം പുതിയൊരു വിഭാഗവും എത്തുകയാണ്. സ്ക്രാംബ്ലർ. രണ്ടു മോഡലുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. ലിയോൺസിനോ 250 യും 500 സിസി മോഡലായ ലിയോൺസിനോയും. ഇതിൽ ലിയോൺസിനോയുമായി കൊച്ചിയിലൂടെ ഒന്നു കറങ്ങിവരാം.
മോഡേൺ ക്ലാസിക്
ഡിഎസ്കെ ഗ്രൂപ്പുമായി പിരിഞ്ഞ് ഹൈദരാബാദ് ആസ്ഥാനമായുള്ള മഹാവീർ ഗ്രൂപ്പിന്റെ ആദിശ്വാർ ഓട്ടോ റൈഡ് ഇന്റർനാഷനലുമായി സഹകരിച്ചാണ് ബെനലിയുടെ ഇന്ത്യയിലെ രണ്ടാം വരവ്. തിരിച്ചുവരവിലെ ആദ്യ ലോഞ്ചാണ് ലിയോൺ സിനോയുടേത്. ബെനലിയുടെ ഇറ്റലിയിലെ ഡിസൈൻ സ്റ്റുഡിയോ സെൻട്രോ സ്റ്റൈലിലാണ് ഇതിന്റെ ഡിസൈൻ. മോഡേൺ ക്ലാസിക്കുകളുടെ കാലമാണിത്. പ്രമുഖ കമ്പനികളെല്ലാം ചരിത്രത്തിലെ തങ്ങളുടെ വീരനായകൻമാരായിരുന്നവരെ ആധുനിക സംവിധാനങ്ങളുമായി തിരിച്ചുകൊണ്ടുവരികയാണ്. അതിനു സ്വീകാര്യതയേറുന്നുമുണ്ട്. ബെനലിയും ആ പാതയിലാണ്. 1950-60 കളിൽ തിളങ്ങിയ ലിയോൻസിനോയെ ആധുനികയുഗത്തിലേക്കു കൂട്ടിക്കൊണ്ടു വരികയാണ് ബെനലി. നിയോ–റെട്രോ സ്റ്റൈലിൽ സ്ക്ലാംബറിന്റെ രൂപവടിവുകൾ സമന്വയിച്ച് മോഡേൺ ക്ലാസിക് സൃഷ്ടിയായാണ് ലിയോൺസിനോ. മുൻഫെൻഡറിലെ ബെനലിയുടെ ലോഗോ മുതൽ തുടങ്ങുന്നു രൂപകൽപനയിലെ കൗതുകങ്ങൾ.
ലളിതമായ ഡിസൈൻ എന്നാൽ സ്പോർട്ടിയാണുതാനും. ഇതാണ് ലിയോൺസിനോയുടെ ഡിസൈൻ മികവ്. ഇതിനൊപ്പം ഹെവി ഫീൽ നൽകുന്ന ഘടകങ്ങളുമുണ്ട്. മുൻ ഫോർക്കുകൾ നോക്കൂ. 51 എംഎമ്മിന്റെ അപ്സൈഡ് ഡൗൺ ഫോർക്കുകളാണ്. ക്ലാസിക് ശൈലിയിൽ വട്ടത്തിലുള്ള ഹെഡ്‌ലൈറ്റ്. അതിനുള്ളിൽ എൽഇഡി ലൈറ്റാണ് ഘടിപ്പിച്ചിരിക്കുന്നത്. റ പോലുള്ള ഡിആർഎൽ കാണാൻ രസമുണ്ട്. ലളിതമായ ഡിജിറ്റൽ കൺസോളാണ്. പ്ലാസ്റ്റിക് പാനലോടുകൂടിയ ഒതുക്കമുള്ള ഫ്യൂവൽ ടാങ്ക്. 12.7 ലീറ്ററാണ് കപ്പാസിറ്റി. ഉഗ്രൻ ലെതറിൽ പൊതിഞ്ഞ സിംഗിൾ പീസ് സീറ്റാണ്. ഉയർന്ന ടെയിൽ സെക്‌ഷനും വീതിയുള്ള ടയറും ക്രോം ഫിനിഷിൽ തിളങ്ങി നിൽക്കുന്ന സെലൻസറും പിൻ ഭാഗത്തിനു മസ്കുലർ ലുക്കിനൊപ്പം സ്പോർട്ടിനെസ്സും നൽകുന്നുണ്ട്.
എൻജിൻ
ബെനലിയുടെ ടൂറർ മോഡലായ ടിആർകെ 502 ൽ ഉള്ള അതേ എൻജിൻതന്നെയാണ് ഇതിലും നൽകിയിരിക്കുന്നത്. 500 സിസി ഇൻലൈൻ ട്വിൻ സിലിണ്ടർ എൻജിൻ 47.5 ബിഎച്ച്പി പവർ പുറത്തെടുക്കും. കൂടിയ ടോർക്ക് 46 എൻഎം. സ്ക്രാംബ്ലർ ശൈലിയിലുള്ള വീതിയുള്ള ഹാൻഡിൽബാറാണ്. ഉയരം കുറവുള്ള സീറ്റാണ്. മാത്രമല്ല ഗ്രൗണ്ട് ക്ലിയറൻസും കുറവാണ്. 160 എംഎം. ഉയരം കുറഞ്ഞവർക്കു ഗുണപ്പെടും. പക്ഷേ, സ്ക്രാംബ്ലർ എന്ന പേരിനോടു നീതിപുലർത്താൻ കഴിയില്ല. കാരണം മറ്റു സ്ക്രാംബ്ലറുകൾ മോശം റോഡിലൂടെ പായുന്നതുപോലെ ഇവനുമായി പോകാൻ കഴിയില്ല. അടിയിടിക്കും. എന്നാൽ റോഡിലൂടെ കുതിച്ചുപായാം. അതിനുള്ള വീര്യമാണ് ഇവനിൽ നിറച്ചിരിക്കുന്നത്.
റിഫൈൻഡ് ആണ് എൻജിൻ. തെല്ലും വൈബ്രേഷനില്ല. സൈലൻസർ നോട്ട് ഗാംഭീര്യമുള്ളത്. ഗിയർ ഡൗൺ ചെയ്തു പിടിക്കുമ്പോഴുള്ള മുരൾച്ച ഗംഭീരമാണ്. പെട്ടെന്നുള്ള കുതിപ്പല്ല ലിയോൺസിനോ നൽകുന്നത്. പതിയെ കരുത്താർജിക്കുന്ന രീതിയാണ്. എന്നാൽ ഇനീഷ്യൽ ടോർക്കിന്റെ കാര്യത്തിൽ പുലിയുമാണ്. ലീനിയറായ പവർ ഡെലിവറിയാണ്. 130 കിലോമീറ്റർ വേഗത്തിലൊക്കെ ഒന്നുമറിയാതെ കയറാം. 170 കിലോമീറ്ററിനു മുകളിലാണ് ടോപ് സ്പീഡ്. ആറു സ്പീഡ് ട്രാൻസ്മിഷന്റെ മാറ്റങ്ങൾ സ്മൂത്താണ്. പക്ഷേ, ക്ലച്ച് അൽപം കട്ടിയാണ്. സിറ്റി ഡ്രൈവിൽ മാത്രം നേരിയ ബുദ്ധിമുട്ടുണ്ടാക്കും. മികച്ച സ്റ്റെബിലിറ്റിയും യാത്രാസുഖവും നൽകുന്ന സസ്പെൻഷനാണ്. പിന്നിലെ മോണോഷോക്ക് സസ്പെൻഷന്റെ പ്രീ ലോഡും റീബൗണ്ടും ഈസിയായി ക്രമീകരിക്കാം. ഒരു ഉപകരണവും വേണ്ട. ഷോക്കിന്റെ വശത്തെ നോബ് തിരിച്ചാൽ മതി. 186 കിലോ ഭാരമുണ്ടെങ്കിലും ഈസിയായി കൈകാര്യം ചെയ്യാം. പെട്ടെന്നുള്ള ദിശമാറ്റത്തിലും കോർണറിങ്ങിലുമൊക്കെ നല്ല മെയ്‌വഴക്കം കാട്ടുന്നുണ്ട്. പിരലി ടയറിന്റെ ഗ്രിപ്പ് കിടിലൻ. കൃത്യതയുള്ള ബ്രേക്കിങ്. ഡ്യുവൽ ചാനൽ എബിഎസുണ്ട്. ഇത് ഒാഫ്ചെയ്യാനുള്ള ഒാപ്ഷനും നൽകിയിട്ടുണ്ട്.
ടെസ്റ്റേഴ്സ് നോട്ട്
കുറഞ്ഞ വിലയിൽ ഒരു ഇറ്റാലിയൻ 500 സിസി മോഡൽ എന്നതാണ് ലിയോൺ സിനോയുടെ ഹൈലൈറ്റ്. പവർഫുൾ പെർഫോമൻസ്, ക്ലാസിക്–സ്പോർട്ടി ലുക്ക് എന്നിവയും സവിശേഷതകൾ.
English Summary: Benelli Leeoncino Test Ride