ഇനിയൊരു ഡിസയർ വാങ്ങാം: ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ട്
Mail This Article
ഇന്ത്യയിൽ ഏറ്റവും വിജയം കണ്ട അഞ്ചു കാറുകളുടെ പട്ടികയെടുത്താൽ അതിനു മുകൾ നിരയിൽത്തന്നെ സ്വിഫ്റ്റും ഡിസയറും ഇടം പിടിക്കും. ഏറ്റവും അധികം വിൽക്കപ്പെട്ട, അതിലധികം സ്നേഹിക്കപ്പെട്ട ഹാച്ച് ബാക്കും അതിൽ അധിഷ്ഠിതമായ സെഡാനും. സ്വിഫ്റ്റ് 30 ലക്ഷത്തിലധികവും ഡിസയർ 27 ലക്ഷവും ഇന്ത്യയിലിറങ്ങി. ഈ ചരിത്രയാത്രയുടെ തുടർച്ചയായി കുറച്ചു മാസം മുമ്പ് പുതിയ സ്വിഫ്റ്റും ഇപ്പോൾ നാലാം തലമുറ ഡിസയറും വന്നിരിക്കയാണ്.
സാധാരണക്കാരന്റെ സെഡാൻ
ഇക്കാലത്തുള്ളവർക്കു പറഞ്ഞാൽ മനസ്സിലാവില്ല. സെഡാനുകൾ വൻ മുതലാളിമാർ മാത്രം ഉപയോഗിച്ചിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. അംബാസിഡറും ഫിയറ്റും പിൻവാങ്ങിയ വിപണിയിൽ മാരുതി ഇരിപ്പുറപ്പിച്ച തൊണ്ണൂറുകൾ. ഹാച്ച് ബാക്കുകളാണ് അന്ന് പ്രഫഷനലുകളും ചെറു വ്യവസായികളുമൊക്കെ ഉപയോഗിച്ചിരുന്നത്. മാരുതിയിൽ നിന്നു തന്നെയുള്ള എസ്റ്റീമും ഫിയറ്റ് സിയേന പോലയുള്ള അപൂർവം ചില സെഡാനുകളും മാത്രമുണ്ടായിരുന്ന കാലം. ഇതിനൊക്കെയൊരു മാറ്റമായി 2008 ൽ ജനിച്ച് ഇന്ത്യയെ വ്യാപകമായി സെഡാനിൽ കയറ്റിയത് ഡിസയറായിരുന്നു. സ്വിഫ്റ്റ് ഡിസയർ എന്ന് അന്നറിയപ്പെട്ടിരുന്ന ഡിസയർ പേരു സൂചിപ്പിക്കുന്നതു പോലെ സ്വിഫ്റ്റ് പ്ലാറ്റ്ഫോമിൽ രൂപകൽപന ചെയ്ത സെഡാനാണ്.
വളർന്നു വളർന്നു വളർന്ന്...
ഇൻസ്റ്റന്‍റ് ഹിറ്റായ സ്വിഫ്റ്റ് ഡിസയർ നാലു മീറ്ററിലധികം നീളമുള്ള സെഡാനായിരുന്നു ആദ്യ കാലത്ത്. 1.3 ലീറ്റർ ഡീസൽ പെട്രോൾ എന്‍ജിനുകളുമായി ഡിസയർ അങ്ങനെ വിലസി, വളരെപ്പെട്ടെന്ന് ഇന്ത്യയിലെ ഏറ്റവും വിൽക്കെപ്പെടുന്ന കാറായി വളർന്നു. ഇതിനിടെ 1.2 ലീറ്റർ പെട്രോൾ എൻജിനെത്തി. 2012 ൽ നാലു മീറ്ററിൽ താഴെയുള്ള വിഭാഗത്തിലേക്ക് രണ്ടാം തലമുറയും 2017 ൽ ഹാർട് ടെക് പ്ലാറ്റ്ഫോമിൽ മൂന്നാം തലമുറയും പിറന്നു. ഇടയ്ക്ക് ഡീസൽ മോഡൽ നിർത്തലായി. 1.2 കെ സീരീസ് പെട്രോൾ തുടർന്നു. നിർമിച്ചത് ഇന്ത്യയ്ക്കു വേണ്ടി മാത്രമെങ്കിലും ഇവിടുത്തെ വിജയം ഡിസയറിനെ തെക്കെ അമേരിക്കയിലേക്കും ആഫ്രിക്കയിലേക്കുമൊക്കെ കപ്പൽ കയറ്റി.
പുതുപുത്തൻ ഡിസയർ
നാലാം തലമുറ ഡിസയർ അടിമുടി മാറി. കൂടുതൽ പരിഷ്കൃതമായ ഹാർട് ടെക് പ്ലാറ്റ്ഫോമിൽ ഏറ്റവും പുതിയ സെഡ് സീരീസിൽപ്പെട്ട അത്യാധുനിക പെട്രോൾ എൻജിനും അഞ്ചു സ്റ്റാർ സുരക്ഷയും ഈ വിഭാഗത്തിൽ മറ്റൊരു കാറും നൽകാത്ത ആഡംബരവും പുതിയ ഡിസയറിൽ സമന്വയിക്കുന്നു.
സമൂലം രൂപമാറ്റം
പുതിയ സ്വിഫ്റ്റിന് പഴയ മോഡലുമായി കാര്യമായ രൂപ സാദൃശ്യമില്ല. ഡിസയറിൽ ഇന്നേ വരെ വന്നിട്ടില്ലാത്ത തരത്തിലുള്ള, മുൻവശം മുഴുവൻ പടരുന്ന ഗ്രിൽ, സ്പോയ്‌ലർ ഇൻഗ്രേറ്റ് ചെയ്ത പിൻ വശം, പ്രിസിഷൻ കട്ട് അലോയ് വീലുകൾ എന്നിവ വ്യത്യസ്തം. എൽ ഇ ഡി ക്രിസ്റ്റൽ വിഷൻ ഹെഡ് ലാംപ്, 3 ഡി സ്മോക്ക്ഡ് ടെയ്ൽ ലാംപ്, ഓട്ടോ ഫോൾഡ് ഒ ആർ വി എം എന്നിവയ്ക്കു പുറമെ ഈ വിഭാഗത്തിൽ ആദ്യമായി ഇലക്ട്രിക് സണ്‍റൂഫുമെത്തി. പുതിയ ഡിസയർ കൊതിപ്പിക്കും, ഭ്രമിപ്പിക്കും.
അഴകോലും ഉള്ള്
ധാരാളം സ്ഥലമുള്ള ഡ്യുവൽ ടോൺ ഉൾവശവും പ്രീമിയം. ഫാബ്രിക് സീറ്റുകൾ കാഴ്ചയിലും ഇരിപ്പിലും സുഖം നൽകും. 9 ഇഞ്ച് സ്മാർട് പ്ലേ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് ചാർജർ, പിൻ എ സി വെൻറ്, മള്‍ട്ടി ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവയടക്കം ആധുനികം. ഉള്ളിൽ നിന്നു ക്രമീകരിക്കാവുന്ന വിങ് മിറർ, 360 ഡിഗ്രി റിയർ ക്യാമറ, വയർലെസ് ചാർജർ തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. പിൻ സീറ്റിൽ ലെഗ് റൂം ധാരാളം. മുൻ സീറ്റുകൾ അതീവ സുഖപ്രദം.
സുരക്ഷ പഞ്ച നക്ഷത്രം
സുരക്ഷയില്ലെന്ന് ആരോപിച്ച് മാരുതിക്ക് എതിരേ നടക്കുന്ന അടിസ്ഥാന രഹിതമായ ആരോപണം ഇനിയൊരിക്കലും പറയാനാവില്ല. ഭാരത് എൻ സി എ പി സുരക്ഷാ പരിശോധനയിൽ ഇപ്പോൾ അഞ്ചു സ്റ്റാറുണ്ട് . ബേസ് മോഡലിലടക്കം നൽകിയിരിക്കുന്ന സുരക്ഷ ഇതൊക്കെ; 6 എയർബാഗ്, ഇ എസ് പി, ഹിൽ ഹോൾഡ്, എ ബി എസ്, എല്ലാ സീറ്റിനും ത്രീ പോയിന്റഡ് ബെൽറ്റുകൾ. ഡ്രൈവറും യാത്രക്കാരും പരിപൂർണ സുരക്ഷിതർ.
പുതിയ എൻജിൻ, പുതിയ ഡ്രൈവിങ്
പുതിയ ഡിസയറിന്റെ വലിയ പുതുമകളിലൊന്നാണ് പുതിയ സീ സീരീസ് പെട്രോൾ എൻജിൻ. 1197 സി സി എൻജിനിന്റെ പ്രത്യേകത അത്യാധുനിക സാങ്കേതികളാണ്. വെറും മൂന്നു സിലണ്ടറല്ലേയുള്ളൂ എന്നു പുച്ഛിക്കേണ്ട. പഴയ മോഡലിനെക്കാള്‍ 8 പിഎസ് കുറവുണ്ട്. 81.58 പിഎസ്. എന്നാൽ പിക്കപ്പിലും പ്രകടനത്തിലും ഒരു പടി മുന്നിലാണ് സീ സീരീസ്. കാരണം ആധുനിക സാങ്കേതികതകൾ. സ്പീഡോ മീറ്റർ 120 കടന്നാലും അറിയില്ല എത്ര വേഗത്തിലാണ് യാത്രയെന്ന്. വേഗം കൂടുമ്പോള്‍ തെല്ലു സ്പോർട്ടി ശബ്ദം കൂടുതലുണ്ടാക്കുന്നതും കാര്യമായി മടുപ്പുണ്ടാക്കുന്നില്ല. എ ജി എസ് ഗീയർ ബോക്സും ഹിൽഹോൾഡും സ്റ്റീയറിങ് അടക്കമുള്ള നിയന്ത്രണങ്ങളും ഡ്രൈവിങ് നല്ലൊരനുഭൂതിയാക്കുകയാണ്. മികച്ച സസ്പെൻഷൻ സംവിധാനം ഉയര്‍ന്ന വേഗത്തിലെ മികച്ച നിയന്ത്രണത്തിനൊപ്പം യാത്രാസുഖവും നല്‍കുന്നു. ഇന്ധനക്ഷമതയിലാണ് ഇനി മികവ്. എ ജി എസ് മോഡലിന് 25.71 കിമിയും 5 സ്പീഡ് മാനുവലിന് 24.79 കി. മീ. കുഞ്ഞനിയനായ സ്വിഫ്റ്റിനൊപ്പം ഇന്ധനക്ഷമം.
വില?