ടിയാഗോയെ വെല്ലാൻ ടിയാഗോ ഇ വി
Mail This Article
ഏറ്റവും മികച്ച ടാറ്റ ഏതെന്നു ചോദിച്ചാൽ നിസ്സംശയം പറയാം, ടിയാഗോ. മൂന്നു കാരണങ്ങളുണ്ട്. ഒന്ന്: ടാറ്റയുടെ എക്കാലത്തെയും കാറായ ഇൻഡിക്കയുടെ പിൻഗാമിയാണ് ടിയാഗോ. ഇൻഡിക്ക ഇന്ത്യയിലെ കാർ വിപണി നിർവചിച്ചതുപോലെ ടിയാഗോ ആധുനിക കാലത്തെ ഹാച്ച് ബാക്കുകളെ പുനർനിർവചിച്ചു. രണ്ട്: അത്യാഡംബര കാറുകളിലെ സുഖസൗകര്യങ്ങൾ ഈ കൊച്ചു കാറിലേക്കെത്തിക്കയും എതിരാളികളെ സമാന പാത പിന്തുടരാൻ പ്രേരിപ്പിക്കയും ചെയ്തു. മൂന്ന്: ഒന്നും രണ്ടുമല്ല, നാലു ലക്ഷത്തിലധികം ടിയാഗോകൾ വിജയഗാഥകളായി നിരത്തുകളിലുണ്ട്. ഇപ്പോഴിതാ നാലാമതു കാരണമായി ടിയാഗോ ഇ വി.
പത്തിൽത്താഴെ ഇലക്ട്രിക്
10 ലക്ഷം രൂപയിൽത്താഴെ ഇലക്ട്രിക് കാറെന്ന സ്വപ്നം ടിയാഗോയിലൂടെ യാഥാർഥ്യമാകുന്നു. 8.49 ലക്ഷത്തിലാരംഭിക്കുന്ന വില 12 കടക്കുന്നില്ല. ഏറ്റവും ഉയർന്ന വേരിയന്റിന് 11.79 ലക്ഷമാണ് വില. ആദ്യ 20000 ബുക്കിങ്ങിനുള്ള പ്രത്യേക വിലയാണിത്. ബുക്കിങ് ആ പരിധിയൊക്കെ കടന്നതിനാൽ 30000 രൂപ വരെ വിലക്കൂടുതൽ വന്നേക്കും. പ്രഖ്യാപനം ഇതുവരെ വന്നിട്ടില്ല.
ഓർക്കുന്നോ, സിക്കാ?
2016 ൽ ടിയാഗോ ജനിക്കുമ്പോൾ ടാറ്റ കണ്ടു വച്ചിരുന്ന പേര് സിക്കാ എന്നായിരുന്നു. അപ്പോഴാണ് സിക്കാ വൈറസ് ലോകത്തെ പിടിച്ചു കുലുക്കിയത്. കരുത്തിന്റെയും യുവത്വത്തിന്റെയും പോർച്ചുഗീസ് പദമായ ടിയാഗോ എന്നായി പേര്. ബ്രാൻഡ് അംബാസഡർ അന്നും ഇന്നും ലോകം സ്നേഹിക്കുന്ന ലയണൽ മെസ്സി. മെസിയെപ്പോലെ ടിയോഗോയും മുന്നേറി. കൊച്ചു കാറിൽ ആഡംബരം എത്രവരെയാകാമെന്ന് ടിയാഗോയിലൂടെ ടാറ്റ കാട്ടിത്തന്നു. യുവാക്കളുടെ കാറായി ടിയാഗോ.
എന്താണ് ടിയാഗോ ഇ വി
ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രിക് നിർമാതാക്കളായ ടാറ്റ മോട്ടോഴ്സിന് നിലവിൽ രണ്ടു മോഡലുകൾ– ടിഗോർ, നെക്സോൺ. രണ്ടും വിൽപനമികവിന്റെ പര്യായങ്ങൾ. പിന്തുടർച്ചയാകാനെത്തുന്ന ടിയാഗോ ഇ വിക്ക് ഹിറ്റാകാൻ സാധ്യതകൾ ഏറെ. മുഖ്യ കാരണം വിലക്കുറവു തന്നെ. ഒരു സാധാരണ പെട്രോൾ ഓട്ടമാറ്റിക്കിന്റെ വിലയിൽ ആഡംബര ഹാച്ച് ബാക്ക്. ഡ്രൈവിങ് രസിപ്പിക്കയും ത്രസിപ്പിക്കയും ചെയ്യുമ്പോൾ വർഷം വലിയൊരു തുക ലാഭം. ടാറ്റ മോട്ടോഴ്സിന്റെ കണക്കനുസരിച്ച്, മാസം 1000 കിലോമീറ്റർ ഓടിയാൽ ലാഭം 65000 രൂപ. ചുരുക്കിപ്പറഞ്ഞാൽ വാങ്ങുമ്പോഴേ പണം മുടക്കുള്ളൂ, പിന്നെ വെറുതെയങ്ങ് ഓടിക്കോളും...
രണ്ടു തരം
രണ്ട് മോഡലുകളുണ്ട്. എംആർ എന്ന മീഡിയം റേഞ്ച്. 19.2 വാട്ട്സ് ലിതിയം ഫെറസ് ഫോസ്ഫേറ്റ് ബാറ്ററി. 61 എച്ച് പി ഇലക്ട്രിക് മോട്ടർ. 257 കി.മീ റേഞ്ച്. വില 8.49 ലക്ഷം. എൽആർ മോഡലിന് 24 വാട്ട്സ്ബാറ്ററി. 75 എച്ച് പി മോട്ടർ. 315 കി.മീ റേഞ്ച്. ആഡംബര ട്രിം മോഡലുകൾ ഈ രൂപാന്തരത്തിലേ ലഭിക്കൂ. വില 11.79 മുതൽ. കൂടുതൽ ബുക്കിങ് ഈ മോഡലിനാണ്.
കണ്ണിൽപെടാത്ത മാറ്റങ്ങൾ
പുറംകാഴ്ചയിലും ഉള്ളിലും കാര്യമായ മാറ്റങ്ങളില്ല. ഏറ്റവും പ്രകടം അലോയ് എന്നു തോന്നിപ്പിക്കുന്ന സ്റ്റൈലൻ വീൽ ക്യാപുകൾ. കറുപ്പു നിറമുള്ള മിറർ കേസിങ്ങും റൂഫും അലോയ് വീലുകളും ചേരുമ്പോൾ ടിയാഗോ സ്പോർട്ടിയും കാലികവുമാകുന്നു. ഗ്രിൽ വഴി കടന്നു പോകുന്ന ‘ഇലക്ട്രിക് നീല’ നിറവും നീല നിറമുള്ള ഹെഡ് ലാംപുകളും ഇലക്ട്രിക് എന്ന് ഉറപ്പാക്കുന്ന എയർ ഡാം ഡിസൈനുകളും ശ്രദ്ധേയം. ഉള്ളിലും കാര്യമായ മാറ്റമില്ല. നീല നിറം പലേടത്തും പകരുന്നത് ഇലക്ട്രിക് എന്ന ഉറപ്പാക്കൽ. സീറ്റുകളിലെ സ്റ്റിച്ചുകളിലും ഡാഷിലെ വരകളിലും നീല നിറം മനോഹമായി ഇഴ ചേർത്തിരിക്കുന്നു. ഗിയർ രഹിത സെന്റർ കൺസോളിലും ഇൻസ്ട്രമെൻറ് ക്ലസ്റ്ററിലും ഇലക്ട്രിക് എന്നു ദ്യോതിപ്പിക്കുന്ന ഭാവങ്ങളുണ്ട്. ഗിയറിനു പകരം നോബുകളാണ്.
അതീവ സുഖകരം ‘ഈ’ ഡ്രൈവിങ്
ഗോവയിലെ ഹൈവേകളിലും നഗര, ഗ്രാമീണ പാതകളിലും ടാറ്റ ഒരുക്കിയ ഡ്രൈവിങ്ങിൽ ടിയാഗോ ഇ വി തിളങ്ങി. അനായാസ ഡ്രൈവിങ്. ഒരു കളിപ്പാട്ടം പോലെ കൈകാര്യം ചെയ്യാവുന്ന കാർ. സ്പോർട്സ് കാറിനു തുല്യം പെർഫോമൻസ്. പൂജ്യത്തിൽനിന്നു നൂറിലെത്താൻ 14 സെക്കൻഡ് മതി. പരമാവധി 120 കി.മീ വേഗം. 315 കി.മീ റേഞ്ച് കാട്ടിയ കാർ 200 കി.മീ ഓടിച്ച് മടക്കിയപ്പോൾ പിന്നെയും 40 ശതമാനത്തോളം ബാക്കി.
ചാർജിങ് പലതരം
7.2 കിലോ വാട്ട് ഹോം ചാർജറാണ് മുഖ്യം. 15 ആംപ്സ് പവറിൽ പ്രവർത്തിക്കും. കാർ പോർച്ചിൽ സ്ഥിരമായി ഉറപ്പിക്കാം. 8.7 മണിക്കൂറിൽ ഫുൾ ചാർജ്. രണ്ടാമതുള്ളത് ഡിസി ഫാസ്റ്റ് ചാർജർ. 58 മിനിറ്റിൽ ഫുൾ. യാത്രകളിൽ ഇത്തരം ചാർജിങ്ങാണ് സൗകര്യപ്പെടുക. എവിടെയാണ് ചാർജിങ് സ്റ്റേഷനെന്നൊക്കെയുള്ള വിവരങ്ങൾ മൊബെൽ ആപ്പിൽനിന്നു കിട്ടും. മൂന്നാമത് 15 ആംപ്സ് പോർട്ടബിൾ ചാർജർ. 8.7 മണിക്കൂറിൽ ഫുൾ ചാർജ്. ദീർഘദൂര യാത്രകളിൽ ചാർജിങ് സ്റ്റേഷനില്ലെങ്കിലും ഒരു പവർ പ്ലഗ് കണ്ടെത്തിയാൽ കാര്യം നടക്കും. ഇതൊരെണ്ണം സൗജന്യമായി ടാറ്റ തരും.
തികച്ചും പ്രായോഗികം
ദൈനം ദിന ഉപയോഗങ്ങൾക്കു പറ്റിയ കാർ. ദിവസം 200 കി.മിയിൽ താഴെ ഉപയോഗമുള്ള, വൈകിട്ട് വീട്ടിൽ ചാർജ് ചെയ്യാൻ സൗകര്യമുളളവർ വേറേ കാറു തേടി അലയേണ്ട. കണ്ണടച്ചു വാങ്ങാം. ഇലക്ട്രിക്കിന്റെ സൗകര്യവും സുഖവും ലാഭവും സാധാരണ പെട്രോൾ ഓട്ടമാറ്റിക്കിനെക്കാൾ കുറഞ്ഞ വിലയ്ക്ക് സ്വന്തം. ചുമ്മാതാണോ ഈ ബുക്കിങ്ങെല്ലാം!
English Summary: Tata Tiago EV Test Drive