ഒറ്റ ചാർജിൽ 126 കി.മീ, ഉയർന്ന വേഗം 123 കി.മീ; ഇലക്ട്രിക് സ്പോർട് ബൈക്ക് പ്രാണ
Mail This Article
പെട്രോൾ വില നാട്ടാരുടെ നടുവൊടിക്കുമ്പോൾ നാടെങ്ങും ഇപ്പോൾ സംസാരം പോക്കറ്റ് കാലിയാക്കാത്ത ഇലക്ട്രിക് വാഹനങ്ങളെക്കുറിച്ചാണ്. ഇക്കൂട്ടത്തിൽ സ്കൂട്ടറുകളും കാറുകളുമാണ് ജനപ്രീതിയിൽ മുന്നിൽ. ആ നിരയിലേക്ക് ബൈക്കുകളുമെത്തുകയാണ്. പ്രമുഖ വാഹനനിർമാതാക്കളെക്കാൾ വിപണിയിൽ ആദ്യമെത്തിയിരിക്കുന്നത് സ്റ്റാർട്ടപ്പുകളാണ്. അക്കൂട്ടത്തിൽ പ്രമുഖരെന്നു പറയാവുന്നവരാണ് കോയമ്പത്തൂർ ആസ്ഥാനമായുള്ള എസ്‌വിഎം (ശ്രീവാരു) മോട്ടോഴ്സ്. ഇവരുടെ പ്രാണ എന്ന ഇലക്ട്രിക് ബൈക്ക് ഒരു സംഭവം തന്നെയാണ്.
പെർഫോമൻസിലും രൂപകൽപനാമികവിലും ഒരുപടി മുന്നിൽ നിൽക്കുന്ന പ്രാണയുടെ വിശേഷങ്ങൾ റൈഡ് ചെയ്ത് അറിയാം. രണ്ടു വേരിയന്റുകളുണ്ട്. 126 കിലോമീറ്റർ റേഞ്ചുള്ള ഗ്രാൻഡും 225 കിലോമീറ്റർ റേഞ്ചുള്ള എലൈറ്റും. ഇതിൽ ഗ്രാൻഡാണ് ഫാസ്റ്റ്ട്രാക്ക് ടെസ്റ്റ്റൈഡ് ചെയ്യുന്നത്.
ഡിസൈൻ
കാവാസാക്കിയുടെ ലീറ്റർ ക്ലാസ് നേക്കഡ് ബൈക്കായ സി1000 ആണെന്നേ തോന്നൂ ഒറ്റനോട്ടത്തിൽ. അതേ ഡിസൈൻ തീമിൽ തന്നെയാണ് പ്രാണയും രൂപകൽപന ചെയ്തിരിക്കുന്നത്. കാഴ്ചയിൽ മറ്റു സ്ട്രീറ്റ് ബൈക്കുകളെപ്പോലെ തന്നെ. എൻജിൻ ഭാഗത്തേക്കു നോക്കിയാൽ മാത്രമേ വ്യത്യാസം മനസ്സിലാകൂ. മുന്നോട്ടാഞ്ഞു കുതിക്കാൻ വെമ്പിനിൽക്കുന്ന കാളക്കൂറ്റന്റെ പ്രകൃതമാണ്. താഴ്ന്ന ഹെഡ്‌ലാംപ് യൂണിറ്റും കൊത്തിയെടുത്തതുപോലെ മസിൽതുടിപ്പേറിയ ഉയർന്ന ടാങ്കും ഒതുങ്ങിയ റൈഡർ സീറ്റ് ഭാഗവും ഉയർന്ന പിൻഭാഗവും അഗ്രസീവ് ലുക്കാണ് പ്രാണയ്ക്കു സമ്മാനിക്കുന്നത്. സ്പോർട്ടിയായ മുഴപ്പുകളും വക്കുകളും ബോഡിയിലുടനീളമുണ്ട്. പൈലറ്റ് ലാംപും ഇരട്ട പ്രൊജക്ടർ എൽഇഡി ലാംപും ചേർന്നതാണ് ഹെഡ്‌ലാംപ് യൂണിറ്റ്. മസ്കുലർ ടാങ്കും ടാങ്ക് സ്കൂപ്പുമാണ് പ്രാണയെ മാസ് ആക്കുന്നത്. ടാങ്കിൽ പ്രാണ ബാഡ്‌ജിങ് നൽകിയിട്ടുണ്ട്. വിഭജിച്ച പില്യൺ സീറ്റാണ്.
പവർഹൗസ്
72 വോൾട്ട് എയർകൂൾഡ് ലിഥിയം അയൺ ബാറ്ററിയാണ് പ്രാണയുടെ പവർ ഹൗസ്. 4.32 കിലോവാട്ടാണ് ഇതിന്റെ കപ്പാസിറ്റി. 4 മണിക്കൂർ 15 മിനിറ്റ്കൊണ്ട് ബാറ്ററി ഫുൾചാർജാകും. ഒറ്റ ചാർജിങ്ങിൽ 126 കിലോമീറ്റർ സഞ്ചരിക്കാൻ കഴിയും. 5 യൂണിറ്റ് കറന്റ്മതി ഫുൾചാർജാകാൻ. ബാറ്ററി സാധാരണ ബൈക്കുകളുടെ എൻജിനിരിക്കുന്ന ഭാഗത്താണ് വലതു വശത്ത് സൈഡ് പാനലിലാണ് ചാർജിങ് പോർട്ട്. ബാറ്ററി പാക്കിനടിയിലായി ബെല്ലി പാനുമുണ്ട്.
5.36 എച്ച്പിയുെട ബിഎൽഡിസി ഹബ്‌മൗണ്ടഡ് മോട്ടറാണ്. 38 എൻഎം ആണ് കൂടിയ ടോർക്ക്. ഇതു തന്നെയാണ് പ്രാണയുടെ ഹൈലൈറ്റും. താരതമ്യം ചെയ്താൽ ബജാജിന്റെ ഡോമിനറിനെക്കാളും ടോർക്ക് കൂടുതലുണ്ട് പ്രാണയ്ക്ക്. പീൻവീലിലാണ് മോട്ടർ ഘടിപ്പിച്ചിരിക്കുന്നത്.
‘പ്രാണ’വേഗം!
123 കിലോമീറ്ററാണ് കൂടിയ വേഗം. 0–60 കിലോമീറ്റർ വേഗത്തിലെത്താൻ 4 സെക്കൻഡ് സമയം മതി!
റൈഡ്
ഇഗ്‌നീഷൻ കീ തിരിച്ച് എൻജിൻ കിൽ സ്വിച്ച് ഒാണാക്കി സ്റ്റാർട്ട് ബട്ടണിൽ വിരൽ അമർത്തിയാൽ പ്രാണ ഉണരും. ത്രോട്ടിൽ പതിയെ തിരിച്ചാൽ മതി. ചെറിയൊരു പ്ലേയുണ്ട്. അത് നല്ലതെന്നു തോന്നി. പെട്ടെന്നുള്ള ചാട്ടം ഒഴിവാകും. നാല് റൈഡ് മോഡുകളുണ്ട്– പ്രാക്ടീസ്, ഡ്രൈവ്, സ്പോർട്സ്, റിവേഴ്സ്. ഇടത്തേ ഹാൻഡിൽ ഗ്രിപ്പിനോടു ചേർന്നാണ് ഡ്രൈവ് മോഡ് സിലക്ടർ. പ്രാക്ടീസ് മോഡിൽ കൂടിയ വേഗം മണിക്കൂറിൽ 45 കിലോമീറ്ററാണ്. ഈ മോഡിൽ പതിയെ മാത്രമേ വേഗം ആർജിക്കൂ. ഡ്രൈവ് മോഡിൽ 123 കിലോമീറ്റർ വരെ വേഗമാർജിക്കാം. ത്രോട്ടിൽ റെസ്പോൺസ് പ്രാക്ടീസ് മോഡിലേതുപേലെ തന്നെ. കുതിച്ചു പായണമെങ്കിൽ സ്പോർട്സ് മോഡിലേക്കു മാറാം. സഡൻ പിക്കപ്പാണ് ഈ മോഡിൽ കിട്ടുക. റിവേഴ്സ് മോഡിലെ കൂടിയവേഗം 5 കിലോമീറ്ററാണ്. പാർക്കിങ്ങിലും മറ്റും ഈ മോഡ് ഗുണകരമാണ്.
സ്പോർട്ടി റൈഡിങ് പൊസിഷനാണ്. വീതിയേറിയ ഹാൻഡിൽബാർ നല്ല കംഫർട്ട് നൽകുന്നു. ഉയർന്ന വേഗത്തിലും നല്ല സ്ഥിരത കാട്ടുന്നുണ്ട് പ്രാണ. വീതിയേറിയ ടയറാണ് പിന്നിൽ. മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്കാണ് നൽകിയിരിക്കുന്നത്. ബ്രേക്ക് പിടിക്കുമ്പോൾ ബാറ്ററി ചാർജ് ആകുന്ന റീജനറേറ്റീവ് സിസ്റ്റമുള്ളതാണ് പിൻബ്രേക്ക്.
ഫൈനൽ ലാപ്
സ്പോർട്സ് ബൈക്കിന്റെ ലുക്കും പെർഫോമൻസുമുള്ള ലക്ഷണമൊത്ത ഇലക്ട്രിക് ബൈക്ക്. അതാണ് പ്രാണ. തിരുവനന്തപുരത്തും കോഴിക്കോട്ടും വൈകാതെ ഷോറൂം തുറക്കും.
English Summary: Electric Bike Prana Test Drive