കൊച്ചിയിലുണ്ടൊരു ടെസ്‌ല
Mail This Article
കൊച്ചി ∙ യുഎസിലെ ‘ടെസ്‌ല’ ഇലക്ട്രിക് കാറാണെങ്കിൽ കൊച്ചിയിലെ ടെസ്‌ല ഇലക്ട്രിക് സൈക്കിളാണ്! കൊച്ചി ആസ്ഥാനമായ സ്റ്റാർട്ടപ് കമ്പനി സ്മാഡോ ലാബ്സാണു ഇലക്ട്രിക് സൈക്കിൾ വിപണിയിലേക്കു പെഡൽ ചവിട്ടാതെ കുതിക്കുന്നത്. വിൽപന തൽക്കാലം ഓൺലൈനിലൂടെ (https://tezlaa.com) മാത്രം. 2 വേരിയന്റുകൾ ലഭ്യം; ആൽഫ 1 ( വില: 49,500 രൂപ), ആൽഫ 1 പ്രോ (വില: 69,500). ആൽഫ 1 ഒരു വട്ടം ചാർജ് ചെയ്താൽ 50 കിലോമീറ്ററും ആൽഫ 1 പ്രോ 100 കിലോമീറ്ററും മൈലേജ് തരും.
2 മണിക്കൂറിൽ ഫുൾ ചാർജ്
‘വലിയ വില കൊടുത്ത് ഇ – സൈക്കിൾ വാങ്ങുന്നതെന്തിനാ? സ്കൂട്ടർ വാങ്ങിയാൽപ്പോരേ എന്നു ചിലർ ചോദിച്ചേക്കാം. ഇ–സ്കൂട്ടർ ചാർജ് തീർന്നാൽ വഴിയിൽ കിടക്കും. സൈക്കിളിനു പെഡലുണ്ട്. ചാർജില്ലെങ്കിലും ചവിട്ടി വീട്ടിലോ ഓഫിസിലോ പോകാം. മടക്കാവുന്ന വിധമാണു രൂപകൽപന. എവിടെയും കൊണ്ടുപോകാം. ബാറ്ററി വേർപെടുത്തിയെടുത്തു വീട്ടിലോ ഓഫിസിലോ ചാർജ് ചെയ്യാം. 2 മണിക്കൂർ മതി ഫുൾ ചാർജിങ്ങിന്’ – സ്മാഡോ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറും സഹസ്ഥാപകനുമായ മിഥുൻ ശങ്കർ ‘മനോരമ’യോടു പറഞ്ഞു. സ്പെല്ലിങ് Tezlaa എന്നാണെന്നും അമേരിക്കൻ Teslaയുമായി നിയമപ്രശ്നങ്ങളുണ്ടാകില്ലെന്നും സ്മാഡോ സംഘം പറയുന്നു.
ബാറ്ററിക്ക് ആജീവനാന്ത വാറന്റി
ഇലോൺ മസ്കിന്റെ ടെസ്‌ല കാറും സ്മാഡോയുടെ ടെസ്‌ല ഇലക്ട്രിക് സൈക്കിളും തമ്മിൽ പേരിലെ സാമ്യം മാത്രമല്ല, ഒരു ബന്ധം കൂടിയുണ്ട്; രണ്ടിലും ഉപയോഗിക്കുന്നത് ഉന്നത നിലവാരമുള്ള പാനസോണിക് 48 വോൾട് 10 എഎച്ച് ലിഥിയം അയൺ ബാറ്ററി. ‘ഇലക്ട്രിക് സൈക്കിളുകൾ പണ്ടേയുണ്ടെങ്കിലും ബാറ്ററിയുടെ ആയുസ്സ് പ്രശ്നമായിരുന്നു. അതൊഴിവാക്കാനുള്ള അന്വേഷണമാണു ടെസ്‌ല കാറിലും അതുവഴി പാനസോണിക് ബാറ്ററിയിലും എത്തിയത്. ആജീവനാന്ത വാറന്റിയാണു ബാറ്ററിക്ക്’ – മിഥുൻ പറഞ്ഞു. പ്രതിമാസം 100 ഇ – സൈക്കിൾ നിർമിക്കാൻ സ്മാഡോയ്ക്കു ശേഷിയുണ്ട്.
മിഥുനും പി.ജിഷ്ണുവും (ചീഫ് ടെക്നോളജി ഓഫിസർ) എ.ഐ.അശ്വിനും (ചീഫ് ഓപ്പറേറ്റിങ് ഓഫിസർ ) ചേർന്നാണു 2016 ൽ സ്മാഡോ ആരംഭിച്ചത്. മൂവരും എൻജിനീയറിങ് ബിരുദധാരികൾ. സ്വന്തം സംരംഭത്തിനു തുടക്കമിട്ടതു കുറച്ചുകാലം മറ്റു കമ്പനികളിൽ ജോലി ചെയ്തശേഷം.