ADVERTISEMENT

എക്സ് പൾസിന് എക്സ്ട്രാ കരുത്ത് നൽകി ഇറക്കിയിരിക്കുകയാണ് ഹീറോ. ഉപയോക്താക്കളിൽനിന്നു പ്രതികരണം ഉൾക്കൊണ്ടു നൽകിയ മാറ്റങ്ങളും ഒപ്പമുണ്ട്. ഹീറോയെ റോഡിലും ഒാഫ് റോഡിലും സൂപ്പർഹീറോ ആക്കിയ എക്സ് പൾസിന്റെ പുതിയ മോ‍ഡൽ ഫോർ വിയുമായി ഇടുക്കിയിലേക്ക് ഒരു റൈഡ്.

 

അഡ്വഞ്ചർ ടൂറർ

hero-xpulse-7

 

2019 ൽ ആണ് എക്സ് പൾസിന്റെ വരവ്. ഇംപൾസിന്റെ പിൻഗാമിയായി എക്സ് പൾസ് എത്തിയപ്പോൾ ചെറുപ്പക്കാർ രണ്ടു കയ്യും നീട്ടി സ്വീകരിക്കാൻ കാരണം ഇതൊരു അഡ്വഞ്ചർ ടൂറർ ആയതുകൊണ്ടാണ്. ട്രിപ്പടിക്കുന്നവരെയും ഒാഫ്റോ‍ഡിങ് ഇഷ്ടപ്പെടുന്നവരെയും ഒരുപോലെ തൃപ്തിപ്പെടുത്താൻ എക്സ് പൾസിനായി. ഉഗ്രൻ ഡിസൈനും കുറഞ്ഞ വിലയും വിൽപന കൂട്ടുന്നതിലെ പ്രധാന ഘടകങ്ങളായി. ഫോർ വി മോഡൽ കുറച്ചുകൂടി സ്പോർട്ടിയും സ്റ്റൈലിഷും ആയിട്ടുണ്ട്.  അഴകളവുകളിൽ ഒന്നും മാറ്റമില്ലെങ്കിലും പുതിയ കളർ സ്കീമാണ് ഈ മാറ്റത്തിനു പിന്നിൽ.

hero-xpulse-6

 

hero-xpulse-2

നാലു വാൽവ്

 

hero-xpulse-1

പേരിലെ ഫോർ വി എന്നു സൂചിപ്പിക്കുന്നത് ഇതിലെ നാല് വാൽവിനെയാണ്. മുൻ മോഡലിൽ രണ്ടു വാൽവുകളാണ് ഉണ്ടായിരുന്നത്. ഫോർ വാൽവ് നൽകിയതോടെ െപർഫോമൻസിൽ ചെറിയ പുരോഗതിയും കൈവന്നു. കരുത്ത് ഒരു ബിഎച്ച്പിയും ടോർക്ക് ഒരു എൻഎമ്മും കൂടി. 19.1 പിഎസ് ആണ് കൂടിയ കരുത്ത്. ടോർക്ക് 21.5 എൻഎം. മാത്രമല്ല ഗിയർ റേഷ്യോയിലും മാറ്റം വന്നു. 

 

hero-xpulse-5

 ഫോർ വാൽവ് സിസ്റ്റം കൂടാതെ ചെറിയ മിനുക്കലുകളും നടത്തിയിട്ടുണ്ട്. പുതിയ ഹെഡ്‌ലാംപാണ്. പഴയതിനു പ്രകാശം പോരാ എന്ന പരാതി ഉയർന്നതിനാലാണ് അഴിച്ചുപണി. ഫുള്ളി എൽഇഡിയാണ്. പഴയതിനെക്കാളും 21 % പ്രകാശം കൂടിയിട്ടുണ്ടെന്നു ഹീറോ അവകാശപ്പെടുന്നു. ഫുള്ളി ഡിജിറ്റൽ എൽസിഡി ഡിസ്പ്ലേയാണ്. ഗിയർ ഇൻഡിക്കേഷനും ബ്ലൂടൂത്ത് കണക്ടിവിറ്റിയും  നാവിഗേഷനും അടക്കമുള്ള ഫീച്ചറുകളുണ്ട്.

hero-xpulse-4

 

hero-xpulse-3

ഹൈവേയിൽ കുതിക്കാം

hero-xpulse-9

 

പ്രോഗ്രാംഡ് ഫ്യൂവൽ ഇൻജക്‌ഷനോടുകൂടിയ 199.6 സിസി എൻജിനാണ്. മോശമല്ലാത്ത കുതിപ്പും റൈഡബിലിറ്റിയും എക്സ്പൾസിന്റെ പ്ലസ് പോയിന്റുകളാണ്. ഫോർ വി മോഡലിൽ സ്പ്രോക്കറ്റിന്റെ വലുപ്പം കൂട്ടിയിട്ടുണ്ട്. ഇതുവഴി ലോ എൻഡിലെ കുതിപ്പ് മെച്ചപ്പെട്ടു.   അഡ്വഞ്ചർ ബൈക്കുകളുടെ തനതു ശൈലിയിലാണ് സീറ്റ്. ലോങ് ട്രിപ്പിൽ ഇതു മടുപ്പിക്കുന്നു എന്ന പരാതിയിൽ യാത്രാസുഖം വർധിപ്പിക്കാൻ സീറ്റും പരിഷ്കരിച്ചിട്ടുണ്ട്.. നല്ല കുഷനുള്ള സീറ്റാണ്. നീളം കുറവാണെങ്കിലും രണ്ടുപേർക്കു സുഖമായി ഇരിക്കാം. ഉയരക്കൂടുതലും വലുപ്പവുമുള്ളതുകൊണ്ട് എക്സ്പൾസിനെ സിറ്റിയിൽ കൊണ്ടു നടക്കുക പാടായിരിക്കും എന്നു കരുതിയാൽ തെറ്റി. കൂളായി സിറ്റിയിലൂടെ ഒാടിക്കാം.

 

റോഡ് വേണ്ട

 

നമ്മുടെ റോഡിനു പറ്റിയ െഎറ്റം എന്നാണ് ഒരു എക്സ്പൾസ് ആരാധകന്റെ കമന്റ്.  ശരിയാണ്, കുണ്ടും കുഴിയും റോഡിന്റെ കട്ടിങ് ഒന്നും എക്സ് പൾസിനു പ്രശ്നമല്ല.  220 എംഎം ഗ്രൗണ്ട് ക്ലിയറൻസുണ്ട്. ഇടുക്കിയിലേക്കുള്ള വഴിയിൽ, വളവിൽ നെഞ്ചിനു നേരെ വീശിയെടുത്തുവന്ന ബസിന്റെ അടിയിൽപെടാതെ രക്ഷപ്പെട്ടത് റോഡിന്റെ വലിയ കട്ടിങ് ചാടിച്ചാണ്. എക്സ്പൾസ് ആയതുകൊണ്ട് ചാടിക്കാൻ പറ്റി. ഇല്ലേൽ പടമായേനേ.

 

ഒാഫ് റോഡിലെ എക്സ്പൾസിന്റെ പെർഫോമൻസ് കിടു. പരുന്തുംപാറയിലെ മൊട്ടക്കുന്നിലേക്കും കുന്നിൻ ചെരിവിലെ പാറകളിലൂടെ താഴേക്കുള്ള ഇറക്കത്തിലുമൊക്കെ എക്സ്പൾസ് കൂസലില്ലാതെ കൂടെ നിന്നു. ഭാരം കുറവായതിനാൽ ഒാഫ്റോ‍ഡിങ്ങിൽ കൈകാര്യം ചെയ്യാൻ എളുപ്പമാണ്. കുണ്ടും കുഴിയും പാറയുമൊക്കെ ചാടിച്ചിറക്കുമ്പോൾ അടി തട്ടുമെന്ന പേടി വേണ്ട. എൻജിൻ ഗാർഡ് ആ പേരിനോട് 100 % നീതിപുലർത്തുന്നുണ്ട്. നല്ല ഗ്രിപ്പുള്ള ഫുട്പെഗ്ഗുകളാണ്. ഒാഫ്റോഡിങ്ങിൽ ധൈര്യമായി എണീറ്റു നിൽക്കാം.  ഡ്യൂവൽ പർപ്പസ് ടയറാണ്. ഗ്രിപ്പ് അൽപം കൂടുതലാണോ എന്ന കാര്യത്തിലേ സംശയമുള്ളൂ. 

 

റോഡിലെ യാത്രാസുഖത്തിന്റെ കാര്യത്തിലാണ് എക്സ്പൾസ് ഞെട്ടിക്കുന്നത്. സൂപ്പർ സസ്പെൻഷനാണ്. മുന്നിലെ 37 എംഎം ഫോർക്കുകളും പിന്നിലെ റക്ടാംഗുലർ സ്വിങ് ആമും മോണോഷോക്കും സൂപ്പർ പെർഫോമൻസാണ് കാഴ്ചവയ്ക്കുന്നത്. കുഴികളും ബംപുകളുമൊക്കെ കൂളായി കയറിയിറങ്ങും എന്നു മാത്രമല്ല, നടുവിന് യാതൊരു ആഘാതവും ഏൽപിക്കുകയുമില്ല. ഡിസ്ക് ബ്രേക്കുകളാണ് രണ്ടു വീലുകളിലും. എബിഎസുമുണ്ട്. ബ്രേക്കുകളുടെ പിടിത്തം കിടിലൻ. പ്രത്യേകിച്ച് ടാർ റോഡിൽ.  

 

300 കിലോമീറ്ററിനടുത്ത് ടെസ്റ്റ് റൈഡ് ചെയ്തിട്ട് പോരായ്മയായി അങ്ങനെ എടുത്തുപറയാൻ കാര്യമായിട്ടൊന്നുമില്ല. നക്കിൾ ഗാർഡിന്റെയും റിയർവ്യൂ മിററിന്റെയും നിലവാരം മെച്ചപ്പെടുത്തിയാൽ കൊള്ളാം എന്നു തോന്നി. 

 

ഫൈനൽ ലാപ്

 

ഒന്നാന്തരം സസ്പെൻഷനും കിടിലൻ ഷാസിയുമാണ് എക്സ്പൾസിന്റെ മേന്മ. ഓൺറോഡിലും ഒാഫ്റോഡിലും ഒരുപോലെ മികച്ച പെർഫോമൻസ് കാഴ്ചവയ്ക്കുന്ന ഉഗ്രൻ യാത്രാസുഖം നൽകുന്ന പോക്കറ്റിലൊതുങ്ങുന്ന അഡ്വഞ്ചർ ടൂറർ. അതാണ് എക്സ്‌പൾസ് 200 ഫോർ വി n

 

English Summary: Hero Xpulse Test Drive Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com