ADVERTISEMENT

2018 ലെ ഡൽഹി ഒാട്ടോ എക്സ്പോയിലെ ടിവിഎസ് പവിലിയനിൽ കാണികളെ മുഴുവൻ ആകർഷിച്ച ഒരു മോഡലായിരുന്നു ഇലക്ട്രിക് സ്കൂട്ടറായ ക്രിയോൺ. എക്സ്പോയിൽ കണ്ട ലക്ഷണമൊത്ത ഇലക്ട്രിക് സ്കൂട്ടറുകളിലൊന്നായ ആ വാഹനത്തെ ടിവിഎസ് വൈകാെത നിരത്തിലെത്തിച്ചേക്കും എന്നു പ്രതീക്ഷിച്ചു. പക്ഷേ അതുണ്ടായില്ല. വിപണി ഇലക്ട്രിക് വേഗത്തിൽ പാഞ്ഞപ്പോൾ ആ വേഗത്തിൽ മറ്റു വാഹന നിർമാതാക്കളും കൂടി. ഇലക്ട്രിക് വാഹനരംഗത്ത് വിപ്ലവമായി. ഏഥറും ബജാജും അടക്കമുള്ള നിർമാതാക്കൾ സ്കൂട്ടറുകളുമായി നിരത്തിലെത്തി. ഏഥർ കേരള വിപണിയിൽ ആദ്യമെത്തി. ആംപിയറും ഹീറോയും ജോയ് ഇലക്ട്രിക്കും പോലുള്ള ഒട്ടേറെ കമ്പനികൾ നിരത്തിൽ സജീവമാണുതാനും. ഇവരുടെ ഇടയിലേക്കാണ് ടിവിഎസ് െഎക്യൂബും എത്തുന്നത്. വിശദമായ ടെസ്റ്റ് റൈഡിലേക്ക്

 

ഡിസൈൻ

tvs-icube-2

 

സാധാരണ ഇലക്ട്രിക് സ്കൂട്ടറിൽനിന്നു വ്യത്യസ്തനാണ് െഎ ക്യൂബ്. പ്രധാന കാരണം വലുപ്പം തന്നെയാണ്. പെട്രോൾ സ്കൂട്ടറിന്റെ വലുപ്പവും ഡിസൈനുമാണ് െഎ ക്യൂബിന്റേത്. ഒറ്റക്കാഴ്ചയിൽ ഇതൊരു ഇലക്ട്രിക് സ്കൂട്ടറാണെന്നു പറയില്ല. ഫൈബർ ബോഡിയാണ്. നിർമാണ നിലവാരത്തിൽ െഎക്യൂബിനോടു താരതമ്യം ചെയ്യാൻ ഇ–സ്കൂട്ടർ നിരയിൽ മറ്റു മോഡലുകളില്ല. അത്ര ക്വാളിറ്റിയാണ് ഒരോ ഘടകങ്ങളിലും കാണാനാകുക. സ്വിച്ചുകളും ലിവറുകളും ഗ്രാബ് റെയിലും സീറ്റും എന്നുവേണ്ട പ്ലാസ്റ്റിക് ഘടകങ്ങളിൽ വരെ വിദേശ മോഡലുകളുടെ നിലവാരമാണുള്ളത്. ഫിറ്റ് ആൻഡ് ഫിനിഷ് അതികേമം. എൽഇഡിയാണ് ലൈറ്റുകളെല്ലാം. രണ്ടു പേർക്കിരിക്കാവുന്ന വലിയ സീറ്റിനടിയിൽ സാമാന്യം ഭേദപ്പെട്ട സ്റ്റോറേജ് ഇടമുണ്ട്. 

 

സ്മാർട് കണക്ട്

 

tvs-icube-4

സ്മാർട് ഫോൺ കണക്ടിവിറ്റിയുണ്ട്. കോൾ–എസ്എംഎസ് അലേർട്ട്, നാവിഗേഷൻ, ട്രിപ്  വിവരങ്ങൾ കൺസോളിലൂടെ അറിയാൻ കഴിയും. ഇ–സിം കണക്ഷനും ലഭ്യമണ്. ആദ്യവർഷം സേവനം സൗജന്യമാണ്. പിന്നീട് വർഷം 900 രൂപ ഫീസ് നൽകണം. വാഹനം അപകടത്തിൽ പെട്ടാലോ മറിഞ്ഞാലോ അലേർട്ട് കിട്ടും. മാത്രമല്ല, ജിയോഫെൻസിങ്ങും അന്റി തെഫ്റ്റ്, ലൈവ് ട്രാക്കിങ് സംഗതികളും ഇതുവഴി സാധ്യമാകും.

 

tvs-icube-1

ബാറ്ററി 

 

tvs-icube

3 ലിഥിയം അയേൺ ബാറ്ററിയാണ് െഎക്യൂബിന്റെ പവർഹൗസ്. 5 മണിക്കൂർകൊണ്ട് 80% ചാർജാകും.

7 മണിക്കൂർ വേണം ഫുൾ ചാർജാകാൻ. 2.5 യൂണിറ്റ് കറന്റ് വേണം ഫുൾചാർ‍ജിന്. ഏറ്റവും കുറഞ്ഞ സ്ലാബ് റേറ്റ് വച്ചു നോക്കിയാൽ ഒരു കിലോമീറ്റർ സഞ്ചരിക്കാൻ 20 പൈസയേ ചെലവു വരുന്നുള്ളു. രണ്ട് ടൈപ് ചാർജറുണ്ട്. സാധാരണ പവർ പ്ലഗ്ഗിൽ ഘടിപ്പിക്കാവുന്ന പോർട്ടബിൾ കേബിളും വീട്ടിൽ ഘടിപ്പിക്കാവുന്ന സ്മാർട് ഹോം കണക്ടും. രണ്ടു ചാർജറിനും വാഹനവിലകൂടാതെ വേറെ തുക നൽകണം. പോർട്ടബിൾ ചാർജറിന് 8,200 രൂപയും സ്മാർട് ഹോം കണക്ടിനു 11,800 രൂപയും. ബാറ്ററി ഫുൾചാർജ് ആയാൽ ഒാട്ടോ കട്ട് ഒാഫ് ആകുന്ന ഫീച്ചേഴ്സ് സ്മാർട് ഹോം കണക്ടിലുണ്ട്. മാത്രമല്ല, വോൾട്ടേജിലുള്ള വ്യതിയാനവും മറ്റും പ്രശ്നമാകുകയും ഇല്ല. 

 

മോട്ടർ

 

ബോഷിന്റെ ഹബ് മൗണ്ടഡ് മോട്ടറാണ്. കൂടിയ കരുത്ത് 4.4 കിലോവാട്ടാണ്. ടോർക്ക് 33 എൻഎമ്മും. മണിക്കൂറിൽ 78 കിലോമീറ്ററാണ് ടോപ് സ്പീഡ്. 4.2 സെക്കൻഡ്കൊണ്ട് 0–40 കിലോമീറ്റർ വേഗത്തിലെത്തും. 

 

റൈഡ്

 

സാധാരണ സ്കൂട്ടർ ഒാണാക്കുന്നതുപോലെ കീയിട്ടും ഫോബ് കീ ഉപയോഗിച്ചും സ്റ്റാർട്ടാക്കാം. സൈഡ് സ്റ്റാൻഡ് മടക്കാതെ സ്റ്റാർട്ടാവില്ല. ബ്രേക്ക് അമർത്തി ഹാൻഡിലിലെ വലതുവശത്തെ സ്റ്റാർട്ട് ബട്ടണ്‍ അമർത്തിയാൽ െഎക്യൂബ് റൈഡിനു റെഡിയാകും. ഇക്കോ, പവർ എന്നിങ്ങനെ രണ്ടു റൈഡ് മോഡുകളാണുള്ളത്. ഇക്കോയിൽ റേഞ്ച് കൂടുതലും പവർ മോഡിൽ റേഞ്ച് കുറവുമാണ്. ഒാട്ടത്തിൽ തന്നെ മോ‍ഡ് മാറ്റാം. മോഡ് സിലക്ട് സ്വിച്ച് ഹാൻഡിലിലെ വലതുവശത്താണ്. അതിനോട് ചേർന്ന് പാർക് അസിസ്റ്റ് സ്വിച്ചുമുണ്ട്. ഇത് അമർത്തിയാൽ വാഹനം റിവേഴ്സോ ഫോർവേഡോ ഒാടിക്കാം. പാർക്ക് ചെയ്യാൻ വേണ്ടിയുള്ള വേഗം മാത്രമാണ് കിട്ടുക. കംഫർട്ടായ സീറ്റിങ് പൊസിഷൻ. വലിയ ഫുട്ബോർഡാണ്. ഉയരം കൂടിയവർക്കും ഹാൻഡിലിൽ കാൽ തട്ടാതെ ഈസിയായി ഇരിക്കാം. 65–70 കിലോമീറ്റർ വേഗത്തിൽ നല്ല കണ്‍ട്രോളാണ്. പെട്രോൾ സ്കൂട്ടർ ഒാടിക്കുന്ന ഫീലാണ് ഇതിനും. ശബ്ദമില്ലെന്നു മാത്രം. പവർ മോഡിൽ നല്ല പിക്കപ്പുണ്ട്. മുന്നിൽ ഡിസ്ക് ബ്രേക്കാണ്. പിന്നിൽ ഡ്രം ബ്രേക്കും. കയറ്റത്തിൽ നിർത്തിയാൽ പിന്നോട്ടുരുളാതിരിക്കാൻ പെട്രോൾ സ്കൂട്ടറുകളിലേതുപോലെ ബ്രേക്ക് ലോക്ക് നൽകിയിട്ടുണ്ട്. 

 

വില 

 

1.23 ലക്ഷം രൂപയാണ് കൊച്ചിയിലെ ഒാൺറോഡ് വില. സബ്സിഡികഴിഞ്ഞുള്ള വിലയാണ്. ഒാൺലൈൻ വഴിയാണ് ബുക്കിങ്. ഡെലിവറി ഷോറൂം വഴിയും. നിലവിൽ കൊച്ചിയിൽമാത്രമേ ഷോറും ഉള്ളൂ.

 

വാറന്റി

 

3 വർഷം അല്ലെങ്കിൽ അൻപതിനായിരം കിലോമീറ്ററാണ് വാറന്റി. ഒരു വർഷത്തെ റോഡ്‌സൈഡ് അസിസ്റ്റൻസും കമ്പനി നൽകുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com