ഈ ഫീച്ചറുകളാണ് ഹ്യുണ്ടേയ് വെന്യുവിനെ വ്യത്യസ്തനാക്കുന്നത്-വിഡിയോ
Mail This Article
ഇന്ത്യൻ വാഹന ലോകത്തിന് സമഗ്രമായ മാറ്റങ്ങൾ കൊണ്ടുവരാൻ ശേഷിയുള്ള എസ്‌യുവിയാണ് വെന്യു. ഇന്ത്യയിലെ ആദ്യ കണക്ടഡ് എസ്‍യുവി എന്ന പേരിൽ പുറത്തിറങ്ങുന്ന വെന്യുവിന്റെ കണക്റ്റുവിറ്റി വാക്കിൽ മാത്രം ഒതുങ്ങുന്നതല്ല. മൊബൈൽ ഫോൺ വഴി വാഹനത്തെ നിയന്ത്രിക്കാവുന്ന ബ്ലുലിങ്ക് സാങ്കേതിക വിദ്യയാണ് വെന്യുവിലൂടെ ഹ്യുണ്ടേയ് ഇന്ത്യയിലെത്തിക്കുന്നത്.
യാത്രക്കാരുടെ സുരക്ഷ, വാഹനത്തിന്റെ സെക്യുരിറ്റി, വെഹിക്കിൾ റിലേഷൻഷിപ്പ് മാനേജ്മെന്റ്. ലോക്കേഷൻ അടിസ്ഥാനമായുള്ള സർവീസ്, മുന്നറിയിപ്പുകൾ, നിർമിത ബുദ്ധി തുടങ്ങി 33 ഫീച്ചറുകളാണ് ബ്ലൂ ലിങ്ക് ടെക്നോളജി പ്രകാരം ചെറു എസ്‍യുവിയില്‍ ഇടം പിടിക്കുക. ഇതിൽ 10 എണ്ണം ഇന്ത്യക്ക് മാത്രം ലഭിക്കുന്ന ഫീച്ചറുകളാണ്. എന്താണ് കണക്ടഡ് എസ്‍യുവി, എന്തൊക്കെയാണ് ഫീച്ചറുകൾ.
ബ്യൂലിങ്ക് ആപ്പിലൂടെയാണ് ഫോണും വാഹനവും തമ്മിൽ കണക്റ്റ് ചെയ്യുന്നത്. ഒരു മാസ്റ്റർ ഫോൺ അടക്കം 5 ഫോണുകളുമായി കണക്റ്റ് ചെയ്യാം. അകത്തുകയറാതെ തന്നെ ബ്ലൂ ലിങ്ക് ഉപയോഗിച്ച് വാഹനം സ്റ്റാർട് ചെയ്യാനും എസി ഓൺ ആക്കാനും ടെമ്പറേച്ചർ സെറ്റ് ചെയ്യാനും ഹെഡ് ലൈറ്റും ഹോണും വർക്ക് ചെയ്യിക്കാനും സാധിക്കും. സിം കാർഡിലൂടെയാണ് കണക്ടിവിറ്റി.
കൂടാതെ സർവീസ് ചെയ്യാറായോ, ഏതെങ്കിലും ഘടകത്തിന് കുഴപ്പങ്ങളുണ്ടോ തുടങ്ങി വാഹനത്തിന്റെ എല്ലാ വിവരങ്ങളും ആപ്പിലൂടെ അറിയാൻ സാധിക്കും. ഓരോ ദിവസവും എത്ര കിലോമീറ്റർ ഓടി, എത്ര കിലോമീറ്റർ സ്റ്റാർട് ആക്കി ഓടാതെ കിടന്നു, എത്ര ഇന്ധനക്ഷമത ലഭിച്ചു, വാഹനം ഇപ്പോൾ എവിടെയാണ്, എത്ര സമയത്തിലുള്ളിൽ നിർദ്ദിഷ്ട സ്ഥലത്തെത്തും തുടങ്ങി വിവരങ്ങളും ആപ്പിലൂടെ അറിയാൻ സാധിക്കും.
വാഹനം മോഷ്ടിച്ചുകൊണ്ടുപോയാൽ വാഹനത്തിന്റെ ലോക്കേഷൻ ട്രേസ് ചെയ്ത് എളുപ്പം കണ്ടെത്താനും ഈ സാങ്കേതികവിദ്യ സഹായിക്കും. തൽസമയ ട്രാഫിക് അപ്ഡേഷനുകൾ, വാഹനത്തിന്റെ ലോക്കേഷൻ ഷെയർചെയ്യാനുള്ള സൗകര്യം, ഫോണിലൂടെ പോകേണ്ട സ്ഥലം സെറ്റ് ചെയ്യാനുള്ള സൗകര്യമെന്നിവയും ബ്ലുലിങ്ക് ആപ്പിലുണ്ട്. കാറിന്റെ വേഗപരിതി കൂടിയാലും അപ്പിലൂടെ മുന്നറിയിപ്പുകൾ ലഭിക്കും. 8 ഇഞ്ച് സ്ക്രീനാണ് ബ്ലൂ ലിങ്കിനും െെഡ്രവർക്കും മധ്യേ നിൽക്കുന്ന ഇന്റർഫേസ്. സാധാരണ കാർ സ്റ്റീരിയോകളിലുള്ള ആൻഡ്രോയിഡ് ഒാട്ടൊ, ആപ്പിൾ കാർ പ്ലേ, നാവിഗേഷൻ, വിഡിയോ പ്ലേയിങ് സ്ക്രീൻ എന്നിവയുണ്ട്. ശബ്ദം നിർദേശം അനുസരിച്ച് പ്രവർത്തിക്കുന്ന ഇൻഫോടൈൻമെന്റ് സിസ്റ്റത്തിന് ഇന്ത്യൻ ആക്സെന്റ് പെട്ടെന്ന് തിരിച്ചറിയാനുള്ള കഴിവുണ്ടെന്നാണ് ഹ്യുണ്ടേയ് പറയുന്നത്.
ഓട്ടോക്രാഷ് നോട്ടിഫിക്കേഷൻ, എസ്ഒഎസ്, പാനിക് നോട്ടിഫിക്കേഷൻ, റോഡ് സൈഡ് അസിസ്റ്റൻസ് തുടങ്ങിയ ഫീച്ചറുകളാണ് സുരക്ഷയ്ക്കായുള്ളത്. ഈ ഫീച്ചറുകൾ പ്രകാരം അപകടമുണ്ടാകുന്ന അവസരത്തിൽ വാഹനത്തിന്റ ബ്ലൂലിങ്ക് കോൾസെന്റർ എമർജെൻസി സർവീസുകളെ നേരിട്ടു ബന്ധപ്പെടും. കൂടാതെ റോഡ് സൈഡ് ആസിസ്റ്റൻസ്, സർവീസ് സെന്റർ എന്നിവയുമായി ബന്ധപ്പെടുന്നതിന് സഹായിക്കുകയും ചെയ്യും. പരിഭ്രമിക്കുന്ന അവസ്ഥയുണ്ടായാൽ ബ്ലൂലിങ്ക് ആപ്പിലൂടെ എമർജെൻസി കോണ്ടാക്റ്റ് നമ്പറിലേക്ക് എസ്എംഎസ് സന്ദേശം അയയ്ക്കാനും സാധിക്കും.
ചെറു എസ്‌യുവി വിപണി ഇന്നുവരെ കാണാത്ത സാങ്കേതിക വിദ്യയുമായാണ് വെന്യു വിപണിയിലെത്തുന്നത്. ഇന്റർനെറ്റിന്റേയും കണക്റ്റുവിറ്റിയുടേയും സഹായത്തോടെ വെന്യു വിപണിയിൽ പുതിയൊരു അധ്യായം തീർക്കുമെന്നു തന്നെ കരുതാം.