ADVERTISEMENT

എസ്‌യുവികളുടെ പുഷ്കല കാലമാണ് ഇന്ത്യയിലിപ്പോൾ. മൈക്രൊ എസ്‌യുവി മുതൽ മുകളിലേക്കുള്ള വണ്ടികളെല്ലാം എല്ലാം എസ്‌യുവി. ഇക്കഴിഞ്ഞ രണ്ടു മാസം തുടർച്ചയായി ഇന്ത്യയിൽ ഏറ്റവുമധികം വിൽക്കപ്പെട്ട വാഹനവും എസ്‌യുവിയാണ്. സെഡാനും ഹാച്ച് ബാക്കുമൊന്നും ആർക്കും വേണ്ട.

tata-altroz-racer-13

അവരുടെ ആവശ്യം...

യഥാർത്ഥത്തിൽ ഇക്കാണുന്നതൊക്കെ എസ്‌യുവികളാണോ? അല്ലേയല്ല. ഹാച്ച് ബാക്ക് കാറുകളുടെ ഷാസിയിൽ അല്ലെങ്കിൽ  പ്ലാറ്റ്ഫോമിൽ കെട്ടിപ്പൊക്കിയ വെറും എസ്‌യുവി ‘ശരീരങ്ങൾ’. എസ്‌യുവി എന്ന സ്പോർട്സ് യൂട്ടിലിറ്റി വാഹനങ്ങൾ നാലു വീൽ ഡ്രൈവും കാട്ടിലും മേട്ടിലും റോഡിലും ഒരേപോലെ ഓടാൻ കെല്‍പ്പുമുള്ള ആഡംബര വാഹനങ്ങളാണ്.  സൂപ്പർ ലക്ഷുറി കാറിലെ സൗകര്യങ്ങളും ജീപ്പിന്റെ ഓഫ്റോഡിങ്ങും സമന്വയിക്കുന്നവ. ടൊയോട്ട ലാൻഡ് ക്രൂസറും ബിഎംഡബ്ല്യു എക്സ് ഫൈവുമൊക്കെ ശരിക്കുമുള്ള എസ്‌‌യുവികളാണ്. ഇത്ര വിലപ്പിടിപ്പുള്ള വാഹനങ്ങളാണ് എസ്‌യുവി എന്നുള്ള യാഥാർത്ഥ്യമാണ് കുഞ്ഞു ഹാച്ച്ബാക്ക് വാങ്ങാൻ പോലും കാശു തികയാത്തവരെയും എസ്‌യുവി പ്രേമികളാക്കുന്നത്. അതുകൊണ്ടു തന്നെയാണ് അവരുടെ ആവശ്യം തങ്ങളുടെയും ആവശ്യമാണെന്നറിഞ്ഞ് വാഹന നിർമാതാക്കള്‍ അവസരം മുതലെടുക്കുന്നതും.

tata-altroz-racer-10

വ്യാജൻ വേണോ, കരുത്തൻ വേണോ?

വ്യാജ എസ്‌യുവികളെ കരുത്തു കൊണ്ടു നേരിടാനാണ് ടാറ്റയുടെ ശ്രമം. അതിനാണ് ആൽട്രോസ് റേസർ എന്ന  പെർഫോമൻസ് സ്പോർട്സ് ഹാച്ച് ബാക്ക്. ഈ ശ്രേണിയിൽ ബലീനോ ആർ എസ് പണ്ടുണ്ടായിരുന്നു. പുതിയ മോഡൽ ബലീനോ വന്നപ്പോൾ ആർ എസ് ഇല്ലാതായെങ്കിലും ഹ്യൂണ്ടേയ് എൻ ലൈൻ  ഈ വിഭാഗത്തിൽ ഇപ്പോഴുമുണ്ട്. നിലവിലുള്ള ആൽട്രോസിന് ഇനിയും കരുത്തു വേണമെന്ന് ആഗ്രഹിക്കുന്നവർക്കും വേഗം ത്രസിപ്പിക്കുന്നവർക്കുമാണ് ആൽട്രോസ് റേസർ.

tata-altroz-racer-6

എന്താണ് ആൽട്രോസ് റേസർ?

ടാറ്റ പറയുന്നു രൂപകൽപനയുടെയും പെർഫോമൻസിൻറെയും സുരക്ഷയുടെയുമൊക്കെ സുവർണത്തിളക്കം, അല്ലെങ്കിൽ ഗോൾഡ് സ്റ്റാൻഡേർഡ്. ആൽട്രോസ് വെള്ളിയെങ്കിൽ റേസർ സ്വർണമാണെന്നാണോ ഉദ്ദേശിക്കുന്നതെന്നറിയില്ല, പക്ഷെ, രൂപഭാവങ്ങളിലും പ്രവർത്തിയിലും റേസറിന് വെള്ളിത്തിളക്കമല്ല, സ്വർണ പ്രഭയാണ്.

എന്തിനാണ് റേസർ?

നിലവിലുള്ള ആൽട്രോസ് ഇഷ്ടമാണ്. എന്നാൽ കുറച്ചു കൂടി ‘ത്രിൽ’ വേണം എന്നു വിശ്വസിക്കുന്നവർക്കാണ്  റേസർ. യുവതലമുറ എന്നു പറയില്ല, യുവത്വം ഉള്ളിൽ കൊണ്ടു നടക്കുന്നവർക്ക് റേസർ ആദ്യകാഴ്ചയിൽത്തന്നെ ഇഷ്ടപ്പെടും. ഡ്രൈവിങ്ങിൽ മനം മയങ്ങും.

tata-altroz-racer-3

രൂപക്കാഴ്ച

ആറ്റമിക് ഓറഞ്ച്, അവന്യു വൈറ്റ്, പ്യൂവർ ഗ്രേ എന്നിങ്ങനെ മൂന്നു ഡ്യുവൽ ടോൺ നിറങ്ങളിൽ കറുത്ത ബോണറ്റിലെ വെളുത്ത റേസിങ് സ്ട്രൈപ്പുകളാണ് ആദ്യം മനസ്സിലുടക്കുക. പിന്നെയങ്ങോട്ട് ബോണറ്റിൽ നിന്ന് പില്ലറുകളിലേക്കും മിററുകളിലേക്കും റൂഫിലേക്കും 16 ഇഞ്ച് ആലോയ്സിലേക്കും ഇതേ കറുപ്പു പടരുന്നതു കാണുമ്പോൾ മനസ്സു തണുക്കും. ഗ്രില്ലില്‍ കാര്യമായ മാറ്റമില്ല. എന്നാൽ ഹെഡ്, ടെയിൽ ലാപുകൾക്ക് എൽ ഇ ഡി വന്നു. വലുപ്പവും ഗ്രൗണ്ട് ക്ലിയറൻസും സാദാ മോഡലിനു സമം.

tata-altroz-racer-7

ഉള്ളിന്റെ ഉള്ള് കറുപ്പാണ്

കറപ്പു നിറഞ്ഞു നിൽക്കുന്ന ഉള്‍വശത്തിന് ബ്രേക്ക് കൊടുക്കുന്നത് ഓറഞ്ച് സ്റ്റിച്ചിങ്ങുള്ള സീററുകൾ, സ്റ്റിയറിങ് എന്നിവയാണ്. ആംബിയൻറ്  ലൈറ്റിങ്, 360 ഡിഗ്രി ക്യാമറ, വയർലെസ് ചാർജർ, ഈ വിഭാഗത്തിൽ ആദ്യമായി വെൻറിലേറ്റഡ് മുൻ സീറ്റുകൾ,  ശബ്ദനിയന്ത്രിത സൺറൂഫ് എന്നിങ്ങനെ എല്ലാ തികഞ്ഞ ഉൾവശം. വലുപ്പമുള്ള സീറ്റുകൾ, ധാരാളം ലെഗ് റൂം. സ്റ്റോറേജ്. പിന്നിലും എ സി വെന്റ്. അലക്സ കണക്ടിവിറ്റിയാണ് മറ്റൊരു പ്രത്യേകത. ഇതുപയോഗിച്ച് വീട്ടിലെ ഉപകരണങ്ങൾ വരെ നിയന്ത്രിക്കാം. 6 എയർ ബാഗ്, ഇ എസ് പി, എ ബി എസ്.

tata-altroz-racer-4

ഡ്രൈവിങ്ങിലാണ് മഹത്വം


കോയമ്പത്തൂരിലെ പോർഫോമൻസ് റേസ് ട്രാക്കായ  കോസ്റ്റ് ട്രാക്കിലായിരുന്നു ടെസ്റ്റ്ഡ്രൈവ്. 1.2 ലീറ്റർ 3 സിലണ്ടർ ടർബോ പെട്രോളിന് 120 ബി എച്ച് പി, 170 എൻ എം. ആറു സ്പീഡ് ഗീയർബോക്സ്.  റേസിങ്താരം നരേൻ കാർത്തികേയൻറെ നേതൃത്വത്തിൽ പെർഫോമൻസിനു മാത്രമായി ട്യൂൺ ചെയ്ത കാറിന് ഡ്രൈവ് മോഡുകളില്ല. ഒറ്റ മോഡിലാണ് എപ്പോഴും ഓട്ടം: അത് സ്പോർട് മോഡ് പോലെ തോന്നും. വളരെ സുഗമമായി പെട്ടെന്ന് കയറുന്ന ശക്തിയാണ്. ഡ്രൈവിങ്ങിന് പഞ്ചില്ലെന്നു പരാതിക്കിനി ഇടമില്ല. പൂജ്യത്തിൽ നിന്ന് നൂറിലെത്താൻ 11.3 സെക്കൻഡ്. റേസിങ് ധ്വനിയുള്ള എക്സ്ഹോസ്റ്റ് ശബ്ദം കാതുകൾക്കിമ്പമേകുന്നു. 6 സ്പീഡ് ഗിയർബോക്സിന് ഒരു ഓട്ടമാറ്റിക് പകരക്കാരൻ കൂടെ വന്നാൽ കൊള്ളാം. എന്നാൽ 1750 മുതൽ ലഭിക്കുന്ന ഉയർന്ന ടോർക്ക് അടിക്കടി ഗീയർമാറ്റം ഒഴിവാക്കും. കോർണറിങ് സ്റ്റെബിലിറ്റി ശ്രദ്ധേയം. ഇന്ധനക്ഷമത എത്രയെന്ന് ടാറ്റ പറയുന്നില്ല. ഈ പെർഫോമൻസിൽ അധികം പ്രതീക്ഷിക്കേണ്ട. കാർത്തികേയനൊപ്പം കോ ഡ്രൈവറായി കാറിന്റെ പെർഫോമൻസ് കണ്ടനുഭവിക്കാനുമായി.

tata-altroz-racer-1

വില

ആർ 1, ആർ 2, ആർ 3 എന്നീ മൂന്ന് മോഡലുകൾ. ആർ 1ന്റെ എക്സ്ഷോറൂം വില 9.49 ലക്ഷം രൂപ, ആർ 2ന് 10.49 ലക്ഷം, ആർ 3 10.99 ലക്ഷം രൂപ.

English Summary:

Tata Altroz Test Drive Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com