‘ഇലക്ട്രിക്’ ആകാൻ ഇന്ത്യയും; ക്രൂഡോയിൽ ഇറക്കുമതിക്ക് എന്തു സംഭവിക്കും? തൊഴിൽ?
Mail This Article
ഇത്തവണത്തെ ലോകപരിസ്ഥിതി ദിനത്തിന്റെ പ്രമേയം ‘പ്രതിരോധിക്കാം വായു മലിനീകരണം’ (Beat Air Pollution) എന്നായിരുന്നു. ലോകപരിസ്ഥിതി ദിനാചരണത്തിന്റെ ആതിഥേയ രാജ്യം ചൈനയും. അതിരൂക്ഷമായ വായുമലിനീകരണം ചെറുക്കാൻ ചൈന നടപ്പാക്കിയ പ്രവർത്തനങ്ങൾ രാജ്യാന്തര തലത്തിൽ ഏറെ ശ്രദ്ധനേടിക്കഴിഞ്ഞു. നിരത്തുകളിൽ ബസടക്കമുള്ള ഇലക്ട്രിക് വാഹനങ്ങള്‍ വൻതോതിലിറക്കിയാണു ചൈന പ്രോത്സാഹിപ്പിച്ചത്. കഴിഞ്ഞ വർഷം മാത്രം 10 ലക്ഷത്തിലധികം ഇലക്ട്രിക് വാഹനങ്ങളും ചൈനയിൽ വിൽപന നടത്തി.
നോർവെ നൽകുന്ന പാഠം
യുറോപ്യൻ രാജ്യമായ നോർവെയിൽ കഴിഞ്ഞ വർഷം വിറ്റഴിച്ച വാഹനങ്ങളിൽ 49 ശതമാനവും ഇലക്ട്രിക് വാഹനങ്ങളായിരുന്നു. പരിസ്ഥിതി സംരക്ഷണത്തിനൊപ്പം ഇന്ധനചെലവിനുള്ള വൻതുക കൂടി ലാഭിക്കാൻ നോർവെയ്ക്കു കഴിഞ്ഞു. വരാനിരിക്കുന്ന കാലത്തിന്റെ ട്രെൻഡായി ഇതിനെ കാണാം. ചൈന, യുഎസ്, നോർവെയും വൻമുന്നേറ്റങ്ങൾ ഈ മേഖലയിൽ കൈവരിച്ചുകഴിഞ്ഞു. 2025–ൽ നോർവെയിലെ വാഹന വിൽപനയിൽ ഇലക്ട്രിക് വാഹനങ്ങളുടെ പങ്ക് 100 ശതമാനമായി ഉയരും. ഏറെ പിന്നിലെങ്കിലും ചെറിയ ചുവടുവയ്പോടെ ഇന്ത്യയും ഉണർന്നു പ്രവർത്തിക്കാൻ തുടങ്ങിയെന്നത് ആശാവഹമാണ്.
പാരിസ് ഉടമ്പടിയുെട സ്വാധീനം
കൂടുതൽ കാർബൺ പുറത്തുവിടുന്ന കൽക്കരി, പെട്രോൾ, ഡീസൽ, ഗ്യാസ് തുടങ്ങിയ ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിക്കുന്നതു വഴി അന്തരീക്ഷ താപനില 0.9 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്ന അവസ്ഥയിലാണ്. കഴിഞ്ഞ 60 വർഷത്തിനിടെയാണു കൂടുതൽ വർധന രേഖപ്പെടുത്തിയത്. ഈ അവസഥ തുർന്നാൽ 2100 ആകുമ്പോഴേക്കും അന്തരീക്ഷ താപനില മൂന്നു മുതൽ നാല് ഡിഗ്രി വരെ കൂടും. ആഗോളതാപനം പിടിച്ചു നിർത്താൻ ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കേണ്ടതുണ്ട്.
ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച് 2015 നവംബർ 30 മുതൽ ഡിസംബർ 12 വരെ പാരിസിൽ ചേർന്ന 195 രാജ്യങ്ങളുടെ ഉച്ചകോടിയാണ് പാരിസ് ഉടമ്പടിക്കു രൂപം നൽകിയത്.
കരാറിലെ പ്രധാന നിർദേശങ്ങൾ:
1) ആഗോള താപനിലയുടെ വർധന രണ്ടു ഡിഗ്രി സെൽഷ്യസിൽ, കഴിയുമെങ്കിൽ 1.5 ഡിഗ്രി സെൽഷ്യസിൽ, താഴെയാക്കി നിർത്തുക
2) പെട്രോൾ, ഡീസൽ, ഗ്യാസ് തുടങ്ങിയ ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിക്കുന്നതു ക്രമേണ നിർത്തുക
3) 2050–നും 2100–നും ഇടയിൽ ഭൂമിയെ കാർബൺ ന്യൂട്രലാക്കുക
ലോക കാർബൺ ബഹിർഗമനത്തിന്റെ 4.1% പങ്കുള്ള ഇന്ത്യ 2016 ഏപ്രിൽ 22നാണ് ഉടമ്പടിയിൽ ഒപ്പുവച്ചത്. 2016 നവംബർ നാലു മുതൽ കരാർ നിലവിൽ വന്നു.
പ്രതീക്ഷയോടെ ഇന്ത്യ
ഔദ്യോഗികമായി ഇലക്ട്രിക് വാഹനങ്ങൾക്ക് ഉത്തേജനം നൽകുന്ന ബജറ്റാണ് നിർമല സീതാരാമൻ ലോക്സഭയിൽ അവതരിപ്പിച്ചത്. ഇലക്ട്രിക് വാഹനങ്ങൾക്കുള്ള ജിഎസ്ടി നിരക്ക് 5 ശതമാനമായി കുറച്ചു. മറ്റു വാഹനങ്ങൾക്ക് 28 ശതമാനമാണ് ജിഎസ്ടി ചുമത്തുന്നത്. കൂടാതെ 22 % സെസും. ഇതുകൂടാതെ മറ്റു സബ്സിഡികളും ആനുകൂല്യങ്ങളും വേറെയും. ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നവർക്ക് 1.5 ലക്ഷം രൂപയുടെ അധിക ആദായനികുതി ഇളവും പ്രഖ്യാപിച്ചു.
ഇലക്ട്രിക് വാഹന ഉപയോഗം; രണ്ടാംഘട്ടത്തിന് തുടക്കം
രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വിപുലപ്പെടുത്താനുള്ള (ഫാസ്റ്റർ അഡോപ്ഷൻ ആൻഡ് മാനുഫാക്ചറിങ് ഓഫ് (ഹൈബ്രിഡ്) ആൻഡ് ഇലക്ട്രിക് വെഹിക്കിൾസ് ഇൻ ഇന്ത്യ– ഫെയിം) പദ്ധതിയുടെ രണ്ടാംഘട്ടം ആരംഭിച്ചു. രണ്ടു വർഷത്തേയ്ക്കായി 2015 ഏപ്രിലിൽ പ്രഖ്യാപിച്ചിരുന്ന ആദ്യഘട്ടം അവസാനിച്ചത് കഴിഞ്ഞ മാർച്ചിലാണ്. പൊതുഗതാഗത സംവിധാനത്തിലേക്ക് കൂടുതൽ ഇലക്ട്രിക് വാഹനങ്ങൾ കൊണ്ടുവരികയും കൂടുതൽ ഇലക്ട്രിക് ചാർജിങ് സ്റ്റേഷനുകളുടെ നിർമാണവുമാണ് രണ്ടാംഘട്ടത്തിലെ മുഖ്യലക്ഷ്യം. 3 വർഷമാണ് രണ്ടാം ഘട്ടത്തിന്റെ കാലാവധി. ഇതിനായി 10,000 കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.
7,000 ഇ–ബസുകൾ, 5 ലക്ഷം ഇ ഓട്ടോറിക്ഷകൾ, 55,000 ഇ–കാറുകൾ, 10 ലക്ഷം ഇ––സ്കൂട്ടറുകൾ എന്നിവ ഈ കാലയളവിൽ നിർമിക്കും. ഇതിനു സർക്കാർ സബ്സിഡികളും നൽകും. ആദ്യഘട്ടത്തിൽ വിവിധ വിഭാഗങ്ങളിലായി 2.78 ലക്ഷം ഇ വാഹനങ്ങളാണ് നിർമിച്ചത്. ഇതിനു പുറമേ വിവിധ നഗരങ്ങൾക്കായി 465 ഇ ബസുകളും നിർമിച്ചു നൽകി.
ദേശീയ ഇലക്ട്രിക് മൊബിലിറ്റി മിഷൻ പ്ലാൻ–2020
പാരിസ് ഉടമ്പടി രാജ്യത്തെ അന്തരീക്ഷ മലിനീകരണം ഗണ്യമായി കുറയ്ക്കാനുള്ള മാർഗരേഖയാണ്. 2030ഓടെ ഇലക്ട്രിക് വാഹനനിർമാണത്തിൽ വൻ മുന്നേറ്റം നടത്താനുള്ള കർമപദ്ധതിക്കാണു രാജ്യം മുൻഗണ നൽകിയിരിക്കുന്നത്. വേൾഡ് എയർ ക്വാളിറ്റി റിപ്പോർട്ട് ആൻഡ് ഗ്രീൻപീസ് നടത്തിയ പഠനത്തിൽ ലോകത്തെ അന്തരീക്ഷ മലിനീകരണ തോതിൽ ലോകത്ത് ഏറ്റവും മുന്നിൽ നിൽക്കുന്ന പത്തു നഗരങ്ങളിൽ ഏഴെണ്ണം ഇന്ത്യയിലാണ്. രാജ്യം ഇലക്ട്രിക് വാഹനങ്ങളിലേക്കു വഴിമാറിയാൽ വലിയതോതിലെങ്കിലും വായുമലിനീകരണം കുറയ്ക്കാൻ കഴിയുമെന്നു കരുതുന്നു.
കുതിച്ചുയരുന്ന ക്രൂഡോയിൽ ബിൽ
പ്രതിവർഷം 226.6 ദശലക്ഷം ടൺ ക്രൂഡോയിലാണ് രാജ്യം ഇറക്കുമതി ചെയ്യുന്നത്. ഇതിലേക്ക് 11,260 കോടി യുഎസ് ഡോളറാണ് രാജ്യത്തിന്റെ വിദേശ നാണ്യശേഖരത്തിൽ നിന്നു ചെലവഴിക്കുന്നത്. അതായത് 7.83 ലക്ഷം കോടി രൂപയാണ് ഇതിലേക്കു വേണ്ടിവരുന്നത്. ഇലക്ട്രിക് വാഹനങ്ങൾ ഇന്ത്യൻ നിരത്തുകൾ കയ്യടക്കിയാൽ ക്രൂഡോയിൽ ഇറക്കുമതി ഗണ്യമായി കുറക്കാൻ സാധിക്കും.
ഇ–ബസ് ഓടിച്ച് കെഎസ്ആർടിസിയും
ഈ മണ്ഡലകാലത്തു പമ്പ–നിലയ്ക്കൽ പാതയിൽ കെഎസ്ആർടിസിയുടെ 5 വൈദ്യുതി ബസുകൾ സർവീസ് നടത്തി. ഒലക്ട്ര ബിവൈഡി കമ്പനിയിൽ നിന്ന് 10 വാഹനങ്ങളാണ് കെഎസ്ആർടിസി കരാറിലെടുത്തിരിക്കുന്നത്. അതിൽ അഞ്ചും നിലയ്ക്കലിൽ പരീക്ഷിച്ചു. ഒരുവട്ടം ചാർജ് ചെയ്താൽ 250 കിലോമീറ്റർ വരെ ഓടാനുള്ള ശേഷി ബസിനുണ്ട്. നിരപ്പായ റോഡിൽ 300 കിലോമീറ്റർ വരെ ഓടാൻ കഴിയും. അറ്റകുറ്റപ്പണികളും കുറവ്. നിലവിൽ കെഎസ്ആർടിസിക്ക് ആകെ 5635 ബസുകളാണുള്ളത്. സ്വകാര്യമേഖലയിൽ 19,814 ബസുകൾ സർവീസ് നടത്തുന്നുണ്ട്.
തൊഴിൽമേഖല
വൈദ്യുതി വാഹനങ്ങളിലേക്ക് തിരിയുമ്പോൾ രാജ്യം ഏറ്റവും ആശങ്കപ്പെടുത്തുന്നത് ഓട്ടമൊബീൽ മേഖലയിലെ തൊഴിൽ നഷ്ടമാണ്. ചെറുതും വലുതുമായ യൂണിറ്റുകളിലായി 15 ലക്ഷത്തോളം തൊഴിൽനഷ്ടം കണക്കാക്കുന്നു. നിലവിൽ 2.4 കോടി വാഹനങ്ങളാണ് ഇന്ത്യയിൽ പ്രതിവർഷം നിർമിക്കുന്നത്. പ്രത്യക്ഷമായും പരോക്ഷമായും 2.9 കോടി തൊഴിലവസരങ്ങൾ സംഭാവന ചെയ്യുന്ന മേഖല. പരമ്പാരാഗതമായ ഉപയോഗിക്കുന്ന എൻജിനുകൾക്കു മാറ്റം വരും. പൂർണമായും ചൈനയിൽ നിന്നുള്ള ഇറക്കുമതിയെ ആശ്രയിച്ചാൽ അതിരൂക്ഷമായ തൊഴിൽ പ്രതിസന്ധി ഇന്ത്യൻ ഓട്ടമൊബീൽ വ്യവസായത്തിലുണ്ടാവും.